Sunday, December 30, 2012

ഇട്ടി തൊമ്മന്‍ കത്തനാരെ മാപ്പ് (ക്നാനായ യാക്കോബായ വികാരം)


ഇക്കഴിഞ്ഞ നാളുകളില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ ഒരു മെത്രാനു കര്‍ദ്ദിനാള്‍ പദവി കിട്ടി. ആ സഭക്കാര്‍ക്ക് പെരുത്തു സന്തോഷം, കണ്ടു നിന്നവര്‍ക്കും, കേട്ടിരുന്നവര്‍ക്കും മോദാല്‍ അതി മോദം. ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ സ്വാമിമാര്‍ മുതല്‍ പാളയംപള്ളി ഇമാം വരെ റോമിലേക്ക് പറന്നു (അല്ലെങ്കില്‍ അവരെ പറപ്പിച്ചു ). അമേരിക്കയില്‍ നിന്നും ക്നാനായക്കാരുടെ മേഖലാമെത്രാനും ആദ്യ വണ്ടിക്കു തന്നെ റോമിന് തിരിച്ചു. ചടങ്ങില്‍ പങ്കെടുത്തു, ഫോട്ടോയും പിടിച്ച് തിരികെ മടങ്ങി എത്തിയ ശേഷം ആണത്രെ രൂക്ഷമായ വൈദീക ക്ഷാമത്തിന്റെ ഫയല്‍ പോലും തുറന്നത് എന്നാണ് അന്തപുരത്തിലെ കുശുകുശുക്കലില്‍ നിന്നും ഗ്രഹിക്കാന്‍ സാധിച്ചത്. ഇദ്ദേഹം സമുദായത്തെ പ്രതിനിധീകരിച്ചാണോ പോയത് എന്ന് അറിയില്ല.

കറുത്ത മുടിത്തൊപ്പിക്ക് മേല്‍ ചുവന്ന മകുടം ചാര്‍ത്തി കര്‍ദ്ദിനാള്‍ തിരുവനന്തപുരത്ത് മടങ്ങി എത്തി. പിന്നെ സ്വീകരണങ്ങളുടെ പൊടി പൂരം. ഉടനെ നമ്മുടെ സമുദായ മെത്രാപൊലീത്ത അവിടെ പറന്നെത്തി. കര്‍ദ്ദിനാളിനെ ശരിക്കും പൊക്കി... അങ്ങ് സ്വര്‍ഗത്തിന്നു ഒരിഞ്ചു താഴ വരെയും...! നാല് മെത്രാന്മാരും തുല്യര്‍ ആണെന്ന് സഹായന്മാര്‍ സ്വയം പ്രഖ്യാപിച്ച് നടക്കുന്ന കാലമല്ലേ ഇപ്പോള്‍. കര്‍ദ്ദിനാളിനെ അതുവരെ പോക്കാന്‍  അവസരം കിട്ടാതിരുന്ന രണ്ട് സഹായന്മാരില്‍ "വല്ല്യ"വന്‍ തിരുവല്ലയിലെ സ്വീകരണത്തില്‍ കയറിപ്പറ്റി. താരതമ്യേനെ അപ്രശസ്തനായ നാലാമന്‍ ആവട്ടെ, തന്റെ ആസ്ഥാനത്തിന്റെ ഉത്കാടനത്തിനു കര്‍ദ്ദിനാളിനെ ഇങ്ങോട്ട് ക്ഷണിച്ച് മറ്റു മൂന്ന് പേര്‍ക്ക്‌ ഒപ്പം തോളോട് തോള്‍ ഇടിച്ച് ഇടിച്ചു നിന്ന്.    

ഇത്രയും വായിച്ച നിങ്ങള്‍ ന്യായമായും സംശയിക്കും, കര്‍ദ്ദിനാളിന്റെ സ്വീകരണത്തില്‍ നമ്മുടെ മെത്രാന്‍മാര്‍ പങ്കെടുത്തതിന് ഐ മല്പാന് എന്തായിത്ര കടി എന്ന്. പറയാം...

