അടുത്തനാളില്‍ സംബന്ധിക്കാനിടയായ ധ്യാനത്തില്‍ ധ്യാനഗുരു വെള്ളാരംകല്ലുകളെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. വെള്ളത്തിന്റെ നിരന്തരമായ തഴുകലേറ്റ് കല്ലുകള്‍ മനോഹരവും, മിനുസമുള്ളവയുമായി തീരുന്നു. എന്നാല്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ വെള്ളത്തില്‍ വസിച്ചിട്ടും ഈ വെള്ളാരംകല്ലുകള്‍ ഇടിച്ചു പൊട്ടിച്ചു നോക്കിയാല്‍ അതിനുള്ളില്‍ ഒരു തുള്ളി ജലം പോലും കാണുവാന്‍ സാധിക്കില്ലപോലും.
പുറമേ അതിമനോഹരമാണെങ്കിലും ഉള്‍തടത്തിലേയ്ക്ക് ഒരു തുള്ളി ജലത്തിനുപോലും പ്രവേശിക്കുവാന്‍ കഴിയാത്ത വെള്ളാരംകല്ലുകളായി നമ്മളില്‍ പലരും നിലകൊള്ളുന്നു. ക്രിസ്തീയഭവനങ്ങളില്‍ ജനിച്ചു, ക്രിസ്തുമത പരിലാളനയേറ്റ് വളര്‍ന്നവരാണെങ്കിലും ദൈവസ്‌നേഹത്തിന് ഹൃദയത്തിനുള്ളിലേക്ക് പ്രവേശിക്കുവാനാകുന്നുണ്ടോ? അധരങ്ങള്‍കൊണ്ടും, ബാഹ്യപ്രവര്‍ത്തികള്‍കൊണ്ടും ക്രിസ്ത്യാനിയായി മുദ്രകുത്തപ്പെടുന്നുണ്ടെങ്കിലും ഉള്ളില്‍നിന്നും ദൈവസ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണം ഉണ്ടാകാറുള്ളവര്‍ വിരളമാണ്.
അധരങ്ങള്‍കൊണ്ട് ദൈവവചനങ്ങള്‍ ഉരുവിടുന്നുണ്ടെങ്കിലും പലപ്പോഴും സ്വന്തം കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്കോ, ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ, സഹോദരങ്ങള്‍ക്കുപോലും അത് അനുഭവപ്പെടാത്ത സാഹചര്യങ്ങള്‍ ഉണ്ടെന്നത് ഇവരില്‍ പലര്‍ക്കും കാണുവാന്‍ സാധിക്കുന്നില്ല. കാല്‍വരിയില്‍ നിന്നും ഒഴുകിയ സ്‌നേഹത്തെ പ്രഘോഷിക്കുന്നവരിലും പ്രതിനിധാനം ചെയ്യുന്നവരില്‍ പലരും വെള്ളാരംകല്ലുകളായി പരിണമിക്കുന്നത് ഒരുപക്ഷെ അവര്‍പോലും അറിയുന്നുണ്ടാവില്ല. സ്ഥാനമാനങ്ങള്‍ നല്‍കുന്ന മിനുസ്സമുള്ളതും, മനോഹരവുമായ പുറംചട്ടകള്‍ ഉണ്ടെങ്കിലും, ദൈവസ്‌നേഹത്തിന്റെ പര്യായമായ സഹാനുഭൂതി, സഹിഷ്ണുത, തുടങ്ങിയ ഗുണങ്ങള്‍ അന്തരംഗങ്ങളിലേക്ക് കടക്കുവാന്‍ അനുവദിക്കാത്തവര്‍ ധാരാളം ഉണ്ടെന്നു നടിക്കുവാന്‍ പലര്‍ക്കും സാധിക്കും. പക്ഷെ അതിന്റെ പ്രതിഫലനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിലൂടെയല്ല, മറിച്ച് സ്വന്തം പ്രവര്‍ത്തികളിലൂടെയാണ് മാലോകര്‍ക്ക് അനുഭവപ്പെടേണ്ടത്.
കഷ്ടപ്പാടുകളില്‍നിന്നും രക്ഷപ്പെടുന്നതിനായി വിദേശങ്ങളിലെത്തി ആ നാട്ടിലെ സമ്പത്തും പരിലാളനയും ഏറ്റ് ജീവിച്ചിട്ടും പ്രത്യുപകാരമായി നന്ദി എന്ന വാക്ക് ഉച്ചരിച്ചില്ലെങ്കില്‍പോലും അത് മനസ്സില്‍ പോലും താലോലിക്കുവാന്‍ വിമുഖത കാണിക്കുന്ന ദോഷൈകദൃക്കുകള്‍ ധാരാളം. വര്‍ഷങ്ങളോളം നമുക്കും നമ്മുടെ മക്കള്‍ക്കും ക്രിസ്തീയാന്തരീക്ഷവും സൗഹാര്‍ദ്ദവും, കൂദാശകളും നല്‍കി വളര്‍ത്തിയ ലാറ്റിന്‍ സഭയെ പുച്ഛിക്കുന്നവരെ എന്തിനോടാണ് ഉപമിക്കുക.
