Wednesday, October 31, 2012

കുറി വേണോ കുഞ്ഞാടെ, കല്യാണക്കുറി (അഞ്ചാം ഭാഗം)

ഹൂസ്റ്റണ്‍ - അല്പം ചരിത്രം 

സര്‍വ്വശക്തനായ ഡോളറെ, അങ്ങേയ്ക്ക് സ്തുതി!

അങ്ങാടിയത് പിതാവുമായി സംസാരിച്ചതിനു ശേഷം, പ്രതിശ്രുതവരന്‍, ജോമോന്‍ തുണ്ടത്തില്‍ ഹൂസ്റ്റണ്‍ ക്നാനായപള്ളിവികാരി, ഇല്ലിക്കുന്നത്തച്ചനുമായി സംസാരിച്ചു. അങ്ങാടിയത് പിതാവ് പറഞ്ഞത് അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ, വൈദികന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

ഒത്തുകല്ല്യാണത്തിനു ശേഷം പതിവിന്‍പടി ക്നാനയപള്ളിയില്‍ വിവാഹം വിളിച്ചുചൊല്ലണം. അതിനുശേഷം മാത്രമേ കുറി കൊടുക്കാന്‍ സാധിക്കുകയുള്ളൂ. (ഇവിടെ കല്യാണക്കുറിയുടെ പരമ്പരാഗതമായ ഉദ്ദേശം മനസ്സിലാക്കാന്‍ ഒന്ന് ശ്രമിക്കാം. ഈ കല്ല്യാണക്കുറി ഒരു ക്നാനായ ആചാരമല്ല, സീറോ-മലബാര്‍ ഫോര്മാലിറ്റിയാണ്. തൃശ്ശൂര്‍ പ്രദേശത്തുള്ള ഒരാള്‍ക്ക്‌ ചങ്ങനാശ്ശേരിയില്‍ നിന്ന് വിവാഹാലോചന വരുന്നു എന്ന് കരുതുക; യാത്രാസൗകര്യങ്ങള്‍ കുറവായിരുന്ന പഴയകാലത്ത് തൃശ്ശൂര്‍കാരന്‍ വരന് വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് ചങ്ങനാശേരി വികാരിക്കോ, വധുവിനോ, ബന്ധുക്കള്‍ക്കോ അറിയില്ല. അത്തരം കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നു വരനെ അറിയാവുന്ന തൃശ്ശൂര്‍ വികാരി ചങ്ങനാശ്ശേരി വികാരിയെ അറിയിക്കുന്നതാണ് കല്യാണക്കുറി. ഇന്ന് അത് സഭാധികാരികള്‍ക്കു കാശ് പിടുങ്ങാനുള്ള ഒരു “പാരമ്പര്യം” ആയി മാറി, മാറ്റി. ജോമോന് മറ്റ് ഭാര്യയും കുട്ടികളും ഇല്ലെന്നു, ന്യൂയോര്‍ക്കിലുള്ള വധുവിനും വീട്ടുകാര്‍ക്കും സെല്‍ ഫോണിന്റെയും, ഇമെയിലിന്റെയും ഫേസ്ബുക്കിന്റെയും ഈ കാലത്ത് അറിയാഞ്ഞിട്ടല്ല; പത്തു കാശ് കിട്ടുന്നത് ഇങ്ങോട്ട് പോരട്ടെ, അത്ര തന്നെ!).

വൈദികന്റെ നിലപാട് ഇതാണ്: “ജോമോന് ഓര്‍മ്മയുണ്ടല്ലോ, കാശിന്റെ കാര്യം.....  ഞാന്‍ പറഞ്ഞില്ലേ, ഈ മുടിഞ്ഞ പാരിഷ് കൌണ്‍സില്‍കാര് – എന്ത് ചെയ്യാം അവന്മാര് സമ്മതിക്കേണ്ടേ? വെറും മൂവായിരം ഡോളറിന്റെ കാര്യമല്ലേ.......”

അങ്ങാടിയത്ത്‌ സംഗതികളുടെ പോക്ക് പ്രശ്നത്തിലേയ്ക്കാണെന്നു മനസ്സിലാക്കി, ലൈന്‍ മാറ്റി. നമ്മുടെ പാരമ്പര്യം എന്നൊക്കെ തട്ടിവിട്ട് കിട്ടുന്നത് പോരട്ടെ എന്ന ചിന്തയില്‍ വല്ലതും തരണേ എന്ന് പറഞ്ഞതേയുള്ളൂ. പക്ഷെ ഇല്ലിയച്ചന് അങ്ങനെ പറയാന്‍ പറ്റുകയില്ല. അതിന്റെ കാരണം അറിയണമെങ്കില്‍ ഹൂസ്റ്റണ്‍ ക്നാനായ മിഷന്റെ ചരിത്രം പഠിക്കണം. അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള ക്നാനയക്കാര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണത്.

