പഴഞ്ചൊല്ലുകള്‍ പലതും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞു വന്നതാവാം. കേള്‍ക്കുമ്പോള്‍ തമാശയായിട്ടാണ് നമ്മളില്‍ പലരും എടുക്കുന്നതെങ്കിലും അതില്‍ കുറച്ചൊക്കെ കാര്യങ്ങളും ഉണ്ടാവും. ''മൗനം - സമ്മതലക്ഷണം'' എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ അതു ശരിയാണെങ്കിലും മറ്റു പല കാര്യങ്ങളിലും അതു ശരിയല്ലായെന്നത് നമ്മള്‍ കാണാറുണ്ട്. പലപ്പോഴും നമ്മുടെ മൗനത്തിന് വലിയ വില കൊടുക്കേണ്ടിയിരിക്കുന്നു.
(2012 ഒക്ടോബര്‍ ലക്കം സ്നേഹ സന്ദേശത്തിലെ അമേരിക്കന്‍ കാണാപ്പുറങ്ങള്‍ എന്ന പക്തിയില്‍ നിന്ന്)
ജനങ്ങളുടെ മൗനത്തിന്റെ, അല്ലെങ്കില്‍ പ്രതീകരണമില്ലായ്മയുടെ ഫലമാണ് ഇന്നു നാം അഭിമുഖീകരിക്കുന്നതും, അപലപിക്കുന്നതുമായ കൈക്കൂലിയും അഴിമതികളും.കള്ളവും ചതിയുമില്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മുടെ കാരണവന്മാര്‍ ഓണക്കാലത്ത് അപ്രകാരം പാടി നടക്കുമായിരുന്നോ? അവര്‍ക്കു മുന്‍പുതന്നെ ആ കാലം കാലഹരണപ്പെട്ടുപോയിരിക്കാം. യഥാര്‍ത്ഥത്തില്‍ അതിനു കാരണക്കാര്‍ നാം ഓരോരുത്തരുമല്ലെ? നമ്മുടെ മൗനസമ്മതം വഴി അഴിമതികള്‍ തുടരുവാന്‍ അനുവദിച്ചതല്ലെ ഇന്നത്തെ സാഹചര്യത്തില്‍ കൊണ്ടെത്തിച്ചത്?
അഴിമതിയില്‍ നിന്നുള്ള മോചനമാണ് അധികാരം കൊതിക്കുന്നവരുടെ തുരുപ്പുചീട്ട്. ജനങ്ങളുടെ പ്രതീക്ഷയും ആ വാഗ്ദാനമാണ്. പക്ഷെ ആ പ്രതീക്ഷ ഒരു മരീചികയായിതന്നെ അവശേഷിക്കുന്നു. അണ്ണാഹസ്സാരെ അഴിമതിക്കെതിരെ ഇറങ്ങിതിരിച്ചപ്പോള്‍ സാധാരണക്കാര്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. പക്ഷെ രാക്ഷസ്വരൂപിയായ അഴിമതിക്കുമുന്‍പില്‍ മുട്ടുമടക്കുവാന്‍ ഹസാരെ നിര്‍ബന്ധിതനായി. മഴയ്ക്കുവേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന നേതാവിനായി ജനങ്ങള്‍ നോക്കിയിരിക്കുന്നു. നമ്മുടെ മൗനം സൃഷ്ടിച്ചുവച്ച ഈ വാല്മീകത്തില്‍നിന്നും മാനവരാശിക്ക് മോചനമുണ്ടോ?
നാം ഓരോരുത്തരുടെയും മൗനസമ്മതം വരിഞ്ഞുമുറുക്കിയ കെട്ടുകളില്‍ നിന്നു വിമുക്തരാകുവാനും അടുത്ത തലമുറയെ വിമുക്തരാക്കുവാനും നാം ഓരോരുത്തര്‍ക്കും കടപ്പാടുണ്ട്. അല്ലാതെ അത് ഏതെങ്കിലും നേതാവിന്റെ മാത്രം ചുമതലയല്ല. ഏതാനും നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. നാം ഓരോരുത്തരും മനസ്സുവച്ച് കൂട്ടമായി ഇറങ്ങിതിരിച്ചാല്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുകയുള്ളു.
