Wednesday, December 5, 2012

തെറ്റുകള്‍ തിരുത്താതെ..........

ഈ ലേഖനം വെളിച്ചം കാണുന്നതിനു മുമ്പ് ന്യൂയോര്‍ക്കിലെ ക്വീന്‍സ്, ലോങ്ങ്‌ഐലണ്ടിലെ ക്നാനായക്കാര്‍ വാങ്ങിയ പള്ളിയുടെ കൂദാശ അനിഷ്ടസംഭവങ്ങള്‍ ഒന്നുമില്ലാതെ നടന്നിട്ടുണ്ടാവണം. മുന്‍നിശ്ചയമനുസരിച്ചാണ് കൂദാശ നടന്നതെങ്കില്‍, അമേരിക്കയിലെ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത് പള്ളിയുടെ കൂദാശ, കോട്ടയം അതിരൂപതാധ്യക്ഷന്റെ സാന്നിധ്യത്തില്‍, നടത്തികാണും. അമേരിക്കയിലെ ക്നാനയക്കാരെസംബന്ധിച്ചിടത്തോളം അതില്‍ പുതിയതായി ഒന്നുംതന്നെയില്ല.

എന്നാല്‍ പള്ളി വെഞ്ചരിപ്പിന് ഏതാണ്ട് ഒരാഴ്ചമുമ്പ് ഇമെയില്‍വഴി ഒരു പടം പ്രചരിക്കുകയുണ്ടായി. പ്രസ്തുത പടത്തില്‍ ഒരു വശത്ത് സന്തോഷവാനായി, ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മൂലക്കാട്ട് പിതാവ്. പടത്തിന്റെ മറ്റൊരു സൈഡില്‍ ഒരു പാത്രത്തില്‍ കുറെ ചീമുട്ടകള്‍, അതിലൊരു മുട്ട പിതാവിന്റെ മുഖം ലക്ഷ്യമാക്കി പറന്നുവരുന്നു.

പടത്തിനോപ്പം ചുവടെകാണുന്നത് എഴുതിയിട്ടുമുണ്ടായിരുന്നു.

പ്രതീകാത്മക ചീമുട്ടയേറ്

മുത്തോലത്തിന്റെ വിനീതദാസനായി കൂടെക്കൂടെ അമേരിക്ക സന്ദര്‍ശിക്കുന്ന മൂലക്കാട്ട് പിതാവിന് സ്വാഗതം!

തനിക്ക് യാതൊരു അധികാരവുമില്ലാത്ത അമേരിക്കയില്‍ വീണ്ടുംവീണ്ടും വരികയും, സ്ഥാനത്തിലും പദവിയിലും തന്റെ താഴെയുള്ള അങ്ങാടിയത്ത് പിതാവ് ക്നാനായക്കാരന്റെ കാശുകൊണ്ട് വാങ്ങുന്ന പള്ളികള്‍ കൂദാശ ചെയ്യുമ്പോള്‍, കപ്യാരെപ്പോലെ മൂലയ്ക്ക് നില്‍ക്കുകയും ചെയ്യുന്ന മൂലക്കാട്ട് പിതാവ് ക്നാനായസമുദായത്തിന്റെ ആത്മാഭിമാനം നശിപ്പിക്കുകയാണ്. നമ്മെ നാണംകെടുത്തുന്ന ഇത്തരം സന്ദര്‍ശനങ്ങളില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഈ പടം ഫോര്‍വേഡ് ചെയ്തു നിങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തുക.

നിങ്ങള്ക്ക് ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഈ പടം അവിടെ പോസ്റ്റ്‌ ചെയ്യുക.

1 ലൈക്ക് + 1 ഷെയര്‍ = 1 ചീമുട്ടയേറ്

ക്നാനയമക്കളുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ ഈ പ്രതിക്ഷേധത്തില്‍ പങ്കാളികളാവുക!

നവംബര്‍ 24 കരിദിനമായി ആചരിക്കുക.

ആരുടെയോ തിളച്ചുപൊന്തിയ വികാരപ്രകടനമായിരുന്നു മേല്പറഞ്ഞ ചിത്രം. ഭാഗ്യമെന്നു പറയട്ടെ, പ്രസ്തുത ചിത്രം കൂടുതല്‍ പ്രചരിച്ചു കണ്ടില്ല. ഫേസ്ബുക്കില്‍ ആരും ഇത് പോസ്റ്റ്‌ ചെയ്തും കണ്ടില്ല.

