A.D. 52-ല്‍ കേരളത്തിലെത്തിയ തോമ്മാശീഹാ മാനസാന്തരപ്പെടുത്തിയ കുടുംബങ്ങളില്‍ പലതും കാലാന്തരത്തില്‍ വിശ്വാസത്തില്‍ നിന്നകന്നു. ആദ്യകാലങ്ങളില്‍ ആദ്ധ്യാത്മികനേതൃത്വം നല്‍കാന്‍ “മൂപ്പന്മാര്‍” ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരുമില്ലാതായി. ഈ ദശാസന്ധിയില്‍ അത്ഭുതമെന്നോണം ഭാരതസഭയിലെ ആധ്യാത്മിക പ്രതിസന്ധിയെക്കുറിച്ചും നേതൃരാഹിത്യത്തെക്കുറിച്ചും എഡേസായിലെ മെത്രാപ്പോലീത്തായ്ക്ക് ഒരു വെളിപാടുണ്ടായത്രേ. ആ വിവരം സെലുക്യാ-സ്റ്റെസിഫോണിലെ കാസ്സോലിക്കോസിനെ അറിയിക്കുകയും മലബാറുമായി കച്ചവടബന്ധം പുലര്‍ത്തിയിരുന്ന വാണിക്യശ്രേഷ്ഠന്‍ ക്നായിതോമ്മ ഈ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഏ.ഡി. 345-ല്‍ ക്നായിതോമ്മായുടെ നേതൃത്വത്തില്‍ വെളിപാട് ലഭിച്ച മെത്രാനും വൈദികരും ഡീക്കന്മാരും, ജറുസലേം, ബാഗ്ദാദ്, സ്റ്റെസിഫോണിലെ നിനിവേ എന്നീ സ്ഥലങ്ങളില്നിന്നുള്ള സ്ത്രീപുരുഷന്മാരുള്‍ക്കൊള്ളുന്ന എഴില്ലം 72 കുടുംബത്തില്‍പ്പെട്ട 400 പേര്‍ പ്രേഷിതദൌത്യാര്‍ത്ഥം കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി. അന്നത്തെ കേരളാധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ താല്‍പര്യപൂര്‍വം അവരെ സ്വീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളും 72 വിശിഷ്ട പദവികളും നല്‍കുകയും ചെയ്തു.
ആദ്ധ്യാത്മികരംഗത്ത് മാത്രമല്ല, സാമൂഹിക, സാംസ്ക്കാരിക രംഗത്തും ക്നാനായ കുടിയേറ്റം ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. 1524-ല്‍ പോര്‍ട്ടുഗീസുകാര്‍ കൊച്ചിയുടെയും മുസ്ലീംങ്ങള്‍ കോഴിക്കോട്ട് സാമൂതിരിയുടെയും പക്ഷം ചേര്‍ന്നുണ്ടായ യുദ്ധത്തില്‍ കൊടുങ്ങല്ലൂരുള്ള പള്ളികളും ക്നാനയക്കാരുടെ വീടുകളും കത്തി നശിച്ചു. തുടര്‍ന്ന് മദ്ധ്യതിരുവതാംകൂറിലേക്ക് ക്നാനയക്കാര്‍ പാലായനം ചെയ്തു. അവര്‍ കാലക്രമത്തില്‍ വാണിജ്യവും രാജ്യസേവനവും ലക്ഷ്യമാക്കി ജലമാര്‍ഗ്ഗം യാത്രതിരിച്ച് ഉദയംപേരൂര്‍, കടുത്തുരുത്തി, ചുങ്കം, കോട്ടയം, കല്ലിശ്ശേരി എന്നീ സ്ഥലങ്ങളില്‍ താമസമാക്കി.
