ഇതിനോടകം ക്നാനായ വിശേഷങ്ങള്‍ വായനകാര്‍ക്ക് പ്രിയങ്കരനായ മിഡില്‍ ഈസ്റ്റ് ക്നാ ബ്ലോഗിലെ “ക്നായി തൊമ്മന്‍” തന്റെ മൌലിക ചിന്തകള്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇതാ വീണ്ടും നമ്മളുമായി പങ്കു വയ്ക്കാനെത്തുന്നു. തന്റെ മുഖമുന്ദ്രയായ സ്നേഹമസൃണമായ ഭാഷയില്‍.........
പ്രീയ ക്‌നാനായ മക്കളേ,
കഴിവും സംഘടനാപാടവവും ഉള്ളവര്‍ നമ്മുടെ സമുദായത്തില്‍. വിരളമാണ്. ഉള്ളവരാണെങ്കിലോ, സ്വന്തം കാര്യസാധ്യത്തിനോ, താത്പര്യങ്ങള്‍ക്കോ ആണു അതുപയോഗിക്കുന്നത്. എന്നാല്‍, കഴിവും, കാര്യപ്രാപ്തിയും ദൈവാനുഗ്രഹമായി കിട്ടിയ ഒരു ചെറുപ്പക്കാരന്‍ വൈദികനായപ്പോള്‍, അദ്ദേഹത്തിന്റെ മാതാപിതാക്കന്‍മാരോടൊപ്പം ക്‌നാനായ സമുദായവും സന്തോഷിച്ചു, അച്ചന്റെ എല്ലാ കഴിവുകളും സമുദായത്തിലൂടെ കത്തോലിക്കാ സഭയില്‍ ഉപയോഗപ്പെടത്തക്ക രീതിയില്‍ സഭാനേതൃത്വവും, വിശ്വാസികളും പൂര്‍ണ്ണമായ പിന്തുണയും അദ്ദേഹത്തിനു നല്‍കി.
താന്‍ ഏര്‍പ്പെട്ട എല്ലാക്കാര്യങ്ങളിലും വിശ്വാസികള്‍ പിന്തുണ നല്‍കിയപ്പോള്‍, യുവവൈദികന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും, അധികം താമസിക്കാതെ തന്നെ വെല്ലാന്‍ ആരുമില്ല എന്ന തോന്നല്‍ അദ്ദേഹത്തിന്റെ തലയില്‍ തോന്നിത്തുടങ്ങുകയും ചെയ്തു. താമസിയാതെ തന്നെ വിവിധങ്ങളായ സ്ഥാനമാനങ്ങളിലും, അധികാരപദവികളിലും അദ്ദേഹത്തിന്റെ കണ്ണു പതിയുകയും ചെയ്തു.
ആരു പൊക്കിപ്പറഞ്ഞാലും അവര്‍ക്കു വാരിക്കോരി നല്‍കാനും, അങ്ങിനെയുള്ളവരെ കൂടെ നിറുത്തി തന്റെ കഴിവുകേടുകള്‍ക്കും, തോന്ന്യവാസങ്ങള്‍ക്കും മറപിടിക്കാനുമുള്ള സഭാനേതൃത്വത്തിന്റെ സ്വഭാവം നല്ലവണ്ണം അറിയാമായിരുന്ന ആ വൈദികന്‍, തന്റെ കാര്യ സാധ്യത്തിനുള്ള ചരടുവലികള്‍ ആരംഭിച്ചു.
