Sunday, December 23, 2012

നേര്സിംഗ് മേഖലയും ക്നാനായ സമുദായവും


(ഈ ദിവസങ്ങളില്‍ ക്നാനായ വിശേഷങ്ങളില്‍ വന്ന ചില കമന്റുകളില്‍ സമുദായത്തില്‍ നേഴ്സ്മാര്‍ ഉണ്ടാകുന്നതിനു സഭാപിതാക്കന്മാര്‍ ചെയ്ത സഹായത്തെക്കുറിച്ച് പരാമരിശിച്ചുകണ്ടു. ഇത്തരുണത്തില്‍ മുമ്പ് സ്നേഹ സന്ദേശം പ്രസധീകരിച്ച ഈ ലേഖനം പ്രസക്തമാണെന്നു തോന്നിയതിനാല്‍ ഇവിടെ പുനഃപ്രസധീകരിക്കുന്നു – Administrator)

നേര്സിംഗ് മേഖലയും ക്നാനായ സമുദായവും

''കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട്?'' എന്ന ജോണ്‍ എബ്രഹാമിന്റെ പ്രസിദ്ധമായ ചോദ്യം പോലെ തന്നെ ഉത്തരം കിട്ടാത്ത ഒന്നാണ് ''ക്‌നാനായ സമുദായത്തില്‍ എത്ര നഴ്‌സുമാരുണ്ട്?'' എന്ന ചോദ്യം. വേണമെങ്കില്‍ ബഷീറിയന്‍ ശൈലിയില്‍ ''ഉമ്മിണി ഏറെ നഴ്‌സുമാരുണ്ട്'' എന്നു പറഞ്ഞൊഴിയാം. അതിനേക്കാള്‍ രസകരമായിരിക്കും ''ക്‌നാനായ സമുദായത്തിലെ ആദ്യ നഴ്‌സ് ആര്?'' എന്ന ചോദ്യം. കെ.സി.സി.എന്‍.എ. പോലൊരു സംഘടനയ്ക്ക് ഏറ്റെടുത്തു നടത്താവുന്ന ഒരന്വേഷണമാണത്. 2011-ലെ ശതാബ്ദി ആഘോഷവേളയില്‍ അവര്‍ക്ക് (അത് പട്ടാള സര്‍വ്വീസില്‍ ഉണ്ടായിരുന്ന ഒരു ''അയാള്‍''ആയിക്കൂടെന്നില്ല) ഒരു സ്മാരകം പണിയുന്നത് ചരിത്രത്തോടു കാണിക്കുന്ന നീതി ആയിരിക്കും.

ചരിത്രത്തോടു നീതി പുലര്‍ത്തുന്നതില്‍ ഏറെ പിന്നിലാണ് നമ്മള്‍.

1961 ഒക്‌ടോബര്‍ മാസം മുതല്‍ തെള്ളകത്തു വന്നു താമസിച്ചുകൊണ്ട് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗങ്ങള്‍ക്ക് നഴ്‌സിംഗ് സംബന്ധമായ അറിവു നല്‍കുക, ആശുപത്രി കെട്ടിടത്തില്‍ വിവിധ സജ്ജീകരണങ്ങളും വിഭാഗങ്ങളും സംവിധാനം ചെയ്യുക തുടങ്ങിയ എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥമായും ചെയ്ത ജര്‍മ്മന്‍ ഡോക്ടര്‍ റൊഡെയെക്കുറിച്ച് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്ക് അറിയാം? അന്ന്, കാരിത്താസ് ആശുപത്രി തുടങ്ങുന്നതിനായി തെള്ളകത്തുള്ള തങ്ങളുടെ വക ആറ് ഏക്കര്‍ സ്ഥലം ദാനമായി നല്‍കിയ വെള്ളാപ്പള്ളി ജോസഫ് വക്കീലിന്റെ കുടുംബവും ഇന്ന് വിസ്മൃതിയിലാണ്.