ആദ്യമായി ഈ മലങ്കര കത്തോലിക്കാസഭ എന്തെന്ന് നോക്കാം. ഒരു നൂറു വര്ഷം മുന്‍പ് വരെ ഇപ്പോഴാത്തെ ഓര്‍ത്തഡോക്‍സ്‌കാരും, കര്‍ദ്ദിനാളിന്റെ മലങ്കര കത്തോലിക്കാ സഭയും എല്ലാം എല്ലാം അന്ത്യോക്ക്യയുടെ പ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ ഉള്ള സുറിയാനി ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നാല്‍ 1912 ല്‍, സ്ഥാനഭ്രഷ്ട്ടനാക്കപെട്ട അബ്ദുള്‍ മശിഹ പാത്രിയാര്‍ക്കീസിനെ മലങ്കരയില്‍ കൊണ്ട് വന്നു, വട്ടശ്ശേരില്‍ മെത്രാന്റെ നേതൃത്വത്തില്‍  മലങ്കര   ഓര്‍ത്തഡോക്‍സ്‌ സഭ ഉണ്ടാക്കി. അങ്ങിനെ പോകെപ്പോകെ 1930 ല് മലങ്കര ഓര്‍ത്തഡോക്‍സ്‌  സഭയിലെ തന്നെ മെത്രാന്‍ ആയിരുന്ന മാര്‍ ഈവാനിയോസ്, ആ മലങ്കര  ഓര്‍ത്തഡോക്‍സ്‌ സഭയെ തന്നെ പിളര്‍ത്തി ഒരു വിഭാഗവും ആയി സാക്ഷാല്‍ കത്തോലിക്കാ സഭയില്‍ ചേക്കേറി. കത്തോലിക്കാ സഭയില്‍ അവര്‍ മലങ്കര സുറിയാനി കത്തോലിക്കാസഭ എന്ന പേരില്‍ ഒരു പ്രത്യേക റീത്തായി പ്രവര്‍ത്തിച്ചുവരികയും ചെയ്യ്തു പോന്നു.

ഇതില്‍ ഒരു കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കേണ്ടതെന്തെന്നാല്‍ പുതുതായി ഉണ്ടായ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ "ആടുകള്‍" എല്ലാം സുറിയാനിസഭാ വിശ്വാസികള്‍ ആണ് അല്ലെങ്കില്‍ ആയിരുന്നു. അവര്‍ അപ്പോളും  ഇപ്പോളും അനുസ്യൂതം സുറിയാനി സഭയില്‍ നിന്നും ആടുകളെ ചോര്‍ത്തി റോമിലെ മാര്‍ പാപ്പായുടെ ആലയില്‍ കൊണ്ട് എത്തിക്കുന്നു. അങ്ങിനെ മലങ്കര സുറിയാനി കത്തോലിക്കാസഭയോടൊപ്പം റോമന്‍ കത്തോലിക്കാ സഭയും വളരുന്നു. ഇതിനെ "ആട് മോഷണം" എന്ന് വിളിക്കാം. തമിഴ് നാട്ടിലെ കമ്പത്തു നിന്നും ലോറി കണക്കിന് കാളകളെ കേരളത്തില്‍ കൊണ്ടുവരുന്ന പോലെ, ലോറിക്കണക്കിന് സുറിയാനിക്കാരെ പാപ്പായുടെ നുകത്തിന്‍ കീഴില്‍ കൊണ്ട് കൊടുത്തതിനുള്ള പ്രതിഫലം ആണ് കറുത്ത മുടിത്തൊപ്പിക്ക് മേല്‍ ചാര്‍ത്തപ്പെട്ട ചുവന്ന മകുടം എന്നെ ഐ മല്പാന്‍ പറയൂ. അല്ലെങ്കില്‍ എന്ത് കൊണ്ട് എണ്ണത്തിലും സമ്പത്തിലും വളരെ മുന്‍പില്‍ നില്‍ക്കുന്ന കോട്ടയം രൂപത എന്ന ക്നാനായ കത്തോലിക്കാ സഭക്ക് ഒരു കര്‍ദ്ദിനാള്‍ സ്ഥാനം ഇനിയും ലഭിച്ചില്ല...?

