കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിനുള്ള എന്‍.ഒ.സി. ലഭിച്ച സാഹചര്യത്തില്‍ കാരിത്താസ് മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം എങ്ങിനെ യാഥാര്‍ത്ഥ്യമാക്കാമെന്ന ചിന്ത കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പങ്കുവയ്‌ക്കുന്ന സര്‍ക്കുലറിന്റെ പൂര്‍ണ രൂപം.
ആഴമേറിയ ദൈവസ്‌നേഹത്തിന്റെയും അതില്‍നിന്ന് ഉരുത്തിരിയുന്ന സഹോദരസ്‌നേഹത്തിന്റെയും തുടര്‍ക്കഥയാണു ക്‌നാനായ സമുദായ ചരിത്രം. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹ്യ വികസനം തുടങ്ങിയ മേഖലകളിലെ കാലോചിതവും സമൂഹനന്മയ്‌ക്കും രാഷ്‌ട്രനിര്‍മ്മിതിയ്‌ക്കും സഹായകവുമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ പിതാക്കന്മാര്‍ നല്‍കിയ നിരവധിയായ സംഭാവനകളുടെ സല്‍ഫലങ്ങള്‍ അനുഭവിക്കുന്ന നാം ഈ വഴികളിലുള്ള നിരന്തരവും ത്യാഗപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ അവരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാന്‍ കടപ്പെട്ടവരാണ്.
ആതുരസേവനരംഗത്ത് അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കുന്ന നമ്മുടെ കാരിത്താസ് ആശുപത്രിയെ ഒരു മെഡിക്കല്‍ കോളേജായി ഉയര്‍ത്തുക എന്നത് ഏറെക്കാലമായി നമ്മുടെ ഏവരുടെയും സ്വപ്‌നമാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് കുറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വവും, ആ സാഹചര്യത്തില്‍ ഒരു മെഡിക്കല്‍ കോളേജായി കാരിത്താസിനെ ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ നമ്മുടെ സ്ഥാപനത്തിന്റെ സല്‍പ്പേരിനുളവാക്കാന്‍ സാദ്ധ്യതയുള്ള അപകടങ്ങളും പരിഗണിച്ച് നാം ക്ഷമാപൂര്‍വ്വം മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സഭയുടെ ദീര്‍ഘനാളത്തെ പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ നാടിന്റെ വികസനത്തില്‍ എല്ലാവര്‍ക്കും പങ്കുചേരാന്‍ സാധിക്കുന്ന നീതിപൂര്‍വ്വകമായ ഒരവസ്ഥ സംജാതമാക്കുവാന്‍ കേരളത്തിലെ ഇപ്പോഴത്തെ ഗവണ്‍മെന്റ് എടുത്ത തീരുമാനം നമ്മുടെ ആഗ്രഹം പൂവണിയുവാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് നിയമാനുസൃതം പ്രവര്‍ത്തിക്കാനാവശ്യമായ സ്വാതന്ത്ര്യം ലഭിക്കണം എന്ന സഭയുടെ നിരന്തരമായ ആവശ്യത്തിന് ഇപ്പോഴത്തെ സര്‍ക്കാര്‍ നല്‍കിയ അംഗീകാരം മെഡിക്കല്‍ കോളേജിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ നമുക്കു പ്രചോദനം നല്‍കി. അതനുസരിച്ച് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നാം വിഭാവനം ചെയ്യുന്ന സാമൂഹ്യ വികസന സങ്കല്‍പങ്ങളെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുവാന്‍ നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
നാമൊരുക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ സമുദായത്തിന്റെ വളര്‍ച്ചയോടൊപ്പം സമൂഹത്തിലെ നാനാജാതി മതസ്ഥരായ ആളുകള്‍ക്കുകൂടി പ്രയോജനപ്പെടണമെന്നത് നമ്മുടെ സ്ഥിരമായ നയമാണ്. കേരളാ ഗവണ്‍മെന്റ് ക്രൈസ്‌തവ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന പുതിയ കരാര്‍ അനുസരിച്ച് നാം വിഭാവനം ചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ ആകെയുള്ള നൂറു സീറ്റില്‍ 50 സീറ്റുകള്‍ മെറിറ്റ് സീറ്റാണ്. ഇതില്‍ 35 സീറ്റുകള്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമായി നല്‍കപ്പെടുമ്പോള്‍ 15 സീറ്റുകള്‍ സ്ഥാപനം നടത്തുന്ന സമൂഹത്തിനുള്ളതാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ സമുദായത്തിലെ 15 കുട്ടികള്‍ക്ക് മെഡിസിന് ഓപ്പണ്‍ മെറിറ്റില്‍ അഡ്‌മിഷന്‍ നേടാന്‍ സാധിക്കും. ഓപ്പണ്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി 40 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഈ പദ്ധതിയില്‍ വിഭാവനം ചെയ്‌തിട്ടുണ്ട്.
