![]() |
പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ പ്രസിഡന്റ് K.C.C |
എ.ഡി. 345ല്‍ ക്‌നായി തോമ്മയുടെ നേതൃത്വത്തില്‍ കേരളക്കരയില്‍ കുടിയേറിയ ക്‌നാനായക്കാര്‍ കൃഷിയിലും ചെറുകിട വ്യാപാരത്തിലുമാണ് ജീവസന്ധാരണം നടത്തിയിരുന്നത്. വിദ്യാഭ്യാസപരമായ വളര്‍ച്ചയാണ് സമുദായത്തിന്റെ ഉയര്‍ച്ചയുടെ മൂലക്കല്ല്. പണ്ട് കുറച്ച് ഭൂസ്വാമിമാര്‍ ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ വളര്‍ച്ചയില്‍ക്കൂടിയാണ് സാധാരണക്കാരും പാവപ്പെട്ടവരും ഉയര്‍ച്ചയിലേയ്ക്ക് വന്നത്. ഇത്തരത്തില്‍ സമുദായത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. ആദ്യം ചുരുക്കം പള്ളികളും പള്ളിക്കടുത്ത് പള്ളിക്കൂടങ്ങളും ആരംഭിച്ചു. അത് പിന്നീട് എല്‍.പി. സ്‌കുളുകളായി, എല്‍.പി. സ്‌കൂളദ്ധ്യാപകനാകാന്‍ പത്താം ക്ലാസും റ്റി.റ്റി.സിയും മതിയായിരുന്നതിനാല്‍ നമ്മുടെ ആളുകള്‍ റ്റി.റ്റി.സിയ്ക്കുപോയി അദ്ധ്യാപകരായി. പിന്നീട് ഹൈസ്‌കൂള്‍ ഉണ്ടായപ്പോള്‍ നമ്മുടെ ആളുകള്‍ ഡിഗ്രിയ്ക്കും ബി.എഡി നും പോയി ഹൈസ്‌കൂള്‍ അദ്ധ്യാപകരായി. പിന്നീട് ബി.സി.എം,. ഉഴവൂര്‍ കോളേജുകള്‍ ആരംഭിച്ചപ്പോള്‍ നമ്മുടെ കുട്ടികള്‍ പോസ്റ്റ് ഗ്രാഡുവേഷനുപോയി. കാരണം നമ്മുടെ കോളേജുകളിലെ ജോലിസാദ്ധ്യത. അവരില്‍ പലരും എം.ഫിലും, പി.എച്ച്ഡിയും നേടി. ഇനി ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മെറിറ്റില്‍ എത്രപേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കാരാകുമെന്ന്, ചരിത്രം പരിശോധിക്കാം. എല്‍.പി. സ്‌കുള്‍ കാലഘട്ടം (1948) 4, 5 പേര്‍, ഹൈസ്‌കുള്‍ കാലഘട്ടം (1950) 4, 5 പേര്‍ കോളജ് കാലഘട്ടം (1955) 3, 4 പേര്‍. എന്നാല്‍ ഇന്ന് 50തില്‍ കൂടുതല്‍ കോളേജ് പ്രൊഫസര്‍മാരും 200 ല്‍ കൂടുതല്‍ പ്ലസ്ടൂ അദ്ധ്യാപകരും ഉണ്ടായെങ്കില്‍ അത് നമ്മുടെ സ്വന്തം കോളേജുകള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ ഇവ ഉണ്ടായതുകൊണ്ടും കമ്മ്യുണിറ്റി മെറിറ്റില്‍ നിയമനം ലഭിച്ചതുകൊണ്ടുമാണ്. ഇന്ന് മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്തും ഇതുതന്നെയാണ് സ്ഥിതി. 5-6 ഡോക്ടര്‍മാര്‍ മെറിറ്റില്‍ സമുദായത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നു. മറിച്ച് നമ്മുടെ മെഡിക്കല്‍ കോളേജ് ഉണ്ടായാല്‍ 30-35 ക്‌നാനായ ഡോക്ടര്‍മാര്‍ ഉണ്ടാകുന്നു. വിദ്യാഭ്യാസമേഖലയില്‍ നമ്മുക്ക് ലഭിക്കാവുന്ന സംവരണമെങ്കിലും നേടിയെടുക്കേണ്ടേ? സമുദായസംവരണത്തില്‍ കൂടിയല്ലേ നമ്മുടെ 210 കാരെ കയറ്റിയതും, കോളേജ് പ്രൊഫസര്‍മാരൂം, പ്രിന്‍സിപ്പല്‍മാരും ആക്കിയതും. അല്ലാത്തപക്ഷം ഇവര്‍ക്കൊക്കെ ഇതെല്ലാം സ്വപ്നം കാണുവാന്‍ സാധിക്കുമോ?