അമേരിക്കയെന്ന കാനാന്‍ ദേശത്തേക്ക്, ക്‌നാനായ മക്കള്‍ കൂട്ടത്തോടെ കുടിയേറി പന്തലിച്ചു വളരുകയും, ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ നമ്മുടെ വൈദികന്റെയും മനസ്‌സില്‍ പുതിയ പദ്ധതികള്‍ രൂപം കൊണ്ടു. ക്‌നാനായ മക്കളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് വൈദീകരെ അയച്ചുകൊണ്ടിരിക്കുന്ന കാലം (അപ്പോഴേക്കും അമേരിക്കന്‍ ഡോളറില്‍ കണ്ണുവച്ചു കഴിഞ്ഞിരുന്നു സമുദായ നേതൃത്വം. ലാറ്റിന്‍ പള്ളികളിലേക്കു പോകുന്ന ഡോളര്‍ എങ്ങിനേയും നേടിയെടുക്കണം എന്നു തീരുമാനിച്ച സഭാനേതൃത്വം കണ്ടെത്തിയ പേരാണ് അമേരിക്കന്‍ ക്‌നാനായ മക്കളുടെ ആത്മീയ ആവശ്യം) . നമ്മുടെ ഈ വൈദികന്‍ മനസ്‌സില്‍ കണക്കു കൂട്ടി. ധാരാളം പണവും സമ്പാദിക്കാം, അതോടൊപ്പം പെട്ടെന്നു തന്നെ പുതിയ സ്ഥാനമാനങ്ങളും നേടാം. അങ്ങിനെ വളരെ കുബുദ്ധിയോടെ അമേരിക്കയില്‍ വിമാനമിറങ്ങി.
ആധുനികതയുടെ പ്രതീകമെന്നോണം യുവ ജനങ്ങളെ കയ്യിലെടുത്തു. അമേരിക്കയിലും, നാട്ടിലും പേരെടുക്കാന്‍ സിനിമ നിര്‍മ്മിച്ചു. മദ്യസേവകരുടേയും, പണത്തിന്റെ മേളില്‍ കിടന്നുറങ്ങുന്നവരുടേയും, പൊങ്ങന്‍മാരുടേയും, സഭാനേതൃത്തത്തെ അന്ധമായി വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളുടേയും, വെളുത്ത ളോഹ കണ്ടാല്‍ കമന്നുവീണു ആരാധിക്കുന്ന കുറെ സ്ത്രീകളുടേയും ഒരു ഉപചാപക സംഘം തന്നെ രൂപീകരിച്ചു തന്റെ പദ്ധതികള്‍ക്കു ആവശ്യമായ സാമ്പത്തിക കെട്ടുറപ്പും, സപ്പോര്‍ട്ടും ഉണ്ടാക്കിയെടുത്തു.
അങ്ങിനെ തന്റെ പദ്ധതികള്‍ താന്‍ ആഗ്രഹിച്ചതുപോലെ നടന്നു വന്നപ്പോളാണ്, ക്‌നാനായക്കാര്‍ക്കു പ്രാതിനിധ്യം കിട്ടുന്നതിനു പകരം അമേരിക്കയില്‍ സീറോ മലബാര്‍ രുപത റോമില്‍ നിന്നും അനുവദിച്ചത്. തന്റെ പദ്ധതിക്കു മങ്ങലേറ്റുവെന്ന നഗ്‌നസത്യം മനസ്‌സിലാക്കിയ വൈദികന്‍, എങ്ങിനെയെങ്കിലും താനാഗ്രഹിച്ചതു നടത്തിയെടുക്കണമെന്നു തീരുമാനിച്ചു. സീറോമലബാര്‍ രൂപതാനേതൃത്വവുമായി രഹസ്യവും പരസ്യവുമായി സന്ധിയില്‍ ഏര്‍പ്പെട്ടു. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് മുപ്പതു വെള്ളിക്കാശു വാങ്ങിയെങ്കില്‍, ക്‌നാനായ സമുദായത്തെ ഒറ്റു കൊടുക്കാന്‍ അഭിനവ പരീശന്‍മാരില്‍ നിന്നും ക്‌നാനായ വി. ജി. പട്ടം ഏറ്റു വാങ്ങി. ക്‌നാനായ സമുദായത്തില്‍ വെള്ളം ചേര്‍ത്ത്, സ്വന്തം കാര്യലാഭത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു മെത്രാന്‍ ക്‌നാനായ സമുദായത്തില്‍ ഇതേ സമയം അധികാരത്തിലെത്തിയത്, ഈ വൈദികനു തന്റെ പുതിയ പദ്ധതികള്‍ക്കു പുകമറയായി.
