Saturday, October 6, 2012

UKKCA: പുരുഷകേസരിയുടെ ഗുണ്ടാവിളയാട്ടവും വനിതാരത്നത്തിന്റെ മാപ്പും


മാനസികസമനില തെറ്റിയ ഒരു ക്നാനായ നേതാവിന്റെ അക്രമാസക്തമായ പെരുമാറ്റത്തില്‍ മനംനൊന്ത്, ലജ്ജകൊണ്ട് തല ഉയര്‍ത്താനാവാതെ സ്തബ്ധരായിക്കഴിയുകയാണ് യു.കെ.യിലെ ക്നാനയമക്കള്‍. ഇത്രയും വലിയ സമൂഹത്തിനെ ഇത്രയ്ക്കും നാണം കെടുത്തിയത് ഒരൊറ്റയാള്‍.

ഈ അനിഷ്ടസംഭവം നടക്കുമ്പോള്‍, തൊട്ടടുത്തൊരിടത്ത് ഒരു ക്നാനായ സ്ത്രീയുടെ മൃതദേഹം അന്ത്യകൂദാശയും അന്തിമോപചാരവും കാത്തു കിടക്കുന്നു.

യു.കെ.യിലെ വൂസ്റ്റര്‍ എന്ന പട്ടണത്തില്‍ വച്ചാണ് പതിനേഴു നൂറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യമുള്ള ക്നാനയമക്കള്‍ മറ്റുള്ളവരുടെ മുമ്പില്‍ അവഹേളിതരായത്.

ഏറെക്കാലമായി കാത്തിരുന്നതാണ് ഇന്ന് നടന്ന UKKCAയുടെ National Council Meeting.  വര്‍ഷങ്ങളായി ഈ സംഘടനയില്‍ ഭൂകമ്പം ഉണ്ടാക്കിയിരുന്ന വിഗന്‍ യുനിറ്റിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നത്തെ മീറ്റിംഗിനെ ഇത്ര ശ്രദ്ദേയമാക്കിയത്. വിഗാന്‍ യുനിറ്റിന്റെ പ്രതിനിധികളെയും, അവരുടെ ഭാഗം അവതരിപ്പിക്കാന്‍ ഇന്നത്തെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു.

മാഞ്ചെസ്റ്ററിലെ “വാവ” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു നേതാവാണ് വിഗാന്‍ യുണിറ്റ്‌ അനുവദിക്കാന്‍ ഇത്രയും കാലം തടസ്സം നിന്നതെന്ന് ഇവിടെ പാട്ടായിരുന്നു. വാവയ്ക്ക് സംഘടനയുടെ ആത്മീയ ഉപദേശകന്റെ ഉപാധികളില്ലാത്ത പിന്തുണ ഉണ്ടായിരുന്നു എന്നതും എല്ലാവരുടെയും ഉറച്ച വിശ്വാസമാണ്. മാസങ്ങളായി ഇദ്ദേഹത്തിന്റെ കളികള്‍ നടന്നു വരികയായിരുന്നു. ഇതിനെ വിമര്ശിച്ചവരെയെല്ലാം “സമുദായദ്രോഹികള്‍” ആയി മുദ്രയടിച്ചു വാവയുടെ മുഖം രക്ഷിക്കാനാണ് ഇന്നാട്ടിലെ സമുദായനേതാക്കള്‍ ഒന്നടങ്കം ശ്രമിച്ചുകൊണ്ടിരുന്നത്. വാവയുടെ കുതന്ത്രങ്ങള്‍ മനസ്സിലാക്കാനോ, അതിനു തടയിടാനോ ചങ്കുറപ്പുള്ള ഒരു നേതാവും ഇവിടെ ഇല്ലായിരുന്നു. ആത്മീയ ഉപദേശകനാണെങ്കില്‍ വാവയുടെ മുമ്പില്‍ കീരി വരച്ചിട്ടു പോയ വൃത്തത്തിനുള്ളില്‍ അനങ്ങാനാവാതെ നില്‍ക്കുന്ന പാമ്പിനെ പോലെ നിസ്സാഹയനായി പെരുമാറി.

