Sunday, October 28, 2012

കുറി വേണോ കുഞ്ഞാടേ, കല്യാണക്കുറി (മൂന്നാം ഭാഗം)


കുറിയോ, എവിടെ മൂവായിരം ഡോളര്‍?
(അഥവാ വിശുദ്ധ ഡോളറിന്റെ സുവിശേഷം)

പ്രായം കുറെയേറെ ആയങ്കിലും നാട്ടുകാര്‍ക്ക് അത്രയ്ക്കൊന്നും പ്രിയങ്കരനായിരുന്നില്ല ആ പുരോഹിതന്‍. പരുക്കന്‍, ക്ഷിപ്രകോപി, വഴക്കാളി.

അക്കാലത്ത് മഴയില്ലാത്ത സായാഹ്നങ്ങളില്‍ കാലന്‍കുട വാക്കിംഗ്സ്റ്റിക്കാക്കി നടന്നുപോകുന്ന വൈദികര്‍ ഗ്രാമങ്ങളില്‍ ഒരു സ്ഥിരംകാഴ്ച ആയിരുന്നു. അങ്ങനെ നാട്ടിന്‍പുറത്തെ വൈദികന്റെ സായഹ്നസവാരിക്കിടയില്‍ കവലയിലെ മാടക്കടയുടെ മുമ്പില്‍ കുത്തിയിരുന്ന് സൊറ പറഞ്ഞുകൊണ്ടിരുന്ന ഒരു “കുരുത്തം കെട്ടവന്‍,” നല്ല ആരോഗ്യവാന്‍, അല്പം ഉറക്കെ പറഞ്ഞു: “ഇങ്ങേര്‍ക്ക് ഇതുവരെ ചാകാറായില്ലേ?”

വൈദികന്‍ കേള്‍ക്കുമെന്ന് അയാള്‍ ഓര്‍ത്തില്ല. വൈദികന്‍ കേട്ടു, അപ്പോള്‍, അവിടെ വച്ച് തന്നെ പ്രതികരിച്ചു.

“ചാകാറായില്ല മോനെ, നിന്നെക്കൂടി കുഴിച്ചിട്ടിട്ടു വേണം എനിക്ക് പോകാന്‍!”

പാടത്തും പറമ്പിലും ഓടിനടന്നു പണിഎടുത്തിരുന്ന, ഏതു വന്മരത്തേലും അണ്ണാറക്കണ്ണനെപ്പോലെ ചാടിക്കയറിയിരുന്ന അയാള്‍ മൂന്നാംപൊക്കം അതാ ചക്ക വെട്ടിയിട്ടപോലെ മരിച്ചുകിടക്കുന്നു!

വികാരിയച്ചന്‍ അക്ഷോഭ്യനായി ശവസംസ്കാരച്ചടങ്ങ്‌ നടത്തി.

നാട്ടുകാര്‍ക്കെല്ലാം മനസ്സിലായി.... ഇങ്ങനെയിരിക്കും വൈദികരോട് കളിച്ചാല്‍.....

ചെറുപ്പത്തില്‍ വേദപാഠക്ലാസ്സില്‍ കന്യാസ്ത്രീകളില്‍ നിന്നും കേട്ട കഥയാണ് മുകളില്‍ എഴുതിയത്.

നല്ല ഒരു കള്ളനെ കണ്ടാല്‍ മുട്ടുകൂട്ടിയിടിക്കന്ന പരമേശ്വരന്‍ എസ്‌.ഐ ആയി ചാര്‍ജെടുക്കുമ്പോള്‍ പോലീസുകാര്‍ ചായക്കടകളിലൂടെ പ്രചരണം നടത്തും.  പുതിയ ഏമാനെ അറിയാമോ? പേര് പരമേശ്വരന്‍ നായര്‍. അങ്ങേര് കേള്‍ക്കാതെ എല്ലാവരും “മിന്നല്‍ പരമു” എന്നാ വിളിക്കുന്നെ. ഓര്‍ക്കാപ്പുറത്ത് ഇടിമിന്നല്‍ പോലെയാണ് അടി. ഇനി ഇവിടത്തെ കള്ളന്മാരുടെ കാര്യം പോക്കാ.

