Wednesday, December 19, 2012

ക്‌നാനായ സമുദായം: ഇല കൊഴിഞ്ഞ് ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു കല്പവൃക്ഷം

ജോസഫ് കുര്യന്‍ 
ജോസഫ്‌ കുര്യന്‍. ഞീഴൂര്‍ ഇടവകയിലെ പുലികുത്തിയേല്‍ കുടുംബാംഗം. തിരുവനനന്തപുരത്തെ പ്രശസ്തമായ CDS (Centre for Development Studies)ല്‍ Librarian ആയി സേവനം ചെയ്തു വിരമിച്ചതിനു ശേഷം തിരുവനന്തപുരത്ത്‌, പോങ്ങുംമൂട് എന്ന സ്ഥലത്ത് വിശ്രമജീവിതം നയിക്കുന്നു. ഭാര്യ ത്രേസ്യാമ്മ വിവാഹത്തിനു മുമ്പ് ചമതച്ചാല്‍ ഇടവകാംഗം ആയിരുന്നു.

ഇപ്പോള്‍ ഇവര്‍ തിരുവനന്തപുരം ഇടവകാംഗങ്ങളാണ്..

മദ്ധ്യപൂര്‍വ്വദേശത്തുനിന്നും കൊടുങ്ങല്ലൂര്‍ കുടിയേറിയ യഹൂദവംശത്തില്‍പ്പെട്ട ക്രൈസ്തവരുടെ പിന്‍തലമുറക്കാരാണ് ക്‌നാനയക്കാര്‍ എന്ന് നാം അവകാശപ്പെടുകയും അഭിമാനിക്കുകയും ചെയ്യുന്നു. സ്വസമുദായത്തെപ്പറ്റി ഒരു വ്യക്തി അഭിമാനം കൊള്ളണം. കയ്യിലെ മസ്സില്‍ പിടിച്ചുവലിച്ചുനീട്ടി ഇതു ശുദ്ധമായ രക്തമാണ് എന്ന് പറഞ്ഞ് അഹങ്കരിക്കുന്നവരെ ധാരാളം ഞാന്‍ കണ്ടിട്ടുണ്ട്.
           
എന്താണ് ഈ ശുദ്ധരക്തം? രക്തം ശുദ്ധമല്ലെങ്കില്‍ ജീവന്‍ നിലനില്ക്കില്ല. രക്തത്തെ ശുദ്ധിയാക്കുന്ന ജോലിയാണ് വൃക്കകള്‍ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും ജാതിമതഭേദമന്യേ ശുദ്ധരക്തം സ്വന്തം ഞരമ്പുകളില്‍ പ്രവഹിക്കുന്നവരാണ്. എന്നാല്‍ ക്‌നാനായക്കാരുടെ ശുദ്ധരക്തപ്രയോഗം സ്വവംശവിവാഹം വഴി അവര്‍ നടത്തുന്ന എന്‍ഡോഗമിയാണ്. ഇത് ഒരു പൊട്ടമണിയുടെ ശബ്ദം മാത്രമാണ്. നരവംശശാസ്ത്രപ്രകാരം ശുദ്ധമായ വംശം എന്നൊന്നില്ലത്രെ! മനുഷ്യരാശി അതിപുരാതനകാലം മുതലേ ജാതിവര്‍ഗ്ഗവ്യവസ്ഥിതിക്ക് അതീതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പുതിയ തലമുറകള്‍ക്ക് ജന്മം നല്കുകയും ചെയ്തുപോന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശുദ്ധമായ ആര്യവംശവാദഗതിയുമായി ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ലക്ഷക്കണക്കിന് യഹൂദരെ ഹിറ്റലര്‍ കൊന്നൊടുക്കിയതും മറ്റും. വികലമായ വംശചിന്തയില്‍ നിന്നുടലെടുത്ത ഹീനമായപ്രവര്‍ത്തിയല്ലേ ഇത്?
           
