![]() |
ലേഖകന്‍, ഡോമിനിക് സാവിയോ |
അപേക്ഷിച്ചതുകൊണ്ടാണ് അനുവാദം ലഭിച്ചത്, അത് പിന്നീടും ലഭിക്കാം. അംഗീകാരം തന്നതല്ലാതെ സാമ്പത്തികസഹായമൊന്നും ലഭിച്ചിട്ടില്ലല്ലോ. വൈരാഗ്യമുള്ളവന്റെ മകന് കേടുവന്ന പഴയ കോണ്ടസാകാര്‍ വെറുതേ കൊടുക്കുന്നതുപോലെയാണ് ക്‌നാനായക്കാര്‍ക്ക് മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഓരോവര്‍ഷവും 15 മുതല്‍ 40 വരെ ക്‌നാനായകുട്ടികളെ ഡോക്ട്ടര്‍മാരാക്കാമെന്ന കമ്മറ്റിക്കരുടെ സ്വപ്നമൊക്കെ മലര്‍പ്പൊടിക്കാരന്റെതുമാത്രമാണ്. ഇരുപതു ലക്ഷത്തിലധികം രൂപ ഫീസുമാത്രം കൊടുത്ത് ഒരു കുട്ടിയെ MBBSപഠിപ്പിച്ചിറക്കുവാന്‍ ക്‌നാനായ സമുദായത്തില്‍ എത്ര മാതാപിതാക്കള്‍ക്കു കഴിയും? ഇന്നത്തെ സാഹചര്യത്തില്‍ ഇതു പ്രയാസമാണ്. കോളേജ് തുടങ്ങികഴിഞ്ഞാല്‍ എങ്ങനെയും അത് നിലനിര്‍ത്താനുള്ള ശ്രമമായിരിക്കും നടത്തുക. അവിടെ സമുദായക്കാര്‍ ആര് എന്ന നിര്‍വ്വചനമൊക്കെ മാറിമറിയും അര്‍ദ്ധക്‌നാനായക്കുട്ടിയും, ചില നേതാക്കളുടെ ഇഷ്ടക്കാരും, ക്‌നാനായ കുടുംബത്തിന്റെ അയല്‍വാസിയുമൊക്കെ സമുദായ ക്വോട്ടായില്‍ കടന്നുവരാം.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി 40 ലക്ഷം രൂപയുടെ സ്‌ക്കോളര്‍ഷിപ്പും വിഭാവനം ചെയ്തിട്ടുണ്ടെന്നു പറയുന്നു. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ സജ്ജമാകാതെ സ്‌ക്കോളര്‍ഷിപ്പ് കൊടുക്കാനാകിലല്ലോ അതായത് 210 കോടിയും പിരിഞ്ഞുകിട്ടാതെ സ്‌ക്കോളര്‍ഷിപ്പിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നു ചുരുക്കം.
മെഡിക്കല്‍ കോളേജിനുവേണ്ടി ഉണ്ടാക്കുന്ന 500 കിടക്കയുള്ള വാര്‍ഡില്‍ രോഗികളെ നിറയ്ക്കാനുള്ള പ്രയാസവും തരികിട പണികളും ഞങ്ങള്‍ നേരത്തെ വിശദമാക്കിയതാണ്. ലക്ഷങ്ങള്‍ മുടക്കി MBBS പഠിച്ചിറങ്ങുന്ന ഡോക്ട്ടര്‍ക്ക് ഇന്ന് ഒരുവിലയുമില്ല. സ്‌പെഷ്യലൈസിഡ് ഡോക്ട്ടര്‍മാരെയാണ് എല്ലാവര്‍ക്കും വേണ്ടത്. അതിനു അഡ്മിഷനും പഠനത്തിനുമായി വീണ്ടും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. പെട്ടെന്നു വരുമാനം ലഭിക്കുന്ന തൊഴിലാണ് പോതുവെ സമുദായക്കാര്‍ക്കു താല്പര്യം അതുകൊണ്ടുതന്നെ മെഡിക്കല്‍ കോളേജ് സമുദായത്തിന്റെ പിടിയില്‍ നില്ക്കില്ലാ എന്നു വ്യക്തമാണ്.