സിമിത്തെരി പള്ളി |
ജലമാര്ഗ്ഗത്തിന്റെ സൌകര്യത്താലാവാം ഒരു വിഭാഗം ക്നാനയക്കാര്‍ ഗ്രാമീണഭംഗിയാല്‍ അനുഗ്രഹീതമായ കൈപ്പുഴയില്‍ കുടിയേറി. അതിരമ്പുഴ പള്ളിയിലും കടുത്തുരുത്തി വലിയ പള്ളിയിലും അംഗങ്ങളായിരുന്ന ഏതാനും കുടുംബക്കാരുടെ പ്രത്യേക പരിശ്രമത്താല്‍ 1813 ഒക്ടോബര്‍ പതിനൊന്നാം തിയതി ബ. പ്രോസ്പര്‍ പാതിരി ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുകയും തറയില്‍ കൊച്ചോക്കന്റെ നേതൃത്വത്തില്‍ കൈപ്പുഴയില്‍ കൂട്ടിക്കല്‍ പള്ളി പണി പൂര്‍ത്തിയാക്കി. പള്ളിപണിയുടെ ആവശ്യത്തിന് വേണ്ട തടി പച്ചിക്കര തരകന്‍ സംഭാവന ചെയ്തിട്ടുള്ളതാണ്. ഇതിന്റെ നന്ദിസൂചകമായി എല്ലാ വര്‍ഷവും വി. ഗീവര്‍ഗ്ഗീസിന്റെ തിരുനാളിനോടനുബന്ധിച്ചു ഒരു കോഴിയെ പച്ചിക്കര കുടുംബത്തിന് നല്‍കി പോരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഈ ദേവാലയത്തോട് ചേര്‍ന്ന് വി. സെബസ്ത്യാനോസിന്റെ നാമത്തില്‍ ചെറിയ പള്ളി സ്ഥാപിച്ചു. 1879-ല്‍ മാക്കില്‍ വല്യകുഞ്ഞേപ്പച്ചനെ ഈ പള്ളിയില്‍ സംസ്കരിച്ചതിനെ തുടര്‍ന്ന് സിമിത്തെരി പള്ളിയായി ഉപയോഗിച്ച് വരുകയും ചെയ്യുന്നു.
ഇന്ന് കാണുന്ന പുതിയ പള്ളി |
വര്‍ഷങ്ങള്‍ക്കു ശേഷം 1944-ല്‍ പള്ളിക്കുന്നേല്‍ ബ. ഉതുപ്പച്ചന്റെ നേതൃത്വത്തില്‍ കുരിശാകൃതിയില്‍ പള്ളി പണി തീര്‍ത്തു. 1983-ല്‍ കൊട്ടാരത്തില്‍ ബ. ജേക്കബ് അച്ചന്റെ നേതൃത്വത്തില്‍ ഇന്ന് കാണുന്ന മനോഹരമായ ദേവാലയം പണി കഴിപ്പിച്ചു.
കൈപ്പുഴ പള്ളിയുടെ താഴെ കാണുന്ന വാദ്യപുര |
പള്ളി സ്ഥാപിച്ചതിന്റെ ശതാബ്ദി സ്മാരകമായി 1912-ല്‍ വഞ്ചിപ്പുരയ്ക്കല്‍ ബ. ലൂക്കാച്ചന്‍ സ്വന്തം ചെലവില്‍ വി. ലൂക്കാ ശ്ലീഹായുടെ നാമത്തില്‍ പാറേല്‍ പള്ളി സ്ഥാപിക്കുകയും അതില്‍ വേദപാഠക്ലാസ്സുകള്‍ നടത്തിപോരുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് പള്ളിയായി ഉപയോഗിക്കുന്നതിന് അനുവാദം ലഭിച്ചതനുസരിച്ച് പുതുക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഈ പള്ളി ഉപയോഗിച്ചിരുന്നു.
![]() |
കാവുകാട്ട് തിരുമേനി |
ഈ സ്ഥലത്താണ് ഇന്ന് വി. അന്തോനീസിന്റെ കുരിശുപള്ളി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന വി. ലൂക്കാ ശ്ലീഹായുടെ തിരുസ്വരൂപം ആശുപത്രി കപ്പേളയിലേക്ക് മാറ്റി സ്ഥാപിച്ചു. 1963-ല്‍ പള്ളി സ്ഥാപിച്ചതിന്റെ നൂറ്റമ്പതാം വാര്ഷികം അഭിവന്ദ്യ കാവുക്കാട്ടു പിതാവിന്റെയും തറയില്‍ പിതാവിന്റെയും മഹനീയ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
(രണ്ടാം ഭാഗം നാളെ....)
(Source: Kaipuzha Parish Directory Published in 2005/06)
No comments:
Post a Comment