ആ അജ്ഞാതസഹോദരന്‍ പ്രതീകാത്മകമായി എറിഞ്ഞ ചീമുട്ട ചെന്നുകൊണ്ടത്‌ മൂലക്കാട്ട് തിരുമേനിയുടെ മുഖത്ത് മാത്രമല്ല; ഓരോ ക്നാനായസമുദായാംഗത്തിന്റെയും മുഖത്താണ്. ക്നാനയക്കാരല്ലാത്ത കുറെപേരെങ്കിലും ഈ ചിത്രം കണ്ടുകാണണം. അവര്‍ക്ക് നമ്മുടെ സമുദായത്തെക്കുറിച്ചെന്ത് തോന്നിക്കാണും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിലെ മറ്റു സീറോ-മലബാര്‍ പിതാക്കന്മാരുടെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടുണ്ടെങ്കില്‍ സിനഡ് മീറ്റിംഗിലും മറ്റും നമ്മുടെ പിതാക്കന്മാര്‍ പങ്കെടുക്കുമ്പോള്‍ അവരോടുള്ള മനോഭാവം എന്തായിരിക്കാം!

പ്രതിഷേധിക്കുവാന്‍ നമുക്ക് പല പല വേദികളുണ്ട് എന്നിരിക്കെ ഈ ചെയ്തത് കടന്നകൈ ആയിപ്പോയി എന്ന് പറയാതെ വയ്യ. ഈ ചിത്രത്തിന് തണുപ്പന്‍ പ്രതികരണം കൊടുത്ത സമുദായാംഗങ്ങള്‍ക്ക് അനുമോദനം.

അതോടൊപ്പം ഈ ചിത്രത്തിന്റെ പിന്നിലെ ചേതോവികാരം കൂടി വിശകലനം ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു.

എഴുപതുകളുടെ തുടക്കം മുതലാണ്‌ നമ്മുടെ സമുദായത്തിലെ അംഗങ്ങള്‍ അമേരിക്കയിലേയ്ക്ക് ഗണ്യമായി കുടിയേറാന്‍ തുടങ്ങിയത്. ആദ്യകാലങ്ങള്‍ കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. അന്നൊക്കെ വന്നവര്‍ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ – സാമ്പത്തികമായി സ്വയം രക്ഷപ്പെടുക, സ്വന്തക്കാരെയും രക്ഷപ്പെടുത്തുക. അതിനുവേണ്ടിയുള്ള കഠിനാദ്ധ്വാനത്തിനിടയില്‍ അവര്‍ക്ക് ക്നാനായം വലിയ ഒരു വിഷയമായിരുന്നില്ല. കഴിവതുംപേര്‍ തന്റെ വിവാഹപങ്കാളികളെ സ്വന്തം സമുദായത്തില്‍ നിന്നും തെരഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.

മലയാളം കുര്‍ബാനയോ, ക്നാനായ പള്ളികളോ ഇല്ലാതിരുന്നിട്ടും അവരാരും വഴിപിഴച്ചു പോയില്ല. അവരുടെ ക്നാനായ സ്വത്വത്തിന് യാതൊരു കോട്ടവും സംഭവിച്ചുമില്ല.

തുടക്കത്തിലെ ബാലാരിഷ്ടതകളെല്ലാം മാറിവന്നപ്പോള്‍ കോട്ടയം അരമനയില്‍ നിന്ന് ആത്മീയശുശ്രൂഷകരുടെ വേഷത്തില്‍ വന്ന വൈദികരെ അവര്‍ ഇരു കൈകളുംനീട്ടി സ്വീകരിച്ചു. ജോലിത്തിരക്കിനിടയില്‍, എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ നിറയ്ക്കുക എന്നതിനപ്പുറം കൂടുതലൊന്നും മക്കള്‍ക്കുവേണ്ടി ചെയ്യാന്‍ മാതാപിതാകളില്‍ മിക്കവര്‍ക്കും സാധിച്ചിരുന്നില്ല. സ്വന്തം വൈദികനും, പള്ളിയും എല്ലാമാകുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒരു മാറ്റം വരും, സംഭവിക്കുന്നത് എല്ലാം നല്ലതിന് എന്ന വിശ്വാസത്തില്‍ എല്ലാവരും അമേരിക്കയിലെത്തിയ വൈദികരോട് അകമഴിഞ്ഞ് സഹകരിച്ചു. ഓരോ കാരണം പറഞ്ഞു വൈദികരും, ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനത്തിനെത്തുന്ന പിതാക്കന്മാരും പിരിവ് ആവശ്യപ്പെട്ടപ്പോള്‍ കൈയയച്ചുതന്നെ സംഭാവന നല്‍കി. അവരുടെ ആവശ്യങ്ങള്‍ക്ക് ഒരിക്കലും അന്ത്യം ഉണ്ടാവുകയില്ലെന്ന് കാലക്രമേണ മനസ്സിലായെങ്കിലും, അവര്‍ തങ്ങളാലാവുംവിധം സഹായഹസ്തം നീട്ടികൊണ്ടേയിരുന്നു.