അവയവങ്ങള്‍ പലതാണെങ്കിലും ഒരേ ശരീരത്തിന്റെ ഭാഗമാണെന്ന് പ്രസംഗിക്കുകയും, എന്നാല്‍ ആഗോള കത്തോലിക്കാസഭയുടെതന്നെ ഭാഗമായിരുന്നുകൊണ്ട് മറ്റു സഭകള്‍ക്കും, ജനങ്ങള്‍ക്കും ഊരുവിലക്ക് കല്‍പ്പിച്ചുകൊണ്ടുള്ള വിവേകമില്ലാത്ത, സഹിഷ്ണുതയില്ലാത്ത, അത്യാഗ്രഹം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം ദൈവവചനങ്ങളില്‍ മുഴുകി വസിച്ചിട്ടും ദൈവസ്‌നേഹത്തെയും, സഹോദരനന്മയെയും ഉള്ളിലേയ്ക്ക് ആവസിക്കുവാന്‍ കഴിയാതെ, ഹൃദയം കഠോരമാക്കി പുറമെ മാത്രം മനോഹരമായ വെള്ളാരംകല്ലുകളെപ്പോലെ ആയിത്തീരുന്നത് മനസ്സിലാക്കുവാന്‍ സാമാന്യബുദ്ധി മതിയാവില്ലേ?
വൈദികരെയും സഭാധികാരികളെയും വിമര്‍ശിക്കുന്നത് നല്ലതല്ലെന്നു ധ്യാനഗുരു പറയുകയുണ്ടായി. Positive Criticism വ്യക്തിസ്വഭാവരൂപീകരണത്തിന് ഉപകരിക്കുമെന്നത് പരസ്യമായ വസ്തുതയാണ്. അത്തരം വിമര്‍ശനം ഉള്‍ക്കൊള്ളുവാന്‍ വിശാലഹൃദയര്‍ക്കും അനിതസാധാരണ വ്യക്തിത്വമുള്ളവര്‍ക്കുമേ സാധിക്കുകയുള്ളൂ. അഹംഭാവം, അല്ലെങ്കില്‍ എന്നേക്കാള്‍ അറിവുള്ളവരില്ല എന്ന് ധരിച്ചുവശായിരിക്കുന്നവര്‍ക്ക് വിമര്‍ശനം ഒട്ടുമേ ഉള്‍ക്കൊള്ളാനാവില്ല.
സാഹിത്യസൃഷ്ടികള്‍ പുറത്തിറങ്ങുമ്പോള്‍ അവയെപറ്റി നിരൂപണങ്ങള്‍ എഴുതാറുണ്ട്. ആ കൃതിയെ അവലോകനം ചെയ്ത് അതിന്റെ മേന്മയെയും, പോരായ്മകളെയും എടുത്തുകാണിക്കുകയാണ് നിരൂപകര്‍ ചെയ്യുന്നത്. അത്തരം അറിവുകള്‍ കൂടുതല്‍ മെച്ചപ്പെട്ട കൃതികള്‍ രചിച്ചു ഉയര്‍ച്ച പ്രാപിക്കുന്നതിനു സാഹിത്യകാരനെ സഹായിക്കുന്നു. ആസ്വാദകര്‍ക്ക്, തങ്ങള്‍ക്കു കാണുവാന്‍ കഴിയാതിരുന്ന മറ്റൊരു കോണിലൂടെ സാഹിത്യസൃഷ്ടിയെ കാണുന്നതിനും ആസ്വദിക്കുന്നതിനും സാധിക്കുന്നു. അങ്ങനെ നിരൂപകന്‍ ആസ്വാദകനെയും സാഹിത്യകാരനെയും ഉയര്‍ന്ന പ്രതലങ്ങളിലേക്ക് നയിക്കുന്നു. സാഹിത്യകാരന് വേണമെങ്കില്‍ തന്റെ സാഹിത്യം കറയറ്റതാണ്, അതിനെ ആരും ചോദ്യം ചെയ്യേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കാം. പക്ഷെ അത്തരം നിലപാട് അദ്ദേഹത്തിന്റെ ഉയര്‍ച്ചയെ ബാധിക്കുന്നതോടൊപ്പം ആസ്വാദകര്‍ക്കും മഹത്തായ സൃഷ്ടികള്‍ ആസ്വദിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിരൂപണവും വിമര്‍ശനവും ഒന്നുതന്നെയല്ലേ? വിമര്‍ശനം വഴി മറ്റൊരു ചിന്താഗതി അവതരിപ്പിക്കുന്നു എന്നേ ഉള്ളൂ. അസോസിയേഷന്റെയും, പള്ളിയുടെയും പൊതുയോഗംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വിവിധ കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം ആരായുകയാണ് ചെയ്യുന്നത്. പലര്‍ക്കും അഭിപ്രായങ്ങള്‍ പലതുമുണ്ടെങ്കിലും സഭാകമ്പംമൂലം എണീറ്റുനിന്ന് തന്റെ അഭിപ്രായം പറയുമ്പോള്‍ അത് വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെടുന്നു.
