ഇരുപതാം നൂറ്റാണ്ട് വിട പറഞ്ഞു പോകാനൊരുങ്ങുമ്പോഴാണ് യു.കെ.യിലേയ്ക്ക് മലയാളി നേര്സ്മാര്‍ കടന്നു വരാന്‍ തുടങ്ങിയത്. തുടക്കത്തില്‍ NHS ട്രസ്റ്റുകള്‍ നേരിട്ടും, വന്‍കിട ഏജെന്റ്റ്‌മാര്‍ മുഖേനയും, റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു. ലണ്ടനിലേയ്ക്കായിരുന്നു ആദ്യത്തെ കുറെ ബാച്ചുകള്‍ വന്നത്. പിന്നാലെ മറ്റു നഗരങ്ങളിലേയ്ക്കും ഒഴുക്കാരംഭിച്ചു.
2002 നവംബറില്‍ ലണ്ടനില്‍ വച്ച് യു.കെയിലെ ക്നാനയമക്കള്‍ ഒരു ദേശീയ സംഘടന ഉണ്ടാക്കുമ്പോള്‍ എങ്ങിനെയോ, മാന്ചെസ്റെര്‍ ഇന്നാട്ടിലെ ഒരു ക്നാനായ തലസ്ഥാനമായി മാറിയിരുന്നു. ഒരു പക്ഷെ, അന്നൊക്കെ ഒരുമിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന റിക്രൂട്ട്മെന്റ് എജെന്റ്റ്‌മാരായ മന്നാകുളം സഹോദരന്മാര്‍, റെജി മഠത്തിലേട്ടു എന്നിവരുടെ മാന്ചെസ്ടരിലെ സാന്നിധ്യം ഒരളവു വരെ അതിനു കാരണമായിട്ടുണ്ടാവാം. അങ്ങനെ റെജി മഠത്തിലേട്ടു ആദ്യത്തെ ക്നാനായ പ്രസിഡന്റ് ആയി. ലിജോ ജോണ് ആദ്യ സെക്രെട്ടറിയും.
വളരെ മന്ദഗതിയിലായിരുന്നു അന്നൊക്കെ പ്രവര്‍ത്തനം. ഏതാണ്ട് അഞ്ചു വര്ഷം അങ്ങനെതന്നെ പോയി. വല്ല തിരുമേനിമാരും വല്ലപ്പോഴും വരുമ്പോള്‍ ഒരു സ്വീകരണം, ക്രിസ്തുമസിനും ഓണത്തിനും ഒരു ഒത്തുചേരല്‍, സമ്മറില്‍ എങ്ങോട്ടെങ്കിലും ഒരു പിക്നിക് - അതിനപ്പുറത്തേയ്ക്ക് കൂടുതലാരും ചിന്തിച്ചിരുന്നില്ല. അന്നൊക്കെ മിക്ക പട്ടണങ്ങളിലും മലയാളി സംഘടനകള്‍ ശക്തമായിരുന്നു. കൂടാതെ വൈദികരുടെ സാന്നിധ്യവും കാര്യമായി ഉണ്ടായിരുന്നില്ല. അന്ന് ക്നാനായ സംഘടനകളില്‍ ഭാരവാഹികളായി മത്സരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പലപ്പോഴും പദവികള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.
2007-ല്‍ അന്നത്തെ പ്രസിഡന്റ്, സിറില്‍ കൈതവേലി, റെജി പാറക്കല്‍, ഫാ. സിറിയക് മറ്റം എന്നിവര്‍ മുന്‍കൈയെടുത്തു ലിവര്‍പൂളില്‍ വച്ച് ക്നാനായ കണ്‍വെന്‍ഷന്‍ നടത്തിയതായിരുന്നു മാറ്റങ്ങളുടെ തുടക്കം. അന്നത്തെ ടീമിനെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും, ക്നാനയമക്കള്‍ക്ക് അവരുടെ ഒരു മേല്‍വിലാസം ഇവിടെ ഉണ്ടായത് ആ കണ്‍വെന്‍ഷന്‍ മൂലമാണ്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളികൂട്ടായ്മ എന്ന പേര് വര്ഷം തോറും UKKCA നടത്തിവന്ന കണ്‍വെന്‍ഷന്‍ നേടിയെടുത്തു. ധ്യാനത്തിന്റെ പേരില്‍ ബര്‍മിങ്ങാം കേന്ദ്രമായി സോജിയച്ചന്‍ ജനത്തെ കൂട്ടാന്‍ തുടങ്ങുന്നതുവരെ ആ സ്ഥാനം ക്നാനായകാര്‍ക്ക് മാത്രമായി. ക്നാനായ കണ്‍വെന്‍ഷന്‍ ഇന്നാട്ടിലെ മലയാളി സംരംഭകര്‍ക്ക് ആകര്ഷണീയമായതോടെ – പ്രവര്‍ത്തനം കണ്‍വെന്‍ഷനില്‍ മാത്രം ഒതുങ്ങിനിന്നപ്പോഴും - സംഘടനയുടെ മൂല്യം വര്‍ദ്ധിച്ചു. നേതാവാകാന്‍ പറ്റിയ ഒരു വേദിയായി UKKCA മാറി.
2002 നവംബര്‍ പത്തിന് ലണ്ടനിലെ പാര്സന്‍ ഗ്രീന്‍ പള്ളിയങ്കണത്തില്‍ ഒത്തുകൂടിയപ്പോള്‍, രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ലണ്ടനിലുള്ള ക്നാനയമക്കള്‍ സൌജന്യമായി ഭക്ഷണം നല്‍കി. മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ നമ്മുടെ അതിഥികളാണ്; അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടത് നമ്മുടെ ചുമതലയാണ് എന്നായിരുന്നു അന്നത്തെ അവരുടെ തോന്നല്‍. അന്ന് മിക്കവര്‍ക്കും സ്വന്തമായി വാഹനം ഇല്ലായിരുന്നു. എന്നിട്ടും ബസിലും ട്രെയിനിലും കയറി, ഭക്ഷണവും തൂക്കിപ്പിടിച്ചാണ് ആതിഥ്യമരുളാന്‍ ലണ്ടനിലെ മണ്ടന്മാര്‍ എത്തിയത്. (മീന്‍കറിയും ചുമന്നു അവിടെ എത്തിയത് ഈയുള്ളവന്‍ നല്ലപോലെ ഓര്‍ക്കുന്നു!). പക്ഷെ അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍, ആ സാഹോദര്യവും, സ്നേഹവും എങ്ങിനെയോ, എവിടെയോ നഷ്ടമായി. ഇവന്റ് മാനേജ്മെന്റ് ശൈലിയിലായി കാര്യങ്ങളുടെ പോക്ക്.
അലക്സ് കണിയാംപറമ്പില്‍
(തുടരും)
No comments:
Post a Comment