Monday, October 29, 2012

കുറി വേണോ കുഞ്ഞാടെ, കല്യാണക്കുറി (നാലാം ഭാഗം)


ഇല്ലിയാലെ വന്ന പാപം...................

കാര്യങ്ങള്‍ നല്ല നിലയിലല്ല എന്ന് കണ്ടപ്പോള്‍ ജോമോന്‍ സഹായം അഭ്യര്ഥിച്ചുകൊണ്ട്‌ അങ്ങാടിയത്ത് പിതാവിന് കത്ത് എഴുതി. ഇതോടൊപ്പം മൂലക്കാടനും പണ്ടാരശേരിക്കും കത്തുകള്‍ അയച്ചു. സത്യത്തില്‍ ഇതില്‍ ആരാണ് യഥാര്ത്ഥ യജമാനന്‍ എന്ന് അമേരിക്കയിലെ ക്നാനായവിശ്വാസിക്ക് ഇന്നും നിശ്ചയം ഇല്ല. പിരിവ് വരുമ്പോള്‍ രണ്ടുപേരും യജമാനന്മാര്‍. കര്ത്താവ്‌ പറഞ്ഞതോ നിങ്ങള്ക്ക് രണ്ട് യജമാനന്മാര്‍ ഉണ്ടാകരുത് എന്നും. ഇതില്‍ മാമോന്‍ ഏത്, ദൈവം ഏത്? അനുഭവം ആണല്ലോ ഉത്തമഗുരു. അനുഭവം വച്ച് നോക്കിയാല്‍ ഈ രണ്ട് കൂട്ടരും ദൈവത്തിന്റെ പേരില്‍ മാമോനെ സ്നേഹിക്കുന്നവര്‍ തന്നെ.  ബോംബയിലെ ദാവൂദ് ഇബ്രാഹിമും ചോട്ടാ രാജനും പോലെ. വിശ്വാസിക്ക് രണ്ടിനെയും വെറുപ്പാണ്, പക്ഷെ ജീവിച്ചു പോകണ്ടേ?.

ഇങ്ങനെയുള്ളവര്ക്ക് കത്ത് അയച്ചാല്‍ കത്തിന്റെ സ്ഥാനം ചവറ്റു കുട്ടയില്‍. സഹായത്തിനു വരുന്നവരെ പുച്ഛത്തോടെ നോക്കുന്ന ഇവര്‍ അന്ധന്‍ “ദാവിദിന്റെ പുത്രാ എന്നില്‍ കനിയണമേ” എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അവന്റെ അടുക്കലേക്കു ഓടിയടുത്ത തച്ചന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകുമോ, ആവോ? ശിഷ്യന്മാര്‍ ശകാരിച്ചപ്പോള്‍ കൂടുതല്‍ ഉറക്കെ നിലവിളിച്ചതുപോലെ ഇവിടെയും രണ്ടാമത് കത്ത് അങ്ങാടിയത്തിനു വിട്ടു. അതില്‍ ഒരു ചെറിയ ശാസനയുടെ (ഭീഷണിയുടെ) സ്വരം ഉണ്ടായിരുന്നു. എട്ടുകാലിയെ ചൂലിന് അടിച്ചു കൊല്ലും പക്ഷെ അടി ഏല്ക്കാതെ ചൂലിലൂടെ കൈയ്യിലേക്ക് വീണാലോ ഒന്ന് പേടിക്കും. അതുപോലെ ഇവിടെയും അങ്ങാടി പേടിച്ചു. അതും കേസ്, കോടതി, എന്നൊക്കെ കേള്ക്കുമ്പോള്‍ അമേരിക്കയിലെ മെത്രാനച്ചനും പേടിക്കും. അതുകൊണ്ട് മറുപടിക്ക് വിശ്വാസി യോഗ്യനായി! എഴുതി എന്ന് മാത്രമല്ല ഫോണ്‍ വഴിയും വിവരം തിരക്കി.

കേസ് കൊടുക്കും കോടതി കയറേണ്ടി വരും എന്ന് വിശ്വാസി ബോധ്യപ്പെടുത്തിയാല്‍ ഏത് മെത്രാനച്ചനും വിവരം ഉണ്ടാകും. ഇല്ലങ്കില്‍ “ഞാന്‍ ഒന്നും അറിഞ്ഞില്ല” എന്ന നയം സ്വീകരിക്കും.

