ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് വ്യക്തികളും സമൂഹങ്ങളും കാലോചിതമായി ജീവിക്കുന്ന ശൈലിയാണ് ആത്മീയതയെന്ന് പൊതുവില്‍ പറയാം. ക്രൈസ്തവസമൂഹത്തിന്റെ, പ്രത്യേകിച്ച് വൈദികരുടെ ആത്മീയതയ്ക്ക് മാതൃകയും മാനദണ്ഡവും യേശുവിന്റെ ആത്മീയതയാണ്. യേശു പിതാവിന്റെ ഇഷ്ടം തിരിച്ചറിഞ്ഞത് സവിശേഷമായ ഒരു ചരിത്രഘട്ടത്തിലാണ്. അന്നത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌ക്കാരിക സാഹചര്യങ്ങളെ വിലയിരുത്തി അവയോടു പ്രതികരിച്ചാണ് യേശു പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്. പിതാവിന്റെ ഇഷ്ടം തിരിച്ചറിയലും നിറവേറ്റലുമാണ് യേശുവിന്റെ ആത്മീയത. യേശുവിന്റെ മനോഭാവങ്ങളും വികാരവിചാരങ്ങളും നിലപാടുകളും ബന്ധങ്ങളും പ്രതികരണങ്ങളും സാമൂഹിക ഇടപെടലുകളുമെല്ലാം ഈ ആത്മീയതയുടെ പ്രകാശനമാണ്. യേശുവിന്റെ ആത്മീയത ഒരു ജീവിതശൈലിയാണ്.
യേശുവിന്റെ ആത്മീയതയില്‍ മുഖ്യമായി രണ്ടു സവിശേഷതകളുണ്ട്. പീഡിത ജനതയുമായുള്ള ഐക്യദാര്‍ഡ്യവും പീഡിതാവസ്ഥയ്ക്ക് കാരണമായ ശക്തികളോടും സംവിധാനങ്ങളോടുമുള്ള പോരാട്ടവും.
സാമ്പത്തികമായി ഏറ്റവും താഴത്തെ തട്ടില്‍ കഴിഞ്ഞിരുന്ന പാവപ്പെട്ടവരുമായി താദാത്മ്യപ്പെട്ടതായിരുന്നു യേശുവിന്റെ ജീവിതം. പാലസ്തീനായിലെ അന്നത്തെ ജനസംഖ്യയില്‍ 88 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിഞ്ഞിരുന്ന പാവപ്പെട്ടവരായിരുന്നു. അവരുമായുള്ള ഹൃദയൈക്യം യേശുവിന്റെ ആത്മീയതയുടെ സവിശേഷതയാണ്. ദൈവം അവരുടെ പക്ഷത്താണെന്നും അവരുടെ മോചനം ദൈവഹിതമാണെന്നും യേശു തിരിച്ചറിഞ്ഞു. സമുദായം ഭ്രഷ്ട് കല്പിച്ച് അകറ്റിനിര്‍ത്തിയവരോട് യേശു അടുത്തിടപഴകി. അവരുടെ അപമാനത്തില്‍ പങ്കുചേര്‍ന്നു. പാപികളും ചുങ്കക്കാരുമെന്ന് സുവിശേഷങ്ങള്‍ വിശേഷിപ്പിക്കുന്ന അവമതിക്കപ്പെട്ട ജനതയോടൊത്ത് യേശു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. സമുദായം അവഗണിച്ചു പുറന്തള്ളിയവരെ ദൈവം സ്വീകരിച്ച് ആദരിക്കുന്നെന്ന് യേശു മനസ്സിലാക്കി. രോഗങ്ങളാലും വ്യാധികളാലും ക്ലേശിക്കുന്നവര്‍ക്ക് യേശു ഹൃദയാലുവായിരുന്നു. രോഗികള്‍ക്കു സൗഖ്യം പകരുന്നതും അധ്വാനിക്കുന്നവര്‍ക്കും ഭാരംവഹിക്കുന്നവര്‍ക്കും ആശ്വാസമാകുന്നതും വേദനിക്കുന്നവരുടെ വേദനയില്‍ പങ്കുചേരുന്നതും യേശുവിന്റെ ആത്മീയതയാണ്. ചെറിയവരിലാണ് ദൈവമെന്ന് യേശു പ്രഖ്യാപിച്ചു.
