Tuesday, December 4, 2012

വേട്ടമൃഗം ചരിത്രമെഴുതുന്നു.

'വേട്ടമൃഗം ചരിത്രമെഴുതുന്നു എന്ന പേരില്‍ ശ്രീ ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആസ്വാദനമാണിത്. പ്രസിദ്ധ ക്‌നാനായ നോവലിസ്റ്റായ ശ്രീ ജോസ് പുറയ്ക്കാട്ടാണ് ആസ്വാദനം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളില്‍ ഏതാനും ഭാഗങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ടുള്ള വിലയിരുത്തല്‍ ഏറ്റവും ഹൃദ്യവും മനോഹരവുമായിരിക്കുന്നു. പുസ്തകം വായിച്ചുതീരുമ്പോള്‍ ക്‌നാനായസമുദായത്തിനു പുറത്തുള്ളവരില്‍ നിന്നും ഇന്നു നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി എന്തോക്കെയെന്നു വ്യക്തമാകും. സമുദായം നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയില്‍ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാന്‍ ഈ പുസ്തകം ഉപകരിക്കും.  

ജോസ് പുറയ്ക്കാട്ട്
പേര് ഉചിതം, അതിലെല്ലാമുണ്ട്. പുസ്തകം വിശദീകരണം മാത്രം.

ആനിമല്‍ പ്ലാന്റ് ചാനല്‍ കാണുമ്പോള്‍ എന്നെ അലട്ടാറുള്ള വിഷയമാണിത്. ചരിത്രം വേട്ടകാരന്റേതാണ്. ഇരയ്ക്ക് എന്തുചരിത്രം? ഈ പുസ്തകത്തില്‍ ഇര തിരിഞ്ഞുനിന്ന് തനിക്കു പറയാനുളളത് പറയുകയാണ്.

ഒരു മാന്‍ ജീവിക്കാന്‍ വേണ്ടി പുല്ലുതിന്നുന്നു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ആരെയും ഉപദ്രവിക്കാന്‍ പോകുന്നില്ല. പക്ഷെ തന്റെ മാംസം സിംഹത്തെ പ്രലോഭിപ്പിക്കുന്നു, പിന്നെ വേട്ട. ജീവന്‍ രക്ഷിക്കാനും ജീവന്‍ കവര്‍ന്നെടുക്കാനുമുള്ള ഓട്ടം. ദുര്‍ബലന്റെ കഴുത്തില്‍ കൃത്യമായി കടിച്ചുപിടിച്ച് ഇരയെ കീഴ്‌പ്പെടുത്തി കൊല്ലുന്നത് കണ്ടിരിക്കുന്നവന്‍ ഉള്ളില്‍ ചോദിക്കുന്നു:

ആരുമില്ലേ ഇരയെ രക്ഷിക്കാന്‍?

പുസ്തകം വായിക്കുമ്പോള്‍ വായനക്കാരനും ചോദ്യം ആവര്‍ത്തിക്കുന്നു. ക്‌നാനായ സമുഹമാണ് ഇവിടെ വേട്ടമൃഗം. അതിന്റെ തനിമ സംരക്ഷിച്ച് ഇവിടെ സ്വൈര്യമായി ജീവിക്കാന്‍ വേട്ടക്കാര്‍ സമ്മതിക്കുന്നില്ല. വേട്ടമൃഗത്തിന്റെ സ്വാദുള്ള ദശയാണ് വേട്ടക്കാരനെ പ്രേരിപ്പിക്കുന്നത്.

എന്‍ഡോഗമിയാണ് ആ ദശ. സ്വവംശവിവാഹമില്ലെങ്കില്‍ വേട്ടയുമില്ല. ആയിരത്തി അറുന്നൂറ്റി അറുപത്തേഴു കൊല്ലമായി പാവം ഇര ഓടുകയാണ്. ഒടുവില്‍ തിരിഞ്ഞുനിന്ന് ഡോമിനിക്ക് സാവിയോയിലൂടെ ചേദിക്കുകയാണ്:

എന്തിനാണ് എന്നോടിങ്ങനെ?

1) ക്‌നാനായ പ്രേഷിത കുടിയേറ്റം

ഒന്നാമത്തെ ക്‌നാനായ കുടിയേറ്റം നാനൂറുപേരുടെ കൂട്ട പാലായനമാക്കി ചരിത്രമുണ്ടാക്കുകയാണ് വേട്ടക്കാര്‍. പട്ടിണിമൂലം നാടുവിടുന്നവര്‍ മെത്രാനെയും കൂടെ കൊണ്ടുപേകുമോ? അവര്‍ക്ക് സ്വവംശനിഷ്ഠ പാലിക്കേണ്ട കാര്യമുണ്ടോ?

2) മര്‍ത്തോമ്മാ ചരിത്രം.

ഈയിടെയും ചരിത്രകാരന്‍, എം.ജി.എസ് പറഞ്ഞു- മര്‍ത്തോമ്മാ ചരിത്രത്തിന് ഒരു രേഖയുമില്ല. ശിഷ്യന്മാരോ അവരുടെ ശിഷ്യരോ ആകാം ക്രൈസ്തവചരിത്രത്തിന് ഇവിടെ തുടക്കം കുറിച്ചത്. മര്‍ത്തോമ്മയെ മാറ്റിനിര്‍ത്തി ഒരു ചരിത്രം നമുക്കുണ്ടോ?

