Friday, October 5, 2012

നവീകരണവും വെല്ലുവിളികളും – ജോസ് പുറയ്ക്കാട്ട്

ലേഖകന്‍ കോട്ടയം ആര്‍എംഎസ്-ല്‍ നിന്നും വിരമിച്ചു, സ്വദേശമായ പൈങ്ങളം-ചെറുകരയില്‍ വിശ്രമജീവിതം നയിക്കുന്നു. “കാനന്‍ദേശം, കൊസ്രക്കൊള്ളി” തുടങ്ങിയ പ്രശസ്ത നോവലുകള്‍ രചിച്ചു. ഫാ. ജോസഫ് നെടുംചിറ സ്മാരക സാഹിത്യ അവാര്‍ഡു നേടുകയും മതാധ്യാപകന്‍, കെ.സി.വൈ.എല്‍. ഡയറക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് സമുദായം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു അദ്ദേഹം ഒരു വിശകലനം നടത്തുന്നു.

ന്യൂ യോര്‍ക്കില്‍ നിന്നും പ്രസധീകരിക്കുന്ന “ക്നാനായ ഫോക്കസ്” (2012 ജൂണ്‍ ലക്കത്തില്‍ വന്നത്.)

'തനിമയും' 'നവീകരണവും' ചൂടുപിടിക്കുന്ന അടുത്തകാലത്ത് മെത്രാന്മാരും ചില വൈദികരും സ്വകാര്യമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:
''ക്‌നാനായക്കാരെ, എത്രകാലം നിങ്ങള്‍ക്കിങ്ങനെ പോകാനാവും?''
തനിമയും പാരമ്പര്യവും പാവനമായി കരുതി കാത്തുപോന്ന പാവം ക്‌നാനായക്കാരെ നടുക്കുന്ന ചോദ്യമാണിത്. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം കാത്തുസൂക്ഷിക്കാമെന്ന് തങ്ങള്‍ കരുതിയിരുന്ന തനിമ തകര്‍ക്കപ്പെടുന്നത് ഈ തലമുറ കാണേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ നിനച്ചില്ല.

മാറിക്കെട്ടുന്ന 'ആണ്‍പിള്ളേരും' അകത്തുതന്നെ എന്ന മദ്ധ്യസ്ഥ വാദവുമായി അതിരൂപത അരങ്ങത്തു വന്നപ്പോഴാണ് അവര്‍ക്ക് കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യമായത്. തനിമ നിലനിര്‍ത്താന്‍വേണ്ടി മക്കളെ മാറിക്കെട്ടാതെ സാഹസികമായി സംരക്ഷിച്ച പാവം പിതാക്കള്‍ തലയില്‍ കൈവച്ചുനിന്നു.

ക്‌നാനായക്കാര്‍ക്ക് തനിമയുമായി മുമ്പോട്ടുപോകാന്‍ പറ്റുകയില്ല എന്നാദ്യം തിരിച്ചറിഞ്ഞത് ആരാണ്? എപ്പോഴായിരിക്കും?

പത്തുമുപ്പതോളം മെത്രാന്മാരോടൊപ്പമിരുന്ന് തനിമയ്ക്കുവേണ്ടി വാദിക്കാന്‍ ക്‌നാനായ ഇടയന് നാണക്കേടുതോന്നിയ നിമിഷമായിരിക്കണം അതു സംഭവിച്ചത്. അരമനയിലെ ആലോചനകളില്‍ ആ നാണക്കേടു മാറ്റാന്‍ പ്രതിവിധി വര്‍ഷങ്ങള്‍കൊണ്ട് കണ്ടെത്തിയതാണ് പുറത്തുവന്നത്. സാധാരണ ക്‌നാനായന്‍ അതു തിരിച്ചറിയാന്‍ കാലമെടുത്തെന്നേയുള്ളൂ.

സാധാരണക്കാരനെ വിഷമിപ്പിച്ചത്, ഭേദപ്പെട്ട ജോലിയില്ലാതെ നാട്ടില്‍ തൊഴിലെടുത്തു കഴിയുന്ന ചെറുപ്പക്കാര്‍ക്ക് അടുത്തകാലത്ത് പെണ്ണുകിട്ടാന്‍ പാടാണെന്ന തിരിച്ചറിവുമാത്രം. ഇവരെ എങ്ങനെ തനിമയില്‍ നിലനിര്‍ത്തും എന്നതു മാത്രം. എല്ലാ പെണ്ണുങ്ങളും നഴ്‌സാകാന്‍ പോയപ്പോള്‍ തുടങ്ങിയ പ്രശ്‌നം. യുവാക്കന്മാരെ, നഴ്‌സുമാരെ ആകര്‍ഷിക്കുന്ന തൊഴിലും വിദ്യാഭ്യാസവും നല്‍കി പരിഹരിക്കാവുന്ന താല്‍ക്കാലികപ്രശ്‌നം. അതിന് തനിമ തീറെഴുതി കൊടുക്കേണ്ടി വരുമെന്ന് അവരാരും കരുതിയില്ല.