ഭൂരിപക്ഷമാളുകളെയും ദരിദ്രരാക്കുകയും പുറന്തള്ളുകയും ചെയ്ത വ്യവസ്ഥിതിയെ യേശു എതിര്‍ത്തു. സമ്പത്തിന്റെ കേന്ദ്രീകരണത്തെ യേശു വിമര്‍ശിച്ചു. റോമന്‍ ആധിപത്യത്തെ പുറന്തള്ളി. സാമൂഹിക വിവേചനങ്ങള്‍ക്കാധാരമായ ശുദ്ധാശുദ്ധ സങ്കല്പങ്ങളെ നിരാകരിച്ചു. വഞ്ചനയ്ക്കും ചൂഷണത്തിനും വിവേചനങ്ങള്‍ക്കും കൂട്ടുനിന്ന മതത്തിനെതിരെ യേശു സന്ധിയില്ലാത്ത സമരത്തിലായിരുന്നു. മനുഷ്യനെ ഭാരപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത നിയമങ്ങളും പാരമ്പര്യങ്ങളും യേശു ലംഘിച്ചു. സാബത്തുലംഘിച്ചാണ് പലപ്പോഴും അവന്‍ രോഗശാന്തി നല്‍കിയത്. മതത്തിന്റെയും നിയമങ്ങളുടെയും മതനേതാക്കളുടെയും പൊള്ളത്തരം യേശു തുറന്നുകാട്ടി. ഇത്തരം വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിയമലംഘനങ്ങളും പോരാട്ടങ്ങളും യേശുവിന് ആത്മീയതയാണ്. ഇവയൊക്കെ ദൈവത്തിന്റെ പ്രവര്‍ത്തനമാണെന്ന്, ദൈവഭരണമാണെന്ന് യേശു പ്രഖ്യാപിച്ചു. ഹേറോദിന്റെയും പീലാത്തോസിന്റെയും പ്രധാന പുരോഹിതന്റെയും പ്രമാണികളുടെയും ഫരിസേയരുടെയും നിയമജ്ഞരുടെയും മുന്നില്‍ എത്ര നിര്‍ഭയനാണ് യേശു! ആത്മീയതയാണത്.
അടിച്ചമര്‍ത്തപ്പെട്ടവരുടെ നിരയില്‍ നിലകൊള്ളാനും അവരുടെ ജീവിതം നരകതുല്യമാക്കിയ ആധിപത്യത്തിന്റെ സംവിധാനങ്ങളോടും ഏജന്‍സികളോടും, നിയമജ്ഞരോടും, ഫരിസേയരോടും അവരുടെ നിയമസംഹിതയോടും, ധനികരോടും അവരുടെ മര്‍ദ്ദകതന്ത്രങ്ങളോടും നിര്‍ഭയനായി മല്ലടിക്കാനും, കൊല്ലപ്പെടുമെന്നു മനസ്സിലായിട്ടും പിന്തിരിയാതെ മുന്നോട്ടുപോകാനും, സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപമാകാനും യേശുവിനെ പ്രാപ്തനാക്കിയത് ആഴമേറിയ ഈശ്വരാനുഭവമാണ്. പീഡിത ജനതയുമായുള്ള ഹൃദയഅടുപ്പവും സാമൂഹിക രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള തിരിച്ചറിവും വ്യക്തിപരമായ ധ്യാനവും ഈശ്വരാനുഭവത്തിനു നിദാനമായി. ഈശ്വരാനുഭവമാണ് യേശുവിന്റെ ആത്മീയത രൂപപ്പെടുത്തിയത്.
യേശുവിന്റെ ആത്മീയതയുടെ വെളിച്ചത്തിലാണ് ഇന്നത്തെ വൈദികരുടെ ആത്മീയതയെ വിലയിരുത്തേണ്ടത്. കേരള കത്തോലിക്കാസഭയിലെ വൈദികരില്‍ ഇന്നു കാണുന്ന ആത്മീയത അനുഷ്ഠാനബദ്ധമായ കര്‍മ്മങ്ങളിലും പ്രാര്‍ത്ഥനകളിലും ഭക്താഭ്യാസങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇവയൊക്കെ തികഞ്ഞ ബോധ്യത്തോടെയോ ആത്മാര്‍ത്ഥതയോടെയോ ഈശ്വരാനുഭവത്തിലോ നടത്തുവാന്‍ ബഹുഭൂരിപക്ഷം വൈദികര്‍ക്കും സാധിക്കുന്നില്ല; യാന്ത്രികമായി ചെയ്തുകൂട്ടുന്നവയാണധികവും. യേശുവിന്റെ ആത്മീയതയും ഇന്നത്തെ വൈദികരുടെ ആത്മീയതയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാകുന്നു.