നഴ്‌സിംഗ് എന്നൊരു തൊഴില്‍ മേഖല ഇല്ലായിരുന്നുവെങ്കില്‍ ക്‌നാനായ സമുദായത്തിന്റെ ഇന്നത്തെ ഗതി എന്തായിരുന്നേനേ എന്ന് ആരും ചിന്തിച്ചു നോക്കാറില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പോലും തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഉദ്യോഗം മിക്കവാറും നായര്‍സമുദായാംഗങ്ങളുടെ കുത്തകയായിരുന്നു. (''കണക്കന്‍ പിള്ള'' എന്ന വാക്ക് ശ്രദ്ധിക്കുക). അന്ന് ക്‌നാനായ സമുദായം സാമ്പത്തികമായി ഒട്ടും ഉയര്‍ന്ന നിലയിലായിരുന്നില്ല. എല്ലാവരും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു. കര്‍ഷകതൊഴിലാളികള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി. ശരാശരിയെക്കാള്‍ ഭേദപ്പെട്ട നിലയില്‍ ഉണ്ടായിരുന്നവര്‍ വൈദികരുടെ കുടുംബാംഗങ്ങളായിരുന്നു. എല്ലാവരും ദരിദ്രനാരായണരും നിരക്ഷരരുമായിരുന്ന അക്കാലത്ത് കുടുംബത്തില്‍ നിന്നൊരാള്‍ വൈദികനായാല്‍ പൊടുന്നനവേ ആ കുടുംബത്തിന് കുലീനത കൈവരികയും ആ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് നല്ല വിവാഹബന്ധങ്ങള്‍ ലഭിക്കുകയും, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനവും മാര്‍ഗ്ഗദര്‍ശനവും ലഭിക്കുകയുമായി. ആ വിധത്തില്‍ ശരാശരിയില്‍ നിന്നും മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിച്ചവരാണ് ക്‌നാനായ സമുദായത്തിലെ ഇന്നത്തെ ''തറവാടികള്‍.'' അല്ലാതെ, ഒരു നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സമുദായത്തില്‍ പേഷ്‌ക്കാരും ദിവാനും ഒന്നും ഉണ്ടായിട്ടില്ല. (ഇന്നു പിന്നെ നമ്മള്‍ എല്ലാവരും തറവാടികളാണല്ലോ!)

ഈ സാമ്പത്തിക പശ്ചാത്തലത്തിലാണ് നമ്മുടെ സമുദായത്തിലെ യുവതികള്‍ അന്ന് എത്തിപ്പെടാന്‍ എളുപ്പമായിരുന്ന നഴ്‌സിംഗ് മേഖലയില്‍ ചെന്നെത്തിയത്. കൃത്യമായ ചരിത്രം അറിയുവാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലെങ്കിലും, ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ക്‌നാനായ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് മേഖലയില്‍ എത്തിത്തുടങ്ങി എന്ന് അനുമാനിക്കാം. ഏതായാലും 1962-ല്‍ കാരിത്താസ് ആശുപത്രി സ്ഥാപിതമാകുന്നതിനു വളരെ മുമ്പു തന്നെ അനേകര്‍ നഴ്‌സിംഗ് മേഖലയില്‍ ഉണ്ടായിരുന്നു.

കാരിത്താസ് ആശുപത്രി തുടങ്ങുമ്പോള്‍, രോഗികളെ പരിചരിക്കുവാന്‍ വേണ്ടത്ര നഴ്‌സുമാര്‍ ഇവിടെ ലഭ്യമല്ല എന്ന ന്യായം പറഞ്ഞ് ജര്‍മ്മനിയിലെ കാരിത്താസ് സംഘടനയുടെ സഹായത്തോടെ നമ്മുടെ സമുദായത്തില്‍ നിന്ന് അറുപതുകളിലും എഴുപതുകളിലും കുറെയേറെ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് പഠനാര്‍ത്ഥം ജര്‍മ്മനിയില്‍ ചെന്നെത്തി. (ഇതേ കാലയളവില്‍ മലങ്കര, സീറോ-മലബാര്‍, ലത്തീന്‍ എന്നീ കത്തോലിക്കാ വിഭാഗങ്ങളില്‍ നിന്നും യുവതികള്‍ അവിടെ എത്തി.) അങ്ങനെ പോയവരില്‍ ആരും തന്നെ തിരികെ നാട്ടിലേക്ക് പോയില്ല. അവര്‍ ഇന്ന് ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ ജീവിക്കുന്നു. കുറെപ്പേര്‍ അമേരിക്കയിലേക്കും കുടിയേറുകയുണ്ടായി.