യഹൂദര്‍പോലും വംശശുദ്ധി കര്‍ശനമായി നോക്കുന്നില്ല. ദാവിദൂരാജാവിന്റെ അമ്മയുടെ അമ്മ മൊവാബ്സ്ത്രീയായിരുന്നു. യഹൂദരും മൊവാബിയരും കടുത്ത ശത്രുതയില്‍ ആയിരുന്നുതാനും. സോളമന്‍രാജാവിന് ആയിരക്കണക്കിന് ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്നു. ഇവരില്‍ ധാരാളം വിജാതീയ സ്ത്രീകളും ഉണ്ടായിരുന്നു. ഇവരില്‍ ജനിച്ച മക്കളെയെല്ലാം യഹൂദവംശത്തില്‍ തന്നെ നിലനിറുത്തി എന്നു വേണം കരുതാന്‍. പെന്തകൂസ്തനാളില്‍ ശ്ലീഹയാരുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയവരില്‍ പുതുതായി യഹൂദമതം സ്വീകരിച്ച ധാരാളം പേര്‍ ഉണ്ടായിരുന്നതായി അപ്പസ്‌തോലനടപടികളില്‍ നാം വായിക്കുന്നു. സുപ്രസിദ്ധ അമേരിക്കന്‍ നടിയും ഗായികയുമായിരുന്ന മഡോണ അടുത്തക്കാലത്ത് യഹൂദമതം സ്വീകരിച്ചു. എരിത്രിയായില്‍ നിന്നും മിസോറാമില്‍ നിന്നും ഇസ്രേലിലേയ്ക്കു കുടിയേറിയ യഹൂദര്‍ ആഫ്രിക്കാക്കാരുടേയും മംഗോളിയന്‍ വംശജരുടെയും ശാരീരികലക്ഷണങ്ങള്‍ ഉള്ളവരായിരുന്നു. ഇതില്‍നിന്നും യഹൂദര്‍ വംശശുദ്ധിയുടെ കാര്യത്തില്‍ കടുംപിടുത്തം കാട്ടിയിരുന്നില്ല എന്നു മനസ്സിലാക്കാം ബൈബിള്‍ അനുസരിച്ചു ആദത്തിന്റെയും ഹവ്വയുടെയും മക്കള്‍ ആണ് മനുഷ്യവംശം. നരവംശശാസ്ത്രജ്ഞന്മാരും ഇതു ശരിയെന്ന് സമര്‍ത്ഥിക്കുന്നു. പ്രസിദ്ധ നരവംശശാസ്ത്രജ്ഞയായ ആലീസ് റോബര്‍ട്ടും ഈ അഭിപ്രായക്കാരിയാണ്. The Human Journey എന്ന തന്റെ പുസ്തകത്തില്‍ ആഫ്രിക്കയില്‍ ഒരൊറ്റ മാതാവില്‍ നിന്നും ജനിച്ചു പെരുകിയവരാണ് മനുഷ്യരാശി മുഴുവന്‍ എന്ന് അവര്‍ സ്ഥാപിക്കുന്നു.
           
കാര്യങ്ങള്‍ ഇങ്ങിനെയിരിക്കെ തെക്കുംഭാഗം വംശശുദ്ധിയുടെ പേരില്‍ മസ്സില്‍ പെരുപ്പിക്കുന്നതും, ആക്രോശിക്കുകയും ചെയ്യുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ഇറാക്കിലെ നിനവേയില്‍ നിന്നുള്ള ഒരു ജോര്‍ജിനെ ഒരു ഞായറാഴ്ച എന്റെ കൂടെ തിരുവന്തപുരത്തെ ക്‌നാനായപ്പള്ളിയില്‍ കുര്‍ബനയ്ക്കു കൊണ്ടു പോയി. മടങ്ങി വീട്ടിലെത്തിയപ്പോള്‍ നിങ്ങള്‍ ഇന്നു പള്ളിയില്‍ കണ്ട ആളുകള്‍ നിനവേയില്‍നിന്നും മറ്റും കേരളത്തില്‍ കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരാണെന്നു ഞാന്‍ സൂചിപ്പിച്ചു. പക്ഷേ അവരാരും ഇറാക്കികളെപ്പോലെ അല്ല ഇരിക്കുന്നത്. എന്ന് അദ്ദേഹം പറഞ്ഞു. തെക്കുംഭാഗസമുദായക്കാരെ നിരീക്ഷിച്ചാല്‍ കേരളത്തിലെ വിവിധ ജാതികളുടെയെല്ലാം സാമ്പിള്‍ ദൃശ്യമാണ്. ഒരു നിശ്ചിത കാലഘട്ടംവരെ നാം മറ്റു സമുദായക്കാരെ നമ്മുടെ സമുദായത്തില്‍ ചേര്‍ത്തിരുന്നിരിക്കാം. പിന്നീട് വംശശുദ്ധി എന്ന ആശയം പ്രബലപ്പെടുകയും സ്വവംശവിവാഹം നാം അനുവര്‍ത്തിക്കുകയും ചെയ്തിരിക്കാം എന്നുവേണം അനുമാനിക്കാന്‍. ഏതാണ്ട് കേരളത്തിലെ നായന്മാരുമായിട്ടാണ് നമുക്ക് സാമ്യമുള്ളത്. മൂന്നു ദശവത്സരം മുമ്പ് കേരളാ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലാറായിരുന്ന ഡോ. അയ്യപ്പന്‍ ഒരു പ്രസിദ്ധനായ നരവംശശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം കേരള നസ്രാണികള്‍ക്കു വംശീയമായി നായന്മാരുമായിട്ടാണ് കൂടുതല്‍ സാദൃശ്യം എന്ന് ഒരു ലേഖനത്തില്‍ പ്രതിപാദിക്കുകയുണ്ടായി.

18 മണിയന്‍പയറിന്റെ വിത്ത് മുളച്ച് കായ്ക്കുമ്പോള്‍ അതു പതിനാറും പതിനാലും മണിയുള്ളതായി മാറുന്നു. ഇതു പോലെയാണ് മനുഷ്യന്റെ പ്രജനനവും. സങ്കരപ്രജനനം എല്ലാ സമൂഹത്തിലും സര്‍വ്വസാധാരമമാണ്. അതിനാല്‍ പാമ്പ് പടം ഉരിച്ചുകളയുന്നതുപോലെ ശുദ്ധരക്തവാദം നാം ഉരിച്ചുകളയണം. തെക്കുംഭാഗരുടെ പൂര്‍വ്വികരില്‍ ക്‌നാനായക്കാരായ കുടിയേറ്റക്കാരും ഉള്‍പ്പെട്ടിരിക്കാം എന്നു മാത്രം വിശ്വസിക്കാം.

നമ്പൂതിരിബീജത്തില്‍ നിന്നും ജനിച്ചു എന്ന് അഹങ്കരിക്കുന്ന വടക്കുംഭാഗര്‍ക്കും ഇതു ബാധകമാണ്. കേരളചരിത്രപണ്ഡിതന്മാരില്‍ അഗ്രസേനനായിരുന്ന ഇളംകുളം കുഞ്ഞന്‍പിള്ളയും മറ്റു പലരും അഭിപ്പായപ്പെടുന്നത്. A.D. 550നു ശേഷമാണ് നമ്പൂതിരിമാര്‍ കേരളത്തില്‍ കൂട്ടമായി കുടിയേറിയിട്ടുള്ളുവെന്നാണ്. സാമ്പത്തിക ആനുകൂല്യങ്ങളും സാമൂഹ്യപദവിയും കളഞ്ഞുകുളിച്ച് നമ്പൂതിരമാര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയില്ല. അതുപോലെ തോമ്മാ സ്ലീഹാ കേരളത്തില്‍ വന്ന കാര്യം പണ്ഡിതന്മാര്‍ അംഗീകരിക്കുന്നില്ല. കേരളഭാഷാവ്യാകരണവും നിഘണ്ടുവും ആദ്യമായി രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളപൗരാണിക ചരിത്രപണ്ഡിതനായിരുന്നു. കേരളത്തില്‍ തോമാശ്ലീഹാ വരാന്‍ ഇടയില്ല എന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. ചരിത്രപണ്ഡിതനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. പി.കെ മൈക്കള്‍ തരകനും ഈ അഭിപ്രായക്കാരനാണ്. തോമാശ്ലീഹായും നമ്പൂതിരിമാരും ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയിട്ടില്ല എന്നു ഏതാണ്ട് ബോദ്ധ്യമായ സ്ഥിതിക്ക് ഇപ്പോള്‍ വടക്കുംഭാഗനസ്രാണിമാര്‍ തങ്ങള്‍ യഹൂദര്‍ മാനസാന്തരപ്പെട്ടുണ്ടായതാണെന്ന് സ്ഥാപിക്കാന്‍ തത്രപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം കുറവിലങ്ങാട്ടുവച്ച് ഇതേപ്പറ്റി ഒരു സെമിനാറും നടന്നിരുന്നു.