സീറോ മലബാര്‍ സഭയില്‍ മാന്യനായിരിക്കണമെങ്കില്‍ മാറിക്കെട്ടിയവന്‍ സമുദായത്തില്‍നിന്ന് പുറത്താവുന്ന സാധ്യത ഒഴിവാക്കണം. 

മാറിക്കെട്ടിയവന്റേയും മാറിക്കെട്ടാത്തവന്റേയും നേതാവായാല്‍ തനിമയുടെ കറമാറി നിവര്‍ന്നു നില്‍ക്കാമല്ലോ.

മെത്രാനെ കിട്ടിയിട്ട് വര്‍ഷം നൂറുതികഞ്ഞതേയുള്ളൂ. അതിനുമുമ്പുള്ള ആയിരത്തറുനൂറുവര്‍ഷത്തോളം പാവം ക്‌നാനായമക്കള്‍ ഒരു മെത്രാന്റെയും സംരക്ഷണമില്ലാതെ കാത്തുപാലിച്ചുപോന്ന തനിമയാണ് അരമനഭരണത്തിന്റെ നൂറുവര്‍ഷത്തോടെ നഷ്ടപ്പെട്ടത്. മെത്രാനെ കിട്ടിയപ്പോള്‍ തുള്ളിച്ചാടിയ ക്‌നാനായപിതാക്കള്‍ ഇന്ന് സ്വര്‍ഗ്ഗത്തില്‍ നാണിച്ചിരിക്കയാവും.

തങ്ങള്‍ക്കും രാജാവിനെ വേണമെന്ന് വാദിച്ച ഇസ്രായേല്‍ ജനതയോട് പ്രവാചകന്‍ ദൈവഹിതമറിയിച്ചു: ''വേണ്ട! രാജാവ് നിങ്ങളെ ചൂഷണം ചെയ്യും.''

അവരുടെ ശാഠ്യം മുറുകിയപ്പോള്‍ അവര്‍ക്ക് രാജാവിനെ നല്‍കി നൂറുവര്‍ഷം പിന്നിടും മുമ്പ് രാജഭരണത്തിന്റെ ദൂഷ്യം അവരറിഞ്ഞു. നമുക്ക് നൂറുവര്‍ഷമെങ്കിലും ലഭിച്ചല്ലോ - ഭാഗ്യം!

അരമനയുടെ മനസ്സിലിരിപ്പ് ഇങ്ങനെ: ഇപ്പോള്‍ മാറിക്കെട്ടിയ പുരുഷന്‍ അകത്ത്. പിന്നെ മാറിക്കെട്ടിയ പെണ്ണും. ഇപ്പോള്‍ അമേരിക്കയില്‍ മാത്രം. പിന്നെ കേരളത്തിലും. അപ്പോഴേയ്ക്കും തനിമവാദികളുടെ തലമുറ തീര്‍ന്നുപോകും.

അതുകൊണ്ട് അരമന തനിമ സംരക്ഷിക്കുമെന്ന് കരുതേണ്ടതില്ല. തനിമ സാധാരണ ക്‌നാനായക്കാരുടെ വികാരമാണ്. അത് അവര്‍ക്കേ സംരക്ഷിക്കാനാവൂ. ഒരുലക്ഷം പേരുടെ ഒപ്പുശേഖരണവുമായി ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ് തനിമ സംരക്ഷണത്തിന് ഇറങ്ങിയിട്ടുണ്ട്. ഒരുലക്ഷം പേരുടെ ഒപ്പിന് സംരക്ഷിക്കാന്‍ കഴിയുന്നതാണോ തനിമയുള്ള സമുദായം? രൂപതയുടെ ഒപ്പ് അതിനൊപ്പം ഇല്ലെങ്കില്‍ റോമില്‍ അതിന് വിലയുണ്ടാകുമോ? തക്കസമയത്ത് രൂപത തനിമയുടെ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നെങ്കില്‍ ഒഴിവാകുമായിരുന്ന ദുരന്തമല്ലേ വന്നു ഭവിച്ചത്.

ഒരു 'സ്വതന്ത്ര ക്‌നാനായ സഭ' ലോകമാകെയുള്ള ക്‌നാനായര്‍ ഒരു കുടക്കീഴില്‍.. - കേള്‍ക്കാന്‍ സുഖമുള്ള മുദ്രാവാക്യം. റോമും ചിക്കാഗോയും സീറോമലബാര്‍ സഭയും അതിരൂപതയും അംഗീകരിക്കാനിടയില്ലെന്നേ കരുതാനാവൂ. പത്താം പീയൂസിന് പണ്ടു തെറ്റുപറ്റിയെന്നു പതുക്കെ പറയുന്ന കാലത്ത് തനിമ സംരക്ഷിക്കാന്‍ ഒരു രൂപത ലഭിക്കുമെന്ന് കരുതുക മൗഢ്യമാകും. കണ്ണൂര്‍രൂപത പോലും മറവിയിലായി.