അടിസ്ഥാനവര്‍ഗ്ഗങ്ങളുമായി ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുന്ന വൈദികര്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. ഇടവകയിലെ പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുന്ന വൈദികര്‍ അനവധിയുണ്ട്. പക്ഷേ അവരെ ആദരിക്കുകയും ഹൃദയപൂര്‍വ്വം സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ വിരളമാണ്. ദരിദ്രരെ ഉറ്റുസ്‌നേഹിക്കുകയും അവരുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന ശൈലി വൈദികസമൂഹത്തിന് അന്യമായിരിക്കുന്നു. സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള വ്യഗ്രതയാണ് ഭൂരിപക്ഷം വൈദികര്‍ക്കും. സാമൂഹികമായ വിവേചനങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അയിത്തം പുത്തന്‍ രൂപത്തിലവതരിക്കുന്നു. വംശശുദ്ധിയുടെ പേരില്‍ സമുദായം ആളുകളെ പുറന്തള്ളുന്നു. വിവേചനങ്ങള്‍ക്കിരയാകുന്നവരെ ആദരവോടെ സ്വീകരിക്കാനോ ദൈവം അവരോടൊപ്പമാണെന്ന് മനസ്സിലാക്കാനോ വിവേചനങ്ങള്‍ക്കെതിരെ നിലപാടെടുക്കാനോ വൈദികര്‍ക്ക് കഴിയുന്നില്ല. വേദനിക്കുന്നവരോടൊത്തു വേദനിക്കുക വൈദികര്‍ക്ക് അസാധ്യമാകുന്നു. വേദനിക്കുന്നവന്റെ മുന്നില്‍ അലിയുന്ന ഹൃദയമാണ് സാധാരണക്കാരുടേത്. വൈദികരുടെ ഹൃദയം കഠിനമായിരിക്കുന്നല്ലോ!
പീഡിതജനങ്ങളുമായി മാനസികമോ വൈകാരികമോ ആയ അടുപ്പമില്ലാത്തതിനാല്‍ അവരുടെ അവകാശനിഷേധത്തിനു കാരണമായ ശക്തികളെയും സംവിധാനങ്ങളെയും സഭയിലും പൊതുസമൂഹത്തിലും തിരിച്ചറിയാനോ അവയെ ചെറുക്കാനോ വൈദികസമൂഹം അശക്തമാണ്. സഭയും മതവും അധികാരവുമൊക്കെ മനുഷ്യമോചനത്തിനു വേണ്ടിയാണെന്ന വിചാരംപോലും വൈദികര്‍ക്കില്ല. മതസംവിധാനങ്ങളോടും നിയമങ്ങളോടും അവര്‍ക്ക് അന്ധമായ വിധേയത്വമാണ്. സഭാ സംവിധാനങ്ങളിലും അധികാരങ്ങളിലും എന്ത് അധര്‍മ്മം കണ്ടാലും ചൂണ്ടിക്കാണിക്കാനോ തുറന്നു പറയാനോ ഭൂരിപക്ഷം വൈദികരും തയ്യാറല്ല; ഭീരുക്കളാണവര്‍. ആരെയോ എന്തിനെയോ പേടിച്ചു കഴിയുന്നു. ദൈവത്തിന്റെയും വിശുദ്ധരുടെയും പേരില്‍ ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്തു തിരുനാളും നൊവേനയുമൊക്കെ വഴി പള്ളിക്കു പണമുണ്ടാക്കാന്‍ വിരുതരാണവര്‍. യേശുവിനെയോ ദൈവത്തെയോ വൈദികര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നല്ലേ ഇതിനര്‍ത്ഥം? അവര്‍ക്ക് ഈശ്വരാനുഭവമുണ്ടോ? എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. പിന്നെന്ത് ആത്മീയത!
ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക സാഹചര്യത്തില്‍ ദൈവത്തിന്റെ ഹിതം തിരിച്ചറിയാനും യേശുവിന്റെ മാതൃകയില്‍ അതു കാലോചിതമായി ജീവിക്കാനും ഒറ്റക്കും സംഘാതമായും വൈദികര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. പീഡിത സമൂഹങ്ങളോടുള്ള ഉറ്റബന്ധത്തിലും ആഴമായ ദൈവാനുഭവത്തിലും നിന്ന് ഉളവാകുന്ന സമൂല പരിവര്‍ത്തനം സഭയിലും വൈദിക ജീവിതത്തിലും ഉണ്ടായാലേ അവര്‍ക്ക് ആത്മീയതയുണ്ടെന്നോ അവര്‍ ക്രിസ്തീയ പുരോഹിതരാണെന്നോ പറയാനാവൂ.
ഫാ. ജോസഫ് മേക്കര
(ഫെര്‍മെന്റ്റ് എന്നാ പ്രസധീകരണത്തില്‍ നിന്ന്)
No comments:
Post a Comment