ഏറ്റുമാനൂര്‍: മരണശേഷം എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സന്നദ്ധമാണെന്ന സമ്മത പത്രം നല്കി ദമ്പതികള്‍ നാടിനു മാതൃകയായി. അതിരമ്പുഴ പൗര്‍ണമിയില്‍ (പൈനേല്‍) റിട്ടയേര്‍ഡ് സീനിയര്‍ ഗ്രേഡ് ഡെപ്യൂട്ടി കളക്ടര്‍ പി.ജെ. ജോസഫും ഭാര്യ തങ്കമ്മ ജോസഫുമാണ് സമ്പൂര്‍ണ അവയവദാനത്തിനു തയാറായി മാതൃകയാകുന്നത്. പി.ജെ.ജോസഫ് മരണശേഷം ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനില്‍കാനും തയാറാണ്.
77കാരനായ ജോസഫിനും 65 കാരിയായ തങ്കമ്മയ്ക്കും അവയവദാനത്തോടുള്ള താത്പര്യം യാദൃച്ഛികമായുണ്ടായതല്ല. ഇളയമകന്‍ ജനിച്ചപ്പോള്‍ത്തന്നെ കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തുമ്പോഴെല്ലാം ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഒട്ടേറെപ്പേരുടെ ദയനീയാവസ്ഥ മനസില്‍ നൊമ്പരമുണ്ടാക്കിയിരുന്നു. അപകടത്തില്‍ മരിച്ച ഒരു സ്ത്രീയുടെ ആറ് അവയവങ്ങള്‍ ആറു പേരുടെ ജീവന്‍ രക്ഷിച്ചതായുള്ള വാര്‍ത്ത പത്രങ്ങളില്‍ വായിച്ചതാണ് അവയവദാനത്തെ വിശാലമായി കാണാന്‍ ഇടയാക്കിയത്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം വിലാപയാത്രയായി മെഡിക്കല്‍ കോളജില്‍ എത്തിച്ചതും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി കൈമാറിയതും മനസിനെ സ്പര്‍ശിച്ചു.മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്ക്. മകള്‍ ബീനയെ വിവാഹം ചെയ്തയച്ചു.
രണ്ട് ആണ്‍മക്കള്‍ അമേരിക്കയില്‍. മൂത്തയാള്‍ ജോഷി മൈക്രോസോഫ്റ്റിലും ഇളയയാള്‍ ജോര്‍ജ് ലോകബാങ്കിലും ഉദ്യോഗസ്ഥര്‍. മക്കള്‍ സ്ഥലത്തില്ലെങ്കിലും അവയവദാനം നടക്കാതെ പോകരുതെന്ന് നിര്‍ബന്ധമുണ്ടിവര്‍ക്ക്. അതുകൊണ്ടുതന്നെ കുടുംബസുഹൃത്തും സഹായിയുമായ ബേബിയെയും അയല്‍വാസിയെയും കാര്യങ്ങള്‍ പറഞ്ഞു ചുമതലപ്പെടുത്തിയിട്ടുണ്ട്. മക്കളാരും തങ്ങളുടെ ആഗ്രഹത്തിന് എതിരു നില്‍ക്കില്ലെന്നും ഉറപ്പ്. മക്കളോടു പണ്ടേ തങ്ങളുടെ താത്പര്യം പറഞ്ഞിട്ടുണ്ട്.
സമ്മതപത്രം തയാറാക്കി ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കാനുള്ള തിരക്കിലാണ് പൊതുസമൂഹത്തിനു മാതൃകയായ ഈ ദമ്പതിമാര്‍.
ദീപിക വാര്‍ത്ത. തയ്യാറാക്കിയത്: രാജു കുടിലില്‍
No comments:
Post a Comment