കോട്ടയം രൂപതാ ശതാബ്ദിയോടനുബന്ധിച്ച് രൂപം നല്‍കിയ വിദ്യാഭ്യാസ സഹായനിധിയുടെ വിശദാംശങ്ങള്‍ വളരെ നാളുകള്‍ക്ക് ശേഷം ഈയിടയ്ക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി.
പ്രതീക്ഷിച്ച കരുതല്‍ ധനം സ്വരൂപിക്കാന്‍ സാധിച്ചില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്ന് ഒന്നരക്കോടിയിലധികം രൂപ സമാഹരിക്കാന്‍ സാധിച്ചുവെന്നുള്ളത് നമുക്കേവര്‍ക്കും അഭിമാനം ഉളവാക്കുന്നു. ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി ഏതാണ്ട് 60 ലക്ഷത്തോളം രൂപ വായ്പയായി നല്‍കുകയുണ്ടായി. തികച്ചും ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്ത് ഈ മഹത്തായ പദ്ധതി അതിന്റെ ലക്ഷ്യം കാണട്ടെ എന്നാശംസിക്കുന്നു.
2010 മുതല്‍ ആരംഭിച്ച ധനസമാഹരണം, ഉദ്ദേശിച്ച തുക സമാഹരിക്കാന്‍ സാധിച്ചില്ല എന്നു പറയുമ്പോള്‍ അതിനു നേതൃത്വം നല്‍കിയവര്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിച്ചിരുന്നോ എന്ന് സംശയിക്കുന്നു. ഒരുപക്ഷേ പൊതുജനങ്ങള്‍ക്കായി ഈ പദ്ധതിയുടെ പ്ലാന്‍, വ്യക്തമായി വിശദീകരിക്കുവാന്‍ സാധിച്ചില്ലാ എന്നുതന്നെയാണ് എന്റെ സംശയം. ഒരു പള്ളിമുറിപണിയിക്കുവാന്‍ പിരിവിനു വരുന്ന ലാഘവത്തോടെ ഇത്രയും വലിയൊരു സംരംഭത്തെ സമീപിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നുള്ളതാണ് ഇതുവ്യക്തമാക്കുന്നത്. അമേരിക്കയില്‍ ഒരു ചിക്കാഗോ അല്ലേയുള്ളൂ, എന്തുചെയ്യാം?
ധനസമാഹരണം സമാപിച്ചതിനു ശേഷം അതിനെപ്പറ്റി ഒരു വിശദീകരണം ലഭിക്കുവാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു എന്നുള്ളത് ലജ്ജാകരമല്ലേ? ഓണ്‍ലൈന്‍മാധ്യമങ്ങള്‍ ഇതിനെ അഴിമതിയെന്നും കുംഭകോണം എന്നും വിശേഷിപ്പിക്കുകയുണ്ടായി. പൊതുജനങ്ങളില്‍ നിന്നും പിരിച്ചുണ്ടാക്കുന്ന ഏതു പദ്ധതിയും സുതാര്യമായിരുന്നില്ലെങ്കില്‍ ഇതുപോലുള്ള വിവാദങ്ങളും, ആരോപണങ്ങളും അതിന്റെ നിറം കെടുത്തും.
പണ്ടുകാലങ്ങളില്‍ സഭാസ്ഥാപനങ്ങള്‍ക്ക് (കോളജുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍) വേണ്ടി സമാഹരിച്ച തുകയെക്കുറിച്ച് പൊതുജനങ്ങള്‍ക്കറിയുവാനും ആവശ്യപ്പെടുവാനുമുള്ള വേദികളില്ലായിരുന്നു. ഇന്നിപ്പോള്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാവുകയും അറിയുവാനുള്ള അവകാശങ്ങള്‍ക്ക് നിയമങ്ങള്‍ വരെ നിലവില്‍ വരികയും ചെയ്തു. വൈകിയാണെങ്കിലും കണക്കുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുവാനുണ്ടായ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് ഒരു നല്ല ഭാവി നേരുകയും ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ആവിഷ്‌കരിക്കും എന്ന പ്രതീക്ഷയോടെ...
( ന്യൂയോര്‍ക്കില്‍ നിന്നും ഇറങ്ങുന്ന “ക്നാനായ ഫോക്കസി”ന്റെ സെപ്റ്റംബര്‍ ലക്കത്തിലെ എഡിറ്റോറിയല്‍ )
No comments:
Post a Comment