പിന്നീടങ്ങോട്ടുള്ള ഓരോ നീക്കങ്ങളും വളരെ സൂക്ഷിച്ചും, രഹസ്യവുമായിട്ടായിരുന്നു. പക്ഷെ, എത്രത്തോളം രഹസ്യമാക്കിയോ, സത്യം പലപ്പോഴും മറനീക്കി പുറത്തു വന്നുകൊണ്ടേയിരുന്നു. ക്‌നാനായ സമൂഹത്തിലെ വിവരവും, വിദ്യാഭ്യാസവുമുള്ളവര്‍, ഈ വന്‍ചതി മണത്തറിഞ്ഞു. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ പ്രതികരച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലും, വിവിധ സംഘടനകളിലൂടെ ലോകമെമ്പാടുമുള്ള ക്‌നാനായക്കാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ക്‌നാനായ വി.ജി. തന്റെ സില്‍ബന്ധികളെ അണിനിരത്തി അമേരിക്കയിലെ കണ്‍വന്‍ഷന്‍ പരാജയപ്പെടുത്തി ക്‌നാനായ മക്കളുടെ ഇടയില്‍ ഐക്യമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമം നടത്തി. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തോടുള്ള സമുദായ അംഗങ്ങളുടെ എതിര്‍പ്പാണു കണ്‍വന്‍ഷന്‍ പരാജയം എന്നു വരുത്തിത്തീര്‍ത്ത്, അതിനു പുറകിലൂടെ തന്റെ കുടില തന്ത്രം വിജയിപ്പിക്കുക എന്നതായിരുന്നു ഏക ലക്ഷ്യം. വി. ജി. യും മെത്രാനും മാത്രം ഈ ചതി പങ്കുവച്ചു. വി.ജി.യുടെ സ്തുതിപാഠകര്‍ക്കുപോലും ഈ ചതിയും, ഇതിനു പിന്നിലെ നിഗൂഢതയും മനസ്‌സിലായില്ല എന്നു മാത്രം.
ദൈവത്തിന്റെ അദൃശ്യകരം ക്‌നാനായ സമുദായത്തിനുമേല്‍ ഉണ്ടായിരുന്നതുകൊണ്ട്, കണ്‍വന്‍ഷന്‍ വന്‍ വിജയമായി. ക്‌നാനായ മെത്രാന്‍മാര്‍ വിട്ടുനിന്ന കണ്‍വന്‍ഷനില്‍ ക്‌നാനായത്തെ സ്‌നേഹിക്കുകയും, അതു തന്റെ ജീവനെപ്പോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന ക്‌നാനായ യാക്കോബായ മെത്രാന്‍ നിറസാന്നിദ്ധ്യവുമായി. ക്‌നാനായ യാക്കോബായ മെത്രാനെ സ്വാധീനിക്കാന്‍ ശ്രമിച്ച കഥ അദ്ദേഹം തന്നെ പറഞ്ഞപ്പോള്‍, ഈ ഗൂഢതന്ത്രം തൊമ്മനും മറ്റു ചിലരെപ്പോലെ മനസ്‌സിലാക്കി.
എല്ലാ പദ്ധതിയും പാളുന്നു എന്നു മനസ്‌സിലാക്കിയ വി.ജി. അവസാന ആയുധവും പുറത്തെടുക്കുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സീറോ മലബാര്‍ മെത്രാന്റെ ഇടയലേഖനം. ക്‌നാനായ സമുദായത്തെ ശവപ്പെട്ടിയിലാക്കി കുഴിച്ചിടാനുള്ള അവസാനശ്രമം. ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചത് ക്‌നാനായ വി.ജി., മൗനാനുവാദം കൊടുത്തത് കോട്ടയത്തെ ക്‌നാനായ മെത്രാന്‍, ക്‌നാനായത്തെ തകര്‍ക്കാനുള്ള ഇടയലേഖനം ആമേരിക്കയിലെ സീറോ മലബാര്‍ മെത്രാന്റെ വക. സമുദായത്തിനു കൂനിന്‍മേല്‍ കുരു എന്ന പോലെ താന്‍ ക്‌നാനായ സമുദായില്‍ നിന്നു മാറി സീറോ മലബാര്‍ രൂപതയില്‍ ചേര്‍ന്നു എന്ന വി.ജി.യുടെ പ്രഖ്യാപനം.