കൂടുതല്‍ തുക സംഭാവനയായി നല്കുന്നവരുടെ പേരുകള്‍ മെഡിക്കല്‍ കോളേജിന്റെ ഫലകത്തില്‍ പ്രദര്‍ശിപ്പിക്കാം എന്ന കമ്മിറ്റി ശുപാര്‍ശക്ക് പിതാവ് അംഗീകാരം കൊടുക്കാന്‍ പാടില്ല. അത് അക്രൈസ്തവമായ പരിപാടിയാണ്. ഒരു സിനഗോഗു പണിഞ്ഞുകൊടുത്ത ശതാധിപനെ ശിഷ്യന്മാര്‍ യേശുവിനു പരിചയപ്പെടുത്തുന്നുണ്ടെങ്കിലും അവന്റെ ഭൃത്യനെ യേശു സൗഖ്യമാക്കുന്നത് സിനഗോഗ് പണിഞ്ഞ് കൊടുത്തതുകൊണ്ടല്ല. കോളേജിന്റെ ഭിത്തിയിന്മേലല്ല സ്വര്‍ഗ്ഗത്തിലാണ് നമ്മുടെ പേരെഴുതപെടുവാനുള്ള സല്‍പ്രവര്‍ത്തികള്‍ ചെയ്യേണ്ടത്. കുമ്പളങ്ങ മുറിക്കാതെ കുരു എടുക്കാന്‍ മെഡിക്കല്‍ കോളേജിന്റെ വക്താക്കള്‍ വേറെ മാര്‍ഗം അന്വേഷിക്കണം.
ക്‌നാനായക്കാരായ 40 ഡോക്ട്ടര്‍മാര്‍ ആണ്ടോടാണ്ട് പുറത്തുവരുമ്പോള്‍ സമുദായം വളരുന്നു എന്നൊക്കെ പറയുന്നതില്‍ ശരിയുണ്ടോ എന്ന് വിശകലനം ചെയ്യേണ്ടതാണ്. വായനക്കാര്‍ തെറ്റിദ്ധരിക്കുകയില്ലങ്കില്‍, ദുര്‍വ്യാഖ്യാനം ചെയ്യുകയില്ലങ്കില്‍ ഒരുകാര്യം പറയാം, ചെറിയ വരുമാനത്തില്‍ നിന്നും ഉന്നത നിലയിലെത്തിയ ക്‌നാനായക്കാരില്‍ ഒരു വിഭാഗം സമുദായത്തെ ഉപേക്ഷിച്ചു പോകുന്നതായിട്ടാണ് കാണുന്നത്. സമുദായത്തില്‍ നിന്നും വെള്ളവും വളവും വലിച്ചെടുത്ത് ഉന്നതരായ ചിലര്‍ സമുദായത്തിനു പുറത്താണ് ഇണയെ അന്വഷിക്കുന്നത്. കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജായി വളരുമ്പോള്‍ സമുദായം തളരുകയാണെന്ന സത്യം നമ്മള്‍ തിരിച്ചറിയണം. സമുദായത്തിന്റെ പേരില്‍ അമേരിക്കയിലും മറ്റും എത്തപ്പെടുന്ന വൈദീകര്‍ സമുദായത്തെ ഉപേക്ഷിച്ച് വിശ്വാസത്തിന്റെ പൊയ്മുഖം ധരിച്ച് ലത്തീന്‍ സഭയില്‍ ചേര്‍ന്ന് സമ്പന്നരാകുന്നതും അതിരൂപതയ്ക്ക് അവരെ നഷ്ടപ്പെടുന്നതും ഇതേ കാഴ്ച്ചപാടോടെയാണ് നമ്മള്‍കാണേണ്ടത്. പിന്നോക്ക ജാതിക്കാരനായ ചിലരും ഉദ്യോഗംനേടി സമ്പന്നരാകുമ്പോള്‍ മുന്നോക്ക ജാതിയില്‍ നിന്നും വിവാഹം കഴിച്ച് സ്വന്തം ജാതിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതുകാണാം. ക്‌നാനായര്‍ക്കു ജാതിയല്ല പണമാണു വിഷയം, എങ്ങനെയും കുറെ പണമുണ്ടായാല്‍, ഉയര്‍ന്ന ജോലി ലഭിച്ചാല്‍ സ്വസമുദായം പ്രശ്‌നമല്ല പണക്കാരികളെ അന്വഷിച്ച് യാത്രയാകുന്നവരുമുണ്ട്.
