Friday, December 7, 2012

ക്‌നാനായ കത്തോലിക്കാ കോണ്ഗ്രസ്സിനെപ്പറ്റി ഒരു വാക്ക്

ശ്രീ. അലക്‌സ് കണിയാംപറമ്പലിന്റെ ലേഖനത്തില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിനെപ്പറ്റി പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണെങ്കിലും മുഴുവന്‍ സത്യമല്ല. 75 വര്‍ഷം മുമ്പ് തുടങ്ങിയ ഈ സംഘടനയുടെ പ്രസിഡന്റുമാരായി വന്നവരെല്ലാം നട്ടെല്ലു വളഞ്ഞവരല്ല.  എന്നാല്‍ സമുദായവും സഭയും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്റേടത്തോടെ കാര്യങ്ങള്‍ പറഞ്ഞ നിരവധി നേതാക്കളുണ്ട്. പ്രൊഫ. കണ്ടോത്ത്, ശ്രീ. ജോസഫ് ചാഴികാടന്‍, ജയിംസ് മാക്കീല്‍, തുടങ്ങിയവരെ സ്മരിക്കുന്നു.

അടുത്ത കാലത്ത് എന്‍ഡോഗമി വിഷയത്തില്‍ മൂലക്കാട്ടു പിതാവിന്റെ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുകയും 2012 ഏപ്രില്‍ ഒന്നാം തീയതി ചൈതന്യയിലെ മഹാസമ്മേളനവും തീരുമാനങ്ങളും നട്ടെല്ലു നിവര്‍ന്നതുകൊണ്ടു തന്നെയാണ്. സഭയും സമുദായവും തമ്മില്‍ അടിച്ചുപിരിയുകയല്ല യോജിച്ചു പോയി, സമുദായനേട്ടം ഉണ്ടാക്കുകയെന്നതാണ് കെ.സി.സി യുടെ ലക്ഷ്യം. ആയതിന്റെ വെളിച്ചത്തില്‍ പിതാവ് തീരുമാനം പുനഃപരിശോധിച്ചു. 2012 ഏപ്രില്‍ 22-ലെ അപ്നാദേശില്‍ വിശദീകരിച്ചിട്ടുണ്ട്. നെറ്റിലും ഇ-മെയിലും വാചകമടിക്കുവാന്‍ ആര്‍ക്കും കഴിയും.

കെ.സിസി.ക്ക് ഓഫീസില്ല, സമ്പത്തില്ല എന്നുള്ള പ്രസ്താവനകള്‍ ശരിയാണ്. അത്മായസംഘടനകളെ, പ്രത്യേകിച്ച് കെ.സി.സിയെ, വളര്‍ത്താന്‍ സഭാവൈദികരില്‍ ഭൂരിപക്ഷംപേര്‍ക്കും താല്പര്യമില്ല. അവര്‍ക്ക് K.C.Y.L, K.C.W.A  മതി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രതികരണശേഷി കുറവായതിനാല്‍ അടിമത്തസ്വഭാവം അടിച്ചേല്‍പ്പിക്കുവാന്‍ എളുപ്പമാണ്. അത്മായരുടെ ഈ അടിമത്വസ്വഭാവം മാറാത്തിടത്തോളം കാലം ആരുടെയും നട്ടെല്ലുവളയ്ക്കുവാന്‍ എളുപ്പമാണ്.
           
വാശിയേറിയ കഴിഞ്ഞ കെ.സി.സി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഒഴിച്ച് ബാക്കി എല്ലാ സ്ഥാനങ്ങളും എതിര്‍പാനല്‍ ജയിച്ചെങ്കിലും അവരെയെല്ലാം കൂട്ടി യോജിപ്പിച്ച് എത്രയോ സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. ക്‌നാനായ ബിസിനസ്സ് മീറ്റ്, വാഗമണ്‍ പഠനശിബിരം, വയനാട് ക്യാമ്പ് തുടങ്ങിയവ ശ്രദ്ധേയമാണ്. എല്ലാ ഇടവകകളിലും തന്നെ യൂണിറ്റുകള്‍, പുതിയ ഫൊറോന യൂണിറ്റുകള്‍ ആരംഭിച്ചു. ഒരു ക്‌നാനായ ബാങ്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ക്‌നാനായ മേഖലകളില്‍ ശാഖകള്‍ ആരംഭിക്കുന്നു. കെ.സി.സി പ്‌ളാറ്റിനം ജൂബിലി സ്മാരകമായി 75 സാധു ഭവനങ്ങള്‍ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.. കെ.സി.സിക്ക് സ്വന്തം ഓഫീസ്, (വാടകകെട്ടിടത്തില്‍) ക്‌നാനായി തോമ്മാ ഭവന്‍  സംരക്ഷണം എന്നിവ ഏറ്റെടുത്തുനടത്തുന്നു. മാസം 10,000 രൂപ ടി ആവശ്യത്തിന് ബാദ്ധ്യതയുണ്ട്. കെ.സി.സി.യ്ക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം തരേണ്ടത് അതിരൂപതയുടെ കടമയാണ്. എത്രയോ സമ്പത്തും കെട്ടിടങ്ങളും ഉളള നമ്മുടെ അതിരൂപത ഇക്കാര്യത്തിലും കെ.സി.സി. യോട്  വേണ്ടത്ര പരിഗണന തരുന്നില്ല.
കേവലം വര്‍ഷം കൊണ്ട് ഇത്രയും കാര്യങ്ങള്‍ ചെയ്യുവാനേ സാധിച്ചുള്ളൂ. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും വിദേശ ക്‌നാനായ സഹോദരങ്ങളുടെ ആത്മാര്‍ത്ഥ സഹായം കാണുന്നില്ല. അപ്നാദേശിന്റെ നെറ്റില്‍ K.C.C പ്രസിഡന്റിന്റെ പേരു മാറ്റുന്നത് അവരുടെ ജോലിയാണ്.
           
സമുദായ വളര്‍ച്ചയിലും കെ.സി.സിയുടെ പ്രവര്‍ത്തനങ്ങളിലും എല്ലാ സമുദായസ്‌നേഹികളുടെയും ആത്മാര്‍ത്ഥ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
                                      
പ്രൊഫ. ജോയി മുപ്രാപ്പിള്ളില്‍
പ്രസിഡന്റ്‌, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌

(ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന, നവംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ച ‘ആവശ്യമുണ്ട് നട്ടെല്ലുള്ള നേതാക്കളെ’ എന്ന ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment