വിവാഹം നിശ്ചയിക്കുന്നു; പിടി മുറുക്കുന്നു.....
ഹൂസ്റ്റണ്‍ നിവാസികളായ തുണ്ടത്തില്‍ ലിസ്സി-ജയിംസ് ദമ്പതികള്‍ അവരുടെ പുത്രന്റെ വിവാഹം നടത്തികിട്ടാനായി സമീപിച്ച പുരോഹിതരില്‍ നിന്നും മെത്രാനില്‍ നിന്നും കയ്പ്പേറിയ അനുഭവങ്ങള്‍ മാത്രമാണ് ലഭിച്ചത്. ലോകത്തൊരു ശക്തിയ്ക്കും തങ്ങളോട് ജയിക്കാന്‍ സാധിക്കുകയില്ല എന്ന ഗര്‍വ്വോടെ കട്ടച്ചിറയിലും കാലിഫോര്‍ണിയയിലും ഒരുപോലെ വിരാജിക്കുന്ന നമ്മുടെ പുരോഹിതര്‍ ഇവര്‍ അയച്ച ഒരു വക്കീല്‍ നോട്ടീസിന്റെ മുമ്പില്‍ നിരുപാധികം മുട്ടുമടക്കിയ സംഭവം വിദേശത്തും സ്വദേശത്തും വസിക്കുന്ന ഓരോ കത്തോലിക്കനും അറിയേണ്ടതാണ്.
ഇതിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് പൊതുവില്‍ വൈദികരോടുള്ള നമ്മുടെയൊക്കെ കാഴ്ചപ്പാടൊന്ന് പരിശോധിക്കാം.
![]() |
ആരുടെ പ്രതിപുരുഷന്‍? |
“അല്മായരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടയാളാണ് ഇടവകവികാരി. കൗദാശിക ജീവിതത്തിന് തുടക്കംകുറിക്കുന്ന മാമ്മോദീസാ മുതല്‍ അവരുടെ മരണാനന്തരശുശ്രൂഷകള്‍ വരെ ഒരു ഇടവകവികാരിയുടെ മേല്‍നോട്ടത്തിലാണ് നടത്തപ്പെടുന്നത്. ആത്മീയ ആവശ്യങ്ങളില്‍ അവരെ സഹായിക്കാനും ഉപദേശിക്കാനും തിരുത്താനും വളര്‍ത്താനും കഴിയുന്ന വ്യക്തിയും ഇടയനുമാണ് ഇടവക വൈദികന്‍. അതിനാല്‍ നല്ലൊരു വൈദികനെ ലഭിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് അല്മായര്‍.
വൈദികര്‍ സമൂഹത്തില്‍ ഏറെ ബഹുമാന്യരും അല്മായരുടെ മനസ്സുകളില്‍ അഭിമാനകരമായ സ്ഥാനം വഹിക്കുന്നവരുമാണ്. അവരെ കാണുമ്പോള്‍ ആദരവോടെ എഴുന്നേറ്റു സ്തുതിചൊല്ലി അവരില്‍നിന്ന് ആത്മീയവചനം കേള്‍ക്കാനും അവരുടെ നേതൃത്വത്തില്‍ വിശ്വാസജീവിതത്തില്‍ വളരുവാനും തയ്യാറുള്ള സഭാസമൂഹമാണ് ഓരോ ഇടവകയിലുമുള്ളത്. അതിനുതക്ക വിശുദ്ധിയുള്ള വൈദികരെയാണ് അല്മായര്‍ പ്രതീക്ഷിക്കുന്നത്. വൈദികരെ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുക.