ഏതാണ്ട് പത്തു വര്‍ഷക്കാലം പിന്നോട്ട് പോകണം. കൃത്യമായിപ്പറഞ്ഞാല്‍ 2003. ഹൂസ്റ്റണില്‍ ക്നാനായ കുടുംബങ്ങള്‍ നൂറില്‍ താഴെ മാത്രം. തങ്ങള്‍ സ്ഥിരതാമസമാക്കിയ നഗരത്തില്‍ തങ്ങളുടെ ആത്മീയവും ഭൌതികവുമായ ഉന്നമനത്തിനായും, ജീവിതസൌകര്യത്തിനായും പതിമൂവായിരം ചതുരശ്ര അടി (13,000 Sq. Ft.)  വിസ്താരമുള്ള ഒരു മനോഹരമായ കമ്മ്യൂണിറ്റി സെന്റര് പണി കഴിപ്പിച്ചു. ആറു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ (2009-ല്‍) അന്നുണ്ടായിരുന്നവരുടെയെല്ലാം സഹകരണത്തോടെ, ഈ കെട്ടിടത്തിനു വേണ്ടിയെടുത്ത കടം മിക്കവാറും തിരിച്ചടച്ചുതീര്‍ത്തു.

ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ -  2010 ല്‍ നടന്ന ഒരു First Holy Communion 

സമുദായസ്നേഹികള്‍ ഒത്തുകൂടി അവരുടെ ഭാവിയെക്കുറിച്ച് ആലോചിച്ചു. അതിനോടകം കുടുംബങ്ങളുടെ എണ്ണം ഏതാണ്ട് മുന്നൂറ്റിയമ്പതായി ഉയര്‍ന്നിരുന്നു. കമ്മ്യൂണിറ്റി സെന്ററില്‍ 800 – 850 സീറ്റിംഗ് കപ്പാസിറ്റി ആണുള്ളത്. നിലവില്‍ കടബാധ്യത ഇല്ലാത്തതിനാലും, കുടുംബങ്ങളുടെ എണ്ണം ഇനിയും കാര്യമായി വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാലും 1200 പേര്‍ക്കിരിക്കാവുന്ന ഒരു ദേവാലയം സ്വന്തമായി വേണം എന്ന ആഗ്രഹം പൊതുവില്‍ ഉയര്‍ന്നുവന്നു. പൊതുയോഗസമ്മതപ്രകാരം കമ്മ്യൂണിറ്റി സെന്റെരിനോട് ചേര്‍ന്ന് കിടക്കുന്ന മൂന്നര ഏക്കര്‍ സ്ഥലം ദേവാലയനിര്‍മ്മാണത്തിനായി ദാനം ചെയ്തു. തുടര്‍ന്ന് കേരളത്തനിമയിലുള്ള ഒരു ദേവാലയം അവിടെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

ഇതിനോടകം, കമ്മ്യൂണിറ്റി സെന്റെറിന്റെ തൊട്ടരികില്‍ തന്നെ റിട്ടയര്‍ ചെയ്യുന്ന ക്നാനായ ദമ്പതികള്‍ക്കായി ഒരു ക്നാനായ ഹോംസും തുടങ്ങിയിരുന്നു. താമസം, പള്ളി, കമ്മ്യൂണിറ്റി സെന്റര് – ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കോംപ്ലെക്സ് ആയിരുന്നു ഉദ്ദേശം.

പള്ളി പണിയ്ക്ക് വേണ്ടി, ഡൌണ്‍ പേയ്മെന്റ്റ്‌ കൊടുക്കേണ്ടുന്നതിനു (ആദ്യ ഗഡു) വേണ്ടിയുള്ള പിരിവു ആരംഭിച്ചു. ഇത് ഓരോ കുടുംബത്തിനും മൂവായിരം ഡോളര്‍ എന്ന് നിശ്ചയിച്ചു. പണിയുടെ പുരോഗതിയ്ക്കനുസരിച്ചു ബാക്കിയുള്ള തുക പിന്നീട് തീരുമാനിക്കാം എന്നായിരുന്നു പദ്ധതി.

ആവേശഭരിതരായ പൊതുജനത്തിന്റെ നിര്‍ല്ലോഭസഹകരണത്താല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഏതാണ്ട് ഇരുന്നൂറ്റമ്പതോളം വീട്ടുകാരില്‍ നിന്നുമായി, യാതൊരു സമ്മര്‍ദ്ദതന്ത്രങ്ങളും ചെലുത്താതെ പത്തുലക്ഷത്തിനടുത്തുള്ള തുക പിരിഞ്ഞു കിട്ടി. കേരളത്തനിമയിലുള്ള പള്ളിയുടെ മാതൃക തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. കെട്ടിടം പണികഴിപ്പിക്കാന്‍ ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ ഓപ്പണിംഗിനു ശേഷം മിസോറി സിറ്റി അധികൃതര്‍ പെര്‍മിറ്റ്‌ ക്യാന്‍സല്‍ ചെയ്തു. ഇതിന്റെ യഥാര്‍ത്ഥകാരണം കണ്ടത്തി വേണ്ട പരിഹാരങ്ങള്‍ ചെയ്യാനായി ഒരു കമ്മറ്റിയെ നിയോഗിച്ചെങ്കിലും അത് പ്രാവര്‍ത്തികമാക്കാനുള്ള സാവകാശാമോ, അതിനോട് സഹകരിക്കാനുള്ള സന്മനസ്സോ അധികാരികള്‍ എന്ന് നടിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നതാണ് സത്യം. അധികൃതര്‍ക്ക്‌, ഇനിയും ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാത്ത എന്തോ അജണ്ട ഉണ്ടായിരുന്നു എന്നത് വ്യക്തം. എങ്ങിനെയെങ്കിലും, എവിടെയെങ്കിലും ഒരു പള്ളി എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. അവിടെ കുഞ്ഞാടുകളുടെ ആഗ്രഹങ്ങള്‍ക്കോ, അവരുടെ സൌകര്യങ്ങള്‍ക്കോ യാതൊരു സ്ഥാനവും പ്രസക്തിയും ഉണ്ടായിരുന്നില്ല.

2011 ജൂലൈ മാസത്തില്‍ മൂലക്കാട്ട് പിതാവ് ഹൂസ്റ്റണില്‍ എത്തി. (അദ്ദേഹത്തിന്റെ ഒരു സഹോദരി ഇവിടെയുള്ളതിനാല്‍ പിതാവിന്റെ അമേരിക്കന്‍ പര്യടനവേളയിലൊക്കെ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന പതിവുണ്ട്.) ഈ പ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അല്ലാത്ത പക്ഷം 2011 ഡിസംബറിനു ശേഷം ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അനുവദിക്കുന്നതല്ല എന്നും കുര്ബാനമധ്യെ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിലെ അപകടം എന്താണെന്ന് പാവം കുഞ്ഞാടുകള്‍ക്ക്  മനസ്സിലായിട്ടില്ല. ഇത്ര കടുത്ത ഒരു നിലപാടെടുക്കാന്‍ പിതാവിനെ പ്രേരിപ്പിച്ച ചേതോവികാരം ഹൂസ്റ്റണ്‍നിവാസികള്‍ക്ക് ഇന്നും അഞാതമാണ്.

ഈ പ്രശ്നത്തിന് എങ്ങിനെ പരിഹാരം കാണാം എന്ന് പൊതുജനം തലപുകഞ്ഞ് ആലോചിക്കവേ, വസ്തുകച്ചവടക്കഴുകന്മാര്‍ ഈ അവസരം ശരിയ്ക്കും മുതലെടുത്തു. 1200 സീറ്റിംഗ് കപ്പാസിറ്റിയുള്ള പള്ളി പണിയാനായിരുന്നു ഉദ്ദേശം. കമ്മ്യൂണിറ്റി സെന്ററില്‍ സുഖമായി 800 - 850 പേര്‍ക്കിരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ കണ്ടെത്തിയതാകട്ടെ കേവലം 540 കപ്പാസിറ്റിയുള സിനിമ തീയേറ്റര്‍ മോഡലിലുള്ള ഒരു ചില്ലുകൊട്ടാരം. ഇരപത്തെട്ടു ലക്ഷം ഡോളറിനാണ് ഇത് കരാറാക്കിയത്. ഈ കെട്ടിടം ഉടന്‍ തന്നെ Fore-Closure നു നിശ്ചയിക്കപ്പെടും എന്നും അപ്പോള്‍ നേര്‍പകുതി വിലയ്ക്ക് ഇത് വാങ്ങാന്‍ സാധിക്കുമെന്നുമുള്ള നിയമോപദേശകന്റെ അറിയിപ്പ് പള്ളിവാങ്ങാന്‍ മുന്കൈയെടുത്ത, അച്ചനോടൊട്ടി നിന്ന, നേതാക്കള്‍ ചെവിക്കൊണ്ടില്ല. ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് ശേഷം ദൈവം പള്ളി ഒരുക്കി തന്നതിന് നന്ദി പറയുകയും, ആളുകള്‍ മീറ്റിംഗില്‍ പങ്കെടുത്തു എന്നതിന് കള്ളരേഖ ഉണ്ടാക്കുകയും ചെയ്തു.