തന്നെയുമല്ല ഇവിടെ പാരമ്പര്യത്തെക്കുറിച്ചൊരു പ്രബോധനവും സൌജന്യമായി നല്കി. അതിനു ഫീസ്‌ ചോദിച്ചില്ല. കാരാഗ്രഹത്തില്‍ കിടന്നപ്പോള്‍ പോലും ഭയം തോന്നാതിരുന്ന പത്രോസിന്റെയും പൌലോസിന്റെയും പിന്തുടര്ച്ചക്കാര്‍ എന്ന് പറയുന്നവര്‍ കോടതിയുടെ പടം കാണിച്ചപ്പോള്‍ വിറച്ചു. അന്ന് വിറച്ചത് കാരാഗ്രഹമായിരുന്നു. ഇന്ന് മെത്രാന്‍ വിറച്ചു - കാരണം പത്രോസിലും പൌലോസിലും നീതി ഉണ്ടായിരുന്നു, ധാര്‍മ്മികശക്തിയുണ്ടായിരുന്നു, ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരുന്നു.... ഇവര്ക്കോ?
വി. പൌലോസിന്റെ കാരാഗ്രഹം 

ഒരു കത്തോലിക്കാരൂപതയുടെ മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പരിശുദ്ധ കൂദാശയ്ക്ക് കാശു ചോദിക്കുന്നതോ, കണക്ക് പറഞ്ഞു നിര്‍ബന്ധിക്കുന്നതോ ഒന്നും ശരിയല്ല എന്ന് അങ്ങാടിയത്തു പിതാവ് സമ്മതിച്ചു. (കോട്ടയം പിതാക്കന്മാരെക്കാള്‍ അക്കാര്യത്തിലെങ്കിലും അദ്ദേഹം കേമന്‍ തന്നെ), എന്നിരുന്നാലും, “എന്റെ പൊന്നു ജോമോന്‍ കുട്ടാ, നമ്മുടെ പാരമ്പര്യം മറക്കാമോ?” എന്താണ് നമ്മുടെ മഹത്തായ പാരമ്പര്യം? ഇല്ലാത്തവന്‍ ഉള്ളവന് കൊടുക്കുക. അതല്ലേ ശരിയായ ഭാരതീയസംസ്ക്കാരം? ജോമോന്‍ എവിടെയെങ്കിലും ഓണത്തിന് ജന്മി തന്റെ കുടിയാന്മാര്‍ക്ക് എന്തെങ്കിലും കൊടുത്തിട്ടുള്ളതായി കേട്ടിട്ടുണ്ടോ? എന്നാല്‍ കുടിയാന്മാരോ? അവര്‍ വാഴക്കുലയും, ചേനയും, ചേമ്പും അങ്ങനെ പലതും (ജന്മിയുടെ അന്തര്‍ജ്ജനം അറിയാതെ, കുട്ടയുടെ അടിയില്‍ രണ്ടു കുപ്പി പട്ടയും) മുക്കിചുമന്നു കൊണ്ടുവന്നു കാഴ്ച വയ്ക്കും? എന്തിനാണ്, എന്തിനാണ്? ജന്മിയുടെ വീട്ടിലെ ദാരിദ്ര്യം മാറ്റാനാണോ? അല്ല. ജന്മിയുടെ മുഖം പ്രസാദിച്ചാല്‍, കുടിയാന്റെ വെട്ടില്‍ ഐശര്യം തത്തിക്കളിക്കും. ഐശ്യര്യദേവത കാലില്‍ സ്വര്‍ണ നൂപുരങ്ങള്‍ അണിഞ്ഞു മതിമോഹനശുഭനര്‍ത്തനമാടുമ്പോള്‍ കുടിയാന്റെ വീട്ടിലെ പട്ടിണി പോലും ആഘോഷമാകും.

“ജോമോനെ, അമേരിക്കയിലെ ഈ സമ്പത്തിന്റെ സംസ്ക്കാരം കണ്ടു നമ്മുടെ മൂലം മറക്കരുത്. നമ്മുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ജോമോന്‍ നമ്മുടെ നോക്കുകൂലിയെക്കുറിച്ചു സ്മരിക്കണം.

