Friday, October 12, 2012

കണ്‍വെന്‍ഷന്‍ നിയമാവലി പൊളിച്ച് അടുക്കുക!!


ചിക്കാഗോ എന്നുവച്ചാല്‍ ഫുള്‍ കോമഡി ആണെന്നാ പലരുടെയും വിചാരം.  അഭ്യസ്തവിദ്യര്‍ എന്ന് സ്വയം വിചാരിക്കുന്ന ക്നാനയക്കാര്‍ മുതല്‍ അമേരിക്ക ചുറ്റിയടിക്കുവാനെത്തിയ സുപ്പര്‍ഹിറ്റ്‌ സംവിധായകന്മാര്‍ വരെ അവിടുത്തെ മുതലാളിമാരെ ആക്ഷേപിച്ച്, അധിക്ഷേപിച്ച് രസിക്കുകയാണ്. "കഷ്ടപ്പെട്ട് കാശുണ്ടാക്കിയതാണോ ഡാഡി നമ്മുടെ കുഴപ്പം?" എന്നിപ്പോള്‍ അവിടുത്തെ കുട്ടികള്‍ വരെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. പറഞ്ഞിട്ടെന്താ കാര്യം? അല്ലെങ്കിലും പാവപ്പെട്ട മുതലാളികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ഇവിടെയെന്നല്ല ലോകത്തെവിടെയും ആരുമില്ല. പക്ഷെ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തപ്പെടുന്ന നോര്‍ത്ത്‌ അമേരിക്കന്‍ ക്നാനായ കണ്‍വെന്‍ഷന്റെ ബൈലോകള്‍ ചിതലെടുത്ത്, പാറ്റ കരണ്ട്, ഉറുമ്പരിച്ച് ഒരു പരുവമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ചിക്കാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞുനിന്ന് ഊറിചിരിക്കുന്ന ആരെങ്കിലും ഈ ബൈലോകള്‍ എങ്ങനെ പൊളിച്ചടുക്കി നേരെയാക്കാം എന്ന് ചിന്തിക്കാറുണ്ടോ? ആരും ചോദിച്ചില്ലെങ്കിലും ദാ കിടക്കുന്നു എന്റെ കുറെ അഭിപ്രായങ്ങള്‍.

1. ഡൌണ്‍ടൌണില്‍ നിന്നും മിനിമം 100 മൈലെങ്കിലും അകലെ ആയിരിക്കണം കണ്‍വെന്‍ഷന്‍ സെന്റര്.

ചിക്കാഗോ ഡൌണ്‍ടൌണ്‍ 
ഡൌണ്‍ടൌണ്‍ എന്ന ഭീകരജന്തു നമ്മുടെ കുട്ടികളെ എന്തുമാത്രമാണ് ചീത്തയാക്കുന്നത് എന്ന് ആര്‍ക്കെങ്കിലും വല്ല ബോധവുമുണ്ടോ? ന്യൂയോര്‍ക്ക്‌, മിയാമി, ലോസ് ആഞ്ചലസ് എന്നിവിടങ്ങളില്‍ ഉള്ള നമ്മുടെ നിഷ്ക്കളങ്കരായ കുട്ടികള്‍ ഡൌണ്‍ടൌണ്‍ കണ്ടിട്ടില്ല എന്നത് മാത്രമല്ല എന്താണമ്മേ ഡൌണ്‍ടൌണ്‍? എന്താണമ്മേ ഡൌണ്‍ടൌണ്‍?” എന്നാണു ചോദിക്കുന്നത്. സ്നേഹംകൊണ്ട് പറയുകയാണ്‌.  ഡൌണ്‍ടൌണുകളുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന ക്നാനയക്കാര്‍ പറ്റുമെങ്കില്‍ എത്രയും വേഗം അവിടുന്ന് മൂവ് ചെയ്യണം പിള്ളേര്‍ രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍.

2. കെസിസിഎന്‍എ പ്രസിഡന്റും അദ്ദേഹത്തിന്റെ ഏതെങ്കിലും 9 സുഹൃത്തുക്കളും കൂടി കണ്‍വെന്‍ഷന്‍ ആര്‍ക്കും കൊടുക്കാം, തിരിച്ചെടുക്കാം, കെട്ടിയേല്പ്പിക്കാം അല്ലെങ്കില്‍ വീതിക്കാം. വേറെ ആരോടും ചോദിക്കേണ്ട കാര്യമില്ല.

3. നൂറു ശതമാനം ക്നാനായക്കാര്‍ ആണെങ്കിലും മക്കളെ ദത്തെടുത്ത ആളുകളെയും അവരുടെ കുട്ടികളെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏഴു അയല്പക്കത്തേയ്ക്ക് അടുപ്പിക്കരുത്. ആ കുട്ടികളെങ്ങാനും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു നമ്മുടെ കുട്ടികളുമായി കളിച്ചു ചിരിച്ചുല്ലസിച്ചു നടന്നാല് നമ്മുടെ കുട്ടികളുടെ രക്തം അശുദ്ധമായിപ്പോവും.

Bylaw 3a. Exception: വക്കീല്‍ നോട്ടീസ്‌ വല്ലതും അവര്‍ അയച്ചാല്‍ പിന്നെ ഒന്നും ആലോചിക്കാനില്ല. അധികം പബ്ലിസിറ്റി കൊടുക്കാതെ അവരെ പ്രവേശിപ്പിക്കുക.

