Monday, December 10, 2012

ക്‌നാനായ അതിരൂപതയെ എന്തിനിങ്ങനെ മുള്മുനയില്‍ നിര്ത്തുന്നു.

ക്‌നാനായകത്തോലിക്കാ കോണ്‍ഗ്രസ് 4-11-2012 ന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ഇടയ്ക്കാട്ട് ഫോറോനായിലെ കെ.സി.സി യൂണിറ്റ് ഭാരവാഹികളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. അംഗങ്ങളുടെ ഒപ്പുശേഖരണമായിരുന്നു മുഖ്യ അജണ്ട. കെ.സി.സി. കേന്ദ്ര പ്രതിനിധി നല്‍കിയ വിശദീകരണത്തില്‍, കോട്ടയം ആര്‍ച്ചു ബിഷപ്പിന് ലോകമാസകലമുള്ള ക്‌നാനായ കത്തോലിക്കരുടെമേല്‍ അജപാലനാധികാരം ലഭിക്കണമെന്നും, കെ.സി.സി മുന്നോട്ടുവച്ച സ്വയാധികാരസഭയെന്ന ആവശ്യം ഉന്നയിച്ചാല്‍ പല പ്രശ്‌നങ്ങളുണ്ടെന്നും, കൂടാതെ കൂട്ടഒപ്പിടീല്‍ എന്നത് സഭാശൈലിയല്ലന്നും യോഗത്തെ അറിയിക്കുകയുണ്ടായി.

സ്വയാധികാരം എന്ന ആവശ്യം ഒഴിവാക്കി നിര്‍ത്തിയിട്ട്, വിവിധ രാജ്യങ്ങളിലായി കഴിയുന്ന മുഴുവന്‍ കത്തോലിക്കരുടെമേലും അധികാരമുള്ള ഒരു ആര്‍ച്ചുബിഷപ്പ് സ്ഥാനം എന്നത് കത്തോലിക്കാ ഭരണസംവിധാനങ്ങളിലൊന്നിലും ഇന്നു നിലവിലില്ല. എന്നാല്‍, ഇങ്ങനെ ഒരു അധികാരം ലഭിക്കുന്നതിനെയാണ് സ്വയാധികാരസഭ എന്നു പറയുന്നത്. ഇങ്ങനെ ഒരു സൗകര്യം ആവശ്യപ്പെടാതെ വിവിധ രാജ്യങ്ങളിലുള്ള പ്രത്യേക വിഭാഗത്തിന്റെമേല്‍ ഒരു ആര്‍ച്ചിബിഷപ്പിന് അധികാരം വേണമെന്നത് അനുവദനീയമല്ല. കോട്ടയം അതിരൂപത ഒരു സ്വയാധികാരസഭ ആയെങ്കില്‍ മാത്രമേ ലോകമെങ്ങുമുള്ള ക്‌നാനായക്കാരുടെമേല്‍ കോട്ടയം മെത്രാന് ഒരു പരിധിവരെയെങ്കിലും അധികാരം ലഭിക്കുകയുള്ളു. ഇപ്രകാരം, ഒരു സ്വയാധികാരസഭയായ മലങ്കരകത്തോലിക്കാസഭയ്ക്ക് അമേരിക്കയില്‍ എക്‌സാര്‍ക്കേറ്റും അതിനൊരു മെത്രാനെയും അനുവദിച്ചുകിട്ടിയത് മാര്‍പാപ്പയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു.  അതാണ് കാനോന്‍ നിയമത്തിലെ വ്യവസ്ഥയും (CCEO 311:2) ഇത്രമാത്രം സങ്കീര്‍ണമായ നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പരിശ്രമത്തിനായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കുറേകൂടി ജാഗ്രതയും പഠനവും നടത്തേണ്ടിയിരുന്നു. ഇപ്രകാരം സ്ഥാപിക്കപ്പെടുന്ന സ്വയാധികാരസഭകള്‍ മാര്‍പാപ്പയുടെ നേരിട്ടുളള ഭരണത്തിന്‍ കീഴിലാണ്. ഈ വിധം വ്യവസ്ഥാപിതമായ ഒരു സ്വയാധികാരസഭയാണ് നമ്മള്‍ ആവശ്യപ്പെടേണ്ടത്.