ജാതീയമായ അപകര്‍ഷതാബോധത്തില്‍ നിന്നും രക്ഷപ്പെടുവാനാണ് നമ്പൂതിരിയുടെയും യഹൂദന്റെയും ഒക്കെ വാലില്‍ തൂങ്ങി മാന്യത നേടാനുള്ള ഈ തത്രപ്പാടെന്നു വേണം മനസ്സിലാക്കാന്‍. അതുകൊണ്ടു കീഴ്ജാതികളില്‍ നിന്നുള്ളവരും യഹൂദരും നമ്പൂതിരിമാരും എല്ലാം ചേര്‍ന്നാണ് നസ്രാണിമാരുടെ ഉത്ഭവം എന്നു വേണം അനുമാനിക്കാന്‍.
           
വസ്തുതകള്‍ ഇങ്ങിനെയാണെങ്കിലും അതു തെക്കുഭാഗരുടെ പാരമ്പര്യത്തിനോ മാഹത്മ്യത്തിനോ യാതൊരു മങ്ങലും ഏല്‍പ്പിക്കുന്നില്ല. യാത്രാസൗകര്യങ്ങളോ വാര്‍ത്താവിനിമയസംവിധാനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കടല്‍ താണ്ടി ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന് കേരളത്തിലെത്തിയ കുടിയേറ്റക്കാരുടെ വീരഗാഥയെ എത്ര പ്രശംസിച്ചാലും അധികപ്പറ്റാവുകയില്ല. ഈ കുടിയേറ്റക്കാര്‍ക്കു അന്നത്തെ ഭരണാധിപന്മാര്‍ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുകയുണ്ടായി. എന്നാല്‍ അപ്പന്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് മക്കളുടെ പൃഷ്ടഭാഗത്ത് കാണുകയില്ല. ഉന്നത ജാതീയരെന്ന് അഭിമാനിക്കാന്‍ തക്ക നേട്ടങ്ങള്‍ ഒന്നും നാം ഉണ്ടാക്കിയിട്ടില്ല. ബുദ്ധിപരമായും വ്യാവസായികപരമായും വാണിജ്യപരമായും നാം വളരെ പിന്നിലാണ്. പേര്‍ഷ്യയി നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വര്‍ത്തകപ്രമാണിയുമായിരുന്ന മാര്‍ സാപ്രൊ ഈശോയുടെ പേരില്‍ എഴുതികൊടുത്ത തരിസാപ്പള്ളിശാസനവും യഹൂദര്‍ക്കും ഇരവികര്‍ത്തനും കൊടുത്ത ചെപ്പേടുകളും ഇന്നും ഭദ്രമായി സൂക്ഷിച്ചുപോരുന്നു. എന്നാല്‍ നമുക്കു ലഭിച്ച ചെപ്പേടെവിടെ? അതിന്റെ ഒരു ഇംഗ്ലീഷ് തര്‍ജ്ജമ ബ്രീട്ടീഷ് മ്യൂസിയത്തില്‍ ഉണ്ട് എന്ന് നാഗം അയ്യാ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതന്വേഷിച്ചു ബ്രീട്ടീഷ് മ്യൂസിയത്തില്‍ ചെന്ന ഒരു ക്‌നാനായക്കാരനോട് അങ്ങിനെ ഒന്ന് അവിടെ ഇല്ല എന്ന് പറയുകയുണ്ടായി. നമുക്ക് ലഭിച്ച ചെപ്പട് പോലും ഭദ്രമായി സൂക്ഷിക്കാന്‍ നാം പ്രാപ്തരല്ലായിരുന്നു. പിന്നെ വംശശുദ്ധിയും പറഞ്ഞ് നാം എന്തിനു ഞെളിയണം?  