ബാക്കിയുള്ള 50 സീറ്റില്‍ 15 സീറ്റുകള്‍ NRI ക്വോട്ടായാണ്. നമ്മുടെ സമുദായത്തിലെ നല്ലൊരു ശതമാനം ആളുകള്‍ വിദേശരാജ്യങ്ങളിലായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് ഈ 15 സീറ്റുകള്‍ നല്‍കാന്‍ സാധിച്ചാല്‍ അതും സമുദായത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിക്കും എന്നതില്‍ സംശയമില്ല. ബാക്കിയുള്ള 35 സീറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്കായി നീക്കി വയ്‌ക്കുമ്പോള്‍ അതില്‍ നല്ലൊരു പങ്ക് ക്‌നാനായ സമുദായത്തിലെ കുട്ടികള്‍ക്കായി നീക്കി വയ്‌ക്കാന്‍ സാധിക്കും. ഓരോ വിഭാഗത്തിനും നീക്കി വയ്‌ക്കുന്ന സീറ്റുകള്‍ ആ വിഭാഗത്തില്‍ നിന്നുള്ളവരുടെ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്നതിനാല്‍ അഡ്‌മിഷന്‍ ഏറ്റം സുതാര്യവും ആരോപണങ്ങള്‍ക്കതീതവും ആയി നടത്തുവാന്‍ നമുക്കു സാധിക്കുകയും ചെയ്യും. അതുവഴി കാരിത്താസിന്റെയും സഭയുടെയും സല്‍പേരുയര്‍ത്തുവാനും നമുക്ക് സാധിക്കും. 15 NRI സീറ്റുകള്‍ ഒഴികെ ബാക്കി 85 സീറ്റിലും ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഫീസ് പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം രൂപയാണ്.
ഭൂരിഭാഗം ക്‌നാനായ കുട്ടികള്‍ക്കും മെഡിക്കല്‍ പ്രവേശനം ഇന്നും ഒരു മരീചികയായി നിലകൊള്ളുന്ന സാഹചര്യത്തില്‍ എല്ലാവര്‍ഷവും 15 മുതല്‍ 40 വരെയോ അതില്‍ കൂടുതലോ സീറ്റുകള്‍ ക്‌നാനായ സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാനുള്ള സാദ്ധ്യതയാണ് നമ്മുടേതായ ഒരു മെഡിക്കല്‍ കോളേജ് എന്ന ആശയവുമായി മുന്നോട്ടുപോകുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതുള്‍ക്കൊള്ളുന്ന സാമ്പത്തിക ബാദ്ധ്യത പലരിലും ആശങ്ക ഉളവാക്കി. ആവശ്യമായ സ്ഥലം നമുക്ക് ഇപ്പോള്‍ ഉള്ളതിനാല്‍ കെട്ടിടങ്ങള്‍, ലാബ്രട്ടറി തുടങ്ങിയവയ്‌ക്കായി ഇനി 210 കോടി രൂപ ഉണ്ടാകണം. പാസ്റ്ററല്‍ കൗണ്‍സിലും പ്രെസ്‌ബിറ്ററല്‍ കൗണ്‍സിലും ക്‌നാനായ സമുദായത്തിന് സ്വന്തമായ ഒരു മെഡിക്കല്‍ കോളേജ് എന്ന ആശയവും അതുവഴി സമുദായത്തിനുണ്ടാകാവുന്ന വളര്‍ച്ചയും സര്‍വ്വാത്മനാ സ്വാഗതം ചെയ്‌തെങ്കിലും ഈ വലിയ സാമ്പത്തിക ഭാരം പേറുവാന്‍ നമുക്കാവുമോ എന്ന ആശങ്കയില്‍ സാമ്പത്തിക സാദ്ധ്യതകളെക്കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം മുന്നോട്ടു പോയാല്‍ മതി എന്നു നിര്‍ദ്ദേശിച്ചു.