വിദേശങ്ങളില്‍ ശാന്തജീവതം നയിച്ചിരുന്ന നമുക്കിടയിലേക്ക് ആശാന്തിയുടെ വിത്തുമായി ഇതുവരെ എത്തിയിരിക്കുന്നത് പ്രധാനമായും മതങ്ങളാണ്. ജനങ്ങളുടെ ആവശ്യങ്ങളുടെ പേരും പറഞ്ഞ് വരുന്ന മതാധിപരുടെ ലക്ഷ്യം ജനങ്ങളുടെ ഉന്നമനമല്ല, മറിച്ച് തങ്ങളുടെ മതങ്ങളുടെ സാമ്രാജ്യം ഏതു വിധേനയും കെട്ടിപ്പടുക്കുക എന്നതാണെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. മതങ്ങളെ ചുറ്റിപ്പറ്റി ജനങ്ങളെ വളര്‍ത്തി, വെളിയിലേക്ക് ചിന്തിക്കാന്‍ ജനങ്ങള പ്രോത്സാഹിപ്പിക്കാതിരുന്നവരുടെ നീചമാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കിയിട്ടും പ്രതികരിക്കുവാന്‍ നാം ഭയപ്പെടുന്നു. കാലത്തിനൊത്ത് ഉയര്‍ന്ന മനസ്സാക്ഷി നിര്‍മ്മലമാക്കുവാനും, വിശാലമാക്കുവാനും സഭാധികാരികള്‍ തന്നെ വിസമ്മതിക്കുന്നു.
വിദേശത്തു വസിക്കുന്ന നമ്മുടെ ആവശ്യങ്ങള്‍ എളിയതാണ്. സഭയോട് സാമ്പത്തിക സഹായം ചോദിക്കുന്നില്ല. മക്കള്‍ക്ക് നമ്മുടെ കള്‍ച്ചര്‍ കുറച്ചൊക്കെ പകര്‍ന്നുകൊടുക്കുക, അവരെ മാതാപിതാക്കളുടെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുക. അവര്‍ ശീലിച്ചിട്ടുള്ളതും അവര്‍ക്ക് മനസ്സിലാകുന്നതുമായ ഇംഗ്ലീഷ് ലാറ്റിന്‍ കുര്‍ബാനയ്ക്കുള്ള അവസരം വല്ലപ്പോഴും നല്‍കുക, വിദേശജീവിതതിരക്കിനിടയില്‍ നമ്മള്‍ ജനിച്ചുവളര്‍ന്നുവന്ന കള്‍ച്ചര്‍ കുറച്ചൊക്കെ അയവിറക്കുവാനുള്ള അവസരം നമുക്കു ലഭിക്കുക. ഇത്രയൊക്കെയേ നമ്മള്‍ ആഗ്രഹിക്കുന്നുള്ളൂ.
അതിനുപകരം നമുക്കു ലഭിക്കുന്നതോ, കാലഹരണപ്പെട്ടുപോയ ചട്ടക്കൂട്ടുകളുടെ നൂലാമാലകള്‍! സീറോമലബാര്‍ കുര്‍ബാനയല്ലാതെ മറ്റൊരു കൂര്‍ബാന പാടില്ല. നമ്മുടേതായ പള്ളികള്‍ സ്വന്തമായി വാങ്ങിക്കണം. നമ്മുടെ കുട്ടികള്‍ അമേരിക്കന്‍ പള്ളികളില്‍ പോയാല്‍ അമേരിക്കന്‍ കുട്ടികളെപ്പോലെ ദുഷിച്ച് പോകും, എന്നിങ്ങനെ നിരവധി ബാലിശമായ വാദങ്ങള്‍.
ഇംഗ്ലീഷിലുള്ള ലാറ്റിന്‍ കുര്‍ബാനയും ദൈവത്തിങ്കലേയ്ക്കുള്ളതു തന്നെയാണ്. അമേരിക്കന്‍ പള്ളികളില്‍ കുട്ടികള്‍ ചീത്തയാകുന്ന കാര്യങ്ങളല്ല പഠിപ്പിക്കുന്നത്. അമേരിക്കയിലെ കുട്ടികള്‍ എല്ലാവരും മോശക്കാരല്ല. ആഴ്ചയിലെ അഞ്ചു ദിവസവും ഏഴെട്ടു മണിക്കൂര്‍ വീതം അമേരിക്കന്‍ കുട്ടികളുടെകൂടെ സ്‌കൂളില്‍ ചിലവഴിക്കുന്ന മലയാളി കുട്ടികളാണ് ഒരു ഞായറാഴ്ച അമേരിക്കന്‍ പള്ളിയിലെ മുക്കാല്‍ മണിക്കൂര്‍ നീളമുള്ള കുര്‍ബാന കണ്ടാല്‍ ചീത്തയായിപ്പോകുമെന്ന് നമ്മുടെ വൈദികര്‍ വിളംബരം ചെയ്യുന്നത്. സീറോ മലബാര്‍ റൈറ്റിലൂടെ മക്കളെ വളര്‍ത്തിക്കൊണ്ട് വന്നാല്‍ മക്കള്‍ നമ്മുടെ കള്‍ച്ചര്‍ തുടര്‍ന്നുകൊള്ളും എന്നു വ്യാമോഹിപ്പിച്ചിട്ട് എന്തായി? അവരും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ ജീവിക്കുന്ന പാശ്ചാത്യ കള്‍ച്ചറിലേയ്ക്ക് തിരിഞ്ഞുപോകുന്നു. അര്‍ത്ഥം ഗ്രഹിക്കാനാവാതെ അവര്‍ പങ്കെടുത്ത മലയാളം കുര്‍ബാനയിലൂടെ അവര്‍ക്ക് ലഭിച്ചതും നഷ്ടമായതും എന്ത്?
