പ്രിയ ക്‌നാനായ സമുദായാംഗങ്ങളെ,
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും വിശ്വാസങ്ങളും അനന്യതയും നശിച്ചുപോകാതെ കാത്തുസൂക്ഷിക്കുവാന്‍ ക്‌നാനായക്കാരായ ഏവര്‍ക്കും ഉത്തരവാദിത്തവും ചുമതലയും ഉണ്ട്. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ക്‌നാനായത്വം കാത്തുസൂക്ഷിച്ച് നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചുപോന്ന നമ്മുടെ അനന്യതയും പാരമ്പര്യങ്ങളും പൈതൃകവും തലമുറ തലമുറ കൈമാറി, കെടാതെ, അണയാതെ, നശിക്കാതെ ഇതുവരെ കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് സാധിച്ചു. എഡി 345 ല്‍ കൊടുങ്ങല്ലൂരിലേക്ക് കുടിയേറിയ ക്‌നാനായജനത വളരെയധികം ത്യാഗങ്ങളിലൂടെയും ചെറുത്തുനില്‍പ്പുകളിലൂടെയുമാണ് ക്‌നാനായ സമുദായത്തെ നിലനിര്‍ത്തിയത്.
ക്‌നാനായ സമുദായത്തിന്റെ അനന്യതയും പൈതൃകവും നശിപ്പിക്കുവാനോ, അല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്തുവാനോ ഉള്ള ശ്രമങ്ങള്‍ എഡി 345 മുതല്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇക്കാലമത്രയും ഇതിനൊന്നും വഴങ്ങാതെ നമ്മുടെ പാരമ്പര്യങ്ങളിലും പൈതൃകത്തില്‍നിന്നും വ്യതിചലിക്കുവാന്‍ മുതിരാതിരുന്നതുകൊണ്ടാണ് നമ്മുടെ സമുദായം ഇന്നും നിലനിലക്കുന്നത്.
എഡി 345ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ സമുദായത്തിന് 1911ലാണ് ക്‌നാനായ വികാരിയത്ത് ലഭിക്കുന്നത്. തുടര്‍ന്ന് 1923ലാണ് നമുക്ക് കോട്ടയം രൂപത ലഭിക്കുന്നത്. തുടര്‍ന്ന് 2005ലാണ് കോട്ടയം അതിരൂപതയുണ്ടായത്.
നമ്മുടെ പാരമ്പര്യങ്ങളിലും പൈതൃകത്തിലും വിട്ടുവീഴ്ച ചെയ്യുവാന്‍ നമ്മുടെ കാരണവന്മാരും നമ്മുടെ പൂര്‍വ്വപിതാക്കന്മാരും ആദ്ധ്യാത്മിക അത്മായ നേതൃത്വവും തയ്യാറായിരുന്നെങ്കില്‍ നമുക്ക് ഇതിന് മുന്‍പേ ചിലപ്പോള്‍ ഇവയെല്ലാം നേടുവാന്‍ സാധ്യമായേനേ. പക്ഷേ നമ്മുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചതിനാലാണ് ഇന്ന് നമുക്ക് നമ്മുടേതായ ഒരു അസ്ഥിത്വമുള്ളത്. ക്‌നാനായ സമുദായമായി നിലകൊണ്ടതിനാലാണ് ഇന്ന് നമുക്ക് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ഉണ്ടായത്. മറിച്ച് നമ്മുടെ കാരണവന്മാരും ആദ്ധ്യാത്മിക അല്മായ നേതൃത്വവും നമ്മുടെ പൈതൃകത്തില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും വ്യതിചലിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഉന്നതസ്ഥാനങ്ങളോ പദവികളോ ലഭിക്കുമായിരുന്നു. പക്ഷേ സമുദായം ക്ഷയിച്ച് ഇന്ന് ഇല്ലാതായിത്തീരുമായിരുന്നു.
താല്‍ക്കാലിക ലാഭങ്ങള്‍ക്കോ കാര്യപ്രാപ്തിക്കോ ആയി നമ്മുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അയവുവരുത്തിയാല്‍ അത് ക്രമേണ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുകയും നമ്മുടെ സമുദായത്തിന്റെ അസ്ഥിത്വത്തെതന്നെ നശിപ്പിച്ചുകളയുന്നതിനും കാരണമായിത്തീര്‍ന്നേക്കാം.
ക്‌നാനായത്വം എന്ന് പറയുന്നത് ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും പാലിച്ചുപോരുന്ന ഒരു തത്വസംഹിതയാണ്. അതില്‍ യാതൊരുവിധ ഫോര്‍മുലകളുടെയും ആവശ്യമില്ല. എഡി 345 മുതല്‍ അനേകം പേരുടെ കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും ജീവത്യാഗത്തിന്റെപോലും ബാക്കിപത്രമാണ് നമ്മുടെ ക്‌നാനായത്വം.
ഈ ആഴ്ച അങ്ങാടിയത്ത് പിതാവിന്റേതായി വന്ന ഇടയലേഖനം 1986ലെ റെസ്‌ക്രിപ്റ്റിന്റെ തുടര്‍ച്ചയും, ക്‌നാനായത്വം അമേരിക്കയിലെ പള്ളികളില്‍ നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല എന്നും വ്യക്തമായി നിര്‍ദ്ദേശിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകള്‍, ക്‌നാനായ ഇടവകകളിലെ അംഗത്വം ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ക്‌നാനായത്വം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കണമെന്നും കോട്ടയത്തെപ്പോലെതന്നെയുള്ള സഭാസംവിധാനം വടക്കേ അമേരിക്കയിലും സ്ഥാപിതമാക്കണമെന്നുമാണ് നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍നിന്നും വ്യതിചലിച്ചുള്ള ഒരു സഭാസംവിധാനത്തേയും ചിക്കാഗോ കെ.സി.എസിന് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തിലൂടെ വടക്കേ അമേരിക്കയിലെ ക്‌നാനായ ചര്‍ച്ചുകളില്‍ ക്‌നാനായത്വം പാലിക്കപ്പെടുന്നില്ല എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ ഈ ഇടയലേഖനത്തെ ചിക്കാഗോ കെ.സി.എസ്. അംഗീകരിക്കുന്നില്ല. ക്‌നാനായക്കാര്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുവാനായി നമുക്കേവര്‍ക്കും ഒറ്റക്കെട്ടായി തുടര്‍ന്നും പരിശ്രമിക്കാം. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റ് ക്‌നാനായ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അണിചേര്‍ന്ന് നമുക്ക് പ്രയത്‌നിക്കാം.
എന്ന്
കെസിഎസ് എക്‌സിക്യൂട്ടീവ്
സിറിയക് കൂവക്കാട്ടില്‍,
ബിനു പൂത്തുറയില്‍,
സൈമണ്‍ മുട്ടത്തില്‍,
മത്യാസ് പുല്ലാപ്പള്ളില്‍,
ജോമോന്‍ തൊടുകയില്‍
കെ.സി.എസ് ന്യൂസ്‌ലെറ്ററിന്റെ പുതിയ ലക്കത്തില്‍ പ്രസധീകരിച്ചു വന്നത്
No comments:
Post a Comment