മുംബൈ ആക്രമണത്തിലെ പ്രതി അജ്മല്‍ കസബിനെ നവംബര്‍ ഇരുപത്തിയൊന്നിന് തൂക്കിലേറ്റി. ഈ ശിക്ഷ ശരിയല്ല എന്ന് വാദിക്കുന്നവര്‍ ഉണ്ടായേക്കാം. എന്നാല്‍ ഒരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കിയത് ഇന്ത്യയിലും വിദേശത്തും വലിയ പ്രാധാന്യമുള്ള വാര്‍ത്തയായി.
ഒരാള്‍ക്ക് വധശിക്ഷ നല്‍കുന്നതിന്റെ പിന്നിലെ യുക്തി എന്താണ്? ഒരു കുറ്റവാളിയോട് ഒരു രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥ പ്രതികാരനടപടി കൈക്കൊള്ളുന്നതല്ല വധശിക്ഷ. വ്യക്തികളുടെ ബാലഹീനതകളാണ് വാശി, വൈരാഗ്യം, പ്രതികാരം എന്നിവയൊക്കെ. ഒരു രാഷ്ട്രം ഇത്തരം ദുര്‍ബലവികാരങ്ങള്‍ക്കോക്കെ അതീതമാണ്.
വധശിക്ഷ നല്‍കുന്നതിന്റെ പിന്നില്‍ രണ്ടു കാരണങ്ങള്‍ ഉണ്ട് – ചില കുറ്റവാളികള്‍ മനുഷ്യകുലത്തിനു ഭീഷണിയാണ്. സമൂഹത്തെ അത്തരക്കാരില്‍ നിന്ന് രക്ഷിക്കുവാന്‍ അയാളെ ഇല്ലാതാക്കണം. അതാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം, സമൂഹത്തിലെ മറ്റു കുറ്റവാളികള്‍ക്ക് നല്‍കുന്ന ഒരു സന്ദേശമാണ്. ആ സന്ദേശം ഇതാണ്:
ഈ നാട്ടില്‍ ഒരു നിയമവ്യവസ്ഥയുണ്ട്; നിയമപാലകര്‍ ഉണ്ട്. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് കാണിക്കുന്ന അന്യായം അനുവദനീയമല്ല. അത് ആരാണെങ്കിലും അതിനു കടുത്ത ശിക്ഷ ഉണ്ടാവും.
ഇത്തരം സന്ദേശം കുറ്റവാസന ഉള്ള പലരെയും കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ട് വേണം അജ്മല്‍ കസബിന് കൊടുത്ത ശിക്ഷയെയും, ആ ശിക്ഷ നടപ്പിലാക്കിയതിന്റെ വാര്‍ത്തയ്ക്ക് ലഭിച്ച പബ്ലിസിറ്റിയെയും കാണാന്‍.
രാഷ്ട്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ചെറിയ സമൂഹങ്ങളുടെയും സംഘടനകളുടെയും കാര്യത്തിലും മുകളില്‍ പറഞ്ഞ യുക്തി പ്രസക്തമാണ്.
യു.കെ.കെ.സി.എ. പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കുറെനാള്‍ മുമ്പ് നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗ് നടക്കുമ്പോള്‍ മര്‍ദ്ദിച്ച മാഞ്ചെസ്റ്റരില്‍ നിന്നുമുള്ള ഒരു നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ക്കെതിരെ പത്തു വര്‍ഷത്തെ പുറത്താക്കല്‍ നടപടിക്കു നാഷണല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കി. ഇത് വെറും കിംവദന്തി മാത്രമാണ്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഈ രാജ്യത്ത് താമസിക്കുന്ന, ക്നാനായ സംഘടനയുടെ അംഗങ്ങളായവര്‍ക്ക് യാതൊരു മാര്‍ഗവും ഇല്ല.