വേറിട്ടുള്ള അഭിപ്രായത്തിനു ന്യായമായ ഒരു മറുപടി നല്‍കാനാവാതെവരുമ്പോള്‍ അത് വിമര്‍ശനമായി മുദ്രയടിക്കപ്പെടുന്നു. സഭയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുമ്പോള്‍ ചോദിക്കുന്നവന്‍ വിമര്‍ശകരും, സഭാദ്രോഹികളും. ദൈവം സ്‌നേഹമാണെന്നും, കോപിക്കില്ലെന്നും പറയുന്ന അതേ നാവുകൊണ്ടുതന്നെ ദൈവശാപത്തെ തന്നെ തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദോഷമായി ഇപ്പോള്‍ ചിത്രീകരിച്ചു തുടങ്ങിയിരിക്കുന്നു.
യേശുക്രിസ്തു ചെയതതെന്താണ്? പുരോഹിതരെയും, അധികാരികളെയും വിമര്‍ശിക്കുകയല്ലേ ചെയ്തത്? അവരുടെ തെറ്റായ പ്രവര്‍ത്തികളെ ചോദ്യം ചെയ്തു. അന്നത്തെ പുരോഹിതര്‍ അതിനെ വിമര്‍ശനമായി കരുതിയെങ്കിലും നമ്മള്‍ അതിനെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. യേശു വിമര്‍ശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല. പുരോഹിതര്‍ക്കും അധികാരികള്‍ക്കും മാനസാന്തരത്തിന് പകരം യേശുവിനെ ക്രൂശിലേറ്റുകയാണ് ചെയ്തത്. ഇന്നത്തെ ജനങ്ങളെപ്പോലെതന്നെ അന്നത്തെ ജനങ്ങളും പ്രതികരിച്ചില്ല. അവസാനം ക്രിസ്തു മരിച്ചുകഴിഞ്ഞപ്പോള്‍ ആര്‍ത്തുവിലപിച്ചുകരഞ്ഞു. അവരുടെ വൈകിവന്ന വിലാപം യേശുവിനെ രക്ഷിക്കാനുതകിയില്ല.
വിമര്‍ശനങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെ ഉയര്‍ത്തുവാനുള്ള അവസരമാണ്. സാധാരണഗതിയില്‍ ഒരാളുടെ കുറവുകള്‍ അയാളോട് നേരിട്ട് പറയുവാന്‍ ഏവരും മടിക്കുന്നു. ആ സ്ഥിതിക്ക് ആരെങ്കിലും ധൈര്യമായിട്ടു കുറവുകള്‍ പറയുവാന്‍ മുതിര്‍ന്നാല്‍ അത് ഗുണത്തിനുവേണ്ടിയാണ് എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതുവഴി വ്യക്തികള്‍ ഉയര്‍ച്ചപ്രാപിക്കുന്നു. അതുവഴി സമൂഹവും വളരുന്നു.
നാം ആവശ്യപ്പെടാതെതന്നെ നാം അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ദൈവം നല്‍കുന്നത് കാണുവാന്‍ കഴിയാതെ പോകുന്നവര്‍ ധാരാളം. അഭിഷേകങ്ങളുടെയും അനുഗ്രഹവര്‍ഷങ്ങളുടെയും പിന്നാലെ പായുമ്പോള്‍ താല്‍ക്കാലിക കുളിര്‍മ്മ ലഭിച്ചെന്നിരിക്കും. വ്യക്തിത്വത്തെ ഉയര്‍ത്താതെ, പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും ഹൃദയത്തിനുള്ളിലേയ്ക്ക് കടക്കുവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ദൈവവചനങ്ങളില്‍ മുഴുകി ആയുഷ്‌ക്കാലം മുഴുവന്‍ ചിലവഴിച്ചാലും നമ്മള്‍ വെള്ളാരംകല്ലുകളായിതന്നെ നിലകൊള്ളും.
സ്റ്റീഫന്‍ തോട്ടനാനി
(2012 ഡിസംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)
No comments:
Post a Comment