ഇദ്ദേഹത്തോട് മത്സരിച്ചു ജയിച്ചു വന്ന പുതിയ പ്രസിടെന്റിനു പോലും ഇദ്ദേഹത്തിന്റെ തന്നിഷ്ടങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിഞ്ഞില്ല. പലപല കാരണങ്ങള്‍ ഉണ്ടായിട്ടും, ഈ അടുത്തകാലത്ത്‌ മാത്രമാണ് ഒരു Show Cause Notice കൊടുത്തത്.

ആ നോട്ടീസ്‌ ഒന്നും വാവയ്ക്ക് പ്രശ്നമായില്ല. ഇന്നത്തെ യോഗത്തില്‍ തന്റെ ഫുള്‍ പ്രൌഡിയില്‍ അദ്ദേഹം എത്തി. വിഗാന്‍ യുനിറ്റിനു അനുമതി കൊടുക്കുമെന്നായപ്പോള്‍ അദ്ദേഹത്തിന് ഹാലിളകി. പിന്നെ അവിടെ നടന്നത്, നടക്കരുതാത്തതായിരുന്നു.

വാവ അക്രമാസക്തനായതിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല. ഏതായാലും യോഗത്തില്‍ ഒരാളുടെ കരണക്കുറ്റിയ്ക്ക് അടി വീണു, മറ്റൊരാള്‍ക്ക് പരിക്കേറ്റു. രണ്ടും സംഘടനയിലെ ഉന്നതര്‍ തന്നെ.

ഇത്രയും നടന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. കൈയ്യേറ്റത്തെ അങ്ങേയറ്റം ഗൌരവത്തോടെ കാണുന്ന ഇന്നാട്ടിലെ നിയമപാലകരെ വിവരം അറിയിക്കുക എന്നതാണ് അതിലൊന്ന്. അത് ചെയ്യാത്തിടത്തോളം കാലം നമ്മുടെ ഇടയില്‍ കാട്ടാളസ്വഭാവം സ്വാഗതാര്‍ഹമാണ് എന്ന സന്ദേശമാണ് സമുദായംഗങ്ങള്‍ക്ക് നാം കൊടുക്കുന്നത്. കേരളത്തിലെ ആദിവാസികളെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പെരുമാറിയാലും ഞങ്ങള്‍ അങ്ങ് ക്ഷമിക്കും എന്ന് വരുന്നത് ഒട്ടും അഭിലക്ഷണീയമല്ല.

ക്ഷമയുടെ അപ്പസ്തോലന്മാര്‍ക്ക് വേണമെങ്കില്‍ സംഘടനാപരമായ ശിക്ഷ വേണ്ടെന്നു വയ്ക്കാം (അങ്ങിനെ വച്ചിട്ടില്ല; വാവയെ പത്തു വര്‍ഷത്തേയ്ക്ക് സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് കേള്‍ക്കുന്നു), അതുപോലെ, മാനസികനില സംശയകരമായ നിലയില്‍ കണ്ടതിനാല്‍ അഭ്യുദയകാംക്ഷികള്‍ക്ക് ചേര്‍ന്ന് അദ്ദേഹത്തെ ഒരു മനോരോഗ വിദഗ്ദ്ധന്റെയടുത്തു കൊണ്ട് പോകാം.

പക്ഷെ ഇന്നാട്ടില്‍, നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും വിഭിന്നമായി, നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ്. കുറ്റകൃത്യം അധികൃതരെ അറിയിക്കാതിരിക്കുന്നത് കുറ്റകരമായ കൃത്യവിലോപമാണ്.

തന്റെ മൃദുസമീപനം കൊണ്ടാണ് ഇത്രയും നാണക്കേട് സമുദായത്തിനുണ്ടായതെന്നു ബഹുമാനപ്പെട്ട ആത്മീയ ഉപദേശകന് തോന്നുന്നുവെങ്കില്‍, ഇന്ന് മനഃപൂര്‍വം യോഗത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന അദ്ദേഹം ഒരു വിശദീകരണം നല്‍കണം എന്നത് ഒരു മിനിമം ഡിമാന്‍ഡ്‌ മാത്രമല്ലേ?

ഈ ബഹളത്തിനിടയില്‍, വാവയുടെ സഹവനിതാമെമ്പര്‍ പതിവ്പോലെ ഒരാളെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതും, മാപ്പ് പറയേണ്ടിവന്നതും വലിയ വാര്‍ത്ത ആയില്ല.

നോക്കണേ ഓരോരുത്തരുടെ ഭാഗ്യമേ....

No comments:

Post a Comment