ഇക്കൂട്ടര്‍ വന്നത് തങ്ങളുടെ രക്ഷയ്ക്കായിരുന്നില്ല; അവര്‍ക്ക് അവരുടെതായ അജണ്ട ഉണ്ടായിരുന്നു എന്ന് വളരെ വൈകിയാണ് ചിലര്‍ക്കെങ്കിലും മനസ്സിലായത്‌. ഭൂരിപക്ഷത്തിന് ആ സത്യം ഇനിയും മനസ്സിലായിട്ടില്ല!

അമേരിക്കയിലെ പാവം ക്നാനായ കുഞ്ഞാടുകള്‍ക്ക് എന്തെല്ലാം നുണകള്‍ കേള്‍ക്കേണ്ടി വന്നു. ഇന്നും സത്യം അറിയാതെ, ആരെ വിശ്വസിക്കണം എന്നറിയാതെ അവര്‍ ഉഴറുകയാണ്.

കാശുമുടക്കി പള്ളി വാങ്ങിയപ്പോള്‍ അവര്‍ക്ക് യാതൊരു ചിന്താകുഴപ്പവും ഉണ്ടായിരുന്നില്ല – നമ്മള്‍ വാങ്ങുന്ന പള്ളി, നമ്മുടെ പള്ളി. പണ്ട് കുന്നശ്ശേരി പിതാവ് പറഞ്ഞത് മനസ്സില്‍ എവിടെയോ ഉണ്ടായിരുന്നു – ക്നാനായത്വം നിലനിര്‍ത്തുവാന്‍ നമ്മള്‍ കൂടുതല്‍ കമ്മ്യൂണിറ്റി സെന്റെര്‍ വാങ്ങണം. പള്ളിയുടേതില്‍ നിന്ന് വിഭിന്നമായി, കമ്മ്യൂണിറ്റി സെന്ററിന്റെ കാര്യത്തില്‍, ഉടമസ്തതെയെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയില്ല. പക്ഷെ, ക്നാനായ വൈദികര്‍ അത്തരം സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍, പാവം കുഞ്ഞാട് കണ്‍ഫ്യൂഷനിലായി. “എന്താണ് പ്രശ്നം?”

പള്ളികള്‍ വാങ്ങാന്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ അങ്ങാടിയത്ത് പിതാവ്, രണ്ടു കോട്ടയം പിതാക്കന്മാരെയും ഇരുത്തിക്കൊണ്ട് പറയുന്നു – നിങ്ങള്‍ വാങ്ങുന്ന ക്നാനായ പള്ളികളില്‍ മാറികെട്ടിയ ക്നാനയക്കാരനും അവന്റെ ഭാര്യയും മക്കളും അംഗങ്ങളായിരിക്കും. അങ്ങാടിയത്ത് പിതാവ് പ്രസംഗിക്കവേ, കോട്ടയം പിതാക്കന്മാരുടെയും ക്നാനായ വിജിയുടെയും മുഖത്തെ ഭാവപകര്‍ച്ച ക്നാനയക്കാര്‍ കണ്ടില്ല എന്ന് നടിച്ചു. അത് വെറും ഒരു ദുസ്വപ്നം ആയിരുന്നു എന്ന് കരുതാനാണവര്‍ ഇഷ്ടപെട്ടത്‌. പക്ഷെ, കുറെ നാളുകള്‍ക്കുശേഷം സാക്ഷാല്‍ മൂലക്കാട്ട് പിതാവ് തന്നെ ചിക്കാഗോയില്‍ വച്ച് ആ പറഞ്ഞത് ലേശം വ്യത്യാസത്തോടെ ആവര്ത്തിച്ചപ്പോഴും, കുഞ്ഞാടുകള്‍ക്ക് കൈയ്യടിക്കാന്‍ മാത്രമാണ് സാധിച്ചത്. ആഴ്ചകള്‍ക്ക് ശേഷം, ചൈതന്യയില്‍ പിതാവ് കൂവല്‍ വാങ്ങുന്നത് യു-ട്യുബ് വഴി കണ്ടപ്പോള്‍ മാത്രമാണ് അത് സത്യമായിരുന്നല്ലോ എന്ന കാര്യം പിടികിട്ടിയത്.

