Saturday, October 13, 2012

കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ സഹിക്കാനാവാതെ സഭാപിതാക്കള്‍

മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ വളര്‍ന്നു വരണമെന്നും, വളരുംതോറും അവരുടെ ബുദ്ധി വികസിക്കണമെന്നും ആഗ്രഹമുണ്ട്. ഒരു പ്രൈമറി വിദ്യാലയത്തിലെ അധ്യാപകന്റെ സ്വപ്നം തന്റെ മകനും ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ ആകണമെന്നല്ല; അവന്‍ തന്നെക്കാള്‍ കൂടുതല്‍ പഠിച്ച്, ഒരു ഐ.എ.എസ്‌.കാരനോ, ഡോക്ടറോ, ഒക്കെയാകണം. അവന്‍ വളരുന്നതുകൊണ്ട് താന്‍ ചെറുതാകുന്നില്ല.

ശരിയാണ്, കുട്ടികള്‍ മണ്ടന്മാരായിരുന്നാല്‍ അവരെ നിലയ്ക്ക്നിര്‍ത്തുക എളുപ്പമാണ്. ചെറുപ്പത്തില്‍ ഈശോ തല്ലും, കുട്ടിചാത്താന്‍ പിടിക്കും എന്നൊക്കെ പറഞ്ഞു മക്കളെ ചിലരെങ്കിലും പേടിപ്പിക്കാറുണ്ട്. ഇരുപത്തഞ്ചു വയസ്സുള്ള മകന്‍ പല്ല് തേയ്ക്കാന്‍ വൈകുമ്പോള്‍ അവനെ “ഈശോ തല്ലും” എന്ന് പറഞ്ഞു പേടിപ്പിക്കാന്‍ സാധിക്കണം എന്ന് ഒരു മാതാപിതാക്കളും ആഗ്രഹിക്കാറില്ല.

പക്ഷെ നമ്മുടെ സഭാപിതാക്കന്മാര്‍ അവരുടെ കുഞ്ഞാടുകുഞ്ഞുങ്ങള്‍ എന്നും ബുദ്ധി ഉറയ്ക്കാത്തവരായി കഴിയണമെന്നാഗ്രഹിക്കുന്നവരാണ് .

പണ്ടൊക്കെ, എന്ന് പറഞ്ഞാല്‍ ‘പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു’ എന്ന് പറയുന്ന കാലത്ത്, തിരുവായ്ക്ക് എതിര്‍വായ്‌ ഉണ്ടായിരുന്നില്ല. തെറ്റിനോട് പ്രതികരിക്കുന്ന പ്രജകള്‍ അന്നും ഉണ്ടായിരുന്നു. പക്ഷെ അത് വളരെ അപകടം പിടിച്ച ഒരു പണി ആയിരുന്നു. രാജാവിന്റെ ചാരന്മാര്‍ എല്ലായിടത്തും ഉണ്ടായിരുന്നു; എതിര്‍ വാ തുറക്കുന്നവരെ കണ്ടെത്തി കഠിനമായി ശിക്ഷിച്ചിരുന്നു. അങ്ങനെ എല്ലാം ശാന്തം. ആന്‍ഡ്‌ ദേയ് ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്ടര്‍! അത് പണ്ടത്തെ രാജാക്കന്മാരുടെയും ചക്രവര്ത്തിമാരുടെയും സുവര്‍ണ്ണകാലത്തെ കഥ.

അവിടെ നിന്നും മാനവസംസ്ക്കാരം വളരെയേറെ മുന്നോട്ട് പോയി. രാജാവിന്റെ സ്ഥാനം ദൈവദത്തമാണ് എന്ന വാദമൊന്നും വിലപ്പോകാതായി. ജനങ്ങള്‍ അവരുടെ അവകാശങ്ങളെപറ്റിയും സ്വാതന്ത്ര്യത്തെക്കുറിച്ചും ബോധാവാന്മാരായി.

