Thursday, October 25, 2012

കുറി വേണോ കുഞ്ഞാടേ, കല്യാണക്കുറി.... (ഒന്നാം ഭാഗം)

വിവാഹം എന്ന കൂദാശ

പുരുഷന്റെയും സ്ത്രീയുടെയും വൈവാഹിക ഐക്യം സ്രഷ്ടാവിനാല്‍ സ്ഥാപിതവും അവിടത്തെ പ്രത്യേക നിയമത്തില്‍ അധിഷ്ഠിതവുമാണ്. വിവാഹം സ്വഭാവത്താല്‍തന്നെ, ദമ്പതികളുടെ സംസര്ഗത്തിലേയ്ക്കും നന്മയിലേയ്ക്കും കുട്ടികളുടെ ജനനത്തിലേയ്ക്കും അവരുടെ വിദ്യാഭ്യാസത്തിലേയ്ക്കും ക്രമവല്‍കരിക്കപ്പെട്ടിട്ടുള്ളതാണ്. ദൈവത്തിന്റെ ആദിമ പദ്ധതിപ്രകാരം ദാമ്പത്യഐക്യം അവിഭാജ്യമാണ്. യേശുക്രിസ്തു അക്കാര്യം ഇങ്ങനെ സ്ഥിരീകരിച്ചിരിക്കുന്നു:

ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ” (മര്‍ക്കോ.10:9).

പഴയ നിയമത്തിന്റെ കാലത്ത് പ്രധാനമായും നിയമത്തിന്റെയും പ്രവാചകരുടെയും ബോധനരീതികളിലൂടെ, വിവാഹത്തിന്റെ ഏകതയുടെയും അവിഭാജ്യതയുടെയും അവബോധം ക്രമാനുഗതമായി പക്വത പ്രാപിക്കുവാന്‍ ദൈവം തന്റെ ജനത്തെ സഹായിച്ചിരുന്നു.

ദൈവം ആഗ്രഹിച്ച ആദിമക്രമം യേശുക്രിസ്തു പുന:സ്ഥാപിക്കുക മാത്രമല്ല ചെയ്യുന്നത്, കൂദാശയുടെ പുതിയ മഹത്വത്തില്‍ വിവാഹം ജീവിക്കുന്നതിനുള്ള കൃപ അവിടുന്ന് നല്‍കുകയും ചെയ്യുന്നു. സഭയോടുള്ള തന്റെ ദാമ്പത്യസ്‌നേഹത്തിന്റെ അടയാളമാണ് ഈ കൂദാശ:

ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍” (എഫേ. 5:25).

ഇതൊക്കെയാണ് വിവാഹം എന്ന തിരുക്കര്‍മ്മത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാടും പ്രബോധനവും.

എന്നിരുന്നാലും ഇതിനെക്കുറിച്ച്‌ അത്മായന് ശരിയായ അറിവ് ഉണ്ടാകരുതെന്ന ദുരുദ്ദേശത്തോടെ വിവാഹത്തെ ചുറ്റിപറ്റിയുള്ള കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ മനപൂര്‍വം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. വിവാഹമെന്ന കൂദാശ എങ്ങനെയാണ് പരികര്‍മ്മം ചെയ്യുന്നത് എന്ന് വിശദീകരിച്ചിരിക്കുന്നത് നോക്കുക:

“സഭയില്‍ പരസ്യമായ ഒരു പദവിയുടെ ജീവിതം ദമ്പതികള്‍ക്ക് വിവാഹം നല്‍കുന്നതുകൊണ്ട് അതിന്റെ ലിറ്റര്‍ജിക്കല്‍ ആഘോഷം പുരോഹിതന്റെയും (അഥവാ സഭയുടെ യോഗ്യതയുള്ള സാക്ഷിയുടെ) മറ്റു സാക്ഷികളുടെയും സാന്നിധ്യത്തില്‍ പരസ്യമായി നടത്തണം.”

ഇത് വായിച്ചാല്‍പോലും സാധാരണക്കാരന് മനസ്സിലാകുന്നത് വൈദികനില്ലാതെ ഒരു കത്തോലിക്കാവിവാഹം നടത്താന്‍ അനുവാദമില്ല എന്നാണല്ലോ. വിവാഹകര്‍മ്മത്തിന്റെ കാര്മ്മികര്‍ വരനും വധുവും ആണ്. വൈദികന്‍ ഒരു സാക്ഷി മാത്രമാണ്. വൈദികന് പകരം സഭയുടെ യോഗ്യതയുള്ള (ആ യോഗ്യത എന്താണോ ആവോ!) മറ്റൊരു സാക്ഷി ആയാലും മതി. ഇത്തരം ഒരു കര്‍മ്മം നടന്നു എന്ന് തങ്ങളുടെ ഇടവകാധികൃതരെ യഥാസമയം അറിയിക്കുക എന്നത് പ്രധാനമാണ്.

മനസ്സിലാക്കാന്‍ സാധിച്ചിടത്തോളം, വിവാഹം എന്നാ കര്‍മ്മം പള്ളിയില്‍ വച്ച്തന്നെ നടത്തണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. രൂപതാധ്യക്ഷന്റെ അനുവാദമുണ്ടെങ്കില്‍ ഹോട്ടലിലോ, മറ്റെവിടെയെങ്കിലും വച്ചോ വിവാഹം നടത്താവുന്നതാണ്.പക്ഷെ ഇത്തരം വിവരം ഒരു കാരണവശാലും പുരോഹിതവര്‍ഗ്ഗം കുഞ്ഞാടുകളെ അറിയിക്കുകയില്ല എന്ന് മാത്രം.

ലോകത്തിന്റെ പല ഭാഗങ്ങളിലും വിവാഹം ചെയ്യാതെ സ്ത്രീ-പുരുഷന്മാര്‍ കുടുംബവും കുഞ്ഞുങ്ങളുമായി ഒന്നിച്ചു താമസിക്കുന്നുണ്ട്.  നിയമത്തിന്റെ മുന്നില്‍ അവര്‍ പാപികളല്ല. വിവാഹം ചെയ്തവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ആ ദമ്പതികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ലഭിക്കുന്നുമുണ്ട്. അത്തരക്കാരെ സഭയിലേയ്ക്ക് ആകര്‍ഷിക്കാനായി, ആഗോള കത്തോലിക്കാസഭ വളരെയേറെ ശ്രമിക്കുന്നുണ്ട്.


വിവാഹമോചനത്തിനു ശേഷം നടത്തുന്ന സിവില്‍ വിവാഹം മൂലമുണ്ടാകുന്ന ഐക്യത്തെ, കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്ന സഭയ്ക്ക് വിവാഹമായി അംഗീകരിക്കാന്‍ പറ്റില്ല. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു” (മര്‍ക്കോ.10:11-12).

ഇങ്ങനെ പറയുന്നുണ്ടെങ്കിലും, ശ്രദ്ധാപൂര്‍വ്വമായ ഒരു താല്‍പര്യമാണ് അവരോട് സഭയ്ക്കുള്ളത്. അവരെ വിശ്വാസജീവിതത്തിലേയ്ക്കും പ്രാര്‍ത്ഥനയിലേയ്ക്കും ഉപവിപ്രവൃത്തികളിലേക്കും കുട്ടികളെ ക്രൈസ്തവ വിദ്യാഭ്യാസത്തിലേയ്ക്കും ക്ഷണിച്ചുകൊണ്ടാണ് സഭ ഈ താല്‍പര്യം പ്രകടമാക്കുന്നത്.

ഇത് ആഗോളകത്തോലിക്ക സഭയുടെ കഥ. കേരളത്തിലേയ്ക്ക് വന്നാല്‍ രംഗം ആകെ മാറി. അവിടെ മാമ്മോദീസ, വിവാഹം, മരിച്ചടക്ക് – ഇത്തരം ചടങ്ങുകള്‍ എല്ലാം വിശ്വാസികളായ കുഞ്ഞാടുകളെ മുട്ടുകുത്തിക്കാനുള്ള അവസരങ്ങളാണ്. വൈദികര്‍ ഇത്തരം അവസരങ്ങള്‍ പാഴാക്കാറില്ല. ഈ സമയത്ത് മുട്ടേല്‍ ഇഴയാന്‍ ആവശ്യപ്പെട്ടാല്‍ വരനും വധുവും മാത്രമല്ല അവരുടെ മാതാപിതാക്കളും ബന്ധുക്കളും അനുസരിക്കും എന്നിവര്‍ക്കറിയാം. കേരളത്തില്‍ പരീക്ഷിച്ചു വിജയിച്ച ഇത്തരം ആയുധങ്ങളുമായാണ് നമ്മുടെ സീറോ മലബാര്‍ സഭ അമേരിക്കയിലേയ്ക്കും യുറോപ്പിലെയ്ക്കും ചേക്കേറുന്നത്. അവിടെയും “കടലില്‍ ചെന്നാലും നക്കി കുടിക്കുന്ന നായ്ക്കളെപ്പോലെ” വിശ്വാസികള്‍ അനുസരിക്കാനുണ്ട്.

സീറോ-മലബാര്‍കാര്‍ക്ക് അമേരിക്കയില്‍ ഇങ്ങനെയൊക്കെ ആകാമെങ്കില്‍, ക്നാനായ വൈദികര്‍ എന്തിനു കുറയ്ക്കണം? നമ്മളും സീറോ മലബാറിന്റെ തന്നെ ഭാഗമല്ലേ?

(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

നാളെ: വിവാഹം നിശ്ചയിക്കുന്നു; പിടി മുറുക്കുന്നു.....


No comments:

Post a Comment