ഭൂരിഭാഗം ജനങ്ങള്‍ ഇതിനോട് വിയോജിക്കുകയും 180ല്‍ പരം ആളുകള്‍ ഒപ്പിട്ട നിവേദനത്തിലൂടെ എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പൊതുയോഗം വിളിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, കുഞ്ഞാടുകളെ നയിക്കേണ്ടവര്‍ അതിനെ പുച്ഛത്തോടെ തള്ളിക്കളഞ്ഞുകൊണ്ട് അരുളിച്ചെയ്തു – ഒന്നുകില്‍ ഞങ്ങളുടെ വഴി, അല്ലെങ്കില്‍ പെരുവഴി! (Either my way, or Highway!).  പ്രതികരിച്ചവര്‍ക്ക് പെരുവഴി തന്നെയായി ആധാരം.

2011 നവംബര്‍ മാസത്തില്‍ ക്നാനായ വിജിയുടെ വന്‍വിജയം എന്ന മട്ടില്‍ സെന്റ്‌ മേരീസ്‌ ചര്‍ച്ച് എന്ന പേരില്‍ പുതിയ പള്ളിയുടെ കൂദാശ ആഡംബരത്തോടെ നടന്നു. ഇതോടെ സഭാനേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ഹൂസ്റ്റണിലെ ഏതാണ്ട് അറുപതു, അറുപത്തഞ്ച് ശതമാനം വരുന്ന ക്നാനായമക്കള്‍ ഇന്ന് ലത്തീന്‍ പള്ളികളില്‍ സസന്തോഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നു – തുണ്ടത്തില്‍ ലിസ്സി-ജെയിംസ്‌ ദമ്പതികളെപ്പോലെ.

2012 ജൂണ്‍ മാസത്തില്‍ ഹോസ്റ്റലില്‍ നടന്ന ടൌണ്‍ ഹാള്‍ മീറ്റിംഗില്‍ വച്ച് ബഹു. വികാരി, ഇല്ലിക്കുന്നത്തച്ചന്‍ ഇത്രയും സമ്മതിച്ചു – പള്ളി വാങ്ങാന്‍ എനിക്ക് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എവിടെ നിന്നാണ് ആ സമ്മര്‍ദ്ദം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അങ്ങനെ ചെയ്യാതെ തന്നെ സംഗതി വ്യക്തമാണല്ലോ.

പാവം യേശുക്രിസ്തു, നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ എന്ന് കല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളായി നടിക്കുന്നവര്‍ പരസ്പര സ്നേഹം എന്ന വികാരത്തിനെ കൊന്നുകുരുതികൊടുത്തു പച്ച ഡോളറിനെ ആരാധിക്കുന്നു.

പ്രേസ്‌ ദി  ഡോളര്‍, പ്രേസ്‌ ദി  ഡോളര്‍, പ്രേസ്‌ ദി  ഓള്‍മൈറ്റി ഡോളര്‍

കടം വാങ്ങിയാണ് പള്ളി വാങ്ങിയത്. അത് തിരിച്ചടക്കണം. ഇത് വല്ലതും അങ്ങാടിയത് പിതാവിനറിയണമോ. എന്തെങ്കിലും കൊടുത്താല്‍ മതി എന്നൊക്കെ അങ്ങേര്‍ക്കു അവിടെയിരുന്നു പറയാം. പള്ളി നിലനിര്ത്തിയില്ലെങ്കില്‍ ജോലി പോകുന്നത് വികാരിയുടെയാണ്, മേത്രാന്റെയല്ല. അമേരിക്കയില്‍ ഇത്രയും നാള്‍ താമസിച്ചതിനു ശേഷം തിരിച്ചു പോകാന്‍ എങ്ങിനെ തോന്നും? എത്ര ക്നാനായക്കാര്‍ അങ്ങിനെ പോയിട്ടുണ്ട്? ആ നിലയ്ക്ക് ഇത് തന്നെ തക്കം.

"വയ്ക്കടാ മൂവായിരം ഡോളര്‍. കുറി വേണേല്‍ മതി...."

(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

(തുടരും)

No comments:

Post a Comment