Thursday, October 11, 2012

ക്നാനായ സമുദായാംഗം ജോസ്‌ സിറിയക്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറി.

ക്നാനായ സമുദായാംഗം കെ.ജോസ്‌ സിറിയക്‌ കേരളത്തിന്റെ പുതിയ ചീഫ്‌ സെക്രട്ടറിയാകും. ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ വിരമിക്കുന്ന ഒഴിവിലാണു നിയമനം. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിക്കുന്ന ജയകുമാര്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി തുടരും.

കേന്ദ്ര സര്‍ക്കാരില്‍ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ വകുപ്പ്‌ സെക്രട്ടറിയാണ്‌ ഇപ്പോള്‍ ജോസ്‌ സിറിയക്‌. അദ്ദേഹത്തിന്‌ ഒരു വര്‍ഷം കൂടി സര്‍വീസ്‌ അവശേഷിക്കുമ്പോഴാണ്‌ സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന സിവില്‍ സര്‍വീസ്‌ തസ്‌തികയില്‍ നിയമിതനാകുന്നത്‌. 1977 ബാച്ചിലെ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ അദ്ദേഹം. കല്‍പ്പറ്റ അസിസ്റ്റന്റ്‌ കളക്‌ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോസ്‌ സിറിയക്‌, ധനവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ കേന്ദ്ര സര്‍വീസിലേക്കു പോയത്‌.

മൂവാറ്റുപുഴ വാരപ്പെട്ടി  കണ്ടോത്ത്‌ കുടുംബാംഗമാണ്‌ ജോസ്‌ സിറിയക്‌. പരേതനായ കെ.ജെ. സിറിയക്കിന്റെയും റോസമ്മയുടെയും മകനായ ഇദ്ദേഹം ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സ്ഥാപക പ്രസിഡന്റും, ക്നാനായ മലബാര്‍ കുടിയേറ്റത്തിന്റെ ശില്പിയുമായ ഷെവലിയര്‍ പ്രൊഫ. വി.ജെ. ജോസഫ്‌ കണ്ടോത്തിന്റെ പൗത്രനാണ്.

ആലപ്പുഴ ജില്ലാ കളക്ടര്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ഫിഷറീസ് ഡയറക്ടര്‍, ധനകാര്യ, ടൂറിസം, റവന്യൂ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സിലും ബ്രിട്ടനിലെ സ്ട്രാത്‌ക്ലൈഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് കോര്‍പ്പറേറ്റ് ഫിനാന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ട്ടുണ്ട്.

ഡല്‍ഹിയിലെ പേള്‍ അക്കാദമി ഓഫ്‌ ഫാഷനില്‍ ഫാഷന്‍ ഡിസൈനിംഗ്‌ പ്രഫസറും കോട്ടയം വെള്ളാപ്പള്ളി കുടുംബാംഗവുമായ സല്‍ജുവാണു ഭാര്യ. മക്കള്‍: ദീപ്‌തി വെഡ്‌ജല്‍ (ആര്‍ക്കിടെക്ട്‌, പെര്‍ത്ത്‌, ഓസ്‌ട്രേലിയ), ഡോ. സിറിയക്‌ കണ്ടോത്ത്‌ ( അമേരിക്കയിലെ സെന്റ്‌ ലൂയിസില്‍ ജീനോം കംപ്യൂട്ടര്‍ സെന്ററില്‍ കംപ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനിയര്‍), ഡോ. രോഹിണി ജോസ്‌ (ബാംഗളൂര്‍ സെന്റ്‌ ജോണ്‍സ്‌ മെഡിക്കല്‍ കോളജില്‍ എംഎസ്‌ വിദ്യാര്‍ഥിനി).

ജോസ് സിറിയക്കിന് 2013 ഏപ്രില്‍വരെ സര്‍വീസുണ്ട്. ജോസ് സിറിയക്കിന്റെ സേവനം കേരളത്തിന് വിട്ടുതരണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുകൂല മറുപടി ലഭിച്ച സാഹചര്യത്തില്‍ നവംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.

No comments:

Post a Comment