തരം കിട്ടുമ്പോഴൊക്കെ കോട്ടയം പിതാക്കന്മാര്‍ അമേരിക്കയിലെ ക്നാനായക്കാരോട് പറയാറുണ്ട്‌ - നിങ്ങളുടെ പിതാവ് അങ്ങാടിയത്താണ്. പിന്നെ എന്തിനാണ് ഇവര്‍ ഇവിടെ വന്നു ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചിന്താകുഴപ്പം ഉണ്ടാക്കുന്നത്‌? കോട്ടയം അരമനയില്‍ വാഴുന്നവരെയല്ലാതെ മറ്റൊരാളെ, ക്നാനായ മെത്രാനായി മനസ്സുകൊണ്ട് അംഗീകരിക്കാന്‍ സാധാരണ ക്നാനയക്കാരന് സാധിക്കുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം അങ്ങാടിയത്ത് പിതാവിന്റെ ദാസനായി മൂലക്കാട്ട് പിതാവ് മൂലയ്ക്ക് നില്‍ക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്.

പിതാക്കന്മാര്‍ ഒന്നോര്‍ക്കണം. നിങ്ങള്ക്ക് പണം കഴിഞ്ഞിട്ടേ ആത്മാഭിമാനം ഉള്ളൂ. പക്ഷെ, നിങ്ങളെ പിതാക്കന്മാരായി കാണുന്നവര്‍ക്ക് ആത്മാഭിമാനം വളരെ വലുതാണ്. അതിനു പകരമായി അവര്‍ക്ക് മറ്റൊന്നുമില്ല.

നിങ്ങളുടെ ഇത്തരം ചെയ്തികള്‍ അവന്റെ മനസ്സിനെ വല്ലാതെ  വൃണപ്പെടുത്തുന്നു എന്ന് നിങ്ങള്‍ അറിയണം. പള്ളിവാങ്ങല്‍ മാത്രമല്ല വിഷയം. ഇപ്പോഴത്തെ കെസിസിഎന്‍എ പ്രസിഡന്റ്‌ ആ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍, അദ്ദേഹത്തെ തോല്പ്പിക്കാനായി പുരോഹിതവര്‍ഗം സംഘടിതമായി ശ്രമിച്ചത്, അദ്ദേഹത്തിന്റെ മാന്യത കാരണം അദ്ദേഹം നിഷേധിച്ചെങ്കിലും, അമേരിക്കയിലെ ക്നാനായക്കാരായ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, കൂടുതല്‍ ഇടങ്ങളിലും, വൈദികര്‍ നാണംകെട്ട് പിന്തുണ നല്‍കിയവര്‍ തോറ്റുകൊണ്ടിരിക്കുന്നത്.

മതപരമായും സാമുദായികമായും വൈകാരികമായും അതിസങ്കീര്‍ണമായ പ്രശ്നങ്ങളാണ് കോട്ടയം അതിരൂപതാധ്യക്ഷന്‍ കൈകാര്യം ചെയ്യേണ്ടത്. പാളിച്ചകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്, മനസ്സിലാക്കാവുന്നതാണ്. തെറ്റുപറ്റി എന്നതല്ല; പാളിച്ചകള്‍ ഉണ്ടായി എന്ന് വ്യക്തമായിട്ടും, അത് തിരുത്താന്‍ തുനിയാത്തതാണ് യഥാര്‍ത്ഥ പരാജയം.  ഈ നിലപാട് തുടര്‍ന്നാല്‍ ഈ ചീമുട്ടയെ ഒരു എളിയ തുടക്കമായി മാത്രം കാണേണ്ടി വന്നേക്കാം.

ജോണ് മാക്സ് വെല്ലിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ.

A man must be big enough to admit his mistakes, smart enough to profit from them, and strong enough to correct them.
 അലക്സ്‌ കണിയാംപറമ്പില്‍

(2012 ഡിസംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ നിന്ന്)

No comments:

Post a Comment