പോലീസുകാരെപ്പോലെ വൈദികരും ഇത്തരം കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് പിടിച്ചു നില്‍ക്കുന്നത്. വൈദികര്‍ക്ക് അസുഖം വരുന്നതും, അവര്‍ മരിക്കുന്നതുമൊക്കെ ദൈവനിശ്ചയം, എന്നാല്‍ അത്മായനു സംഭവിക്കുന്നതെല്ലാം വൈദികരുടെ ശിപാര്‍ശപ്രകാരം ദൈവം എന്ന അതിക്രൂരന്‍ ചെയ്യുന്ന പ്രതികാരനടപടികളും. ഇരുപത്തൊന്നാം നൂറ്റാണ്ടിലും, പ്രായപൂര്‍ത്തിയായവരില്‍പോലും ഇത്തരം കള്ളകഥകള്‍ ഉപബോധമനസ്സിലുണ്ട് വൈദികശാപത്തിന്റെ ഭയം ഉള്ളില്‍ പേറിനടക്കുന്ന ഭൂരിപക്ഷമാണ് നമ്മുടെ വൈദികരുടെ ശക്തി. ഈ ഭയം ഉള്ളില്‍ ഉള്ളതുകൊണ്ട് അവരോടു എന്തുമാകാം. മറുത്തൊരക്ഷരം മിണ്ടുകയില്ല. ഈ വടി കൈയിലുള്ളതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ ചെന്നാല്‍ പോലും ഒട്ടും മാറേണ്ട ആവശ്യം ഇവര്‍ക്ക് തോന്നാത്തത്. അതേസമയം മലയാളികള്‍ ഇല്ലാത്ത ഇടവകകളില്‍ സേവനം ചെയ്യുന്ന വൈദികരെ സാധിക്കുമെങ്കില്‍ ശ്രദ്ധിക്കുക. എത്ര നല്ലവരാണെന്നറിയാമോ! വിദേശിപാതിരികള്‍ തോറ്റുപോകും. പക്ഷെ മലയാളിയുടെ തല കണ്ടാല്‍ മട്ടു മാറും.

ഒരു നാടന്‍ ചൊല്ലുണ്ട്: “ആളറിയുമ്പോള്‍ കാള.......”

ശപിക്കണമെന്നുണ്ടായിരുന്നെങ്കില്‍, യേശു ക്രിസ്തുവിനു ഈ കത്തനാരന്മാരെക്കാള്‍ എത്രമാത്രം ശക്തി ഉണ്ടായിരുന്നു. പക്ഷെ ആ ദൈവപുത്രന്‍ തന്നെ പീഡിപ്പിച്ച റോമന്‍ പടയാളികളില്‍ ഒരുവനെപോലും ശപിച്ചു ഭസ്മമാക്കിയില്ല. അതും പോരാഞ്ഞിട്ട്, അദ്ദേഹം പറഞ്ഞതെന്താണ്? നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍. ആ ദൈവപുത്രന്റെ മുന്നില്‍ എത്ര നിസ്സാരാന്മരാണ് ദുരവാസാവിന്റെ വേഷം കെട്ടുന്ന ഈ പാതിരിമാര്‍.