ത്യാഗമതികളായ നമ്മുടെ നഴ്‌സമാര്‍ ചോരനീരാക്കി സമ്പാദിക്കുന്ന പണം ദീപാളികുളിക്കുന്നവര്‍ മാത്രമാണ് നമ്മുടെ പുരുഷന്മാര്‍ ഒട്ടുമുക്കാലും. അവരെ ആശീര്‍വദിച്ചു പണം അടിച്ചുമാറ്റുന്ന നമ്മുടെ മതമേധാവികളും സമര്‍ത്ഥന്മാര്‍ തന്നെ.  
           
ഒരു വൃക്ഷത്തിന്റെ ഇലകള്‍ കൊഴിഞ്ഞുപോയാല്‍ ആഹാരം ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍വ്വാഹമില്ലാതെ അതു ഉണങ്ങിപ്പോകും. അതാണ് ഇന്നു ക്‌നാനായക്കാര്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജാതിക്കുപുറത്തുള്ള ക്രിസ്ത്യാനിയെ വിവാഹം കഴിച്ചാല്‍ അവരെ പുറത്താക്കും. എങ്ങനെ സ്വന്തം സഹോദരനെ അടിച്ചു കുടുംബത്തിനു വെളിയിലാക്കാന്‍ മനസ്സു വരും? ഇതു കൊണ്ട് എന്തു നേടും? മറ്റുള്ളവര്‍ വളരുന്നു. മാര്‍ഗ്ഗംകളിപ്പാട്ടില്‍ പറയുന്നതുപോലെ നാം കാണാകാണെ കുറയുന്നു. ഇലകള്‍ കൊഴിഞ്ഞ് ഒരു ഉണങ്ങിയ വൃക്ഷമായി നാം താമസംവിനാ ഇല്ലാതാകും. പാഴ്‌സികളും നമ്മെപ്പോലെ തന്നെ സ്വവംശവിവാഹം നടത്തിപ്പോന്നു. അല്ലാത്തവരെ ബഹിഷ്‌കരിക്കുമായിരുന്നു. ഇതിന്റെ അപകടം മനസ്സിലാക്കി പുറത്തുനിന്നും വിവാഹം കഴിക്കുന്ന ആണുങ്ങളെ അവരുടെ സമൂഹത്തില്‍ത്തന്നെ നിലനിറുത്താന്‍ തുടങ്ങി.

നമുക്കും അനുകരിക്കാവുന്ന ഒരു മാതൃകയാണിത്. സമുദായാംഗങ്ങളില്‍ മൂന്നിലൊന്നിലധികം പേരും അന്യരാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ചേക്കേറികഴിഞ്ഞു. എന്‍ഡോഗമി നാം തുടര്‍ന്നാല്‍ നദികള്‍ സമുദ്രത്തില്‍ ചെന്ന് ലയിക്കുന്നതുപോലെ നാം ഇല്ലാതാകും. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ക്‌നാനായക്കാരന്‍ അവിടുത്തെ പാരമ്പര്യം നുകര്‍ന്ന് വളരും, ഇഷ്ടപ്പെട്ട ഇണയെ അവന്‍ തെരെഞ്ഞെടുക്കും. കാനാ തോമ്മായും കൊടുങ്ങല്ലൂരും ഒന്നും അവനെ ലേശം പോലും കോള്‍മയിര്‍ കൊള്ളിക്കില്ല. ഇന്ന് നമ്മുടെ ഇടവകകളില്‍ പെരുന്നാള്‍ പ്രദക്ഷിണത്തിന് കുടയെടുക്കാന്‍ പോലും ചെറുപ്പക്കാര്‍ ഇല്ല.

ഇതൊന്നും നിസ്സാരവല്‍ക്കരിക്കരുത്. സമുദായത്തില്‍ നിന്നും മാറി വിവാഹം നടത്തുന്ന ആണുങ്ങളെ നാം സമുദായത്തില്‍ത്തന്നെ നിലനിറുത്തണം. അപ്പോള്‍ പെണ്‍കുട്ടികളുടെ കാര്യം? കാനന്‍ നിയമവും പാരമ്പര്യവും അനുസരിച്ച് മണവാട്ടി അവളുടെ ഭര്‍ത്താവിന്റെ ഇടവകാംഗമായിത്തീരും. പിന്നെന്തിനു പേടിക്കണം.?
           