കാരിത്താസ് മെഡിക്കല്‍ കോളേജ് ആക്കുന്നതിനെ എതിര്‍ക്കുന്നവരുടെ വാദഗതികള്‍.
1) കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കിയാല്‍ ഇപ്പോഴത്തെ സല്‍പേര്
പോകും. ഒരു ആശുപത്രിയ്ക്ക് മെഡിക്കല്‍ കോളേജ് ലഭിച്ചാല്‍ അത് ആസ്ഥാപനത്തിന്റെ അപ്ഗ്രഡേഷന്‍ ആണ് അല്ലാതെ ഡീഗ്രഡേഷന്‍ അല്ല. വെല്ലുര്‍, സെന്റ്. ജോണ്‍സ്, അമൃതാനന്ദമയി ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകള്‍ ആയതുകൊണ്ട് അവര്‍ക്ക് വളര്‍ച്ചമാത്രമാണ്. ഒരു മെഡിക്കല്‍ കോളേജ് ആയി മാറിയാല്‍ എത്രയോ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍, 400 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍, 2000 ഓളം പേര്‍ക്ക് മറ്റു രീതിയില്‍ തൊഴില്‍, നാടിന്റെ വളര്‍ച്ച, തൊഴില്‍ ലഭിക്കുന്നതില്‍ ബഹു ഭൂരിപക്ഷവും സമുദായക്കാര്‍.
2. സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രയോജനം ഇല്ല. പണക്കാര്‍ക്ക് വേണ്ടിയാണ്.
31-05-2012 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായുളള എഗ്രിമെന്റില്‍ സര്‍ക്കാരിന്റെ 50 സീറ്റില്‍ 15 സീറ്റുകള്‍ അതാതു സമുദായത്തിന്റെ പ്രവിലേജ് സീറ്റുകളായി, മെറിറ്റടിസ്ഥാനത്തില്‍ നല്‍കണമെന്നാണ്. അതായത് 15 സീറ്റ് സമുദായ മെറിറ്റ് ഈ സീറ്റില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കിയാല്‍ മതി. സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസവായ്പയും ലഭിക്കുന്നു. വിദ്യാഭ്യാസവായ്പാ പലിശ സര്‍ക്കാര്‍ മുഴുവനായും എഴുതിത്തളളുന്ന സാഹചര്യത്തില്‍ നമ്മുടെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രയോജനകരമല്ലേ? എന്‍ട്രന്‍സ് പരീക്ഷയില്‍ 1, 2 മാര്‍ക്ക് കുറഞ്ഞു പോയതുകൊണ്ട് ഇവര്‍ നേഴ്‌സായി മാറേണ്ടിയിരിക്കുന്നു. ഇവരിലും മാര്‍ക്ക് കുറവുളള മറ്റു സമുദായത്തിലെ കുട്ടികള്‍ ഡോക്ടറായി വരുന്നു. അതുകൊണ്ട് 15 ഡോക്ടര്‍മാരെ വേണോ 15 നേഴ്‌സുമാരെ സൃഷ്ടിക്കണോ. പണക്കാര്‍ക്ക് മറ്റു മെഡിക്കല്‍കോളേജില്‍ ചേരാം, പാവപ്പെട്ട സമുദായ അംഗത്തിന് ഗുണം. 1, 2 മാര്‍ക്കിന്റെ പേരില്‍ എന്‍ട്രന്‍സ് മെറിറ്റ് നഷ്ടപ്പെടുന്ന നമ്മുടെ മക്കള്‍ക്ക് ഇത് ഒരത്താണിയാണ്.
