ഞായറാഴ്ചയാണ് അങ്ങാടിയത്ത് പിതാവിന്റെ ക്നാനായ സമുദായംഗങ്ങള്‍ക്കായുള്ള ഇടയലേഖനം അമേരിക്കയിലെ ക്നാനായ മിഷനുകളില്‍ വായിച്ചത്. ഹൃസ്വവും, വ്യക്തവുമായ ഇതിലെ നിര്‍ദ്ദേശങ്ങളെ ചുറ്റിപറ്റി ഇപ്പോള്‍തന്നെ വ്യാഖ്യാനങ്ങളും ദുര്വ്യാഖ്യാനങ്ങളും നിലവിലുണ്ട്. ഈ ഇടയലേഖനം തന്നെ ഒരു ഭാവനാസൃഷ്ടിയാണെന്ന തരത്തില്‍ ഒരു മാന്യദ്ദേഹത്തിന്റെ കമന്റ് ഇന്ന് ഈ ഫോറത്തില്‍ കണ്ടു. ബഹുജനം പലവിധം.
ഇതിനെ വളച്ചൊടിക്കാനുള്ള കഠിനാദ്ധ്വാനം പിന്നാമ്പുറത്ത് നടക്കുന്നുണ്ട്. അതുകൊണ്ട്, മുന്‍വിധികളില്ലാതെ ഇതിനെ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിവിടെ.
ഈ ഇടയലേഖനത്തിന്റെ, അവിടെനിന്നും ഇവിടെനിന്നുമുള്ള ചില വാക്കുകളോ, വാചകങ്ങളോ മാത്രം അടര്‍ത്തിയെടുത്ത് സര്‍ക്കസ് നടത്താതെ ഇതിനെ സമഗ്രമായി മനസ്സിലാക്കാനുള്ള എളിയ ശ്രമമാണിത്.
കേരളത്തിലെ മറ്റു പല സമുദായങ്ങളിലും, പുരുഷനായ സമുദായാംഗം സമുദായം മാറി വിവാഹം ചെയ്‌താല്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പുരുഷന്റെ സമുദായത്തിലെ അംഗങ്ങളാകും. സ്ത്രീസ്വാതന്ത്ര്യതിന്റെയും, സ്ത്രീശാക്തീകരണത്തിന്റെയും ഈ കാലഘട്ടത്തിലും, ഇന്ത്യയിലെ നിയമം പോലും ഈ സംവിധാനത്തിന് പിന്തുണ നല്‍കുന്നു. എന്നാല്‍ അതേ സമുദായത്തിലെ സ്ത്രീ മറ്റൊരു സമുദായത്തിലെ പുരുഷനെ വിവാഹം കഴിച്ചാല്‍ സ്ത്രീയും മക്കളും പുരുഷന്റെ സമുദായത്തിലെ അംഗങ്ങളായി മാറും.
ഇവിടെ സമുദായത്തിലെ അംഗത്വം അല്ല വിഷയം. ഇടവകാംഗത്വമാണ്. ഇത് രണ്ടും തമ്മില്‍ കൂട്ടിക്കുഴച്ചു ആശയക്കുഴപ്പം ഉണ്ടാക്കരുത്.
അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം ശ്രദ്ധിച്ചു വായിച്ചാല്‍ താഴെപറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാം:
- അമേരിക്കയിലെ സീറോ മലബാറിന്റെ കീഴിലുള്ള ഒരു ഇടവകയും, മിഷനും എന്‍ഡോഗമസ് അല്ല.
- സമുദായത്തിനു വെളിയില്‍ നിന്നും വിവാഹം കഴിക്കുന്ന ക്നാനായ സമുദായംഗത്തെ സ്വന്തം ഇടവകയില്‍ നിന്നും വെളിയിലാക്കാന്‍ പാടുള്ളതല്ല. (ഇത് പുരുഷന് മാത്രമല്ല സ്ത്രീയ്ക്കും ബാധകമാണ് എന്ന് പ്രത്യേകം പറയുന്നില്ലെങ്കിലും ഇനി വരുന്ന ഭാഗത്ത് നിന്ന് വ്യക്തമാണ്).
- സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം ചെയ്ത ക്നാനായ സമുദായാംഗമായ സ്ത്രീയ്ക്കും പുരുഷനും സീറോ മലബാര്‍ ഇടവക സ്വാഗതമരുളുമെങ്കിലും, അവര്‍ ആഗ്രഹിക്കുന്ന പക്ഷം സ്വന്തം ഇടവകയില്‍/മിഷനുകളില്‍ അംഗങ്ങളായി തുടരാന്‍ അവര്‍ക്ക് സാധിക്കും. അവരുടെ ജീവിതപങ്കാളിയും കുട്ടികളും ക്നാനായ ഇടവകയിലെ അംഗങ്ങളായിരിക്കും.
മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അക്ഷരം പോലും മിണ്ടാതെ, അതിനു ശേഷമുള്ള വാക്കുകള്‍ എടുത്തു അമ്മാനമാടി, മൂലക്കാട്ട് പിതാവ് പറഞ്ഞത് തന്നെയാണ് അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നതെന്ന് സ്ഥാപിക്കാനുള്ള പാഴ്ശ്രമങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
ജാഗ്രതൈ.
അലക്സ് കണിയാംപറമ്പില്‍
No comments:
Post a Comment