കോട്ടയം അതിരൂപതാനേതൃത്വത്തിന്റെ അപേക്ഷപ്രകാരം കാരിത്താസ് ആശുപത്രിയോടനുബന്ധിച്ച് ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള NOC ഗവ: ല്‍ നിന്നും ലഭിച്ചിരുക്കുകയാണല്ലോ. കഴിഞ്ഞ ജൂലൈയില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ മെഡിക്കല്‍ കോളേജ് വിഷയം ഉയര്‍ന്നു വരുകയും ആശുപത്രി ഡയറക്ട്ടര്‍ കോളേജിന്റെ സ്‌ക്കെച്ചും പ്ലാനും എസ്റ്റിമേറ്റും അവതരിപ്പിക്കുയും കോളേജ് ആരംഭിക്കുന്നതിനുള്ള 250 കോടി രൂപയുടെ ലഭ്യത കാണാതെ തിരികെ പോവുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് എങ്ങനെയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ലേഖനം “സ്നേഹ സന്ദേശത്തില്‍” പ്രത്യക്ഷപ്പെടുകയുണ്ടായി. കാരിത്താസ് മെഡിക്കല്‍ കോളേജ് ആയി കാണാന്‍ ആഗ്രഹിക്കുന്നവരാണ് സാധാരണക്കാര്‍, പക്ഷേ അതിനുള്ള പണം ചോദിച്ചാല്‍ നിസ്സഹായരാകുകയേയുള്ളു എന്നാണ് കോളേജിനെ അനുകൂലിക്കുന്ന ഒരു അസാധാരണക്കാരന്‍ പറയുന്നത്. കാരിത്താസ് മെഡിക്കല്‍ കോളേജ് എന്നു കേള്‍ക്കുമ്പോള്‍ സാധാരണ സമുദായക്കാരുടെ അന്തരംഗം അഭിമാനപൂരിതമാകും എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ക്കും മെഡിക്കല്‍ കോളേജ് ഉണ്ട് എന്ന് സാധാരണ ക്‌നാനായക്കാര്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയെന്നാണോ!
അതിരൂപതയുടെ സ്ഥാപനങ്ങള്‍ എല്ലാം ഉയര്‍ന്നുവന്നത് പല വഴിക്കുള്ള സംഭാവന സ്വീകരിച്ചുകൊണ്ടാണ്. വിദേശങ്ങളിലുളള വെള്ളക്കാരായ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായും, സമുദായക്കാരെ ഓരോരുത്തരേയും പേരെടുത്തുവിളിച്ച് അവരെയും സമുദായത്തിന്റെ വളര്‍ച്ചയില്‍ പങ്കുകാരാക്കുന്ന വിദ്യയുടെ ഉപജ്ഞാതാവാണ് ഇന്നുകാണുന്ന നമ്മുടെ സ്ഥാപനങ്ങള്‍ മിക്കതും ഉണ്ടാക്കിയത്. അതുപോലെ ഇന്ന് മെഡിക്കല്‍ കോളേജിനുള്ള 250 കോടി സമാഹരിക്കാനുള്ള സാദ്ധ്യത ഒട്ടുമേ കാണുന്നില്ല. വിദേശങ്ങളിലുള്ള കാനാനായ സഹോദരങ്ങള്‍ ഏതാണ്ട് പരിഭവത്തിലാണ്. അവിടങ്ങളില്‍ അവരുടെ ക്‌നാനായസംസ്‌ക്കാരം സംരക്ഷിക്കുവാന്‍ ചെറുവിരല്‍ പോലും അനക്കാത്ത അതിരൂപതാനേതൃത്വത്തെ സഹായിക്കാന്‍ അവര്‍ തയ്യാറാകാന്‍ സാദ്ധ്യതയില്ല. ഇതുവരെ നല്കിയ പണത്തിന് ഒരു നന്ദിപോലും അവരോട് കാണിച്ചിട്ടില്ല. ഇതു മനസിലാക്കിയാണ് Public Private Participation (PPP) മെഡിക്കല്‍ കോളേജ് എന്ന ആശയവുമായി ചിലര്‍ വന്നിരിക്കുന്നത്. സമുദായത്തിനുവേണ്ടി ഇനി മുടക്കുന്ന പണത്തിന് അവര്‍ റിട്ടേണ്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റുപറയാനാവില്ലല്ലോ
സഹകരണമേഖലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങി 50 ശതമാനം ഷെയര്‍ വില്പന നടത്തിയാല്‍ 125 കോടി ലഭിക്കും. ആകെ ലഭിക്കുന്ന 100 സീറ്റില്‍ NRI ക്വാട്ടായിലുള്ള 15 സീറ്റും സര്‍ക്കാരിന്റെ ക്വാട്ടായായ 50 സീറ്റില്‍ 15 സീറ്റ് കമ്മ്യൂണിറ്റി ക്വാട്ടായായി സമുദായ്ത്തിനു ലഭിക്കും എന്നതാണ് PPP ക്കാര്‍ പറയുന്നത്. ചുരുക്കത്തില്‍ സര്‍ക്കാര്‍ തരുന്ന ലിസ്റ്റില്‍ പ്രാവശിപ്പിക്കുന്ന 35 സീറ്റ് കഴിച്ച് ബാക്കിയുള്ള 65 സീറ്റ് മാനേജ്‌മെന്റിന്റെ കൈയ്യില്‍വരും. ഇതില്‍ പകുതി ഷെയര്‍ മുടക്കുന്ന അതിരൂപതക്ക് 32 ½ സീറ്റ് പോകും ബാക്കി 32 ½ സീറ്റാണ് PPP ക്കാര്‍ക്ക് ലഭിക്കുന്നത്. ഇവര്‍ 125 കോടിരൂപ ഉണ്ടാക്കണം ഷെയര്‍കാര്‍ക്ക് ഒരാള്‍ക്ക് ഒരു മെഡിക്കല്‍ സീറ്റ് എങ്കിലും ലഭിക്കണമല്ലോ. കണക്കുകൂട്ടാന്‍ എളുപ്പത്തിന് 32 ½ എന്നത് 32 ആക്കുകയാണ്. 125നെ 32 കൊണ്ട് ഭാഗിച്ചാല്‍ ഒരാള്‍ നാലുകോടിയോളം രൂപ ഉണ്ടാക്കണം. നാലുകോടി രൂപമുടക്കുന്ന ഒരാള്‍ക്ക് സാധാരണ ബാങ്ക് പലിശവെച്ച് ഒരു വര്‍ഷം 48 ലക്ഷം രൂപ കിട്ടണം അതിനു പുറമേ ചെറിയ ലാഭവും വേണമല്ലോ. 32 പേരില്‍ നിന്നും 4 കോടി രൂപവെച്ചു വാങ്ങിയാല്‍ അവര്‍ക്കു കിട്ടുന്ന ഒരോ സീറ്റിനും അരക്കോടി രൂപതയിലധികം വാങ്ങിവിറ്റാലേ ലാഭകരമാകു.
അതിരൂപതക്കു ലഭിക്കുന്ന 32 സീറ്റിലും ഇതേരീതി അവംലബിക്കേണ്ടിവരും അപ്പോള്‍ കാരിത്താസ് മെഡിക്കല്‍ കോളേജുകൊണ്ട് ആര്‍ക്കാണ് നേട്ടം എന്ന് ചിന്തിക്കാവുന്നതാണ്. കാരിത്താസ് ആശുപത്രി വളര്‍ന്ന് കോളേജും യൂണിവേഴ്‌സിറ്റിയും ആകണമെന്നാണ് PPPക്കാര്‍ പറയുന്നത്. പണമുള്ളവര്‍ക്കുമാത്രം ഗുണമുള്ള വിധത്തില്‍ കാരിത്താസ് വളരണമോ എന്നാണ് തീരുമാനിക്കേണ്ടത്.