പക്ഷെ, തൊമ്മനു ക്‌നാനായ മക്കളെക്കുറിച്ച് അഭിമാനമുണ്ട്. ലോകമെമ്പാടുമുള്ള ക്‌നാനായമക്കള്‍ ഒന്നടങ്കം സമുദായത്തിനുവേണ്ടി നിലകൊള്ളുന്നത് തൊമ്മന്‍ കണ്ടു. അവസാന ആണിയടിച്ചു കാര്യം കാണാന്‍ നോക്കിയ വി.ജി. ഒരു വലിയ സത്യം മനസ്‌സിലാക്കി. ക്‌നാനായം ഓരോ ക്‌നാനായക്കാരന്റെയും ജന്മാവകാശമായി അവന്‍ കാത്തുസൂക്ഷിക്കുന്ന ഒന്നാണെന്നും, കനാനായമെന്നുകേട്ടാല്‍ ക്‌നാനായക്കാരന്റെ ചോര തിളക്കുമെന്നും, ക്‌നാനായ പാരമ്പര്യം ഒരു കാരണവശാലും ആര്‍ക്കും അടിയറ വക്കുകയില്ലെന്നും വി.ജി. തിരിച്ചറിഞ്ഞു. തന്റെ സ്തുതിപാഠകര്‍ പോലും തന്റെ കുടെയില്ലെന്നു അദ്ദേഹത്തിനു മനസ്‌സിലായി.
പറ്റിയ അബദ്ധവും, തന്റെ കുടിലതന്ത്രം ജനം തിരിച്ചറിഞ്ഞുവെന്ന ബോധ്യവും വന്ന വി. ജി. അടുത്ത ദിവസം തന്നെ കളം മാറ്റി ചവിട്ടാനുള്ള പരിപാടികള്‍ തുടങ്ങി. പക്ഷെ, പ്രീയ വി.ജി., ക്‌നാനായ മക്കള്‍ക്കു നിങ്ങളെ മനസ്‌സിലായി. നാളിതുവരെ നിങ്ങള്‍ സമുദായത്തോടു കാണിച്ചുകൂട്ടിയ വഞ്ചനക്കു നിങ്ങള്‍ക്കു മാപ്പില്ല. ഇതിനു ഒത്താശ പാടിയ കോട്ടയത്തെ പിതാക്കന്‍മാര്‍ക്കും മാപ്പില്ല. നിങ്ങളെ വിശ്വസിച്ചു എന്ന കാരണത്താല്‍ ഞങ്ങളുടെ സഹോദരരെ ഞങ്ങള്‍ മാറ്റിനിറുത്തില്ല. കാരണം, ആട്ടിന്‍തോലിട്ട നിങ്ങളിലെ ചെന്നായെ തിരിച്ചറിഞ്ഞ അവര്‍, ഇപ്പോള്‍തന്നെ തങ്ങളുടെ അബദ്ധം മനസ്‌സിലാക്കി നിങ്ങളെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞു.
ക്‌നാനായ സമുദായത്തിനു എന്തു സംഭവിച്ചാലും, തന്‍െയ സ്വാര്‍ത്ഥത നടക്കണമെന്നു പിടിവാശിയായിരുന്നു വ.ജി. ക്ക്. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. അധികാരമോഹം മൂത്ത് ഭ്രാന്തമായി പ്രവര്‍ത്തിക്കുന്ന നിങ്ങളെ ഞങ്ങള്‍ക്ക് അറപ്പാണ്. വെറുപ്പാണ്. ഇങ്ങനെയൊരു മകന്‍ ഉണ്ടായിപ്പോയല്ലോ എന്നു ഞാനുള്‍പ്പെടുന്ന സമുദായം വേദനയോടെ തിരിച്ചറിയുന്നു.
നിങ്ങളെയോര്‍ത്തു കരയാനോ, വിലപിക്കാനോ ക്‌നാനായ മക്കള്‍ക്കു കണ്ണീരോ, സമയമോ ഇല്ല.
എന്ന്
തൊമ്മന്‍
No comments:
Post a Comment