ക്‌നാനായ സമുദായം സ്വയാധികാരസഭയാകാനുള്ള പരിശ്രമങ്ങള്‍ തുടരണം എന്ന് 29-3-2012ല്‍ നടന്ന പാസ്റ്ററല്‍-പ്രിസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ സംയുക്തയോഗം പ്രമേയമവതരിപ്പിച്ചത് മൂലക്കാട്ട് പിതാവിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു എന്നു നാം ഓര്‍ക്കണം. കെ.സി.സി ഉന്നയിച്ച സ്വയാധികാര ആവശ്യത്തിന് മുന്‍പില്‍ കയറിനിന്ന് അതിന് തടസം സൃഷ്ടിക്കുകയായിരുന്നു അഭിവന്ദ്യപിതാവിന്റെ  അന്നത്തെ ലക്ഷ്യമെന്ന് ഇന്ന് മനസിലാകുന്നു. കോട്ടയം അതിരൂപതയുടെ സ്വയാധികാര ആവശ്യത്തിന്മേല്‍ വൈരുദ്ധ്യമാര്‍ന്ന നിലപാട് മുലക്കാട്ട് പിതാവ് സ്വീകരിക്കുന്നതായി ഇന്നും കാണുന്നു. ചിക്കാഗോയിലെ വിവാദപ്രസംഗം കഴിഞ്ഞ് കെ.സി.സിയുമായി നടന്ന ചര്‍ച്ചയില്‍ പിതാവ് പറഞ്ഞത്, കോട്ടയം അതിരൂപതയ്ക്ക് സ്വയാധികാരം ലഭിച്ചാല്‍ ഇന്നുള്ള പ്രശ്‌നങ്ങള്‍ തീരുമെന്നാണ്. അതിനായി ഇനിയും ലോകമെമ്പാടും കൂടുതല്‍ പള്ളികള്‍ നാം ഉണ്ടാക്കണമെന്നും പറഞ്ഞിരുന്നു. ഇങ്ങനെ ഒരു പ്രഖ്യാപനം അന്നു നടത്തിയത് തല്ക്കാലം സമുദായത്തെ മയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. അപ്നാദേ ശിലൂടെയും സ്വയാധികാരത്തിന്റെ ആവശ്യം പിതാവ് ആവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. ചൂളപറമ്പില്‍ പിതാവിന്റെ കാലത്ത് സ്വയാധികാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോമിലേക്ക് കത്തുകള്‍ അയച്ചുകൊണ്ടിരുന്നപ്പോള്‍, ഇന്ന് കാണുന്ന ഈ കേരളം അന്ന് മൂന്ന് നാട്ടുരാജ്യങ്ങളായിരുന്നു എന്നും നാം ഓര്‍ക്കണം. നാമമാത്രമായ പള്ളികള്‍ ഉണ്ടായിരിക്കുകയും കൂടുതല്‍ പള്ളികള്‍ വെയ്ക്കുവാന്‍ സാദ്ധ്യത ഇല്ലാതെയുമിരുന്ന കാലത്താണ് ചൂളപറമ്പില്‍ പിതാവ് സ്വയാധികാര സഭയ്ക്കുവേണ്ടി ശ്രമിച്ചത്.