പക്ഷെ എല്ലാം മര്‍ത്തോമ്മാമയമാകുമ്പോള്‍ ക്‌നായിതൊമ്മന്റെ റോള്‍ തമസ്‌ക്കരിക്കുനിടത്താണ് നമ്മുടെ വിയോജിപ്പ്. മര്‍ത്തോമ്മാ സഭ സ്ഥാപിച്ച് മൂന്നു നൂറ്റാണ്ട് അനാഥമായപ്പോള്‍ ക്‌നാനായ പ്രേഷിത കുടിയോറ്റമാണ് അതിന് നവജീവന്‍ പകര്‍ന്നത് എന്ന സത്യം മറച്ചു പിടിക്കുന്നത് ഇരയുടെ ചരിത്രം ഇരയോടെ വിഴുങ്ങുന്നതിന്റെ ഭാഗമാണ്.



3) കൂനന്‍ കുരിശു ചരിത്രം.

പിന്നെയും അനാഥമായ സഭയ്ക്ക് മാര്‍പാപ്പയുടെ പ്രതിനിധി നഷ്ട്ടമായപ്പോള്‍ കുറ്റം പാപ്പായുടേതല്ലെന്ന് തിരിച്ചറിഞ്ഞ് സഭയില്‍ ഉറച്ചു നിന്നതില്‍ ക്‌നാനായ സമൂഹത്തിന്റെ പങ്ക് ചെറുതല്ല. മറിച്ചായിരുന്നെങ്കില്‍ സഭയുടെ ചരിത്രം കേരളത്തില്‍ മറ്റൊന്നാകുമായിരുന്നു. പോര്‍ച്ചുഗീസ് വേട്ടയെ അതിജീവിച്ച് തങ്ങളുടെ പൈതൃകം കാത്തുസൂഷിച്ചവരാണ് ക്‌നാനായര്‍.

4) ഇന്‍ യൂണിവേഴ്‌സി ക്രിസ്റ്റ്യാനി-

ചങ്ങനാശ്ശേരി വികാരിയാത്തില്‍ പതിനഞ്ചുകൊല്ലം ഇരു വിഭാഗത്തേയും ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് കേരളത്തിലെ മൂന്നു മെത്രാന്മാരും കൂടി റോമിനെ കാര്യം ബോധ്യമാക്കി ക്‌നാനായക്കാര്‍ക്ക് രൂപത അനുവദിച്ചത്. റോമിനു പറ്റിയ തെറ്റ് എന്ന് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്തിനാണ്? ഇരുകൂട്ടരും സ്വൈര്യമായി ജിവിക്കേണ്ട എന്നാണോ?

5) രണ്ടാം പ്രഷിത കുടിയേറ്റം.

മലബാറിലേക്ക് സംഘടിത പ്രേഷിതകുടിയേറ്റം ആദ്യമായി നടത്തിയത് ക്‌നാനായ സമൂഹമാണ്. 1930 മുതല്‍ നടന്ന ഒറ്റപ്പെട്ട കുടിയേറ്റങ്ങള്‍ പെറുക്കിക്കൂട്ടി ക്‌നാനായക്കാര്‍ക്കു മുമ്പേ കുടിയേറ്റചരിത്രം രചിക്കാന്‍ ചരിത്രകാരന്മാരുണ്ടായിരിക്കുന്നു.

1953ല്‍ തലശ്ശേരി രൂപത ഉണ്ടാകുന്നതിന് പത്തുകൊല്ലം മുമ്പ് സഭാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി മലബാറില്‍ സംഘടിത പ്രേഷിത കുടിയേറ്റം നടത്തിയ ക്‌നാനായക്കാരോട് ഇതുവേണോ വേട്ടക്കാരാ?   

6) കണ്ണൂര്‍ രൂപത

മലബാറില്‍ അമ്പതോളം പള്ളികളിലായി കഴിയുന്ന ക്‌നാനായക്കാര്‍ക്ക് കണ്ണൂര്‍ കേന്ദ്രമാക്കി ഒരു രൂപത അനുവദിക്കാന്‍ ആരാണ് തടസം? എന്‍ഡോഗമി പാലിക്കുന്ന ക്‌നാനായക്കാര്‍ക്ക് ഇനി രൂപതയില്ല എന്ന ശാഠ്യം പാവം ക്‌നാനായ ഇരയോടുവേണോ?

പാപ്പയ്ക്കിതു മനസ്സിലായി, സാമന്തരൂപതയോടെ അതിരൂപത അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ആര്‍ക്കും മനസ്സിലാകുന്നതാണ്. വേട്ടക്കാര്‍ക്ക് ഇനിയും മനസിലാകുന്നില്ല.

7) അമേരിക്കയിലും രൂപതയില്ല.