ഇത് തീര്‍ച്ചയായും ഒരു വ്യക്തിയുടെ സ്വകാര്യ കാര്യമോ വീട്ടുകാര്യമോ അല്ല. ഇത് പൊതുജനങ്ങളില്‍ എത്തേണ്ട ഒരു വാര്ത്തയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. യു.കെയിലെ ഓരോ ക്നാനയക്കാരന്റെയും മുഖത്തും കരി വാരിതേച്ച ഈ സംഭവത്തില്‍ കുറ്റവാളിയ്ക്ക് എന്ത് ശിക്ഷയാണ് കൊടുത്തതെന്ന് അറിയാനുള്ള അവകാശം സംഘടനയുടെ ഒരോ അംഗത്തിനുമുണ്ട്. ഈ കുറ്റകൃത്യം ചെയ്തയാള്‍ മാപ്പ് പറഞ്ഞോ, അദ്ദേഹം സ്വന്തം യുനിറ്റില്‍ അംഗമായി തുടരുന്നോ, ഇതൊക്കെ അംഗങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള കാര്യങ്ങളാണ്.
എന്നാല്‍ ഇതിനെക്കുറിച്ചുള്ള ഒരു വിവരവും നാഷണല്‍ എക്സിക്യൂട്ടീവ് വെളിയില്‍ വിട്ടിട്ടില്ല.
പുറത്തുള്ള മാധ്യമങ്ങളില്‍ വിവരം അറിയിച്ചില്ലെങ്കിലും സ്വന്തം വെബ്സൈറ്റ് വഴി എങ്കിലും, എത്ര വര്‍ഷത്തേക്കുള്ള അച്ചടക്കനടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുവാന്‍ നേതാക്കന്മാര്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. നേതാക്കളും അണികളും തമ്മിലുള്ള ആശയവിനിമയം ആയിരിക്കണം ഇത്തരം സംഘടനാ വെബ്സൈറ്റുകളുടെ ഉദ്ദേശം. അല്ലാതെ നേതാക്കന്മാരുടെയും സഭാ മേലധ്യക്ഷയ്ന്മാരുടെയും ഫോട്ടോ പ്രദര്‍ശിപ്പിക്കുന്ന ഗ്യാല്ലറി മാത്രമായിരിക്കരുത് ഔദ്യോഗിക വെബ്സൈറ്റ്.
ക്ഷമ പറയാനൊരുക്കമാണെങ്കില്‍ ശിക്ഷ അഞ്ചു വര്ഷമായി കുറയ്ക്കാം എന്ന് തീരുമാനിച്ചതായി പറഞ്ഞു കേള്‍ക്കുന്നു. രേഖാമൂലം ക്ഷമ പറഞ്ഞുവോ, അതോ ശിക്ഷ പത്തു വര്‍ഷത്തേക്ക് തന്നെയാണോ എന്ന് ജനങ്ങളെ നേതാക്കള്‍ അറിയിക്കണം.
അജ്മല്‍ കസബിനെ ശിക്ഷിച്ചത് തെറ്റായി എന്ന് കരുതുന്നവര്‍ ഉള്ളതുപോലെ നമ്മുടെ കേസിലും ഭിന്ന അഭിപ്രായം ഉള്ളവര്‍ ഉണ്ടായേക്കാം എങ്കിലും അസോസിയേഷന്‍ പ്രവര്‍ത്തനം ഭാവിയില്‍ കൂടുതല്‍ കാര്യക്ഷമം ആകുവാനും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എത്ര ഉന്നതന്‍ ആയിരുന്നാലും ശിക്ഷാനടപടികള്‍ ആവശ്യം ആണ്. ആ വിവരം പരസ്യമാക്കുകയും വേണം.
ഈ വിഷയത്തില്‍ ലേവിയും കൂട്ടരും തങ്ങളുടെ മൌനവൃതം ഉപേക്ഷിക്കണം.
ബിജു കണിയാരക്കീഴില്‍
No comments:
Post a Comment