തന്റെ അതിരൂപത മാര്‍പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ വരുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മൂലക്കാട്ട് പിതാവ് തന്നെ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചുതുടങ്ങണം. അതിനായി സീറോ മലബാര്‍ സിനഡിന്റെ പിന്തുണ ഉറപ്പാക്കണം. എക്കാലത്തും നമ്മോട് അനുഭാവം പ്രകടിപ്പിക്കുന്ന ലത്തീന്‍ ബിഷപ്പുമാരുടെ പിന്തുണ നേടുകയും വേണം, പൗരസ്ത്യ തിരുസംഘത്തില്‍ സ്വാധീനമുണ്ടാക്കണം. ഇതെല്ലാം ഒരു ആര്‍ച്ചു ബിഷപ്പിന് ചെയ്യാവുന്നതും ചെയ്യേണ്ടതുമായ ഉത്തരവാദിത്വങ്ങളില്‍പ്പെടുന്നതാണ്. ഇക്കാര്യത്തിന് ഇടംവലം നോക്കേണ്ട ആവശ്യമില്ല. അതേ സമയം തന്നെ കാനോന്‍ നിയമത്തിലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകളിലും, സഭാ-സമുദായ ചരിത്രത്തിലും, പഴയ-പുതിയ നിയമ വേദപുസ്തകങ്ങളിലും നമ്മുടെ സാമുദായികമായ നിലപാടിന് അനുകൂലമായ നിയമസംവിധാനങ്ങളുണ്ട്. ബന്ധപ്പെട്ടവര്‍  അത് പഠിക്കുകയും തെക്കുംഭാഗ അതിരൂപതയുടെ നന്മയ്ക്കായി വിനിയോഗിക്കുകയും വേണം. നമ്മെ ഞെരുക്കുന്ന സീറോമലബാര്‍ ഹയരാര്‍ക്കിയുടെ നയം തിരുത്തുവാന്‍ അഭി: മൂലക്കാട്ടു പിതാവുതന്നെ മുന്നിട്ടിറങ്ങിയേ മതിയാകൂ. സീറോമലബാര്‍ സിനഡിലെ സ്ഥിര അംഗവും ആലഞ്ചേരി പിതാവിന്റെ വലംകൈയും ആയിരിക്കുന്ന കോട്ടയം പിതാവിന് സ്വന്തം മക്കള്‍ക്ക് അര്‍ഹതപെട്ടത് നേടാന്‍ ആവുന്നില്ലെങ്കില്‍ രാജ്യവും ശക്തിയും മഹത്വവും എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത്?

കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ ഉറഹാ മാര്‍ യൗസേപിന്റെയും സുറിയാനി ആരാധനാക്രമത്തിന്റെയും പിന്തുടര്‍ച്ചാവകാശിയാണ്. അതിനാല്‍ പൗരസ്ത്യ കാനോന്‍ നിയമം കോട്ടയം രൂപതയ്ക്കാണ് ബാധകമാകുന്നത്. മറ്റു സീറേമലബാര്‍ രൂപതകള്‍ക്ക്, മലങ്കരയില്‍ നിലനിന്നിരുന്നു എന്നു പറയുന്ന മാര്‍ത്തോമ്മായുടെ നിയമമാണ് ബാധകമായിട്ടുള്ളത്. മാര്‍ത്തോമ്മായുടെ നിയമത്തില്‍ മെത്രാന്മാര്‍ക്ക് നാമമാത്ര അധികാരമേ ഉള്ളൂ എന്ന കാരണത്താല്‍ പൗരസ്ത്യ കാനോനന്‍ നിയമം ആവാഹിച്ചെടുത്തിരിക്കുകയാണ് സീറോമലബാര്‍ മെത്രാന്മാര്‍. അലക്‌സാണ്ഡ്രിയാ, അന്ത്യോഖ്യാ, അര്‍മ്മേനിയ, കല്‍ദായ, കോണ്‍സ്റ്റാന്റിനോപ്പിള്‍,  എന്നീ സഭകള്‍ക്ക് മാത്രമാണ് പൗരസ്ത്യ കാനോന്‍ നിയമം ബാധകമായിട്ടുള്ളത് (CCEO 28:2). അതായത് പൗരസ്ത്യ കാനോന്‍ നിയമത്തില്‍ ഭാരതത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. പൗരസ്ത്യ ദേശത്തുനിന്നും വേദപ്രചരണാര്‍ത്ഥം മല ങ്കരയില്‍ കുടിയേറിയ ക്‌നാനായ സമുദായക്കാര്‍ക്കു മാത്രമാണ് ഇവിടെ പൗരസ്ത്യ കാനോന്‍ നിയമം ബാധകമാകുന്നത്. പൗരസ്ത്യ കാനോന്‍ നിയമം ബാധകമല്ലാത്ത അമേരിക്കയിലെ അങ്ങാടിയത്ത് പിതാവിനോട് അമേരിക്കന്‍ ക്‌നാനായക്കാരുടെമേല്‍ പൗരസ്ത്യ കാനോന്‍ നിയമപ്രകാരം ഏര്‍പ്പടുത്തിയിരിക്കുന്ന റിസ്‌ക്രിപ്റ്റ് നടപ്പിലാക്കണം എന്നു പറയുന്നത് നിയമപരമായി നിലനില്‍പില്ലാത്ത കാര്യമാണ്. പൗരസ്ത്യ കാനോന്‍ നിയമപ്രകാരം കോട്ടയം മെത്രാന് ലോകമെങ്ങുമുള്ള ക്‌നാനായക്കാരുടമേല്‍ അധികാരം ലഭിക്കുന്നതാണ്.  പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ ദൈവശാസ്ത്ര നിഘണ്ടുവില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്; സീറോമലബാര്‍ സഭയിലെ പ്രത്യേക നിയമങ്ങള്‍ ഈ പൊതുനിയമസംഹിതയുടെ (പൗരസ്ത്യ കാനോന്‍ നിയമം) വെളിച്ചത്തില്‍  ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.  ഇക്കാര്യത്തില്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മികവും  സാമൂഹികവുമായ ജീവിത ശൈലിയുടെ സാരസത്തായ മാര്‍ത്തോമ്മാ മാര്‍ഗ്ഗം അടിസ്ഥാന പ്രമാണമായിരിക്കണം. (പേജ് 326) നോക്കു മര്‍ത്തോമ്മാ നിയമംതിരികെ കൊണ്ടുവരണമെന്നാണ് പാലാ ബിഷപ്പിന്റേയും നിലപാട്.