അങ്ങനെ രാജഭരണം മിക്ക രാജ്യങ്ങളിലും ഇല്ലാതായി; ഉള്ളിടത്തുതന്നെ രാജാവിന്റെ പ്രസക്തിയും അധികാരവും ഗണ്യമായി കുറഞ്ഞു. ഈ മാറ്റത്തെ മാനവകുലത്തിന്റെ സാംസ്ക്കാരിക മുന്നേററമായാണ് നാമെല്ലാം കാണുന്നത്.

ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയും, അടല്‍ ബിഹാരി ബാജ്പേയെപ്പോലെയും, സി. അച്യുതമേനോനെപ്പോലെയുമൊക്കെയുള്ള ഭരണാധികാരികളെ പ്രതിപക്ഷവും മാധ്യമങ്ങളും വിമര്‍ശിച്ചു. അത്തരം വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ചാണ് അവര്‍ ഭരണം നടത്തിയതും, ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയതും. അവരെ വിമര്ശിച്ചവരെ രാജ്യദ്രോഹികള്‍ അല്ലെങ്കില്‍ സാമൂഹ്യദ്രോഹികളായി അവരും മറ്റാരും കണ്ടില്ല. വിമര്‍ശനവും ഭരണവും കൈകോര്‍ത്തു പോകുന്നു.

പക്ഷെ സഭയുടെ കാര്യത്തില്‍, കാലം മാത്രമേ മാറുന്നുള്ളൂ, കോലം  മാറുന്നതേയില്ല.

സഭാപിതാക്കന്മാര്‍ക്ക് അവരുടെ “പ്രജകള്‍” ചിന്തിക്കുന്ന, വിമര്‍ശിക്കുന്ന, അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കുന്ന അവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. ആ അസഹിഷ്ണുത ഈയിടെയായി വൈദികരുടെ ഞായറാഴ്ച (അധിക) പ്രസംഗങ്ങളിലും, സ്വകാര്യസംഭാഷണങ്ങളിലും വെളിപ്പെടുന്നു.

ഭരണാധികാരികളെ നിയന്ത്രിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ട്, പാര്‍ലമെന്റ്, പാര്‍ലമെന്റിന്റെ വിവിധ കമ്മറ്റികള്‍, അക്കൗണ്ടന്റ് ജനറാള്‍, അങ്ങനെ പല സംവിധാനങ്ങള്‍. അവരോടൊക്കെ കാര്യങ്ങള്‍ വിശദീകരിച്ചാണ് ആധുനികകാലത്ത് അധികാരം കൈയ്യാളുന്നവര്‍ കഴിഞ്ഞുകൂടുന്നത്.

സഭയിലാകട്ടെ, “ജനവികാരം എത്ര ശക്തമായാലും, ഒരു വിശദീകരണവും നല്‍കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല” എന്ന ധാര്‍ഷ്ട്യഭാവമാണ് പുരോഹിതവര്‍ഗ്ഗത്തിന്. ഈയടുത്തകാലത്തുണ്ടായ ഒന്നാന്തരം ഒരുദാഹരണമാണ് പറമ്പേട്ട് സൈമണ്‍ സാറിന്റെ പരാതി. ക്നാനായ വിശേഷങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഒരാള് പോലും അതിരൂപതാധ്യക്ഷന്റെ നടപടിയെ അനുകൂലിച്ചു കണ്ടില്ല. ഇത്രയും ശക്തമായി വിശ്വാസിസമൂഹം പ്രതികരിച്ചിട്ടും, “അമ്മിക്കല്ലിനു കാറ്റ് പിടിച്ചപോലെ” തുടരുന്ന, നയത്തില്‍ യാതോരു മാറ്റവും വരുത്താത്ത സഭാധികാരികള്‍ക്കു മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ദൈവം നല്‍കട്ടെ.

അതിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

No comments:

Post a Comment