Wednesday, October 17, 2012

കൈപ്പുഴയുടെ ചരിത്രം (രണ്ടാം ഭാഗം)


കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടവകാംഗങ്ങളുടെ സൌകര്യാര്‍ത്ഥം പാലത്തുരുത്ത്, മകുടാലയം, മാന്നാനം, മരിയാമൌണ്ട് എന്നിവിടങ്ങളില്‍ ദേവാലയം സ്ഥാപിച്ചു ഈ ഇടവകയില്‍ നിന്നും വേര്‍പിരിഞ്ഞു. സമീപപ്രദേശങ്ങളായ നീണ്ടൂര്‍, ചാമക്കാല, ഏറ്റുമാനൂര്‍, കല്ലറ, കുറുമുള്ളൂര്‍, വെച്ചൂര്‍ എന്നീ പള്ളികളും കൂടി ഈ ഫോറോനയുടെ പരിധിയില്‍ വരുത്തി.

ഒറ്റ കരിങ്കല്ലിലെ  വിളക്കുമരം 
കൈപ്പുഴയുടെ സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്ര സ്മാരകമാണ് 1900 സെപ്റ്റംബറില്‍ മാക്കീല്‍ മോണ്‍. കുഞ്ഞേപ്പച്ചന്‍ എട്ടുപട്ടത്തില്‍ സ്ഥാപിച്ച ലിയോ XIII പബ്ലിക്‌ ലൈബ്രറി. കൈപ്പുഴയിലെ പല പൊതുകാര്യങ്ങളും ഈ ലൈബ്രറിയില്‍ യോഗം ചേര്‍ന്നാണ് നടത്തിയിരുന്നത്. 1919-ല്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ വായനശാല സന്ദര്‍ശിക്കുകയും പ്രകൃതിരമണീയമായ കൈപ്പുഴയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പുഞ്ചപ്പാടങ്ങളും, കായലും കണ്ടു സംപ്രീതനായി ജലഗതാഗതത്തിന് ദിശാസൂചകമായി ഒറ്റ കരിങ്കല്ലില്‍ ഒരു വിളക്കുമരം 01.08.1919-ല്‍ സ്ഥാപിച്ചു. വിളക്ക് കത്തിക്കുന്നതിനായി ഗവണ്മെന്റില്‍ നിന്നും ഗ്രാന്റും അനുവദിച്ചിരുന്നു. ഈ വിളക്കിനെ ലക്ഷ്യമാക്കിയാണ് അക്കാലത്ത് ആലപ്പുഴയില്‍ നിന്നും മറ്റു പടിഞ്ഞാറന്‍ ദേശങ്ങളില്‍ നിന്നും വ്യാപാരികള്‍ എത്തിയിരുന്നത്. പുരാതനകാലം മുതല്‍തന്നെ ഇവിടെ ഒരു കാളച്ചന്തയും മത്സ്യമാര്‍ക്കറ്റും പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

