Monday, December 17, 2012

വൈദികര്‍ സൃഷ്ടിക്കുന്ന മാനക്കേടില്‍ തലയില്‍ തുണിയുമിട്ട് കുഞ്ഞാട് വീണ്ടും....


പാവം കുഞ്ഞാടിന് ഇത് പുതിയ അനുഭവമല്ല. എന്നിരുന്നാലും ഓരോ തവണ ഇത് സംഭവിക്കുമ്പോഴും അവന്റെ ഉള്ളു വൃണപ്പെടുന്നു. എത്ര കണ്ടാലും കൊണ്ടാലും, ളോഹയക്കുള്ളിലും പച്ചമനുഷ്യരാണുള്ളതെന്ന സത്യം കുഞ്ഞാടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

അറുപതുകളില്‍ ആണെന്ന് തോന്നുന്നു, ഏറ്റുമാനൂര്‍, പേരൂര്‍ പ്രദേശം കേന്ദ്രീകരിച്ചു ഒരു കത്തോലിക്കാവൈദികന്‍ ഇറ്റലിയിലേയ്ക്ക് പെണ്‍കുട്ടികളെ കടത്തിയത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ഒച്ചപ്പാടുണ്ടാക്കി. പക്ഷെ ആ വിവാദം കെട്ടടങ്ങി, കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അതേ വൈദികന്‍ തന്റെ തൊഴില്‍ തുടര്‍ന്നു. അദ്ദേഹത്തിനെതിരെ സര്‍ക്കാരോ സഭയോ എന്തെങ്കിലും നടപടി എടുത്തതായി അറിയില്ല.

അടുത്ത നാളിലാണ് ഇറ്റലിയില്‍ ഒരു മലയാളിവൈദികന്‍ പഞ്ചനക്ഷത്ര വേശ്യാലയം നടത്തുന്നു എന്ന വാര്‍ത്ത‍ വന്നത്. ആ വാര്‍ത്തയെക്കുറിച്ച് എന്തെങ്കിലും അന്വേക്ഷണം നടത്തിയതായും കേട്ടിട്ടില്ല.

പൊതുവില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസധീകരിക്കാറില്ല. അതുകൊണ്ടുതന്നെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇതൊന്നും അറിയാതെ, അവരുടെ ളോഹാരാധന തുടരുന്നു.

ഇപ്പോഴിതാ, വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് പദ്ധതി ആസൂത്രണം ചെയ്തത് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യൂത്ത് കമ്മിഷന്‍ ഭാരവാഹികളായ (ജയ്‌സണ്‍ കൊല്ലന്നൂര്‍ എന്ന കത്തോലിക്കാ വൈദികന്‍ ഉള്‍പ്പെടുന്ന) നാല്‍വര്‍ സംഘമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. ഈ വാര്‍ത്തയ്ക്ക് അത്യാവശ്യം മാധ്യമശ്രദ്ധയും ലഭിച്ചുവരുന്നു.

ഇത്തരം വാര്‍ത്തകള്‍ പുറത്താകുമ്പോള്‍ പാവം കുഞ്ഞാട് ഇതെല്ലാം കത്തോലിക്കാവിരുദ്ധര്‍ തങ്ങളുടെ സമുദായത്തിനെതിരെ നടത്തുന്ന പ്രചാരണം ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു. ആ തരത്തിലാണ് അവനു ലഭിക്കുന്ന പ്രബോധനമെല്ലാം. സത്യം അറിയാനോ അന്വേക്ഷിക്കാനോ മുതിരാതെ കുഞ്ഞാട് ചാവേറുകളെപ്പോലെ കുറ്റവാളികളെ രക്ഷിക്കുന്നു.

വൈദികരും നമ്മെപ്പോലെ തന്നെ കുറ്റവും കുറവുകളും ഉള്ളവരാണെന്ന് വന്നാല്‍, “വൈദികശാപം” എന്ന മിത്ത് എങ്ങിനെ, എവിടെ ചെലവാകും? അപ്പോള്‍ നമുക്ക് ഇതെല്ലാം കുബുദ്ധികളുടെ കുപ്രചരണമാണെന്നുതന്നെ വിശ്വസിക്കാം.

കര്‍ത്താവേ, ഞങ്ങളുടെ കുറ്റം ചെയ്തവരും ചെയ്യാത്തവരുമായ വൈദികരെ കാത്തുകൊള്ളേണമേ....

ചില വാര്‍ത്താ ലിങ്കുകള്‍.:



No comments:

Post a Comment