കേരളത്തിലേക്കു തന്നെ മടങ്ങാം.

വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും ക്രിസ്തീയസഭയുടെ വകയായി ആശുപത്രികള്‍ ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന കന്യാസ്ത്രീകളുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് നമ്മുടെ പല പെണ്‍കുട്ടികളും ഉത്തരേന്ത്യയില്‍ ചെന്നെത്തിയത്. എഴുപതുവയസ്സോടടുത്ത് പ്രായമുള്ള ഏതെങ്കിലും ക്‌നാനായ നഴ്‌സിനോട് ചോദിച്ചാല്‍ അവരുടെ ആരംഭകാലത്തെ കഥനകഥകള്‍ കേള്‍ക്കാം.

പരിചിതമല്ലാത്ത ഭാഷയും ആളുകളും സംസ്‌കാരവും കാലാവസ്ഥയും ഭക്ഷണരീതികളും. കത്തുകളില്‍ കൂടിയല്ലാതെ വീടും വീട്ടുകാരുമായി ബന്ധമില്ല. ടെലിഫോണ്‍ എന്നൊന്ന് അന്ന് പറഞ്ഞുപോലും കേട്ടിട്ടില്ല. വീട്ടില്‍ നിന്ന് യാതൊരു കാരണവശാലും സാമ്പത്തികസഹായം ലഭിക്കാനില്ല. അന്ന് നഴ്‌സിംഗ്പഠനം സൗജന്യമായിരുന്നു; പ്രവേശനത്തിന് ഇന്നത്തെപ്പോലെ കോഴ കൊടുക്കേണ്ടിയിരുന്നില്ല. ഇതിനെല്ലാം പുറമേ തുച്ഛമായിരുന്നെങ്കിലും മാസംതോറും സ്റ്റൈപ്പെന്‍ഡ് കിട്ടുമായിരുന്നു. ഇന്ന് നിസ്സാരമെന്നു തോന്നാവുന്ന ആ സ്റ്റൈപ്പെന്‍ഡ് അന്ന് അത്ര ചെറിയ വരുമാനമായിരുന്നില്ല. അത് സൂക്ഷിച്ചു ചെലവാക്കി, അതില്‍ നിന്നും മിച്ചംവച്ച്, നാട്ടില്‍ വരുമ്പോള്‍ ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ''ട്രങ്ക്‌പെട്ടി'' നിറയെ സമ്മാനങ്ങളുമായിട്ടാണ് അവര്‍ അവധിയ്ക്കു വന്നിരുന്നത്.

അറുപതുകളുടെ മധ്യത്തോടെ ക്‌നാനായ നഴ്‌സുമാരുടെ അമേരിക്കയിലേക്കുള്ള പ്രവാഹം ആരംഭിച്ചു. അതിനു തൊട്ടുമുമ്പു വരെ (മുമ്പു വിവരിച്ച കുലീന കുടുംബത്തിലെ അംഗങ്ങള്‍ മാത്രം) ഉപരിപഠനത്തിന്റെ പേരിലാണ് ക്‌നാനായക്കാര്‍ അവിടെ ചെന്നെത്തിയത്. അവരില്‍ മിക്കവരും ഇന്നും അവിടെയൊക്കെത്തന്നെയുണ്ട്.

കാരിത്താസ് ആശുപത്രി 1962-ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാലത്ത് ദീര്‍ഘവീക്ഷണമുള്ള ഏതൊരാള്‍ക്കും ക്‌നാനായ സമുദായം രക്ഷപ്പെടാന്‍ പോകുന്നത് നഴ്‌സിംഗ് മേഖലയിലൂടെയാണെന്ന് മനസ്സിലാകേണ്ടതായിരുന്നു. പക്ഷേ ബന്ധപ്പെട്ടവര്‍ ആരെങ്കിലും അത് മനസ്സിലാക്കിയോ?