4. വേദിയിലിരുന്നു പ്രസംഗിക്കുന്നവരുടെ വിനോദത്തിനായി സ്റ്റേജിന്റെ മുമ്പില്‍ ഒരു എല്‍ഇഡി ടിവിയും കുറച്ചു കടല വറുത്തതും ലഭ്യമാക്കുക. ആകപ്പാടെ ആണുങ്ങള്‍ക്ക് സമാധാനമായിട്ട് പാര്‍ക്കിംഗ് ലോട്ടില്‍ പോവാനും പെണ്ണുങ്ങള്‍ക്ക്‌ സാരികള്‍ അവലോകനം ചെയ്യാനും കിട്ടുന്ന സമയമാ. അപ്പോള്‍ വേദിയിലിരിക്കുന്ന വിഷിഷ്ടാഥിതികള്‍ക്കും വേണ്ടേ ഒരു നേരമ്പോക്ക്?

5. പാര്‍ക്കിംഗ് ലോട്ടിന്റെ കാര്യം ഇപ്പോഴെങ്കിലും ഓര്‍ത്തത്‌ നന്നായി. ആണുങ്ങള്‍ ഭൂരിപക്ഷം സമയവും ചെലവഴിക്കുന്ന പാര്‍ക്കിംഗ് ലോട്ട് ഏസി ആക്കണം എന്നൊന്നും ആവശ്യപ്പെടുന്നില്ല. ഇത്തിരി ഇരുട്ട്, ഇത്തിരി തണുപ്പ്.... പിന്നെ ഹെന്നസിയും സോഡയും 5 മൈല്‍ ചുറ്റളവില്‍ യഥേഷ്ടം കിട്ടുന്ന സ്ഥലമായിരിക്കണം.... അതേയുള്ളൂ.

6. ഒരുകാര്യം നമ്മളെല്ലാം മനസ്സിലാക്കണം നമ്മുടെ ഭാവി നമ്മുടെ യൂത്ത്എന്നറിയപ്പെടുന്ന യുവരക്തമാണ്. യൂത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഇലക്ഷന്‍ വരുമ്പോള്‍ ഘോരഘോരം പ്രസംഗിക്കുക മാത്രം ചെയ്യാതെ അവരെ കണ്‍വെന്‍ഷന്റെ ഭാഗമാക്കണം. കസേര മടക്കുക, വണ്ടി ഓടിപ്പിക്കുക, ഭക്ഷണം വിളമ്പികൊടുപ്പിക്കുക എന്നിങ്ങനെയുള്ള ദൌത്യങ്ങള്‍ എല്പ്പിക്കമെങ്കിലും ഏതെങ്കിലും പരിപാടിയുടെ ചെയര്‍ ആക്കരുത്. അത് അമ്പതുവയസ്സു കഴിഞ്ഞവര്‍ക്കു വേണ്ടി മാറ്റിവെക്കണം. പിള്ളേരതില്‍ ഒന്നുകൊണ്ടും വിഷമിക്കരുത്. കാരണവന്മാരുടെ കാലശേഷം ഇതൊക്കെ പിന്നെ ആര്‍ക്കാ?

7. കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ ആണ് നടത്തപ്പെടുന്നതെങ്കില്‍ ഒരു നാല് വര്ഷം മുമ്പെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. നിങ്ങള്ക്ക് പറയാന്‍ എളുപ്പമാ. പക്ഷെ ആദ്യം കണ്‍വെന്‍ഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കണം. അതു കഴിഞ്ഞു കണ്‍വെന്‍ഷന്‍ സെന്റെര്‍ എവിടെ വേണം എന്ന് തീരുമാനിക്കാന്‍ വോട്ടെടുപ്പ് വേണം. അതുകഴിഞ്ഞ് വേറൊരു സ്ഥലം കണ്ടെത്തിയാല്‍ പുതിയ ഇലക്ഷന്‍ നടത്തണം. ഇതെല്ലാം കഴിഞ്ഞു പഴയസ്ഥലം തന്നെയായിരുന്നു നല്ലത് എന്ന അഭിപ്രായം വന്നാല്‍ വീണ്ടും വോട്ടിനിടണം. ഇതിനൊക്കെ സമയം വേണം.

ഒരു കാര്യം പറഞ്ഞാല്‍ ഇനിയും കുറെ ബൈലോകള്‍ തിരുത്തുവാനുണ്ട്. പക്ഷെ തല്‍ക്കാലത്തേക്ക് കിട്ടാനുള്ള ഇരുട്ടടികള്‍ക്കും ഊമക്കത്തുകള്‍ക്കും ഇത് ധാരാളം. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ കടമെടുത്താല്‍ “ഞാന്‍ വിവരദോഷി ആണെന്ന് കരുതി മറ്റുള്ളവര്‍ക്ക് വിവരമുണ്ട് എന്നര്‍ത്ഥമില്ലല്ലോ.”

ജോര്‍ജ് കാനാട്ട്

( ന്യൂ യോര്‍ക്കില്‍ നിന്നും പ്രസധീകരിക്കുന്ന ക്നാനായ ഫോക്കസില്‍ (2011 December ലക്കം) ജോര്‍ജ് കാനാട്ട് എഴുതിയ നര്‍മ്മലേഖനം)

No comments:

Post a Comment