ക്‌നാനായിത്തോമ്മയുടെ കുടിയേറ്റം കേരള ക്രൈസ്തവസഭയ്ക്കു താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നു. പരിശുദ്ധ കുര്‍ബാനയും മറ്റു ആരാധനക്രമങ്ങളും ആരാധനഭാഷയായിരുന്ന അരമായ ഭാഷയും എല്ലാം അവരാണ് ഇവിടെ എത്തിച്ചത്. ക്രൈസ്തവ കലാരൂപമായി മാര്‍ഗ്ഗംകളി ക്‌നാനായക്കാരുടെ സംഭാവനയാണ്. ക്രിസ്തുമതപ്രചരണത്തെപ്പറ്റി ഇതുപോലൊരു കലാരൂപം മറ്റൊരു സമുദായത്തിലും മറ്റൊരു സമുദായത്തിലും ഉണ്ടായിട്ടില്ല. കൊടുങ്ങല്ലൂരുനിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് തെക്കുംഭാഗരുടെ ഒരു വലിയ സമൂഹം കുടിയേറിയെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ അവര്‍ വംശീയമായി മറ്റുള്ളവരില്‍ നിന്നും വേര്‍പ്പെട്ട് നിന്നില്ല. അങ്ങിനെ നോക്കുമ്പോള്‍ കേരളത്തിലെ നസ്രാണിമാരില്‍ ഭൂരിഭാഗവും തെക്കുംഭാഗരില്‍ നിന്നും ഓരോ കാലഘട്ടത്തിലും വേറിട്ടുപോയവരാണെന്നുവേണം അനുമാനിക്കാന്‍. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഫ്രാന്‍സിസ് റോസ് എന്ന വിദേശ മിഷനറിവൈദികന്‍ കൊടുങ്ങല്ലൂരെ ബിഷപ്പായി വാണിരുന്നു. ആ സമയത്ത് തെക്കുംഭാഗരും വടക്കുംഭാഗക്കാരും തമ്മില്‍ ഒരു വലിയ ലഹള ഉണ്ടായി. കൊച്ചിരാജാവിന്റെ പട്ടാളക്കാര്‍ക്ക് അതിനെ നേരിടാന്‍ കഴിഞ്ഞില്ല. ഇരുഭാഗത്തും വളരെപ്പേര്‍ മരിച്ചുവീണു. ആ സന്ദര്‍ഭത്തില്‍ ബിഷപ്പ് ഫ്രാന്‍സിസ് റോസാണ് കരഞ്ഞുപിഴിഞ്ഞ് ഇരുകൂട്ടരെയും ഒരു സന്ധിയിലേയ്ക്കു നയിച്ചത്. തെക്കുംഭാഗര്‍ അന്നു കൊടുങ്ങല്ലൂരില്‍  പ്രബലരായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. പഴയ നിയമത്തില്‍ ഫിലിസ്റ്റയര്‍, സമരിയാക്കാര്‍, അമോര്യര്‍ എന്നിങ്ങനെ അനേകം വംശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പക്ഷെ അവരാരും ഇന്നു നിലനില്ക്കുന്നില്ല. അങ്ങിനെ ഒരവസ്ഥ ഉണ്ടാകാതിരിക്കണമെങ്കില്‍ പുറത്തുനിന്നും വിവാഹം ചെയ്യുന്ന ആണുങ്ങളെ എങ്കിലും നാം നിലനിറുത്തണം.

ഇതുപറയുമ്പോള്‍ പലര്‍ക്കും ഹാലിളകും. പക്ഷെ സമൂഹത്തിന്റെ ഭാവിക്കുവേണ്ടി ഇതു ചെയ്‌തേ തീരു. തോമസ് കാനായുടെ സ്മരണയും അദ്ദേഹത്തിന്റെ പിന്‍ഗാമികളും എന്നും ഭൂമിയില്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

ജോസഫ് കുര്യന്‍ പുലികുത്തിയേല്‍
jkjkpuli@gmail.com  


  

No comments:

Post a Comment