കാരിത്താസ് ആശുപത്രി 1962-ല്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും അവിടെ നഴ്‌സിംഗ് സ്‌കൂള്‍ ആരംഭിക്കുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം, 1965-ലാണ്. ആ സമയത്ത് പത്താംക്ലാസ്സ് പാസ്സാകുന്ന ക്‌നാനായ പെണ്‍കുട്ടികളില്‍ ഏതാണ്ട് പകുതിയോളം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നഴ്‌സിംഗ്  കോഴ്‌സിനു പ്രവേശിച്ചു. കാരിത്താസ് നഴ്‌സിംഗ് സ്‌കൂളില്‍ ആകെയുണ്ടായിരുന്നതാകട്ടെ വെറും പത്തു സീറ്റുകള്‍. കാരിത്താസ് ആശുപത്രിയോടനുബന്ധിച്ച് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കുന്നതിനുളള സര്‍ക്കാര്‍ അനുമതികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായിച്ച, പരേതയായ ഇ.എല്‍. ഏലിക്കുട്ടി (എണ്ണംപ്ലാശ്ശേരില്‍) യുടെ പേര് ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. കേരള സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവരുടെ സേവനവും ഇന്ന് ആരും ഓര്‍മ്മിക്കുന്നില്ല.

കാരിത്താസിലെ നഴ്‌സിംഗ് സ്‌കൂള്‍ ആരംഭിച്ച് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം അവിടെ കോളേജ് ഓഫ് നഴ്‌സിംഗും ആരംഭിച്ചു. കാരിത്താസില്‍ നിന്നും പഠിച്ചിറങ്ങിയ നഴ്‌സുമാര്‍ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ജോലി ചെയ്യുന്നുണ്ട്. പക്ഷേ അവരുടെ എണ്ണമെടുത്താല്‍ ക്‌നാനായ നഴ്‌സുമാരുടെ മൊത്തം എണ്ണത്തിന്റെ ഒരു ശതമാനം പോലും വരികയില്ല.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ കാര്‍ഷികവൃത്തി ലാഭകരമല്ലാതാവുകയും, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുകയെന്നത് ഏതാണ്ട് അസാധ്യമാവുകയും ചെയ്ത അവസ്ഥാവിശേഷം ഉണ്ടായപ്പോള്‍ നമ്മുടെ പല കുടുംബങ്ങളെയും തകരാതെ കരകയറ്റിയത് നഴ്‌സിംഗ് മേഖലയാണ്. ഭേദപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് തൊഴിലിനോട് വൈമുഖ്യം കാട്ടിയിരുന്നപ്പോഴും ആ കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ തങ്ങളെക്കാള്‍ സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങളിലെ നേഴ്‌സുമാരെ വിവാഹം ചെയ്ത് വിദേശരാജ്യങ്ങളിലെത്തി. സമുദായത്തെ സാമ്പത്തികമായി രക്ഷപ്പെടുത്തുക മാത്രമല്ല, ഉയര്‍ന്നതും താഴ്ന്നതുമായ കുടുംബങ്ങളെ ഒരേതട്ടില്‍ എത്തിക്കുക എന്ന സാമൂഹികമാറ്റവും ഇതുമൂലം ഉണ്ടായി.

ഇത്രയുമൊക്കെ സംഭവിച്ചിട്ടും, നഴ്‌സിംഗില്‍ കൂടിയല്ലാതെ സമുദായത്തിന് ഉന്നമനം ഉണ്ടാവുകയില്ല എന്ന തിരിച്ചറിവ് സഭാ-സമുദായ നേതൃത്വത്തിനുണ്ടായില്ല. ആ തിരിച്ചറിവും, അതു മൂലമുണ്ടാകുന്ന വിവേകവും, സമുദായത്തെ രക്ഷപ്പെടുത്തണമെന്ന ആഗ്രഹവും ഉണ്ടായിരുന്നെങ്കില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ തുടങ്ങാന്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ വളരെയേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്ന കേരളത്തിന്റെ അതിര്‍ത്തിവിട്ട് കുറെ നഴ്‌സിംഗ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സഭ മുന്‍കൈയെടുത്തേനേ. പക്ഷേ നമ്മുടെ പെണ്‍കുട്ടികളുടെ വിധി വടക്കേഇന്ത്യയിലെ ചൗധരിമാരുടെയും ബനിയാമാരുടെയും, ദക്ഷിണേന്ത്യയിലെ ഷെട്ടിമാരുടെയും ആശുപത്രികളില്‍ അടിമവേല ചെയ്ത് നഴ്‌സിംഗ് യോഗ്യത നേടാനായിരുന്നു.