തന്നെ പീഡിപ്പിച്ചവരെ ക്രിസ്തു ശപിച്ചില്ല 
2012 March രണ്ടാം തിയതി തുണ്ടത്തില്‍ ജോമോന്‍ എന്ന “അമേരിക്കന്‍ ബോണ്‍ ആന്‍ഡ്‌ ബോട്ടപ്പ്‌” യുവാവ് തന്റെയടുത്ത് വന്നപ്പോള്‍ സത്യത്തില്‍ ഹൂസ്റ്റണ്‍ ക്നാനയാപള്ളി വികാരി ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത് (ഇനിയങ്ങോട്ട് സൗകര്യാര്‍ത്ഥം ഇല്ലിക്കുന്നച്ചന്‍ എന്ന് പറയാം) ഓര്‍ത്തില്ല, ഇത് ജനുസ്സ് വേറെയാണെന്ന്.

ഇല്ലിക്കുന്നച്ചന്‍ നല്ലപിള്ള ചമഞ്ഞു.

കല്ല്യാണക്കുറിയോ? അതിനെന്താണ് പ്രശ്നം? തരാമല്ലോ, തരാമല്ലോ. അതൊരു വെറും ഫോര്മാലിറ്റിയല്ലേ. ഇതൊക്കെ ചെയ്യാനല്ലേ ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. പപ്പയും മമ്മിയും ഒക്കെ സുഖമായിരിക്കുന്നോ, മോനേ? പിന്നെയേ, ഇച്ചിരെ കാശ് പള്ളി കമ്മറ്റികാര്‍ക്ക് കൊടുത്തേര്. ഒരു മംഗളകര്‍മ്മം നടക്കാന്‍ പോവുകയല്ലേ.  അധികമൊന്നും വേണ്ടെന്നേ. ഒരു മൂവായിരം ഡോളര്‍. കുഴപ്പമില്ലല്ലോ.

എന്നാ പറയാനാ. ഞാന്‍ ഒരു വൈദികനാ. ജോമോന് അറിയാമോ, ഞങ്ങള്‍ ഒക്കെ എത്ര വര്ഷം ദൈവശാസ്ത്രവും മനശാസ്ത്രവും ഒക്കെ പഠിച്ചിട്ടാണ് ഈ പട്ടം കിട്ടുന്നതെന്ന്? ഞങ്ങള്‍ക്കറിയാം വിവാഹം ചെയ്യാന്‍ പോകുന്ന ഒരു കുടുംബത്തിന്റെ ബുദ്ധിമുട്ട്. എന്നെപോലെയാണോ ഈ പള്ളിക്കമ്മറ്റികാര്? ജോമോന് അറിയാമല്ലോ, നാട്ടീന്നു വന്നിരിക്കുന്ന ഈ അങ്കിള്മാരുടെ കാര്യം. ഒരു കാര്യം പറഞ്ഞാല്‍ മനസ്സിലാകില്ല. അവന്മാരോട് തര്‍ക്കിക്കാന്‍ പോയാല്‍ ഒരു രക്ഷയുമില്ല. കല്യാണം സമയത്ത് നടക്കുകയില്ല. നമുക്കിപ്പോള്‍ ഇതിനൊക്കെ സമയമുണ്ടോ? ആ കാശങ്ങോട്ടു കൊടുത്തേര്. കുറിയോ, അത് എപ്പോള്‍ വേണമെങ്കിലും റെഡിയല്ലേ.

ജോമോന് സംശയം, ഈ കല്യാണം എന്ന് പറയുന്നത് ഒരു കൂദാശയല്ലേ അച്ചാ? കൂദാശയുടെ കാര്യം വൈദികനാണോ, അതോ പള്ളിക്കമ്മറ്റിക്കാരാണോ തീരുമാനിക്കുന്നത്?

ഈ ജോമോന്റെ ഒരു തമാശ! എന്നാല്‍ ജോമോന്‍ ചെന്നാട്ടെ. പപ്പായേം മമ്മിയേം അന്വേക്ഷിച്ചതായി പറയണേ....