റോമിലേക്ക് അയയ്ക്കുന്ന ഹര്‍ജിയില്‍ പ്രാദേശിക മെത്രാന്‍സംഘത്തിന്റെ അനുമതി ഉണ്ടോ എന്നാണ് പൗരസ്ത്യ തിരുസംഘം ആദ്യമേ നോക്കുക. ഒപ്പില്ലാത്ത ഒരു ഹര്‍ജിയും ഔദ്യോഗിക ഫയലില്‍ കാണുകയില്ല. ഇവിടെ കെ.സി.സിക്കു വേണ്ടി കൊല്ലാപറമ്പിലച്ചനാണ് ഹര്‍ജി  തയ്യാറാക്കിയിരിക്കുന്നത്. ശരിയാണ്, കെ.സി.സി.ക്കുവേണ്ടി  കൊല്ലാപറമ്പില്‍ അച്ചനോട്  മൂലക്കാട്ടുപിതാവ് ആവശ്യപ്പെട്ടത് തയ്യാറാക്കികൊടുത്തു എന്നുമാത്രം. ക്‌നാനായ സമുദായത്തിന്റെ നേതാക്കള്‍ റോമില്‍ സമര്‍പ്പിക്കുന്ന രേഖയ്ക്ക് നിയമ സാധ്യതയും സമുദായമെത്രാന്റെ രേഖാമൂലമുള്ള പിന്തുണയും ഉറപ്പാക്കേണ്ടിയിരുന്നു. അതില്ലാത്തതിനൊന്നും നിലനില്പ്പില്ലന്ന് കൊല്ലാപറമ്പില്‍ അച്ചനറിയാം. അതിരൂപതാ കേന്ദ്രത്തില്‍ മറ്റൊരു ചരിത്രകാരനെ പകരം കണ്ടെത്താതെ മൂലക്കാട്ടു പിതാവ് കൊല്ലാപറമ്പിലച്ചനെ വിയാനിഹോമിലാക്കിയത് ചിലതൊക്കെ മനസ്സില്‍ കണ്ടുകൊണ്ടുതന്നെയാണല്ലോ.
കോട്ടയം അതിരൂപത സ്വയാധികാര സഭയായാല്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നമായി അതിരൂപതാ നേതൃത്വം ഇപ്പോള്‍ പറയുന്നത്; വടക്കുംഭാഗത്തില്‍ നിന്നും വിവാഹം കഴിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നാണ്. എന്താണ് ബുദ്ധിമുട്ട് എന്നു പറഞ്ഞിട്ടില്ല. മകന്‍ വിദേശത്ത് ജോലിക്ക് പോയാല്‍ അടുത്ത വീട്ടിലെ പയ്യന്റെ കൂട്ടിന് ആരുണ്ടാകും എന്നുവിചാരിക്കുന്നതു പോലെയാണിത്. ഇക്കാര്യങ്ങളിലെല്ലാം കത്തോലിക്കാ നിയമസംവിധാനങ്ങളില്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ടെന്ന് മൂലക്കാട്ടു പിതാവിന് അറിയാവുന്ന കാര്യമാണ്.  സ്വയാധികാരികളായ ലത്തീന്‍കാരിയെയോ, മലങ്കര കത്തോലിക്കരെയോ ക്‌നാനായക്കാരന്‍ വിവാഹം ചെയ്താല്‍ എന്താണ് സംഭവിക്കുന്നത്, അതുതന്നെ വടക്കുംഭാഗ വിഭാഗത്തില്‍നിന്നും വിവാഹം ചെയ്താലും സംഭവിക്കും. അതിനെപറ്റി നാം ഉള്ളുനീറേണ്ട കാര്യമില്ല. ക്‌നാനായക്കാരുടേതിലും കൂടുതല്‍ പള്ളികളും വൈദികരും വടക്കുംഭാഗക്കാര്‍ക്കുതന്നെയാണ്. ഇതിനൊക്കെയുള്ള പരിഹാരം സഭാനിയമത്തില്‍ ഉള്ളതുകൊണ്ടുതന്നെയാണ് 1911 ല്‍ കോട്ടയം തെക്കുംഭാഗ വികാരിയത്ത് മാര്‍പാപ്പ അനുവദിച്ചതുതന്നെ.  ബിജു ഉതുപ്പ് കേസില്‍ രണ്ടുതവണ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചതുമാണ്. ആദ്യതീരുമാനപ്രകാരമുള്ള സ്വയാധികാരസഭയ്ക്കായി ഒപ്പുശേഖരണം നടത്തി റോമിലേക്ക് അയയ്ക്കുകയായിരുന്നു ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത്. അപ്പോള്‍ വത്തിക്കാന്‍ അതിനെപ്പറ്റി ഗൗരവമായി ചിന്തിക്കുമായിരുന്നു. ആര്‍ച്ചുബിഷപ്പ് തലവനായുള്ള ഒരു വ്യക്തിഗത അതിരൂപതയിലെ മുഴുവന്‍ ജനവും തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും തിരുസഭയുടെ തലവനെ അറിയിക്കുമ്പോള്‍, വേണ്ടിവന്നാല്‍ ഒരു കമ്മീഷനെ വത്തിക്കാന്‍ ഇവിടേയ്ക്ക് അയയ്ക്കുമായിരുന്നു. ഇത്തരം ഇടപെടലുകള്‍ കത്തോലിക്കാസഭയില്‍ പുതുമയല്ല.

ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ (ഫരീദാബാദ് രൂപത) സീറോമലബാര്‍ സഭയ്ക്ക് ലഭിച്ച രൂപതാദ്ധ്യക്ഷന്‍ ക്‌നാനായ കത്തോലിക്കരെ ഒരു തരത്തിലും സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ക്‌നാനായക്കാര്‍ക്കുവേണ്ടി കുര്‍ബ്ബാന ചൊല്ലിയിരുന്ന ഇടങ്ങളില്‍ അതനുവദിക്കുന്നില്ല, മറ്റ് മിഷന്‍ സെന്ററുകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം കൊടുക്കുന്നില്ല. എന്തിന് കൂടാര യോഗങ്ങളില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അവിടുത്തെ ക്‌നാനായ വൈദികനെ ബുദ്ധിമുട്ടിക്കുന്നു. ക്‌നാനായക്കാരില്ലാത്ത ഒരു സീറോമലബാര്‍ ഇടവകയിലേയ്ക്ക് അദ്ദേഹത്തെ ഇപ്പോള്‍ വികാരിയായി അയച്ചിരിക്കുന്നുപോലും. ചുരുക്കത്തില്‍ സീറോമലബാര്‍ സഭയ്ക്ക് മൊത്തമായി പ്രവര്‍ത്തന സ്വാതന്ത്രൃം ലഭിച്ചപ്പോള്‍ അതിലെ ന്യൂനപക്ഷമായ ക്‌നാനായക്കാരെ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഡല്‍ഹില്‍ നിന്നുവന്ന് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ വിഷമസന്ധിയില്‍ ഞാന്‍ നിസ്സഹായനാണെന്നും  എനിക്ക് അധികാരമില്ലെന്നും, മൂലക്കാട്ടുപിതാവ് പറഞ്ഞുകൊണ്ടിരുന്നാല്‍, സമുദായത്തെ സന്നിഗ്ദ്ധാവസ്ഥയിലാക്കുന്ന ഇത്തരം തുടര്‍ക്കഥകള്‍ എന്ന് അവസാനിക്കുമെന്നോ അതിന് എന്താണ് പ്രതിവിധിയെന്നോ പിതാവ്തന്നെ പറഞ്ഞുതരണം. മൂലക്കാട്ട് പിതാവിന്റെ നിസ്സഹായവസ്ഥയിലും ഡല്‍ഹി രൂപതാ ബിഷപ്പിന് സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ കീഴില്‍ അല്ലെങ്കിലും സിനഡില്‍ വോട്ടവകാശമുണ്ട് എന്നു നാം അറിഞ്ഞിരിക്കണം. കോട്ടയം രൂപതയുടെ ആവശ്യങ്ങള്‍ വോട്ടിനിടുമ്പോള്‍ അതിനെതിരെയോ, അനുകൂലമായോ അദ്ദേഹത്തിന് വോട്ടുചെയ്യാം. അതിനാല്‍ ഫരീദാബാദ് രൂപതയിലുള്ള ക്‌നാനായക്കാരുടെമേലുള്ള അദ്ദേഹത്തിന്റെ നയം അദ്ദേഹം സിനഡിലെങ്കിലും വ്യക്തമാക്കേണ്ടതായിട്ടുണ്ട്. അവിടെ കോട്ടയം മെത്രാന്‍ തന്റെ അധികാരം പ്രയോഗിക്കണം. ഇവിടെ വത്തിക്കാനെയും പരിശുദ്ധാത്മാവിനെയും എത്രനാള്‍ കുറ്റപ്പെടുത്താനാകും?