നേഴ്‌സിംഗ് ഉദ്യോഗംമൂലം വളരെയേറെ പെണ്‍കുട്ടികളെ സമുദായത്തിനു നഷ്ടമായി, അതുമൂലം ഇണയെ ലഭിക്കാതെ ഏറെ യുവാക്കളെയും സമുദായത്തിനു നഷ്ടമായി. ഈ പറഞ്ഞതൊന്നും ആരും ദുര്‍വ്യാഖ്യാനം ചെയ്യരുത്. സമുദായം സംരക്ഷിക്കാന്‍ വീട്ടില്‍ കഴിയണമെന്നല്ല പറയുന്നത്. കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജായാല്‍ സമുദായം രക്ഷപെടും എന്നു പറയരുതെന്ന് വ്യക്തമാക്കുകയായിരുന്നു.
അഭി: മൂലക്കാട്ടുപിതാവ് ഒരു പുനര്‍ചിന്തനത്തിനു തയ്യാറാകണം. അദ്ദേഹത്തില്‍ സമുദായക്കാര്‍ക്കെല്ലാം കുറെ സംശയങ്ങളുണ്ട്. ആഴമേറിയ ദൈവസ്‌നേഹത്തിന്റെയും അതില്‍ നിന്നും ഉരിത്തിരിയുന്ന സഹോദര സ്‌നേഹത്തിന്റെയും തുടര്‍ക്കഥയാണ് ക്‌നാനായസമുദായ ചരിത്രം എന്ന വാചകം പ്രസ്തുത സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ടല്ലോ. അതിന്റെ പിന്നിലെ ആത്മാര്‍ത്ഥതയിലാണ് സംശയം. അത് ദൂരീകരിക്കാതെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന പദ്ധതികള്‍ വിജയപ്രദമാകില്ല. സമുദായക്കാരുടെ വിശ്വാസം ആര്‍ജിച്ചാല്‍ കത്തോലിക്കാസഭയിലെ ഏറ്റവും ശക്തനായ ഒരു മെത്രാപോലീത്ത ആയിരിക്കും മാര്‍ മാത്യു മൂലക്കാട്ട്. അദ്ദേഹത്തിന്റെ പിന്നില്‍ സമുദായം ഒറ്റകെട്ടായി നില്ക്കും. അദ്ദേഹത്തിന്റെ പദ്ധതികള്‍ ഞൊടിയിടയില്‍ പൂവണിയുകയും ചെയ്യും പൂര്‍വ്വകാലചരിത്രം നമ്മെ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. സീറോമലബാര്‍ സഭയിലെ കോട്ടയം അതിരൂപതക്ക് അതിന്റേതായ നിലപാടുകളും ദൗത്യവും ഉണ്ട്. സമുദായക്കാരെ ശ്രവിക്കാതെ പിതാവിനു തനിയെ മുന്നോട്ടുനീങ്ങാനാവില്ല. സമുദായം ഇല്ലെങ്കില്‍ മെത്രാനില്ല എന്നതുതന്നെ കാരണം.
സമുദായവും വിശ്വാസവും ചേര്‍ന്നു പോകേണ്ടതാണ്. രണ്ടിനെയും തമ്മില്‍ വേര്‍പെടുത്താനാവില്ല. സമുദായത്തിന്റെ കാര്യം സമുദായക്കാര്‍ നോക്കട്ടെ ഞാന്‍ പള്ളിയുടെ കാര്യം നോക്കാം എന്ന പിതാവിന്റെ മാത്രം പുതിയ നയം ആദ്യംതന്നെ ഉപേക്ഷിക്കണം. പള്ളിയേയും സമുദായത്തേയും രണ്ടായി കാണരുത്. സമുദായത്തിന്റെതാണ് അതിരൂപത, മെത്രാന്‍ സമുദായത്തിനുവേണ്ടി നിലകൊള്ളണം. എല്ലാം സമുദായത്തിന്റെ പേരില്‍ ലഭിച്ചതാണ്.
വിജയാശംസകളോടെ,
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍.
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഫോണ്‍: 944 614 0026
No comments:
Post a Comment