നമ്മുടെ മെത്രാന്മാരെ വാഴിച്ച അവസരത്തില്‍ അവര്‍ "സല്‍മൂസ" എന്ന ഒരു  സമ്മത പത്രം ഒപ്പിട്ടു കൊടുക്കണം. അതില്‍ അവര് അന്ത്യോക്ക്യ സിംഹാസനത്തോടും പ  ബാവയോടും സുന്നഹദൊസിനൊടും ഉള്ള വിധേയത്വം പ്രഖ്യാപിച്ച്  ഒപ്പിട്ടു കൊടുക്കണം. അന്ത്യോക്യയോടു സര്‍വ്വ വിധേയത്വവും ഉണ്ടെന്ന്  എപ്പോഴും പുരപ്പുറത്തു നിന്ന് കൂവുന്ന നമ്മുടെ മെത്രാന്മാര്‍ (പ്രത്യേകിച്ചും 77/2009, 338/2011 പോലുള്ള കല്‍പ്പനകള്‍ വാങ്ങിക്കൊണ്ടു വന്നിട്ട് ) എന്തിനു സുറിയാനിക്കരുടെ ആടുകളെ മോഷ്ടടിക്കുന്നവരെ സ്വീകരിക്കാന്‍ പോയി ? അപ്പോള്‍ നിങ്ങള്‍ക്ക്  ഉണ്ടെന്നു നിങ്ങള്‍ പറയുന്ന ഈ അന്ത്യോക്ക്യാ ഭക്തിക്കും വിധേയത്വതിനും വെറും കാട തൂവലിന്റെയോ, കീറ ചാക്കിന്റെയോ പോലും വില ഇല്ലല്ലോ തിരുമേനിമാരെ? ദീപസ്തംബം മഹാശ്ചര്യം ഞങ്ങള്‍ക്കും കിട്ടണം സ്ഥാനമാനം ...അല്ലെ...??

തിരുമേനിമാരെ, നിങ്ങള്‍ സുറിയാനിക്കരുടെ എല്ലാം അഭിമാനം ആയ,  ക്നാനായക്കാരന്‍ ആയ ഇട്ടി തൊമ്മന്‍ കത്തനാരെ പറ്റി കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. 1653 ജനുവരിയില്‍ ഇട്ടി തൊമ്മന്‍ കത്തനാരുടെ നേതൃത്വത്തില്‍ നടത്തിയ കൂനന്‍ "കുരിശു സത്യ" ത്തില്‍ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍  ഏറ്റു പറഞ്ഞ ഒരു പ്രതിജ്ഞ ഉണ്ട്  "ഞാനും എന്റെ സന്തതി പരമ്പരകളും എല്ലാ കാലവും പ അന്ത്യോക്യ സിംഹാസനത്തോട്‌ ഭക്തിയും വിധേയത്വവും ഉള്ളവര്‍ ആയിരിക്കും. ഞങ്ങള്‍ ഒരു കാലത്തും റോമിലെ പാപ്പായെ അന്ഗീകരിക്കില്ല ".