നിലവിലുള്ള കാനോന്‍ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിപോലും ചില സമൂഹങ്ങളുടെ നന്മയ്ക്കായി വത്തിക്കാന്‍ അടുത്ത കാലത്തും ചില തീരുമാനങ്ങളെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. കാനോന്‍ നിയമത്തിന്റെ വെറും സംരക്ഷണമല്ല പ്രത്യുതാ, തങ്ങളില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസികളുടെ അഭിവൃദ്ധിയാണ് പരിശുദ്ധ സിംഹാസനം പ്രധാനമായും നോക്കിക്കാണുന്നത്. ശാബത്ത് മനുഷ്യനുവേണ്ടിയാണ് മനുഷ്യന്‍ ശാബത്തിന്നു വേണ്ടിയല്ല. യഹോവസാക്ഷികളുടെ ദേശീയഗാന കേസില്‍ അവര്‍ അനുകൂലമായ വിധിനേടിയെടുത്തില്ലേ! എന്നിട്ട് ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് എന്തെങ്കിലും കോട്ടമുണ്ടായോ? ചെറിയസമൂഹമാണെങ്കിലും അവരുടെ വിശ്വാസ പ്രമാണത്തിനാണ് പരമോന്നത കോടതിയും ജനാധിപത്യ സര്‍ക്കാരും വിലകല്പ്പിച്ചത്.

ഇപ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കി, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍, കെ.സി.സി. എന്നിവ അടിയന്തിരമായി വിളിച്ചുകൂട്ടി ഇന്നത്തെ പ്രതിസന്ധി വിശദീകരിച്ച് അതില്‍ ഒരു തീരുമാനം പിതാവ് ഉണ്ടാക്കേണ്ടതാണ്. അതിനെ തുടര്‍ന്ന് കോട്ടയം അതിരൂപതയുടെ നിലപാട് സിനഡിനെ അറിയിക്കണം. വത്തിക്കാനെയും പൗരസ്ത്യ കാര്യാലയത്തെയും, ചൂണ്ടിക്കാട്ടി ഞങ്ങള്‍ നിസ്സഹായരാണ് എന്ന് സീറോമലബാര്‍ ഹയരാര്‍ക്കി പറഞ്ഞാല്‍, കോട്ടയം അതിരൂപത പിരിച്ചുവിടാന്‍ സിനഡിനോട് പിതാവ് ആവശ്യപ്പെടുകയാണ് കരണീയമായിട്ടുള്ളത്. ബൈബിള്‍ വിരുദ്ധവും, കാനോനികമായി നിലനില്പ്പില്ലാത്തതുമായ ഒരു അതിരൂപത എന്തിന് നിലനിര്‍ത്തണം?

വിശ്വാസികളുടെ ആത്മീയഗുണവര്‍ദ്ധനവിനും ഭിന്നാഭിപ്രായക്കാരുടെ സമാധാനത്തിനുമായി വിശുദ്ധ പത്താംപീയുസ് മാര്‍പാപ്പ ദീര്‍ഘമായ പഠനത്തിനുശേഷം തിരുവെഴുത്തുവഴി സ്ഥാപിച്ച കോട്ടയം അതിരൂപത സീറോമലബാര്‍ സഭയിലെ ഇന്നത്തെ ഉന്നതരുടെ കൈക്കരുത്തിലൂടെ ഇല്ലാതാകുന്നെങ്കില്‍ അങ്ങനെയാകട്ടെ! ഭിന്നാഭിപ്രായക്കാര്‍ തമ്മില്‍ തല്ലുന്നതാണ് ഈ നവ സുവിശേഷീകരണ വര്‍ഷത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെതന്നെയാകട്ടെ! ഞങ്ങള്‍ ഞങ്ങളുടെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുകതന്നെചെയ്യും. 17 നൂറ്റാണ്ട് ചരിത്രമുള്ള ഞങ്ങളുടെ നിലനില്പ്പില്‍, ഹയരാര്‍ക്കിക്കല്‍ സംവിധാനത്തിലൂടെ മെത്രാന്‍ നേതൃത്വത്തില്‍വന്നിട്ട് ഒരു നൂറ്റാണ്ടാുകഴിഞ്ഞതേഉള്ളൂ.  എന്ന് എല്ലാവരും മനസ്സില്ലാക്കണം.

റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
ക്‌നാനായ ഫെലോഷിപ്പ് എക്‌സിക്യൂട്ടീവ് മെമ്പര്‍,
Mobile: 944 692 4328

(2012 ഡിസംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ നിന്ന്)

No comments:

Post a Comment