ഇതിനിടയില്‍ നഴ്‌സിംഗ് കോഴ്‌സിന്റെ സാമ്പത്തികശാസ്ത്രം ആകെ മാറിമറിഞ്ഞു. സൗജന്യമായി, സ്റ്റൈഫന്‍ഡോടെ നഴ്‌സിംഗ് പരിശീലിപ്പിച്ചതിന്റെ പ്രതിഫലമായി പണ്ടൊക്കെ യോഗ്യത നേടിയതിനുശേഷം ഒന്നോ രണ്ടോ വര്‍ഷം അതേ ആശുപത്രിയില്‍ മുഴുവന്‍ ശമ്പളത്തോടെ ജോലി ചെയ്യണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അവരുടെ നഴ്‌സിംഗ് പരിശീലന കേന്ദ്രങ്ങളില്‍ ആ വ്യവസ്ഥകളില്‍ ചിലതുമാത്രം പറിച്ചു നട്ടു. നഴ്‌സിംഗിന് കനത്ത പ്രവേശനഫീസു വേണം, പ്രതിമാസ ഫീസും വേണം, അല്പ സ്വല്പം തിയറിമാത്രം പഠിപ്പിച്ച് ബാക്കിയൊക്കെ ജോലി ചെയ്തുള്ള പരിശീലനം. പക്ഷേ ബോണ്ട് മാത്രം കൂടുതല്‍ കര്‍ശനമായി.

എല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍.

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ, ജര്‍മ്മനിയിലേയ്ക്ക് നഴ്‌സിംഗ് പഠനാര്‍ത്ഥം പോയവര്‍ എല്ലാം തന്നെ സഭയുടെ ശുപാര്‍ശയില്‍ പോയവരാണ്. ഇറ്റലിയിലും ഓസ്ട്രിയയിലും ചെന്നെത്തിയവരും ഇങ്ങനെ തന്നെ ആയിരുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാല്‍ വ്യക്തമാകുന്ന ഒരു സത്യമുണ്ട് - അവരെല്ലാം വൈദികരുടെ, അല്ലെങ്കില്‍ ഉയര്‍ന്ന നിലയിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ, കുടുംബാംഗങ്ങളായിരുന്നു. അപവാദങ്ങള്‍ വിരളം.

സ്വന്തം നിലയില്‍ വിദേശത്തേക്ക് പോയവരില്‍ ഏറെപ്പേരും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് എത്തിയത്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കുറെയേറെപ്പേര്‍ ഓസ്ട്രിയയില്‍ ചെന്നെത്തി. (അവരില്‍ മിക്കവരും ഇന്ന് സ്വിറ്റ്‌സര്‍ലണ്ടിലാണ്). രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് ക്‌നാനായ നഴ്‌സുമാരുടെ ഗണ്യമായ ഒരു പ്രവാഹം വിദേശരാജ്യങ്ങളിലേക്ക് ഉണ്ടായത്. ഈ ഒഴുക്കില്‍പ്പെട്ട് പലരും യു.കെ., ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, ഇവിടെയൊക്കെ ചെന്നെത്തി. ഈ കാലയളവില്‍ ക്‌നാനായ യുവതികള്‍ മാത്രമല്ല, ക്‌നാനായ യുവാക്കളും നഴ്‌സിംഗ് യോഗ്യത നേടിത്തുടങ്ങി.