കൈപ്പുഴയുടെ മാധ്യസ്തന്‍ 
1868 കുംഭമാസം 13ലെ ഒന്‍പതാം പീയൂസ് മാര്‍പ്പാപ്പയുടെ തിരുവെഴുത്തുപ്രകാരം മലയാളത്തിന്റെ വികാരി അപ്പസ്തോലിക്കാ ആയിരുന്ന ലെയനാര്ദ്‌ ഡി. എസ്. ലൂയിസ് മെത്രാന്റെ അനുമതിയോടുകൂടി 1874 ധനുമാസം ഇരുപത്തൊമ്പതിലെ കല്‍പ്പനപ്രകാരം ബ. മുകളേല്‍ തോമസച്ചന്റെ കാലത്ത് ഇവിടെ പരി. കര്‍മ്മല മാതാവിന്റെ നാമധേയത്തില്‍ ഒരു കൊമ്പ്രിയം (ദര്‍ശന സമൂഹം) ആരംഭിച്ചു. ഫെബ്രുവരി ആദ്യ ഞായറാഴ്ച പരി. കര്‍മ്മലമാതാവിന്റെ ദര്‍ശനതിരുനാള്‍ ആഘോഷമായി നടത്തിവരുന്നു. ഇടവക മാധ്യസ്തനായ വി. ഗിവര്‍ഗീസ് സഹദായുടെ തിരുനാള്‍ മെയ്‌ ആദ്യ ഞായറാഴ്ചയും, ദഹന കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിച്ചിരുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാള്‍, പരി. കര്മ്മലമാതാവിന്റെ ദര്‍ശന തിരുനാളിനോടനുബന്ധിച്ചു സംയുക്തമായും നടത്തിവരുന്നു. ഇതോടനുബന്ധിച്ചു വി. സെബസ്ത്യാനോസിന്റെ കുരിശുപള്ളിയില്‍ വി. കുര്‍ബാനയും ലദീഞ്ഞും നടത്തിവരുന്നു. തിരുഹൃദയ തിരുനാളിനോടനുബന്ധിച്ചു പന്ത്രണ്ടു മണിക്കൂര്‍ ആരാധനയും തറയില്‍ പിതാവിന്റെ മെത്രാഭിഷേകദിനമായ ഒക്ടോബര്‍ എഴിനോടനുബന്ധിച്ചു 8, 9,10 തിയതികളില്‍ നാല്പതുമണി ആരാധനയും പതിനൊന്നാം തിയതി കല്ലിട്ട തിരുനാളും ആഘോഷിക്കുന്നു. മാര്ച്ച് 19നു വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ പൂഴിക്കനടയ്ക്കല്‍ കുരിശുപള്ളിയിലും ജൂണ്‍ മുപ്പതിന് തിരുഹൃദയ വണക്കമാസം തിരുഹൃദയ കുരിശുപള്ളിയിലും ഒക്ടോബര്‍ 18ന് വി. ലൂക്കാ ശ്ലീഹായുടെ തിരുനാള്‍ ആശുപത്രികപ്പേളയിലും നടത്തിവരുന്നു.

കോട്ടയം രൂപതയിലെ പല പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും തുടക്കം കൈപ്പുഴയിലായിരുന്നു. ഈ നാടിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ ഉന്നതനിലവാരത്തിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്. ഇടവകകളില്‍ പള്ളിക്കൂടം ഉണ്ടായിരിക്കണമെന്ന് വാരാപ്പുഴ മെത്രാസനത്തില്‍ നിന്നും നിര്‍ബന്ധിച്ച് നിഷ്കര്ഷിച്ചതിനാല്‍ 1890-ല്‍ ശാസ്താങ്കലിനു വടക്കുമാറി മുട്ടത്തുമ്യാല്‍ പുരയിടത്തില്‍ ഉണ്ടായിരുന്ന സ്കൂള്‍ പള്ളിയുടെ മുന്‍വശത്തെക്ക് മാറ്റി സ്ഥാപിച്ചു. ഇതാണ് ഇന്നത്തെ സെ. മാത്യൂസ്‌ എല്‍.പി. സ്കൂള്‍. ഇതാണ് കോട്ടയം രൂപതയിലെ പ്രഥമ വിദ്യാലയം. സ്ത്രീകള്‍ക്കും സഭാശുശ്രൂഷയ്ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 1902 ജൂണ്‍ 24നു മാര്‍ മാക്കീല്‍ പിതാവിന്റെ പ്രത്യേക താല്‍പര്യത്തില്‍ കൈപ്പുഴയില്‍ വിസിറ്റേഷന്‍ സഭ സ്ഥാപിച്ചു. അതേവര്‍ഷം തന്നെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി സെ. മാര്‍ഗ്രട്സ് യു.പി. സ്കൂളും ബോര്‍ഡിംഗും സ്ഥാപിതമായി. ഇത് മധ്യതിരുവിതാംകൂരിലെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രഥമ സ്കൂളാണ്.
കൈപ്പുഴയിലെ വിസിറ്റേഷന്‍ കോണ്‍വെന്റ് 


(അവസാന ഭാഗം നാളെ....)

(Source: Kaipuzha Parish Directory Published in 2005/06)

No comments:

Post a Comment