3. കാരിത്താസ് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആക്കി നിര്‍ത്തിയാല്‍ മതി, മെഡിക്കല്‍ കോളേജ് ആയാല്‍ ക്ലിനിക്കല്‍ മികവ് നഷ്ടപ്പെടും.
ഈ വാദഗതിക്ക് ഒറ്റ മറുപടി മാത്രമേ ഉളളൂ. അങ്ങനെയെങ്കില്‍ വെല്ലൂര്‍, സെന്റ് ജോണ്‍സ്, അമൃതാനന്ദമയി ആശുപത്രികളുടെ ക്ലിനിക്കല്‍ മികവ് നഷ്ടപ്പെട്ടോ. ആശുപത്രിയും മെഡിക്കല്‍ കോളേജും രണ്ട് ഭാഗമാണെന്ന് മനസ്സിലാക്കുക. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രി സൂപ്രണ്ടിന്റെ കീഴിലും കോളേജ് പ്രിന്‍സിപ്പലിന്റെ കീഴിലുമാണ്. ക്ലിനിക്കല്‍ മികവ് നഷ്ടപ്പെട്ടതായി അറിയില്ല. കാരിത്താസ് ആശുപത്രികൊണ്ട് സമുദായത്തിന് എന്താണ് കൂടുതല്‍ നേട്ടം. എന്നാല്‍ കാരിത്താസ് മെഡിക്കല്‍ കോളേജ് ആയാല്‍ 15 സീറ്റുകള്‍ ക്‌നാനായമക്കളുടെ നിയമപരമായ അവകാശമാണ്. അതുകൊണ്ട് സമുദായത്തിന് പ്രയോജനം, കോളേജ് ആണ്. ആശുപത്രിയല്ല. ചികിത്സ ഏതെങ്കിലും ആശുപത്രിയില്‍ കിട്ടും. സമുദായ മെഡിക്കല്‍ സീറ്റ് തങ്ങളുടെ കോളേജില്‍ മാത്രമേ കിട്ടു.
4 എന്‍.ആര്‍.ഐ. ല്‍ പഠിക്കുവാന്‍ ആളെ കിട്ടില്ല. അമേരിക്കയില്‍ ടെസ്റ്റ് പാസ്സാകണം.
ഇന്ന് ടെസ്റ്റുകള്‍ എല്ലാ കോഴ്‌സുകള്‍ക്കും എല്ലാ രാജ്യത്തും ഉണ്ട്. ചൈനയില്‍ പോയി ഡോക്ടറാകുന്നവര്‍ ഇവിടെ ടെസ്റ്റ് എഴുതണം. നേഴ്‌സ് ടെസ്റ്റ് പാസ്സാകാതെ എ.എന്‍എം ആയി അമേരിക്കയില്‍ ജോലി നോക്കുന്ന എത്രയോ പേര്‍. കാരിത്താസ് മെഡിക്കല്‍ കോളജ് ആക്കിയാല്‍ ഭാവിയില്‍ വെല്ലൂര്‍, സെന്റ് ജോണ്‍സ് ഗ്രേഡില്‍, വരുകയും. എന്‍.ആര്‍ ഐ സീറ്റില്‍ വലിയ ഡിമാന്റുണ്ടാകാവുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. തന്നെയുമല്ല പി.ജി കോഴ്‌സ് ആരംഭിക്കുമ്പോള്‍ അവിടെയും സമുദായ മെറിറ്റ് ലഭിക്കുന്നു
5) മറ്റൊരു സംശയം സര്‍ക്കാര്‍ മാറിയാല്‍ എഗ്രിമെന്റ് പാലിക്കുമോ. ഡി.വൈ.എഫ്.ഐ സമരം ചെയ്യില്ലേ.
ഒരു സര്‍ക്കാര്‍ ഒരു എഗ്രിമെന്റ് വച്ചാല്‍ മാറി വരുന്ന സര്‍ക്കാരുകള്‍ അത് തുടരുവാന്‍ ബാദ്ധ്യസ്ഥരാണ്. അല്ലാത്ത പക്ഷം കോടതി അംഗീകരിക്കില്ല. ഉദാ. അണ്‍ എയ്ഡഡ് കോളജ്, എയ്ഡഡ് കോളജ് അദ്ധ്യാപകരുടെ നിയമനം, വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ തന്നെയുമല്ല. 2012 ല്‍ മെഡിക്കല്‍ കോളജ് പ്രവിലജ് സീറ്റ് എഗ്രിമെന്റ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞു.