ജോമോന്റെ മാതാപിതാകള്‍ ജനിച്ച കേരളത്തില്‍ ഇന്നും മഹത്തായ ഒരു കീഴ്വഴക്കമുണ്ട്. ഞാന്‍ പറയുന്നത് വിശ്വാസമല്ലെങ്കില്‍ ഡാഡിയോട്  ചോദിച്ചു നോക്കുക. അവിടെ ഒരാള്‍ വീട് പണിയുമ്പോള്‍ പണിയാന്‍ പല സാധനങ്ങളും - കല്ല്‌, സിമന്റ്, കമ്പി, അങ്ങനെ പലതും - ലോറി വഴി കൊണ്ടുവരും. അത് ഇറക്കുമ്പോള്‍, അതിന്റെ സ്പെഷ്യലിസ്റ്റുമാര്‍ ഓരോ പ്രദേശത്തും ഉണ്ട്. അവര്‍ക്ക് സാധനം ഇറക്കണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ അവര്‍ക്ക് അതിന്റെ ഒരു വീതം കിട്ടണം. സാധനത്തിന്റെ ഭാരം നോക്കിയല്ല, വില നോക്കിയാണ് അതീടാക്കുന്നത്. അല്ല, ഒന്നാലോചിച്ചാല്‍, ഒരു ചാക്ക് സിമന്‍റ് ഇറക്കുന്ന കാശു കൊടുത്താല്‍ മതിയോ ഒരു ലാപ്ടോപ്‌ ഇറക്കാന്‍? തീര്‍ച്ചയായും ഒരു ലാപ്ടോപ്പിന്റെ അണ്‍ലോഡിംഗ് ചാര്‍ജ്‌ സിമന്‍റ് ചാക്കിന്റേതിനേക്കാള്‍ കൂടുതലാണെന്ന് പറഞ്ഞാല്‍ അത് അമേരിക്കന്‍ യുക്തിയ്ക്കും ബുദ്ധിയ്ക്കും മനസ്സിലാകില്ല. അതൊക്കെ മനസ്സിലാക്കണമെങ്കില്‍ ഒരു ഭാരതീയനായിരിക്കണം. ചുമട്ടുതൊഴിലാളിക്ക് നോക്കുകൂലി കൊടുത്തെന്നും പറഞ്ഞ് ആരെങ്കിലും നശിചിട്ടുണ്ടോ? ആരുടെയെങ്കിലും വീടുപണി തീരാതിരുന്നിട്ടുണ്ടോ. നിങ്ങള്‍ കൊടുക്കുവിന്‍. ദൈവം നിങ്ങള്ക്ക് പത്തിരട്ടിയായി തിരികെതരും. കിണറ്റിലെ വെള്ളം വറ്റിച്ചാല്‍ എന്താണ് സംഭവിക്കുന്നത്?

ജോമോന് ഒന്നും മനസ്സിലായില്ല!

“സത്യത്തില്‍ ജോമോന്‍ എത്ര ഭാഗ്യവാന്‍! അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരു ഇന്ത്യന്‍ ക്രിസ്ത്യാനി! ഏതെല്ലാം തരത്തിലുള്ള സാംസ്ക്കാരിക പൈതൃകമാണ് ജോമോന്റെത്! എന്നാല്‍ പിന്നെ ഇല്ലിക്കുന്നച്ചനെ പോയിക്കണ്ടു ഒരു കനത്ത സംഭാവന നല്‍കുക. ഹേയ്, ചാര്‍ജായൊന്നുമല്ല. കൂദാശയ്ക്ക് ചാര്ജോ? നോ വേയ്!”

“നീ നിന്റെ കിടക്കയും എടുത്തു പോകുക മേലില്‍ പാപം ചെയ്യരുത്” എന്ന് പറഞ്ഞതുപോലെ നിനക്ക് ഒരു കുഴപ്പവും വരില്ല നിന്റെ കാലുകളില്‍  "ഇല്ലി" മുള്ളുകള്‍ കയറാതെ ഞാന്‍ കാത്തിട്ടുണ്ട് എന്നുള്ള മധുരമായ മൊഴിയും.

സിംഹം മാന്‍പേടയായി പരിണാമം സംഭവിച്ചു. സാക്ഷാല്‍ ചാര്‍ല്സ് ഡാര്‍വിന്‍ സ്വപ്നത്തില്‍ പോലും ഇത്തരം ഒരു പരിണാമത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല! What a fantastic theory of evolution!