അയ്യായിരം കുടുംബങ്ങള്‍ ഉണ്ടായിട്ടും അമേരിക്കയില്‍ ഒരു ക്‌നാനായ രൂപത അനുവദിക്കുന്നില്ല. അതിന്റെ പേരില്‍ അവിടെ ഉണ്ടായിരിക്കുന്ന സംവിധാനത്തിലെ പാളിച്ചകള്‍ ചില്ലറയല്ല. കേരളത്തിലേക്ക് സംവിധാനം പടരുമോയെന്ന ശങ്കയിലാണ് ഇവിടെയുള്ളവര്‍. ഇരയുടെ ശങ്ക!

8) മിഷനറി രംഗത്തെ വേട്ട.

മിഷന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനയ മിഷനറിമാര്‍ക്കും ഒളിയമ്പ് - നിങ്ങള്‍ മറ്റു വല്ലവരുടേയും കൂട്ടത്തിലേക്ക് ആളെ ചേര്‍ക്കുന്നു! മിഷന്‍ രൂപതകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാവങ്ങളോട് എന്തിനാണിത്?

9) ഉറവിടങ്ങളിലേക്ക് മടങ്ങല്‍.

ഓരോ സമൂഹവും തങ്ങളുടെ നഷ്ട്ടപ്പെട്ട പൈതൃകങ്ങളിലേക്ക് മടങ്ങാനാണ് വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം. ഇവിടെ പൈതൃകമായ തനിമ സൂഷിച്ചു ജീവിക്കുന്ന ക്‌നാനായക്കാര്‍ക്ക് ഉറവിടങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തടസം നില്‍ക്കേണ്ടതുണ്ടോ? സമുദായമില്ലാത്ത സമൂഹം സങ്കല്‍പം മാത്രമാണ്. സമുദായത്തിലേ വിശ്വാസം വളരൂ. സ്വന്തം ജനമായി ഇസ്രായേലിനെ തിരഞ്ഞെടുത്ത് അവര്‍ക്കു നിയമം നല്‍കി ദൈവം വളര്‍ത്തുകയായിരുന്നു. ഇസ്രായേല്‍ തനിമയില്‍ തന്നെയാണ് യേശുവും ദൈവരാജ്യത്തിന് അടിത്തറപാകിയത്. തനിമയില്‍ നിന്നടര്‍ത്തി ക്‌നാനായക്കാരെ വിശ്വാസത്തില്‍ വളര്‍ത്തുക ജലത്തില്‍ നിന്നുമാറ്റി മത്സ്യത്തെ രക്ഷിക്കുന്നതുപോലാകും.
23 റീത്തുകളില്‍ വിടര്‍ന്നു നില്‍ക്കാം സഭയ്ക്ക്. ക്‌നാനായ തനിമയില്‍ വിടര്‍ന്നു നിന്നാല്‍ വേട്ടക്കാരനു സഹിക്കയില്ല.

10) അമേരിക്കന്‍ മോഡല്‍

ക്‌നാനായക്കാര്‍ എവിടെ ചെന്നാലും കൂട്ടംകൂടുമല്ലോ. കൂടിയപ്പോള്‍ പള്ളിയുണ്ടാക്കി. പള്ളികള്‍ തങ്ങളുടെതെന്ന് ക്‌നാനായക്കാര്‍ വിശ്വസിച്ചു. തങ്ങളുടെ മെത്രാന്‍ ഒരിക്കല്‍ വരുമെന്നും ഇപ്പോള്‍ താല്ക്കാലിക ലാഭം നോക്കി മാറികെട്ടിയവരെ കൂടി തങ്ങളുടെ ഇടവകയില്‍ ചേര്‍ക്കാതെ നിവര്‍ത്തിയില്ലന്നായി. നഷ്ട്ടം സഹിച്ചും സമുദായത്തില്‍ നിന്നവര്‍ ഇരകളായി. പാവം പത്താംപീയുസ്!

ഇരകള്‍ക്കുവേണ്ടി ചരിത്രമെഴുതാനോ പറയാനോ ആരുമില്ലാത്തിടത്ത് ഒരാള്‍ ചരിത്രമെഴുതുകയാണീ പുസ്തകത്തില്‍. പലതില്‍ ചിലത് അക്കമിട്ട് മുകളില്‍ നിരത്തിയെന്നുമാത്രം. ഇതുകൂടി ചേര്‍ത്താലേ ചരിത്രം പൂര്‍ത്തിയാകൂ.

കൂടുതലൊന്നും ക്‌നാനായക്കാര്‍ക്കുവേണ്ട. ആരെയും അസഹ്യപ്പെടുത്താനും വരുന്നില്ല. പിതാക്കളില്‍ നിന്നു കൈമാറികിട്ടിയ സ്വവംശനിഷ്ഠ പാലിച്ചു കഴിഞ്ഞുകൂടണമെന്നേയുള്ളു. അതു വേട്ടയ്ക്കു കാരണമാകുമെങ്കില്‍ കരുതി നടക്കണമെന്നേ പുസ്തകം ആഹ്വാനം ചെയ്യുന്നുള്ളു.

(2012 ഡിസംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)

No comments:

Post a Comment