നമുക്ക് NOC ലഭിച്ച മെഡിക്കല്‍ കോളേജ് നാം ഉപേക്ഷിച്ചു എന്നൊരു വാര്‍ത്ത എപ്രകാരമോ വ്യാപിച്ചതോടെ നമ്മുടെ സമുദായത്തിന്റെ നാനാതുറകളില്‍പ്പെട്ട ധാരാളം ആളുകള്‍ നേരിട്ടും കത്തു മുഖേനയും മറ്റുരീതികളിലും എന്നോടു ബന്ധപ്പെടുകയും NOC ലഭിച്ച മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. നമ്മെ സ്‌നേഹിക്കുന്ന മറ്റാളുകളും എന്നെക്കണ്ട് കാരിത്താസ് മെഡിക്കല്‍ കോളേജിനായുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. അതിന്റെ വെളിച്ചത്തില്‍ ഒക്‌ടോബര്‍ മാസം 11-ാം തീയതി ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ മെഡിക്കല്‍ കോളേജിനാവശ്യമായ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ കാരിത്താസ് ട്രസ്റ്റ് ചെയര്‍മാനായ അഭിവന്ദ്യ പണ്ടാരശേരില്‍ പിതാവിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയോടാവശ്യപ്പെട്ടു. നമ്മുടെ ആളുകള്‍ സന്മനസ്സോടെ വിവിധങ്ങളായ ധനസമാഹരണ പാക്കേജുകളില്‍ സഹകരിച്ചാല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാമെന്ന് കമ്മറ്റി കണ്ടെത്തുകയുണ്ടായി. ഈ പാക്കേജുകള്‍ ഇതിനോടകം തന്നെ നമ്മുടെ ഫൊറോനാകളില്‍ ബഹു. വൈദികരെ വിളിച്ചുകൂട്ടി അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ് വിശദീകരിക്കുകയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളെ വിളിച്ചുകൂട്ടി പിതാവുതന്നെ ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ബഹു. അച്ചന്മാര്‍ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്‌തു. അവരുടെയുംകൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് വിചാരിക്കുന്നത്.
ഇപ്പോള്‍ സ്‌തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ആശുപത്രിയുടെ സേവനങ്ങളെ മെഡിക്കല്‍ കോളേജ് പ്രതികൂലമായി ബാധിക്കില്ലെ എന്നൊരു സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. അതിനെപ്പറ്റി വിശദമായി നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ ഈ സംശയം തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്ന് കണ്ടെത്തുകയുണ്ടായി. ഇപ്പോള്‍ കാരിത്താസ് ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങളെയൊന്നും മെഡിക്കല്‍ കോളേജ് സ്‌പര്‍ശിക്കുകയില്ല. കാരണം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് അതിനായി നിര്‍മ്മിക്കേണ്ടിവരുന്ന 500 കിടക്കകളുള്ള വാര്‍ഡിലാണ്. ഇപ്പോള്‍ നമുക്കുള്ള മുറികളോ അതിലെ രോഗികളോ ഒന്നും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നില്ല. വാര്‍ഡുകളിലുള്ള രോഗികളെ മാത്രമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അവരുടെ പ്രൊഫസര്‍മാരും സന്ദര്‍ശിക്കുന്നത്. മെഡിക്കല്‍ കോളേജ് വന്നാല്‍ നമുക്കുള്ള ഒ.പി. വിഭാഗം കൂടുതല്‍ ഡോക്‌ടര്‍മാരോടും സൗകര്യങ്ങളോടും കൂടി നവീകരിക്കേണ്ടിവരും. അതിന്റെ നന്മ കാരിത്താസില്‍ വരുന്ന എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. തങ്ങളുടെ ആഗ്രഹമനുസരിച്ച് ഇപ്പോഴുള്ള മുറികളിലോ അല്ലെങ്കില്‍ മെഡിക്കല്‍ കോളേജ് വാര്‍ഡുകളിലോ രോഗികള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. കാരിത്താസ് ആശുപത്രിയില്‍ പ്രവേശനം നേടുന്നവര്‍ക്കെല്ലാം ഇപ്പോള്‍ ലഭിക്കുന്ന എല്ലാ ശുശ്രൂഷകളും ലഭിക്കുന്നതാണ്.
മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന്റെ ആദ്യപടിയായി കമ്മറ്റി ആവശ്യപ്പെട്ടത് കാരിത്താസ് മെഡിക്കല്‍ കോളേജ് ക്‌നാനായ സമുദായം അതിന്റെ സ്വന്തമായി കണക്കാക്കണം എന്നതാണ്. കാരണം ഇതു ലക്ഷ്യം വയ്‌ക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സമുദായത്തിന്റെ വലിയ വളര്‍ച്ചയാണ്. അതിനാല്‍തന്നെ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഓരോ സമുദായാംഗവും അഭിമാനപൂര്‍വ്വം പങ്കുചേരണം. ഇതിനായി കമ്മറ്റി മുമ്പോട്ടുവച്ച വിവിധ മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്‌നാനായ സമുദായത്തിലെ ഓരോ കുടുംബവും “കാരിത്താസ് മെഡിക്കല്‍ കെയര്‍” പദ്ധതിയില്‍ പങ്കുചേരുക എന്നതാണ്. ആര്‍ക്കും സാമ്പത്തികനഷ്‌ടം ഉണ്ടാകാത്തതും എന്നാല്‍ ആവശ്യനേരത്ത് ഏറ്റവും ഉപയുക്തവുമായ ഈ പദ്ധതി അനുസരിച്ച് സമുദായത്തിലെ ഓരോ കുടുംബവും ഒരു ലക്ഷം രൂപാ എങ്കിലും ആ കുടുംബത്തിന്റെ ആരോഗ്യസുരക്ഷയ്‌ക്കായി ഈ പദ്ധതിയില്‍ നിക്ഷേപിക്കുക. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ കാരിത്താസില്‍ ചികിത്സ നേടാവുന്നതും ആ ചികിത്സയ്‌ക്കാവശ്യമായി വരുന്ന തുക നിക്ഷേപത്തില്‍ നിന്നും കുറവു ചെയ്യുന്നതുമാണ്. ഇപ്രകാരം തങ്ങള്‍ നിക്ഷേപിച്ച തുക മുഴുവനായും ആ കുടുംബത്തിന് ഏറ്റം അത്യാവശ്യമായ രോഗാവസ്ഥയില്‍ തിരികെ ലഭിക്കുന്നു. വിദേശത്തുളളവര്‍ക്കും തങ്ങളുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ വേണ്ടിയും ഈ പദ്ധതിയില്‍ പങ്കുചേരാവുന്നതാണ്. ഏതെങ്കിലും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്കും ഈ പദ്ധതി കൂടുതല്‍ പ്രയോജനപ്രദമാണ്. രോഗം വന്നാല്‍ ഉടന്‍ തന്നെ ചികിത്സ ലഭിക്കുന്നതും പിന്നീട് ഇന്‍ഷ്വറന്‍സ് തുക കിട്ടുമ്പോള്‍ അത് അവര്‍ക്കു തന്നെ ലഭിക്കുന്നതുമാണ്. ക്‌നാനായ സമുദായത്തിനു പുറത്തുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്കും ഈ പദ്ധതിയില്‍ പങ്കുചേരാവുന്നതും സാമ്പത്തിക ബാദ്ധ്യത ഇല്ലാതെതന്നെ കാരിത്താസ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിലും അവരുടെ തന്നെ ആരോഗ്യ പരിരക്ഷയിലും പങ്കാളികളാകാവുന്നതാണ്. ഈ പദ്ധതിയില്‍ പങ്കാളികളാവുന്നവര്‍ക്ക് പ്രോത്സാഹനമായി കാരിത്താസിലെ മുറിവാടകയില്‍ നിശ്ചിതശതമാനം ഇളവുകൊടുക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിനു പുറമെ മെഡിക്കല്‍ കോളജിനാവശ്യമായ കെട്ടിടങ്ങള്‍, മുറികള്‍, ലാബ്രട്ടറികള്‍, ലൈബ്രറി, തുടങ്ങി വിവിധ ആവശ്യങ്ങള്‍ വ്യക്തികള്‍ക്കോ ഇടവകകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ്. തങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി NRI സീറ്റുകള്‍ അഞ്ചുവര്‍ഷത്തെ NRI ഫീസ് ഒന്നിച്ചു നല്‍കി മാതാപിതാക്കളോ ബന്ധുജനങ്ങളോ മുന്‍കൂട്ടി ബുക്കുചെയ്യാനുള്ള സാദ്ധ്യതകളും കമ്മറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ തുക പലിശരഹിത വായ്‌പയായി നല്‍കിക്കൊണ്ടും മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തില്‍ സന്മനസ്സുള്ള ഏവര്‍ക്കും പങ്കു ചേരാവുന്നതാണ്. കൂടുതല്‍ തുക സംഭാവനയായി നല്‍കുന്നവരുടെ പേരുകള്‍ മെഡിക്കല്‍ കോളേജില്‍ ഫലകത്തില്‍ എഴുതിവയ്‌ക്കാനുള്ള സാദ്ധ്യതയും കമ്മറ്റി സൂചിപ്പിക്കുകയുണ്ടായി.