ജോമോന്റെ മാതാപിതാക്കള്‍ (തുണ്ടത്തില്‍ ലിസ്സിയും ജയിംസും) ഇതിനെക്കുറിച്ച്‌ സംസാരിക്കാനായി തറയിലച്ചനെ ചെന്നുകണ്ടു. ഇല്ലിക്കുന്നച്ചന്റെ കത്തില്ലാതെ കല്യാണം നടത്തിയാല്‍ താന്‍ പ്രശ്നത്തിലാകും എന്നായിരുന്നു തറയിലച്ചന്റെ അപ്പോഴത്തെ നിലപാട്. ഈ ഒരു കത്ത് മാത്രം മതിയോ ഈ കല്യാണം നടക്കാന്‍, ഒത്തുകല്യാണം  ആവശ്യമാണോ എന്നൊക്കെ തുണ്ടത്തില്‍ ദമ്പതികള്‍ ആരാഞ്ഞു. അതിനു ലഭിച്ച വിശദീകരണം, അമേരിക്കയില്‍ ഒത്തുകല്യാണം അത്യാവശ്യമല്ലെന്നും, പക്ഷെ ഒത്തുകല്യാണം നടത്തണമെങ്കില്‍ അതിനും ഇല്ലിക്കുന്നച്ചന്റെ കത്ത് ആവശ്യമാണെന്നുമായിരിന്നു.

മാര്ച് ആറാം തിയതി ജയിംസ്‌ ഇല്ലിക്കുന്നച്ചനുമായി സംസാരിച്ചു. മാര്ച് പത്താം തിയതി നേരില്‍ കാണാന്‍ അപ്പോയിന്റ്മെന്റ് കൊടുത്തു. പക്ഷെ അന്ന് കണ്ടപ്പോള്‍, കത്ത് പിന്നെയൊരിക്കല്‍ തരാമെന്നു പറഞ്ഞു ഹൂസ്റ്റണിലെ ക്നാനായവികാരി ഒഴിഞ്ഞുമാറി. ഇതോടെ, ഇത് കേരളത്തിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ അടവുതന്നെയാണ് ഇല്ലിക്കുന്നത്തച്ചന്‍ ഇറക്കുന്നതെന്നത് തുണ്ടത്തില്‍ കുടുംബത്തിന് ബോധ്യമായി.

ഭഗ്നാശനായ ജോമോന്‍ തന്റെ ഇളയ സഹോദരനോട് പറഞ്ഞു:

“നീ വല്ല അമേരിക്കകാരിയെയും കണ്ടുപിടിച്ചോ. അല്ലെങ്കില്‍ ഇത്തരം അസംബന്ധങ്ങളിലൂടെ നിനക്കും കടന്നുപോകേണ്ടി വരും.”

കുഞ്ഞാടുകളോട് ശ്രദ്ധാപൂര്‍വ്വമായ ഒരു താല്‍പര്യമാണ് സഭയ്ക്കുള്ളതെന്നും വിശ്വാസജീവിതത്തിലേയ്ക്കും പ്രാര്‍ത്ഥനയിലേയ്ക്കും ഉപവിപ്രവൃത്തികളിലേക്കും കുട്ടികളെ ക്രൈസ്തവ വിദ്യാഭ്യാസത്തിലേയ്ക്കും ക്ഷണിച്ചുകൊണ്ടാണ് സഭ ഈ താല്‍പര്യം പ്രകടമാക്കുന്നതെന്നുമൊക്കെയുള്ള പൊള്ളയായ വലിയ വചനങ്ങള്‍ പറയുമെങ്കിലും, കത്തോലിക്കാസഭയ്ക്ക് കാര്യത്തോടടുക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ ശ്രദ്ധാപൂര്‍വമായ താല്പര്യമുള്ളൂ – കാശിന്റെ കാര്യത്തില്‍.

വിശുദ്ധ ഡോളറിന്റെ  സുവിശേഷം 
അവര്‍ക്കറിയാവുന്ന ഏക സുവിശേഷം വിശുദ്ധ ഡോളറിന്റെ സുവിശേഷവും.


(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

(നാലാം ഭാഗം നാളെ.......)

No comments:

Post a Comment