ക്നാനയക്കാര്‍ ഉള്‍പ്പെടുന്ന കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിന്റെ മരണമണി മുഴങ്ങിയത് 1599 ഫെബ്രുവരി ഒന്നാം തിയതിയാണ്. അന്ന് ഡോം ഫ്രേ അലക്സിസ് മെനെസിസ് എന്ന പോര്‍ത്തുഗീസുകാരനായ ഗോവന്‍ മെത്രാപ്പോലീത്ത ഗോവയില്‍ നിന്നും കൊച്ചിയിലെത്തി. ഇന്ത്യയില്‍ വരുന്നതിനു മുമ്പ് ലിസ്ബണിലെ അഗസ്തീനിയന്‍ ആശ്രമത്തിന്റെ തലവനായിരുന്നു ഇദ്ദേഹം. ഗോവയിലെ മെത്രാപ്പോലീത്ത എന്നതിലുപരി, ഇന്ത്യയിലെ പറങ്കി ഗവണ്‍മെന്റിന്റെ വൈസ്രോയി സ്ഥാനത്തിന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഇദ്ദേഹം.
അദ്ദേഹം കേരള ക്രിസ്ത്യാനികളെ മൊത്തം റോമിലെ പരിശുദ്ധ സിംഹാസനത്തില്‍ കീഴിലായി പ്രഖ്യാപിച്ചു. അന്ന് മുതല്‍ നമ്മുടെയെല്ലാം പൂര്വികര്‍ക്ക് അടിമത്തത്തിന്റെ ദിനങ്ങളായിരുന്നു. എല്ലാ തീരുമാനങ്ങളും മെനെസിസ് എടുക്കും, നടപ്പിലാക്കും, അടിമകള്‍ മറുത്തൊരക്ഷരം പറയാതെ അനുസരിക്കും. ഈ അവസ്ഥ അമ്പത്തിനാല് വര്‍ഷക്കാലം തുടര്‍ന്നു. 1653 ജനുവരി മൂന്നാം തിയതി മട്ടാഞ്ചേരിപ്പള്ളിയുടെ മുമ്പില്‍ വച്ച് നടന്ന കൂനന്കുരിശു സത്യത്തോടെ പലരും മെനെസിസിന്റെ നുകത്തിന്‍ കീഴില്‍ നിന്ന് വേര്‍പിരിഞ്ഞു.
നുകത്തിന്‍ കീഴില്‍ തുടര്ന്നവരാണ് സീറോ-മലബാര്‍ കത്തോലിക്കാ സഭാംഗങ്ങള്‍. ക്നാനായ കത്തോലിക്കരും അതില്‍ ഉള്‍പ്പെടുന്നു.
അന്നുമുതല്‍ യാതൊരു സ്വാതത്ര്യവും ഇല്ലാതെ കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ കഴിഞ്ഞുകൂടി. സഭയിലെ പിതാക്കന്മാര്‍ക്ക് അല്മായരോട് യാതൊരു താല്പര്യവും ഇല്ലായിരുന്നു. റോമിന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുന്ന അധികാരികള്‍ മാത്രമാണവര്‍. അങ്ങിനെയാണ് പുതിയ കാനോന്‍ നിയമം അനുസരിച്ച്, നമ്മുടെ കാരണവന്മാര്‍ ധനവും വിയര്‍പ്പും മുടക്കി ഉണ്ടാക്കിയ സ്ഥാപനങ്ങളും, സമ്പത്തുമെല്ലാം റോമിന്റെ സ്വന്തമാകുന്നത്.
ക്നാനായക്കാര്‍ അടിമകളില്‍ തന്നെ രണ്ടാംതരക്കാരായിരുന്നു. അത് സഹിക്കാന്‍ വയ്യാതെയാണ് മാക്കീല്‍ പിതാവിന്റെ ശ്രമഫലമായി ക്നാനയക്കാര്‍ക്ക് മാത്രമായി 1911-ല്‍ ഒരു വികാരിയത് (പിന്നീട് രൂപതയും അതിരൂപതയും) ലഭിക്കുന്നത്. നൂറു വര്ഷം മുമ്പ് ലഭിച്ച ആ ചെറിയ ഇടത്തില്‍, ആര്‍ക്കും ശല്യം ചെയ്യാതെ സമുദായത്തിന്റെ വംശശുദ്ധിയില്‍ വിശ്വസിച്ച്, അത് കാത്തുസൂക്ഷിച്ചുപോന്നു. അതിലേറെ സ്വാതന്ത്ര്യത്തോടെ, ക്നാനായ യാക്കൊബാക്കാര്‍ ചിങ്ങവനം ഭദ്രാസനത്തിന്റെ കീഴിലും തുടര്‍ന്നുവന്നു. വംശശുദ്ധിയുടെയും, സ്വവംശവിവാഹനിഷ്ഠയുടെയും കാര്യത്തില്‍ ഇരുകൂട്ടരും ഒരു പോലെ. പരസ്പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവന്നു.
വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ കാരണം അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം എന്ന് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞത് എത്ര ശരി!
ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ ആരംഭം മുതല്‍ ക്നാനായ നേര്സ്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു, എഴുപതുകളില്‍ അതൊരു പ്രവാഹമായപ്പോള്‍ സഭാധികാരികളുടെ ഡോളറിനോടുള്ള ആര്‍ത്തി മൂത്തു. അവരുടെ സമ്പാദ്യത്തിന്റെ വിഹിതം എങ്ങിനെയും കൈക്കലാക്കണമെന്ന ദുഷ്ടലാക്കോടെ, വൈദികരെ അങ്ങോട്ട് അയക്കാന്‍ ശ്രമിച്ചു. അവിടം മുതല്‍ നമുക്ക് തിരിച്ചടികളും ലഭിക്കാന്‍ തുടങ്ങി.
സ്വവംശവിവാഹനിഷ്ട ലംഘിക്കുന്നവരെ സ്വന്തം ഇടവകയില്‍ നിന്നും പുറത്താക്കുന്ന കേരളത്തിലെ രീതി അമേരിക്കയില്‍ നടപ്പാക്കാന്‍ സാധിക്കില്ല എന്ന് അമേരിക്കയിലെ കര്‍ദ്ദിനാള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്‍ഡോഗമിയില്‍ വെള്ളം ചേര്ക്കുന്നതിലും ഭേദം ക്നാനായ മിഷനുകള്‍ അടച്ചുപൂട്ടി വൈദികരെ തിരിച്ചു വിളിക്കുന്നതാണ് തനിക്കിഷ്ടം എന്ന് കുന്നശ്ശേരി പിതാവ് അന്നു വീമ്പിളക്കിയെങ്കിലും, അങ്ങിനെയൊന്നും ചെയ്യാന്‍ അദ്ദേഹം ധൈര്യമോ മാന്യതയോ കാണിച്ചില്ല.
അവിടെ നിന്നങ്ങോട്ടു പൊതുജനത്തിനെ വിഡ്ഢികളാക്കുന്ന കള്ളക്കളികളായിരുന്നു നടന്നുവന്നത്. ഇക്കാര്യത്തില്‍, അമേരിക്കയിലെത്തിയ സകല ക്നാനായവൈദികരും, രൂപതാദ്ധ്യക്ഷന്മാരും ഒറ്റകെട്ടായിരുന്നു.
വിശ്വസിക്കാന്‍ എന്തെങ്കിലും ഒരു നുണ പറഞ്ഞുതരൂ എന്ന മട്ടിലായിരുന്നു, അമേരിക്കയിലെ ക്നാനായ കത്തോലിക്കാ അടിമകള്‍. അവര്‍ക്ക് വിഴുങ്ങാന്‍ ലോഭമില്ലാതെ നുണകള്‍ അല്ത്താരകളില്‍ നിന്നും പ്രസംഗപീഠങ്ങളില്‍ നിന്നും വര്ഷിച്ചുകൊണ്ടുമിരുന്നു. പാവം അടിമ അതെല്ലാം അപ്പടി വിശ്വസിച്ചു.
ഇന്നലെ കേട്ട ഇടയലേഖനത്തില്‍ നിന്നും മനസ്സിലായതില്‍ നിന്നും അവനു ഇത്രയും ഗ്രഹിക്കാനൊത്തു – അവന്റെ സങ്കല്‍പ്പത്തിലെ ക്നാനായസമുദായം അവസാനം അന്ത്യശ്വാസം വലിച്ചു.
അവനു കരണീയമായി ഇനി വളരെ ചുരുക്കം കാര്യങ്ങളെ ഉള്ളൂ.
മിണ്ടാതെ, ശബ്ദിക്കാതെ, അനുസരണയുള്ള രണ്ടാം തരാം അടിമയായി, കത്തോലിക്കാ നുകത്തിന്‍ കീഴില്‍, മുത്തോലം പറയുന്നത് കേട്ട്, ആഞ്ഞാപിക്കുമ്പോഴൊക്കെ മടിശീല തുറന്നു ഉദാരമായി സംഭാവനകള്‍ നല്‍കി സന്തോഷത്തോടെ ജീവിക്കുക.
ബന്ധങ്ങള്‍ വേര്പെടാതോര്‍ക്കണമെപ്പോഴും തുടങ്ങിയ പാട്ടുകള്‍ പാടാതെ നല്ല സിനിമാപാട്ടുകള്‍ പാടി കള്ളും പോത്തിറച്ചിയും തിന്നു ജീവിതം ആഘോഷിക്കുക.
കത്തോലിക്കാസഭയുടെ അടിമത്വത്തിന്‍ കീഴില്‍ ഇനിയില്ല എന്ന് തീരുമാനിച്ച്, ചിങ്ങവനത്ത് ചെന്ന് അംഗത്വത്തിന് അപേക്ഷ കൊടുക്കുക.
ഇതൊന്നും സംഭവിക്കുകയില്ല. അടിമത്വം നൂറ്റാണ്ടുകളായി ഒരു ജീവിതശൈലി ആയിപ്പോയ നമുക്ക്, നമ്മെ തൊഴിക്കാന്‍ യജമാനന്മാരായ പിതാക്കന്മാരും അച്ചന്മാരും ഇല്ലെങ്കില്‍, ജീവിതം ദുസ്സഹമാണ്.
നമുക്ക് നല്ല രണ്ടാംതരം അടിമകളായി ജീവിക്കാം.
ആമേന്‍!
അലക്സ് കണിയാംപറമ്പില്‍
No comments:
Post a Comment