1591 ഏപ്രില്‍ പത്താം തിയതിയാണ് അന്നത്തെ ബ്രിട്ടീഷ് രാജ്ഞി ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന ട്രേഡിംഗ് കമ്പനി തുടങ്ങാന്‍ അനുവാദം നല്‍കിയത്.
കുരുമുളക് വാങ്ങാന്‍ വന്ന ബ്രിട്ടീഷ്‌കാരന് ക്രിസ്തുമതത്തില്‍ അധിഷ്ടിതമായ ആരാധനയ്ക്ക് അന്ന് ഇന്ത്യയില്‍ സൌകര്യമില്ലാതിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഏതാനും ചില വൈദികരെ കൊണ്ടുവന്നു. പക്ഷെ ബ്രിട്ടീഷ് മിഷനറികള്‍ക്ക് ഇന്ത്യയില്‍ വരാന്‍ അനുവാദം ലഭിച്ചത് വര്‍ഷങ്ങള്‍ക്കു ശേഷം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്. ക്രിസ്തീയ രാജ്യമായ ബ്രിട്ടന്‍ ഇക്കാര്യത്തില്‍ എത്ര അവധാനത പാലിച്ചു എന്ന് ശ്രദ്ധിക്കുക.
അമേരിക്കയിലെ മലയാളിയുടെ ചരിത്രം പരിശോധിച്ചാല്‍, ആദ്യം എത്തിയത് വൈദികരാണ്, ഉന്നത വിദ്യാഭ്യാസത്തിനായി. അതിന്റെ പിന്നാലെ വിരലില്‍ എണ്ണാവുന്ന അവരുടെ കുടുംബാംഗങ്ങള്‍ വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, വിയറ്റ്നാം യുദ്ധത്തിന്റെ അനന്തരഫലമായി നഴ്സിംഗ് മേഖലയില്‍ കണ്ടമാനം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രമാണ് ക്നാനായ കുടുംബങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് ചേക്കേറാനും സാമ്പത്തികമായി രക്ഷപ്പെടാനും സാധിച്ചത്.
നൂറ്റാണ്ടുകളായി പള്ളിയോടും പിതാക്കന്മാരോടും വൈദികരോടും സ്നേഹവും വിധേയത്വവും പുലര്ത്തുകയെന്നത് ക്നാനായ സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. അമേരിക്കയില്‍ പള്ളികള്‍ക്കോ വൈദികര്‍ക്കോ, ആത്മീയാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൌകര്യങ്ങള്‍ക്കോ ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. പലയിടത്തും മലയാളി വൈദികരുണ്ടായിരുന്നതിനാല്‍ മലയാളം കുര്‍ബ്ബാനയ്ക്കും ക്ഷാമമുണ്ടായില്ല. അതുകൊണ്ടൊന്നും നമ്മള്‍ അടങ്ങിയില്ല; നമുക്ക് ക്നാനായ വൈദികന്‍ വേണം, ക്നാനായ പള്ളികള്‍ വേണം, ക്നാനായ ജലം വേണം, ക്നാനായ വായു വേണം. സര്‍വം ക്നാനയമയമായ ഒരു പ്രപഞ്ചമായിരുന്നു ക്നാനയക്കാരന്റെ സ്വപ്നം.
ആ ആവേശത്തില്‍ അവന്റെ കണ്ണുകളുടെ താഴെയുള്ള മൂക്ക് മുറിക്കുന്നത് ചിലര്‍ കണ്ടു, ചിലര്‍ കണ്ടില്ല. കണ്ടവര്‍ പോലും അത് കണ്ടില്ല എന്ന് നടിച്ചു. അമേരിക്കയില്‍, ക്നാനയക്കാരുടെ ആത്മീയ ശുശ്രൂഷയ്ക്കായി കോട്ടയം അരമനയില്‍ നിന്നയച്ച ആദ്യ വൈദികന്‍ (ഫാ. ചൊള്ളമ്പേല്‍) വന്നതുമുതലുള്ള ചരിത്രം എല്ലാവര്ക്കും അറിയാവുന്നതായതുകൊണ്ട് വിസ്തരിക്കുന്നില്ല.
ഇരുപത്താറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറില്‍ വത്തിക്കാന്‍ കല്‍പ്പിച്ചു, സ്വവംശവിവാഹനിഷ്ട ലംഘിക്കുന്നവരെ പുറത്താക്കുന്ന കേരളത്തിലെ നടപടി അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യാന്‍ സാധ്യമല്ല. അന്ന് കുന്നശ്ശേരിയാണ് കോട്ടയം പിതാവ്. അദ്ദേഹം വളരെ ശ്രമിച്ചു, ഈ തീരുമാനത്തെ പ്രതിരോധിക്കാന്‍. സകല അടവുകളും പാളിയെങ്കിലും തന്റെ പരാജയം അജഗണത്തില്‍ നിന്ന് അദ്ദേഹം വിജയകരമായി മറച്ചുവച്ചു.