എണ്‍പതുകളില്‍ അമേരിക്കയിലേക്ക് ചേക്കേറാന്‍ ശ്രമിച്ച നഴ്‌സുമാര്‍ CGFNS മായും, തൊണ്ണൂറുകളില്‍ ഓസ്ട്രിയയിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിച്ചവര്‍ ജര്‍മ്മന്‍ഭാഷയുമായും, രണ്ടായിരത്തില്‍ വിദേശത്തു പോകാന്‍ ആഗ്രഹിച്ചവര്‍ ഇംഗ്ലീഷ്, ഇറ്റാലിയന്‍ എന്നീ ഭാഷകളുമായും മല്ലടിച്ചു. ഇവര്‍ക്കാര്‍ക്കും ക്‌നാനായ സമുദായത്തിന്റെ അല്ലെങ്കില്‍ സഭയുടെ യാതൊരു പ്രോത്സാഹനമോ, പിന്തുണയോ സഹായമോ ഉണ്ടായിരുന്നില്ല. യു.കെ.യില്‍ ഇന്നുള്ള നഴ്‌സുമാരില്‍ ചിലരെങ്കിലും കത്തോലിക്കാ സഭാധികൃതര്‍ സാത്താനായി കാണുന്ന ജോസഫ് പുലിക്കുന്നേലില്‍ നിന്നും മെസ് ഫീസിനുള്ള തുക യാതൊരു ഉപാധികളും ഇല്ലാതെ കൈപ്പറ്റിയിട്ടുള്ളവരാണ്. അങ്ങനെയെങ്കിലും ഒരു നല്ല വാക്ക് പറയിപ്പിക്കാന്‍ നമ്മുടെ സഭാനേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും രക്ഷപ്പെട്ടോ, രക്ഷപ്പെട്ടു കഴിയുമ്പോള്‍ ഞങ്ങള്‍ കണ്ണന്‍ചിരട്ടയുമായി പിറകേ വന്നോളാം എന്നതാണ് സഭയുടെ ഭാവം.

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച IELTS കോച്ചിംഗ് സെന്റര്‍ സി.എം.ഐ. സഭയുടെ വക ''ദര്‍ശന'' എന്ന സ്ഥാപനമാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ക്‌നാനായ സമുദായവും നഴ്‌സിംഗ് മേഖലയുമായി ഇത്രയേറെ ബന്ധമുണ്ടായിട്ടും സമുദായാംഗങ്ങള്‍ക്കായി നല്ല നിലവാരമുള്ള സൗജന്യഭാഷാ പരിശീലനസൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് നമ്മുടെ അധികൃതര്‍ ഒരിക്കലും ചിന്തിക്കുകയില്ല. കാരണം, കൈമലര്‍ത്തിയല്ലാതെ കൈ കമഴ്ത്തിക്കാട്ടി അവര്‍ക്ക് ശീലമില്ല.

ഒരു ക്‌നാനായ വൈദികന്‍ ഭീഷണി കലര്‍ന്ന സ്വരത്തില്‍ പ്രസംഗിച്ചു: ''ഈ ഇടവകയിലെ ഒട്ടേറെ കുടുംബാംഗങ്ങള്‍ ഇന്ന് യു.കെ.യില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ അവിടെ ചെന്നെത്തിയത് മാലാഖയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്ന് നിങ്ങള്‍ മറക്കരുത്.''

റേശ് മാലാഖയുടെ അനുഗ്രഹം ക്‌നാനായ നഴ്‌സുമാര്‍ക്ക് എന്നും ഉണ്ടായിട്ടുണ്ട്. അവരില്‍ നിന്ന് പകരം എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടല്ല മാലാഖ അവരുടെമേല്‍ അനുഗ്രഹം വര്‍ഷിച്ചത്. പതിനഞ്ച് കുടുംബങ്ങളുള്ള ഗ്രാമത്തില്‍ കോടികളുടെ ചിലവുള്ള പള്ളി പണിയാനായി ലക്ഷങ്ങള്‍ സംഭാവന ചെയ്യുന്നതിലും മാലാഖയ്ക്ക് കൂടുതല്‍ സന്തോഷകരം പാവപ്പെട്ടവന്റെ കണ്ണീര്‍ക്കണം തുടയ്ക്കുന്നതാണ്. അങ്ങനെ ചെയ്താല്‍ മാലാഖ, അവരുടെ കാവല്‍ മാലാഖയായി എന്നും അവര്‍ക്കൊപ്പം ഉണ്ടാവും.

(സ്‌നേഹ സന്ദേശം, ഒക്‌ടോബര്‍ 2010)

No comments:

Post a Comment