അമേരിക്കയില്‍ ജീവിക്കുന്ന മറ്റു സമുദായക്കാര്‍ ചെയ്യുന്നതുപോലെ അവരുടേതായ സ്വന്തം പള്ളി വാങ്ങാതെ ഇംഗ്ലീഷ് പള്ളികളില്‍ സൗകര്യപ്രദമായ സമയത്ത് നമ്മുടെ ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സംവിധാനം ലഭ്യമാക്കാമായിരുന്നു. അമേരിക്കന്‍ കള്‍ച്ചറിന്റെ ഭാഗമായി നിലകൊണ്ടുകൊണ്ടുതന്നെ നമ്മുടെ മലയാളം കുര്‍ബാനയും നാടന്‍ കള്‍ച്ചറും നിലനിര്‍ത്തുവാനാകുമായിരുന്നു. അതിന്റെ സ്ഥാനത്ത് ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം എന്ന ചിന്തയില്ലാതെ പള്ളികള്‍ വാങ്ങി, മോടിപിടിപ്പിച്ച്, ആഘോഷമായി പെരുന്നാളുകള്‍ നടത്തി ധൂര്‍ത്തടിച്ചു ചിലവാക്കുകയും, അടുത്ത തലമുറയെ നമ്മുടെ കള്‍ച്ചറില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന നമ്മുടെ സഭാധികാരികളുടെ നാടന്‍ ചിന്താഗതിക്ക് കൂട്ടുനില്ക്കാനാവില്ല എന്നു പറയുവാനുള്ള കരുത്ത് നമുക്കുണ്ടാകണം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കും 'അന്തസ്സാര്‍ന്ന മൗന'മൊക്കെ കളഞ്ഞ് മറുപടി നല്‍കുവാന്‍ സഭാധികാരികള്‍ക്ക് സാധിക്കണം.
ജനതയുടെ മൗനത്തെ സമ്മതമായി ചിത്രീകരിച്ച് ഭരിച്ച ഈജിപ്റ്റ്, ഇറാക്ക്, ലിബിയ, ടൂണീഷ്യാ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് സംഭവിച്ചതെന്താണെന്ന് ലോകം കണ്ടു. ജനങ്ങളുടെ ഇഷ്ടമെന്ന് വ്യാഖ്യാനിച്ച് ചെയ്തതെല്ലാം അവരുടെ ഇഷ്ടമല്ലായിരുന്നു എന്ന് അറിഞ്ഞത് ജനങ്ങള്‍ സടകുടഞ്ഞ് എണീറ്റപ്പോഴാണ്.
സഭാധികാരികളോടുള്ള ബഹുമാനവും ഭയവും മൂലമുള്ള ജനങ്ങളുടെ മൗനത്തെ സമ്മതമാക്കി വളച്ചൊടിച്ച് പള്ളികള്‍ വാങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ കഷ്ടപ്പെടുന്നതും, പിണങ്ങികഴിയുന്നതും ഏവരുടേയും മനസ്സിനെ വേദനയിലാഴ്ത്തുന്നു.
'മൗനം വിദ്വാനു ഭൂഷണം' എന്നു ധരിച്ചു കഴിയുന്ന നേതാക്കള്‍ക്കും ജനങ്ങള്‍ക്കും നമ്മുടെ സമുദായത്തില്‍ ഇന്നത്തെ പരിതാപകരമായ അവസ്ഥ കാണുവാന്‍ സാധിക്കുന്നില്ലെ? സമുദായത്തെ അധോഗതിയിലേക്ക് നയിക്കുന്നവരുടെ അനീതിക്കെതിരെ പ്രതികരിച്ച് അഴിമതിയിലേക്കുള്ള യാത്ര മുളയിലേ നുള്ളി കളയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ദൈവംതമ്പുരാനുപോലും നമ്മളെ രക്ഷിക്കുവാന്‍ സാധിക്കില്ല. കാരണം തമ്പുരാന്‍ തന്റെ ഇഷ്ടം നിറവേറ്റുന്നത് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന തന്റെ ജനങ്ങളിലൂടെയാണ്. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാന്‍ വ്രതമെടുക്കുന്ന സഭാധികാരികള്‍ വഴിവിട്ടു ചരിക്കുകയും, ജനങ്ങള്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാതെ മൗനം പാലിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്ന ദൈവം തമ്പുരാന്‍ കുഴങ്ങിപോകില്ലെ? അതുകൊണ്ട് ദൈവത്തെ ഓര്‍ത്തെങ്കിലും മൗനവ്രതം വെടിഞ്ഞ് അനീതിക്കെതിരെ നിലകൊള്ളുവാനുള്ള ധൈര്യം ഏവര്‍ക്കും ലഭിക്കുമെന്ന് പ്രത്യാശിക്കാം.
സ്റ്റീഫന്‍ തോട്ടനാനി
No comments:
Post a Comment