മൂലക്കാട്ട് പിതാവിന്റെ കൈകളില്‍ രൂപതയുടെ ഭരണചക്രം ലഭിക്കുമ്പോഴേയ്ക്കും സമയം വൈകി പോയിരുന്നു. പക്ഷെ ആ സമയത്ത് മുത്തോലത്തച്ചന്‍ അമേരിക്കയില്‍ ശക്തനായി, അദ്ദേഹത്തിന്റെ ചുറ്റിനും സ്ത്രീകളുടെയും പ്രാഞ്ചികളുടെയും ഒരു പട തന്നെ ഉണ്ടായിരുന്നു. അവരിലൂടെ അദ്ദേഹം ജനങ്ങളെ കബളിപ്പിക്കുന്ന അടവുകള്‍ പ്രയോഗിച്ചു. പാരിഷ് ബുള്ളറ്റിന്‍, കൂലിയെഴുത്തുകാര്‍, അള്‍ത്താര പ്രസംഗങ്ങള്‍, ശാപവചനങ്ങള്‍, ഭീഷണികള്‍, ഒന്നും ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല.
![]() |
മുത്തോലത്തിനെയും കൂട്ടരെയും ചുമന്നു അവശരായ ക്നാനായ ജനത |
അദ്ദേഹത്തിന്റെ ശൈലിയില്‍, അമേരിക്കയിലെ ക്നാനായ വൈദികര്‍ പണ്ട് സിന്ബാദിന്റെ തലയില്‍ കയറിയിരുന്ന കടല്ക്കിഴവനെ പോലെയായി. അവശരായ ക്നാനായ ജനതയ്ക്ക് ചുമക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭാരമായി മാറി വൈദികരും പള്ളികളും. കമ്മ്യൂണിറ്റി സെന്റര്‍, അല്മായ സംഘടന ഇവയെ എല്ലാം തകര്‍ക്കുക എന്നതായിരുന്നു മുത്തോലത്തിന്റെയും കൂട്ടരുടെയും ലക്‌ഷ്യം. കുവൈറ്റില്‍ കയറിയ ഇറാക്കി പട്ടാളത്തിനേക്കാള്‍ മോശമായാണ് പല വൈദികരും അവര്‍ക്ക് ചെലവിനു കൊടുക്കുന്ന അല്മായരോട് പെരുമാറിയത്.
പള്ളികള്‍ വാങ്ങിക്കൂട്ടാനായി മുത്തോലം അവലംബിച്ച കുത്സിത മാര്‍ഗ്ഗങ്ങള്‍ നമ്മുടെയെല്ലാം ഓര്‍മ്മയില്‍ പച്ചയായി നില്‍ക്കുന്നു. ഇന്നും മുത്തോലം പറയുന്നു, ക്നാനായപള്ളികളില്‍ ക്നാനയകാര്‍ക്ക് മാത്രമാണ് അംഗത്വം. ഇന്നലെവരെ അതിനെ തിരുവചനമായി കണ്ടിരുന്ന ക്നാനയക്കാര്‍ക്ക് പോലും ഇന്ന് അതൊരു തമാശയാണ്. കെസിസിഎന്‍എ ഇന്ന് അതിനെ ശക്തമായി അപലപിച്ചുംകൂടി കഴിഞ്ഞപ്പോള്‍ ബുദ്ധിയുടെ കണികയെങ്കിലും തലയ്ക്കുള്ളിലുള്ള ക്നാനയകാര്‍ക്ക് വികാരി ജനറാള്‍ വഞ്ചക ജനറാല്‍ ആയിരുന്നു എന്ന് വ്യക്തമായി.
ഇന്നത്തെ അവസ്ഥയില്‍, ക്നാനായ ജനം തന്റെ കൈയിലെ ഊന്നുവടി പോയ വൃദ്ധനെപ്പോലെയാണ്. നേരെ നില്ക്കാനാവാതെ വേച്ചുവേച്ച് പോകുന്ന ആ ജനതയെ കൈക്ക് പിടിച്ചു നടത്താന്‍ സംഘടന നേതാക്കള്‍ ഉണ്ടോ എന്നാണു അവര്‍ ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത നേതൃത്വത്തില്‍ നിന്ന് എന്താണ് അമേരിക്കയിലെ ക്നാനയക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതിനെക്കുറിച്ച് നാളെ.
No comments:
Post a Comment