പാവപ്പെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പക്ഷംചേരല്‍ ഏറ്റവും കൂടുതല്‍ പ്രകടമായി നാം ദര്‍ശിക്കുന്നത് അവര്‍ക്കായി മെഡിക്കല്‍ കോളേജിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വാര്‍ഡുകളിലാണ്. ഇത് ക്‌നാനായ സമുദായത്തിലെ ഓരോ വ്യക്തിയുടെയും താല്‍പര്യപൂര്‍വ്വകമായ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാനാണ് നാം ആഗ്രഹിക്കുന്നത്. വാര്‍ഡുകളിലെ സൗജന്യതാമസം മാത്രമല്ല, ആ വാര്‍ഡുകളില്‍ നല്‍കപ്പെടുന്ന സൗജന്യ ചികിത്സയും പാവപ്പെട്ടവരോടുള്ള നമ്മുടെ അനുഭാവപൂര്‍ണ്ണമായ സമീപനത്തിന്റെ ഉത്തമ ഉദാഹരണമായിരിക്കും. ഇടവകകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ത്യാഗമനസ്സോടെ പങ്കുചേരാവുന്ന ഈ യത്‌നത്തില്‍ സര്‍വ്വാത്മനാ പങ്കുചേര്‍ന്നുകൊണ്ട് കാരിത്താസ് മെഡിക്കല്‍ കോളേജിനെ മനുഷ്യസ്‌നേഹത്തിന്റെ മഹനീയ മാതൃകയായി നിലനിര്‍ത്താന്‍ നമുക്ക് പരിശ്രമിക്കുകയും ചെയ്യാം.
കാരിത്താസ് മെഡിക്കല്‍ കോളേജ് നമ്മുടെ സമുദായത്തിന്റെ സ്വപ്‌ന സാക്ഷാത്‌ക്കാരമാണ്. നാമോരോരുത്തരും ആവുംവിധത്തില്‍ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ നേട്ടത്തില്‍ ഭാഗഭാക്കുകളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കിനി പഠിക്കാന്‍ മക്കളില്ല, എന്റെ മക്കളെല്ലാം മറ്റു സ്ഥലങ്ങളില്‍ പഠിക്കുന്നവരാണ് തുടങ്ങിയ ചിന്തകള്‍ ഈ വലിയ ഉദ്യമത്തില്‍ പങ്കാളികളാകുന്നതില്‍ നിന്ന് നമ്മെ തടയരുത്. നാം ഇന്നെന്തായിരിക്കുന്നുവോ അതിന്റെ അടിസ്ഥാനം നമ്മുടെ പിതാക്കന്മാരുടെ ത്യാഗവും സമര്‍പ്പണവുമാണ് എന്ന ബോദ്ധ്യത്തോടെ നാളത്തെ സമൂഹനിര്‍മ്മിതിയില്‍ ഔദാര്യത്തോടെ പങ്കുചേരാന്‍ നമുക്കു ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. ശോഭനമായ ഭാവിയുടെ പ്രകാശപൂര്‍ണ്ണമായ വഴിത്താരയിലേയ്‌ക്ക് ക്‌നാനായ സമുദായത്തെയും സമൂഹത്തെയും നയിക്കാന്‍ ത്യാഗമനോഭാവത്തോടെ നമുക്കൊന്നു ചേരാം. ഈ മഹാസംരംഭത്തിന്റെ സാക്ഷാത്‌ക്കാരത്തിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ കത്തു മുഖേനയോ ഇ-മെയില്‍ വഴിയോ (carithasmc@gmail.com) അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിനെ അറിയിക്കുന്നത് കൂടുതല്‍ മെച്ചമായ രീതിയില്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന് കമ്മറ്റിയെ സഹായിക്കും. നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വകമായ പരിചിന്തനവും ക്രിയാത്മകമായ സഹകരണവും നമ്മുടെ സമുദായത്തിന്റെ വളര്‍ച്ചയിലും സമൂഹനിര്‍മ്മിതിക്കായുള്ള പരിശ്രമത്തിലും ഒരിക്കല്‍ക്കൂടി പ്രകാശിതമാകാന്‍ ഈ സംരംഭം സഹായകമാകട്ടെ.
അവലംബം: അപനാദേശ്
No comments:
Post a Comment