വൈദികരുടെ ഔദ്യോഗിക ശുശ്രൂഷ ഇടവകയിലോ, അരമനയിലോ, ധ്യാനകേന്ദ്രങ്ങളിലോ, ആശുപത്രിയിലോ, വിദ്യാഭ്യാസസ്ഥാപനങ്ങളിലോ, ഇതരമേഖലകളിലോ ആയാലും അവരെ യേശുവിന്റെ പ്രതിപുരുഷന്മാരായാണ് വിശ്വാസി കാണുന്നത്. അവിടെ മെത്രാനും പ്രൊവിന്‍ഷ്യാളും വികാരിയുമെല്ലാം ഒരുപോലെ യേശുവിന്റെ പ്രതിപുരുഷരാവണം.”
മുമ്പെവിടെയോ കണ്ട ഒരു ലേഖനത്തില്‍ നിന്നെടുത്തതാണിത്. ഇതില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:
വൈദികരെ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുക.
അത്തരം ആഗ്രഹത്തോട് നീതി പുലര്‍ത്താതെ പലപ്പോഴും അവര്‍ സാത്താന്റെ പ്രതിപുരുഷന്മാരായാണ് പ്രവര്‍ത്തിക്കുന്നത്.
അടുത്തയിടെ നാട്ടില്‍ ചെന്നപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞുകേട്ട ഒരു സംഭവം.
ഒരു ക്നാനായ ഇടവകയിലെ മുന്‍ കോളേജ് അദ്ധ്യാപകന്‍ തന്റെ മകളുടെ വിവാഹം നിശ്ചയിച്ചു. തുടക്കം മുതലേ വൈദികന്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. മൈലാഞ്ചി ഇടീലിന്റെ തലേന്ന് കണ്ടപ്പോള്‍ വൈദികന്‍ കല്‍പ്പിച്ചു:
ചടങ്ങിനു മദ്യം വിളമ്പരുത്.
അല്പം ചൂടനായ കക്ഷി പറഞ്ഞു,
അച്ചന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട
![]() |
മൈലാഞ്ചി ആഘോഷത്തിനിടയില്‍ വികാരി ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തി |
പക്ഷെ അച്ചന്‍ ഇടപെട്ടു. ചടങ്ങ് നടക്കുമ്പോള്‍ അച്ചന്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി അവിടെ ചെന്നുകയറി. മദ്യസേവയില്‍ മുഴുകിയിരുന്ന അതിഥികളെ കണ്ടുകുപിതനായ വൈദികന്‍ ആക്രോശിച്ചു:
തന്നോട് ഞാന്‍ പറഞ്ഞതല്ലേ?
വധുവിന്റെ പിതാവ് പരുഷമായിതന്നെ വൈദികനോട് സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടു. വൈദികന്‍ പ്രതികാരമൂര്ത്തിയായി. രണ്ടു ദിവസത്തിന് ശേഷം കല്യാണം കഴിക്കാനിരുന്ന പെണ്‍കുട്ടിയെ പിറ്റേദിവസം പള്ളിമുറിയില്‍ വിളിച്ചു വരുത്തി വൈദികന്‍ ഭീഷണിപ്പെടുത്തി:
എന്റെ ദേഹത്ത് ളോഹ ഉള്ളിടത്തോളം കാലം, പള്ളിയില്‍ വച്ച് നിന്റെ കല്യാണം നടത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല.
പ്രൊഫസര്‍ അച്ചനെ ചെന്നുകണ്ടു. വളരെ ശാന്തനായി, തണുത്ത ശബ്ദത്തില്‍ വൈദികനോട് പറഞ്ഞു.
നിശ്ചയിച്ച ദിവസം എന്റെ മകളുടെ കല്യാണം നടന്നില്ലെങ്കില്‍, അന്ന് നിന്റെ ശവമടക്ക് ഈ പള്ളിയില്‍ നടക്കും
മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ധ്യാപകന്‍ തിരികെ പോയി.
വിവാഹം മംഗളമായി നടന്നു.
എല്ലാം ശുഭം.
കഥയാണ്; പറഞ്ഞുകെട്ടതാണ്; നടന്നതാണെന്നതിന് തെളിവില്ല. പക്ഷെ ഒന്ന് പറയാം. നമ്മുടെ ചില വൈദികരുടെയെങ്കിലും പെരുമാറ്റം കാണുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ സാധിക്കും.
ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ട് നമുക്ക് ഹൂസ്റ്റണിലെ തുണ്ടത്തില്‍ നാടകത്തിലേയ്ക്ക് പ്രവേശിക്കാം.
ലിസ്സി-ജയിംസ് ദമ്പതിമാരുടെ പുത്രനായ ജോമോന്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ക്നാനായസമുദായാംഗമായ ജയ്നി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മാസങ്ങള്‍ മുമ്പേ തീരുമാനിച്ചതാണ്. വരന്‍ താമസിക്കുന്ന ഹൂസ്റ്റണില്‍ ക്നാനായദേവാലയം ഉണ്ടെങ്കിലും, വരന്റെ കുടുംബം ആ പള്ളിയിലെ അംഗങ്ങളല്ല. (ഈ കഥ മറ്റൊരു എപ്പിസോഡില്‍ പ്രതിപാദിക്കുന്നതാണ്). തുണ്ടത്തില്‍ കുടുംബം അംഗമായിട്ടുള്ള, ലത്തീന്‍ റീത്തില്‍പെട്ട സെന്റ് തെരേസ ദേവാലയത്തില്‍ ചെന്ന് വിവരം പറഞ്ഞു. ഇക്കാര്യത്തില്‍ ഇതേ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയും, ക്നാനയക്കാരനും ആയ ഫാ. ജോസ് തറയില്‍ (ഇദ്ദേഹം പ്രതിശ്രുത വധുവിനെ മാമ്മോദീസ മുക്കിയ പുരോഹിതനാണെന്നും, അതുകൊണ്ട് പ്രത്യേക താല്പര്യം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു എന്നും കേള്‍ക്കുന്നു) വേണ്ട പേപ്പര്‍വര്‍ക്കെല്ലാം ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു.... “നിങ്ങള്‍ ഈ ലത്തീന്‍ പള്ളിയിലെ അംഗങ്ങളായത് കൊണ്ട്, സീറോ-മലബാരിന്റേതായ നടപടിക്രമങ്ങള്‍ ഒന്നും വേണ്ടിവരില്ല”
2012 ഒക്ടോബര്‍ ആറാം തിയതി കല്യാണം നടത്താന്‍ വേണ്ടതെല്ലാം മുന്‍കൂട്ടി ചെയ്തതിനു ശേഷം തുണ്ടത്തില്‍ കുടുംബാംഗങ്ങള്‍ കഴിഞ്ഞ വര്ഷം നവംബറില്‍, നമ്മുടെ ആചാരപ്രകാരമുള്ള കല്യാണമുറപ്പീര് നാട്ടില്‍ വച്ച് നടത്തുന്നതിനായി നാട്ടില്‍ പോയി.
ഉറപ്പീര് കഴിഞ്ഞു തിരിച്ചെത്തിയ കുടുംബത്തിന് 2012 ജനുവരി 17-നു തറയില്‍ ജോസച്ചന്റെ ഫോണ്‍ സന്ദേശം ലഭിച്ചു: വിവാഹം നടക്കണമെങ്കില്‍ ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ വികാരിയുടെ രേഖാമൂലമുള്ള അനുവാദം വേണം.
ജനനം മുതല്‍ താന്‍ അംഗമായിരുന്ന പള്ളിയില്‍ വച്ച് തന്റെ വിവാഹം നടക്കണമെങ്കില്‍ ഏതോ പള്ളിയിലെ ഏതോ അച്ചന്റെ അനുവാദം എന്തുകൊണ്ട് വേണം എന്ന് ജോമോന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.
Strange are the ways of Catholic Church!
(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
മൂന്നാം ഭാഗം തിങ്കളാഴ്ച:
കുറിയോ, എവിടെ മൂവായിരം ഡോളര്‍?
No comments:
Post a Comment