6) വാര്‍ഡുകളില്‍ കിടക്കാന്‍ രോഗികളെ കിട്ടില്ല. കുട്ടികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും പഠിക്കുന്നതിന് ക്‌നാനായക്കാരന്‍ സമ്മതിക്കുമോ?
ഇത് ബാലിശമായ വാദഗതിയാണ്. ഇന്ന് വിദ്യാഭ്യാസരംഗം കംപ്യൂട്ടറിന്റെയും, ഇന്റര്‍നെറ്റിന്റെയും കാലഘട്ടമാണ്. അമേരിക്കയിലും, ലണ്ടനിലും നടക്കുന്ന ഓപ്പറേഷന്‍ ഇവിടെയിരുന്ന് കുട്ടികള്‍ക്ക് കാണാം. പ്രസവം പോലും ഓണ്‍ലൈനായി വന്നു കഴിഞ്ഞു. കാരിത്താസ് ആശുപത്രിയില്‍ വരുന്നവരെല്ലാം ക്‌നാനായക്കാരാണോ ? തന്നെയുമല്ല ഈ വാദം അംഗീകരിച്ചാല്‍ എല്ലാ മെഡിക്കല്‍ കോളജുകളും പൂട്ടേണ്ടി വരും
7) പണസമാഹരണം
200 കോടി രൂപ മെഡിക്കല്‍ കോളജിനു വേണ്ടി കളയണോ? മലബാറിലും, ഇടുക്കിയിലും ആശുപത്രികള്‍ തുടങ്ങിയാല്‍ പോരേ ?. ആശുപത്രികള്‍ തുടങ്ങിയാല്‍ നമ്മുടെ കുട്ടികള്‍ ഡോക്ടര്‍മാരാകുമോ. ആശുപത്രി തുടങ്ങി വിജയിപ്പിക്കണമെങ്കില്‍ പല വിഷയങ്ങളെപ്പറ്റിയും ചിന്തിക്കണം .മെഡിക്കല്‍ കോളജിനു വേണ്ടിയുള്ള 200 കോടി രൂപ ബാങ്കില്‍ നിന്നും എടുത്ത് പണിയുന്നത് പോലെയാണ് ചിലരുടെ വാദം. ടി തുക 6 വര്‍ഷം കൊണ്ട് ഭാവിയില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളില്‍ നിന്നും (NRI)മറ്റു രീതികളിലും സമാഹരിച്ചാണ് നടത്തുന്നത്. 1964 ല്‍ ഉഴവൂര്‍ കോളജ് ആരംഭിച്ചപ്പോള്‍ കോട്ടയം രൂപത വേണ്ടെന്നു വച്ചെങ്കില്‍ ഉഴവൂര്‍ പള്ളി സധൈര്യം മുന്നോട്ടു വന്ന് തുടങ്ങുകയുണ്ടായി. പണത്തിന്റെ ബുദ്ധിമുട്ടു വന്നപ്പോള്‍ ഉഴവൂര്‍ ടൗണിലെ സ്ഥലം വിറ്റു. ഇന്ന് ടി സ്ഥലമാണോ, കോളേജാണോ സമുദായത്തിന് നേട്ടം.? പതിനായിരം കുട്ടികള്‍, അവരുടെ സമ്പത്ത്, എത്രയോ ഇരട്ടി അന്നത്തെ ഉഴവൂര്‍ വികാരി ചൊള്ളമ്പേല്‍ അച്ചനും, ഊരാളില്‍ പീറ്റര്‍ അച്ചനും കാണിച്ച തന്റേടം നമ്മുടെ പിതാക്കന്മാര്‍ കാണിക്കണം.