കത്തോലിക്കാസഭയിലെ ഒരു രൂപതമാത്രം കോട്ടയം എന്ന നവീകരണവാദവും കേള്‍ക്കാന്‍ സുഖമുള്ള 'മതേതരം' പോലൊരു മുദ്രാവാക്യം. ഇരുകൂട്ടരേയും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടിയപ്പോഴാണ് ക്‌നാനായരൂപത നൂറുകൊല്ലം മുമ്പുണ്ടായതെന്നോര്‍ക്കുക.

ആരും അനുവദിക്കാതെ 1600 കൊല്ലം സൂക്ഷിച്ച പാരമ്പര്യം ആരുടേയും അനുവാദത്തിനു കാത്തുനില്‍ക്കാതെ സംരക്ഷിക്കുക മാത്രമേ ഇനി കരണീയമായുള്ളൂ. പൂര്‍വ്വികരുടെ അനുമതിയും അനുഗ്രഹവും അതിന് പണ്ടേയുള്ളതു മതി.

ആരിതു സംരക്ഷിക്കും? എങ്ങനെ?

എല്ലാ ക്‌നാനായകുടുംബങ്ങളുടേയും കൂട്ടായ്മക്കേ അതിനു കഴിയൂ. ലോകമാകെയുള്ള ഇത്തരം ഒരു കൂട്ടായ്മ രൂപപ്പെട്ടുവരണം. അതതു രാജ്യങ്ങളിലും രൂപതയിലും ഇടവകയിലും അതിന്റെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കണം. ഇതൊരു സമുദായസംവിധാനം. അത്മായകൂട്ടായ്മ. തനിമയ്ക്കുവേണ്ടി സ്വന്തം കാലില്‍നില്‍ക്കുന്ന, അധികാരികളുടെ ഔദാര്യമല്ലെന്ന നിലപാടുള്ള കൂട്ടായ്മ. ഔദാര്യമല്ലിത് അവകാശമാണ്.

ഇരുകൂട്ടരും ഒന്നായി ഒരിടവകയില്‍ എന്ന സംവിധാനം സഭയില്‍ നിലവില്‍ വന്ന സ്ഥിതിക്ക് നൂറുകൊല്ലം മുമ്പ് നിലവിലിരുന്ന ക്‌നാനായകൂട്ടായ്മ തന്നെ നമുക്കു തുണയാകണം. ക്‌നാനായക്കാരുടെ കാര്യം പറയാനും തീരുമാനിക്കാനുമുള്ള കൂട്ടായ്മ.

ക്‌നാനായ ചരിത്രവും തനിമയും അവിടെ പഠനവിഷയമാക്കണം. ക്‌നാനായ കുട്ടികളുടെ വിദ്യാഭ്യാസത്തിലും ജോലി സമ്പാദനത്തിലും വാര്‍ഡുയോഗങ്ങള്‍ മുതല്‍ ഊന്നല്‍ നല്‍കണം. വിദ്യാഭ്യാസവും നല്ല ജോലിയുമില്ലാതെ ഒരു ക്‌നാനായനും വിഷമിക്കാതെ നോക്കേണ്ടത് കൂടാരയോഗമാണ്. ഒരു കാര്യത്തിലും ക്‌നാനായക്കാരന്‍ വിഷമിക്കരുത്. തനിമയില്‍ ഒരുമയെങ്കില്‍ വിഷമത്തിലും ഒരുമ വേണം. സഭാസംവിധാനം സമുദായത്തിനില്ലെങ്കില്‍ കത്തോലിക്കാസഭയിലും യാക്കോബായസഭയിലുമായി ക്‌നാനായര്‍ ഭിന്നിച്ചു നില്‍ക്കുന്നതെന്തിന്? തനിമയില്‍ ഇരുകൂട്ടരും ഒന്നാകാന്‍ ഇതു തന്നെയാണവസരം.

പുതിയ പള്ളികള്‍ക്കുവേണ്ടി ഇനി ക്‌നാനായ വികാരം ചൂഷണം ചെയ്യേണ്ടതില്ല. പള്ളികള്‍ക്കുവേണ്ടി പാടുപെട്ട അമേരിക്കന്‍ ക്‌നാനായക്കാര്‍ വഞ്ചിതരായതുപോലെ ഇനി ലോകത്തൊരിടത്തും ക്‌നാനായക്കാര്‍ വഞ്ചിതരാകരുത്.

സീറോ-മലബാര്‍ പള്ളികളില്‍ ക്‌നാനായ സമുദായാംഗങ്ങളുടെ കൂട്ടായ്മ എന്നതുമാത്രമെ ഇനി പരിഹാരമുള്ളൂ. ആ കൂട്ടായ്മ പള്ളിക്കകത്തും പുറത്തും തനിമ ഉയര്‍ത്തിപ്പിടിക്കുക. തനിമ മതിയായി എന്ന് ക്‌നാനായ കൂട്ടായ്മ തീരുമാനിക്കുന്ന കാലംവരെ ലോകമെങ്ങും ക്‌നാനായക്കാര്‍ ഈ നിലപാടെടുക്കുകയാവും ഉചിതം. 

അനുകൂല സാഹചര്യത്തിലല്ലല്ലോ പണ്ടും പൂര്‍വ്വികര്‍ പാരമ്പര്യം പാലിച്ചുപോന്നത്?

No comments:

Post a Comment