നിങ്ങള്‍ക്ക് ഇതറിയില്ല എങ്കിലും യാക്കോബായ മെത്രാന്മാര്‍ക്കും, ഓര്‍ത്തഡോക്‍സ്‌ മെത്രാന്മാര്‍ക്കും ഇത് നന്നായി അറിയാം. അത് കൊണ്ടാണെല്ലോ അവര്‍ "ആടുകളെ മോഷ്ടടിക്കുന്നവര്‍ക്ക് " ഓശാന പാടാന്‍ പോകാതിരുന്നതും, നിങ്ങള്‍ പോയി  മുന്‍ നിരയില്‍ കയറി ഇരുന്നതും...!!! കഷ്ട്ടം  എന്നല്ലാതെ എന്ത് പറയാന്‍ ...!!!! എന്തുകൊണ്ടാണ് ശ്രേഷ്ട്ട ബാവ റാന്നിയില്‍ ആസ്ഥാന കൂദാശക്ക് വരാതെ വിട്ടു നിന്നത്‌ ?

ഇതില്‍ നിന്നും ഞങ്ങള്‍ ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഈ ക്നാനായ സമുദായത്തെയും പാപ്പായുടെ നുകത്തിന്‍ കീഴില്‍ ആക്കാനാണോ നിങ്ങളുടെ മനസ്സിലിരിപ്പ്? എന്തെങ്കിലും സ്ഥാനവും മാനവും കിട്ടിയാല്‍ നിങ്ങള്‍ പാണക്കാട്ട് തങ്ങളുടെ കൂടെയും, വെള്ളാപള്ളി  നടേശന്റെ  കൂടെയും  പോകുമെല്ലോ...?? മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദല്ലാള്‍ ആയി അമേരിക്കയില്‍ ഒരു ക്നാനായക്കാരന്‍ പോലും  ഉണ്ടെന്നും, ആ ദല്ലാള്‍ നമ്മുടെ നാല് മെത്രാന്മാരെയും ഇതിനകം ബന്ധപ്പെട്ടു  എന്നും കേള്‍ക്കുന്നു.

എന്റെ പൊന്ന്  തിരുമേനിമാരെ , നിങ്ങള്‍ നാല് പേരും... അല്ലെങ്കില്‍ വേണ്ട ഒരാളെങ്കിലും ഒന്ന് ഒഴിവായി തന്നാല്‍ ഞങ്ങള്‍ടെ തലയ്ക്കു അത്രയ്ക്ക്  വെളിവ് കിട്ടും. പിന്നെ പോകുമ്പോള്‍ വെളിവും വെള്ളിയാഴ്ചയും ഒന്നുമില്ലാത്ത NAKA President, VG രാജു, നോര്‍ത്ത് അമേരിക്കന്‍ മെത്രാന്റെ സെക്രട്ടറി എന്നീ ഇനം സാധനങ്ങള്‍ (ഇതിനു സമാനമായവ കൂടി) പെറുക്കി ഭാണ്ഡത്തില്‍ ആക്കി കൊണ്ടുപോകാന്‍ മറക്കല്ലെ.

തിരുമേനിമാരെ, ഞങ്ങള്‍ക്കും നിങ്ങളുടെ മാതിരി ഉള്ള സുറിയാനി സഭാ വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ഞങ്ങള്‍ ഇതിനകം തന്നെ വല്ല ഉച്ചാടനമോ ആവാഹനമോ നടത്തി, ചാണക വെള്ളം തളിച്ച് സമുദായം ശുദ്ധീകരിച്ചേനെ. പക്ഷെ ഞങ്ങള്‍ക്ക്  സുറിയാനി സഭാ വിശ്വാസം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് കൊണ്ട്  മേല്പറഞ്ഞവ  ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ സാധിക്കില്ല.

പ്രിയപ്പെട്ട  വായനക്കാര്‍ ആരെങ്കിലും ഈ കുറിപ്പ് നമ്മുടെ തിരുമേനിമാര്‍ക്ക് ഫോര്‍വേഡ് ചെയ്യ്തു കൊടുത്താല്‍ നന്നായിരുന്നു...
നിങ്ങളുടെ എളിയ കര്‍തൃദാസന്‍

ഐ-മല്പാന്‍ 

No comments:

Post a Comment