പരേതനായ വെള്ളാപള്ളി ജോസഫ് വക്കീലിന്റെ സഹധര്‍മ്മിണിയും മക്കളുംകൂടി ദാനമായി നല്കിയ ആറേക്കര്‍ കുന്നിന്‍പുറത്ത് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സാധാരണക്കാര്‍ക്കുവേണ്ടി തുടങ്ങിയ ആശുപത്രി ഇന്ന് കച്ചവടക്കാരായ കുറേ PPP ക്കാര്‍ക്ക് തീറെഴുതണോ എന്നു ചിന്തിക്കണം. ചെറിയതോതില്‍ തുടങ്ങിയ ഹീറോ മോട്ടേഴ്‌സും ഹോണ്ടാ മോട്ടേഴ്‌സും ഇന്നു വലിയ കമ്പനിയായതുപോലെ കാരിത്താസ് ആശുപത്രി വലിയ യൂണിവേഴ്‌സിറ്റി ആകണമെന്നു പറയുന്നവര്‍ ഇത് ആര്‍ക്കുവേണ്ടിയാണെന്ന് പറയാതെ വ്യക്തമാകുന്നുണ്ട്. എന്തായാലും പാവപ്പെട്ടവന് പറഞ്ഞൂറ്റം കൊള്ളാന്‍വേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആവശ്യമില്ല.
ഇന്നിപ്പോള്‍ സാധാരണക്കാര്‍ക്കുവേണ്ടി അല്പമെങ്കിലും നിലകൊള്ളുന്ന കാരിത്താസ് ആശുപത്രി കോളേജിന്റെ ഭാഗമാകുകയെന്നാല്‍ സാധാരണക്കാരുടേത് അല്ലാതാകുകയാണ്. ഇനി അവിടെ വരുന്ന രോഗികള്‍ ഡോക്ട്ടര്‍ കുട്ടികളുടെ പഠനവസ്തുക്കളും ഗിനിപന്നികളും മാത്രമാകും. കാരിത്താസ് ഡയറക്ടര്‍ സാദ്ധ്യതാപഠനം നടത്താതെയാണ് കഴിഞ്ഞ പാസ്റ്ററല്‍ കൗണ്‍സിലില്‍ കോളേജ് കാര്യം അവതരിപ്പിച്ചതെന്നു പറയുന്ന PPP ക്കാര്‍ സാദ്ധ്യതാപഠനം നടത്തിയില്ല എന്ന് അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
അതിരൂപതക്ക് പണം ഇല്ലാത്തതുകൊണ്ട് മെഡിക്കല്‍ കോളേജ് വേണ്ടെന്നല്ല, പണം ഉണ്ടെങ്കിലും കോളേജ് വേണ്ട എന്നുതന്നെയാണ് അഭിപ്രായം. കാരണം കോട്ടയം ക്‌നാനായ അതിരൂപതയുടെ വരുമാനവും ശ്രദ്ധയും മെഡിക്കല്‍ കോളേജിലേക്ക് കേന്ദ്രീകരിക്കാനാവില്ല. അതുവഴി ഭാവിയില്‍ കിട്ടാന്‍ പോകുന്ന വിമര്‍ശനങ്ങള്‍ താങ്ങാന്‍ ശക്തിപോരാ. നമ്മുടെ തനിമയും ഒരുമയും വിശ്വാസനിറവും കൂടെ മെഡിക്കല്‍ കോളേജും ചേരില്ല.
എന്തായാലും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് വേണ്ട എന്നുതന്നെ തീരുമാനിക്കണം. ഇത് 2012 വരെയല്ലേ അയിട്ടുള്ളു. 3012-ാം 4012-ാം ഒക്കെകിടപ്പുണ്ടല്ലോ അന്ന് ആവശ്യമെന്ന് കലശലായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അന്നുള്ളവര്‍ നടത്തട്ടെ. നമ്മുടെ കാലത്ത് കാരിത്താസിന്റെ വളര്‍ച്ച ഇത്രയും മതി എന്നു തീരുമാനിക്കാം. പിന്നാലെ വരുന്നവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടല്ലോ അതും സാര്‍ത്ഥകമാകണമല്ലോ.
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഫോണ്‍: 944 614 0026
No comments:
Post a Comment