ഒരൊറ്റ പെരുന്നാള്‍ കൊണ്ട് സമുദായത്തെ മൊത്തം ഞെട്ടിച്ച ക്നാനായ സമുദായാംഗം ജോബി ജോര്‍ജ് തടത്തില്‍ കഴിഞ്ഞ രാത്രി പോലീസ് സ്റ്റേഷനിലെ സിമന്റ് തിണ്ണയില്‍ കിടന്ന്, ഡിസംബറിലെ തണുപ്പില്‍ വിറച്ച് രാത്രി കഴിച്ചുകൂട്ടി എന്ന് മാധ്യമങ്ങള്‍ മത്സരിച്ചു എഴുതിക്കൊണ്ടിരിക്കുന്നു. ഇതേ മാധ്യമങ്ങള്‍ ഏതാനും മാസങ്ങള്‍ മുമ്പ് ഇതേ വ്യക്തിയെ വാനോളം പുകഴ്ത്തി എഴുതിയതാണ്. പൊതുജനത്തിന്റെ ഓര്‍മ്മയ്ക്ക് ആയുസ്സ് കുറവായത് മാധ്യമക്കാരുടെ ഭാഗ്യം.
കല്ലറ പള്ളിയിലെ പെരുന്നാള്‍ ഒരു മഹാസംഭവം തന്നെ ആയിരുന്നു. ആ പള്ളിയിലെ വികാരി മാത്രമല്ല, ഫൊറോന വികാരിയും ജോബിയുടെ നേട്ടങ്ങളും ഗുണഗണങ്ങളും നാട്ടുകാരെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. കേരളത്തില്‍, ലാളിത്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന ഒരു മെത്രാപ്പോലീത്ത തന്റെ “തിരു” സാന്നിധ്യം കൊണ്ട് പെരുന്നാള്‍ വിശുദ്ധീകരിച്ചു.
നേരെ ചൊവ്വേ ഒരു വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാന്‍ അറിയാത്ത ജോബിയുടെ മുമ്പില്‍ ഒരു സമുദായം ഓഛാനിച്ചു നിന്നു. ഇത്രയും ആര്‍ഭാടമായി പെരുന്നാള്‍ നടത്തിയതിനു പെനാല്‍റ്റി എന്ന പേരില്‍ പതിനഞ്ചു ലക്ഷം രൂപ കോട്ടയം അരമന ഈടാക്കി എന്ന് സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഒരു സാധാരണക്കാരന് യാതൊരു മാര്‍ഗവും ഇല്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുക എന്നതാണല്ലോ സഭയുടെ നയം.
നമ്മള്‍ ആലോചിക്കേണ്ടത്, ഇതില്‍ നിന്ന് നമ്മള്‍ എന്തെങ്കിലും പാഠം പഠിച്ചോ എന്നാണ്.
ജോബി തടവറയില്‍ നിന്ന് ഇറങ്ങി വന്ന് വീണ്ടും സ്വതന്ത്രനായാല്‍, ജനം വീണ്ടും കബളിക്കപ്പെടാനാണ് സാധ്യത. കാരണം, നമ്മുടെ സമൂഹത്തില്‍ തഴച്ചു വളര്‍ന്നിരിക്കുന്ന ദുരയും ആക്രാന്തവും ആര്‍ഭാടഭ്രമവും ആണ് നമ്മുടെ യുവസുഹൃത്ത് മുതലെടുത്തത്. അവയെല്ലാം, യാതൊരു മാറ്റവും ഇല്ലാതെ അവിടെ തന്നെ നിലനില്‍ക്കുന്നുണ്ട്.
നാളെ ജോബി, അല്ലെങ്കില്‍ ജോബിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും.
നമ്മള്‍ കബളിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ.
No comments:
Post a Comment