കല്യാണം നടന്നില്ലങ്കിലും ബ്രോക്കറായി “പല വീടിന്റെയും നടക്കല്ലു കയറിയതല്ലേ എന്തെങ്കിലും തന്നിട്ട് പോകൂ സാറെ” എന്ന് ബ്രോക്കര്‍ പറയുന്നതുപോലെ അങ്ങാടി പറഞ്ഞു കല്യാണം ഒക്കെ അല്ലെ. ഇല്ലിക്കുന്നച്ചന്‍ പുവര്‍ അല്ലെ  എന്തെങ്കിലും കൊടുത്തിട്ട് പോകൂ. ജോമോന്‍ പുവര്‍ എന്ന് കേട്ടെങ്കിലും അങ്ങാടി പറഞ്ഞതും ഉദ്ദേശിച്ചത്  പണ്ടത്തെ കല്യാണസദ്യക്ക് വരുന്ന പുറവരെ ആയിരുന്നു. വിരുന്നുകാര്‍ കഴിച്ചതിന്റെ ശേഷിപ്പ് തിരുശേഷിപ്പ്പോലെ കഴിച്ചവരെ. അമേരിക്കയില്‍ വളരുന്നവര്ക്ക് നാട്ടിലെ ഈ പാരമ്പര്യം അറിയില്ല  അതുകൊണ്ടാണ്  അങ്ങാടി ജോമോനെ ഈ പാരമ്പര്യത്തെക്കുറിച്ചു വിശ്വാസവര്ഷത്തില്‍ പ്രോബോധിപ്പിച്ചത്. ഇന്ന് നാട്ടില്‍ പുറവര്‍ വംശനാശം വന്നു അവര്‍ വേറെ വേഷത്തില്‍  അമേരിക്കയിലേക്ക് കയറിയതാണോ? ചിന്തനീയം

പണ്ടൊരിക്കല്‍, ഒരു കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ച് അങ്ങാടിയത് പിതാവ് നമ്മുടെ സ്വന്തം കോട്ടയം പിതാക്കന്മാരെയും വികാരി ജനറാളെയും ഇരുത്തി വിയര്‍പ്പിച്ചതാണ്. പുറത്തു നിന്ന് കല്യാണം കഴിച്ചവരും ക്നാനായ പള്ളികളിലെ അംഗങ്ങള്‍ ആയിരിക്കും എന്ന് അന്ന് തുറന്നടിച്ചു പറഞ്ഞു. എന്തൊരു വലിയ ദ്രോഹമാണ് അന്ന് ചെയ്തത്? തിരുവായില്‍ നിന്ന് അത്തരം അബദ്ധം വീണില്ലായിരുന്നെങ്കില്‍ മുത്തു ഇതിനോടകം അമേരിക്കയില്‍ അമ്പതു ക്നാനായ പള്ളികളെങ്കിലും വാങ്ങിയേനെ. എന്നിട്ട്, മൂലക്കാട്ട് പിതാവ് ചിക്കാഗോയില്‍ വന്ന് അങ്ങനെ അങ്ങാടിയത് പിതാവ് പറഞ്ഞിട്ടില്ലെന്ന് കള്ളം പറഞ്ഞപ്പോള്‍, അമ്മിക്കല്ലിനു കാറ്റ് പിടിച്ചപോലെ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവുവിനെപ്പോലെയും മന്‍മോഹന്‍സിംഗിനെ പോലെയും മിണ്ടാതിരിക്കുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ: “ധാര്‍മ്മിക കാര്യങ്ങളില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ നിഷ്പക്ഷത പാലിക്കുന്നവര്‍ക്കായി നരകത്തിലെ ഏറ്റവും ചൂടുള്ള ഇടം റിസേര്‍വ് ചെയ്തിരിക്കുന്നു.”

"The hottest place in Hell is reserved for those who remain neutral in times of great moral conflict"

പാന വായിച്ചിട്ടുള്ളവര്‍ പാടിയിട്ടുണ്ട് “മരത്താലേ വന്ന പാപം........” അതിനു പകരം നമുക്ക് പാടാം:


“ഇല്ലിയാലെ വന്ന പാപം...................


(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

നാളെ: ഹൂസ്റ്റണ്‍ ചരിത്രം 


No comments:

Post a Comment