മറ്റു ക്രൈസ്തവ സമുദായങ്ങള്‍ മെഡിക്കല്‍ എഞ്ചീനിയറിംഗ് മറ്റു വിദ്യാഭ്യാസ മേഖലകളില്‍ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. പാലാ രൂപത എഞ്ചിനീയറിംഗ്, കേറ്ററിംഗ്, എം.ബി.എ കോളജുകള്‍ നടത്തുന്നു. അവര്‍ ചേര്‍പ്പുങ്കലില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവല്ല, ജൂബിലി, അമല, കാരക്കോണം, കോലഞ്ചേരി, എല്ലാം ക്രൈസ്തവ മെഡിക്കല്‍ കോളജുകളും ഇപ്പോള്‍ പി.ജി. കോഴ്‌സുകള്‍ തുടങ്ങിക്കഴിഞ്ഞു. നമ്മള്‍ക്ക് പ്ലസ്ടൂവും, ഡിഗ്രിയും മതിയോ, നമ്മള്‍ക്ക് കൂടുതല്‍ പി.ജികള്‍ തുടങ്ങണ്ടോ?. ഉഴവൂര്‍ കോളജില്‍ എം.കോം തുടങ്ങുന്നതിന് മാനേജുമെന്റുമായി എനിക്ക് വഴക്കിടേണ്ടി വന്നു എന്ന സത്യം അവിടുത്തെ അദ്ധ്യാപകര്‍ക്ക് അറിയാം. ഇപ്പോള്‍ എത്രയോ ക്‌നാനായക്കാര്‍ എം.കോം കാരായി.
വയനാട് ഫൊറോനായില്‍ ഒരു എയ്ഡഡ് എല്‍.പി.സ്‌കൂള്‍ പോലും നമുക്കില്ല എന്ന സത്യം ആര്‍ക്കെങ്കിലും അറിയാമോ? വയനാടിന്റെ ദാരിദ്ര്യത്തിന്റെ ചരിത്രവും വിദ്യാഭ്യാസപുരോഗതി ലഭിച്ചില്ലായെന്നതു തന്നെ.
8) സഭാ-സമുദായ സൗഹൃദാന്തരീക്ഷം
സഭാനേതൃത്വവും അല്മായനേതൃത്വവും തമ്മിലുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണം. അല്മായന്റെ പണം മതി പിന്നീട് എല്ലാം തങ്ങള്‍ തന്നെ ചെയ്‌തോളാം എന്ന ധിക്കാരപരമായ നിലപാടു മാറണം. കാരിത്താസ് ആശുപത്രിയില്‍ സമുദായക്കാരന് യാതൊരു ആനുകൂല്യവും, സമുദായത്തിന്റെ പേരില്‍ നല്‍കുന്നില്ല. ചുരുക്കം ചില രോഗികള്‍ക്ക് സമുദായം നോക്കാതെ ശുപാര്‍ശകളുടെ പേരില്‍ ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കില്‍, അത് എല്ലാ ആശുപത്രികളും ചെയ്യുന്ന കാര്യമാണ്. കാരിത്താസ് ആശുപത്രിയില്‍ കോട്ടയം സമുദായക്കാരന് എന്തെങ്കിലും പരിഗണന നല്‍കിയാല്‍ മാത്രമേ സമുദായത്തിന്റെ സഹായം ആകൂ. കാരിത്താസിന്റെയും, ചൈതന്യയുടെയും പൊതുപരിപാടികളില്‍ അല്മായ നേതൃത്വത്തെ അവഗണിക്കുന്നു. അല്മായ നേതൃത്വത്തെക്കാള്‍ അവര്‍ക്കിഷ്ടം മറ്റുചിലരെയാണ്.
ഈ അവഗണനകള്‍ എല്ലാം സഹിക്കാം. ഞങ്ങള്‍ക്ക് ഭരണസമിതിയിലോ അധികാരത്തിലോ പങ്കുവേണ്ട എന്നാലും സമുദായത്തിന് വേണ്ട അംഗീകാരം നല്‍കിയാല്‍ മതി. ടി സാഹചര്യങ്ങള്‍ എല്ലാം ഉണ്ടെങ്കില്‍ പോലും നമ്മുടെ സമുദായത്തിന്റെ ഉന്നമനത്തിന്, കാരിത്താസ് മെഡിക്കല്‍ കോളജ് ആകേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. ആയതിന് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റി വെച്ച് നമുക്ക് കൈകോര്‍ക്കാം.
(2012 ഡിസംബര്‍ ലക്കം സ്നേഹ സന്ദേശത്തിലെ മുഖ്യ ലേഖനം)

No comments:
Post a Comment