Wednesday, October 31, 2012

നിങ്ങളെന്നെ അക്നാ ആക്കി......


ആദ്യമായിട്ട് ജയിംസിനും ലിസ്സിക്കും അഭിനന്ദനങ്ങള്‍. ഒപ്പം നവദമ്പതികള്‍ക്ക് ആശംസകളും.

അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായിട്ടായിരിക്കണം ഇത്രയും ശക്തവും നേരിട്ടുമുള്ള ഒരു പ്രതികരണവും പ്രവര്‍ത്തനവും ഒരു സാദാ ക്നാനായക്കാരനില്‍ നിന്നും സഭാനേതൃത്വത്തിനു ലഭിക്കുന്നത്. ചിലര്‍ക്കെങ്കിലും നട്ടെല്ല് വച്ചുതുടങ്ങിയിരിക്കുന്നു എന്നു ചുരുക്കം. പാണ്ടന്‍ നായുടെ പല്ലിന്റെ ആ പഴയ ശൌര്യം പണ്ടേപോലെ ഫലിക്കുന്നുണ്ടോ എന്നൊന്നു സംശയിക്കുന്നതും നന്നായിരിക്കും.

ഇവിടെ അമേരിക്കയില്‍ ഇതൊരു പുത്തന്‍ സംഭവമല്ല എന്ന് ഏവര്‍ക്കും അറിയാം. ലോസ് ആഞ്ചല്‍സിലും ചിക്കാഗോയിലും ന്യൂയോര്‍ക്കിലും എല്ലാം ഇതേ നാടകം ഇതേ രൂപത്തില്‍ പല ആവര്‍ത്തി ആടിയിട്ടുണ്ട്. പക്ഷെ ഒരിക്കലും ഇതേ തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടില്ല എന്നു മാത്രം. ഇതു അളമുട്ടിയ സമൂഹത്തിന്‍റെ ചെറുത്തു നില്‍പ്പിന്‍റെ ഒരു പ്രതിഫലനം മാത്രം. മുന്‍കാലങ്ങളില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും കൊടുത്തു കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കുകയായിരുന്നു എല്ലാവരുടെയും പതിവ്. “എന്തിനു താനായിട്ട് വഴക്കിനു പോകുന്നു” എന്നൊരു ചിന്താഗതിയും. പുരോഹിതന്മാര്‍ക്ക് ഇതു നല്ലവണ്ണം അറിയാം. എല്ലാക്കാലവും അതൊരു ബലഹീനത ആയിട്ട് അവര്‍ കണ്ടു. കൊക്കെത്ര കുളം കണ്ടതാ കുളമെത്ര കൊക്കിനെ കണ്ടതാ. പക്ഷെ ആ ചിന്താഗതിയെ ആണ് തുണ്ടത്തില്‍ ജയിംസിന്റെ കുടുംബം തകര്‍ത്തുകളഞ്ഞത്. എന്തിനും ഉണ്ടല്ലോ ഒരു പരിധി. സിംഹാസനത്തില്‍ ഇരുന്നു കല്പ്പിക്കുന്നവര്‍ക്ക് കല്പിച്ചാല്‍ മതി. പക്ഷെ അമേരിക്കയില്‍ ഒരു കല്യാണം നടത്തിയെടുക്കണമെങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ നടത്തുന്നവര്‍ക്കല്ലേ അറിയൂ. കുറഞ്ഞത്‌ ഒരു വര്‍ഷത്തെ തയ്യാറെടുപ്പ്. അതിനിടക്ക് തന്നെ വേണം ക്രിസ്തുവിന്റ പ്രതിപുരുഷന്മാരുടെ അധികാരം ഉറപ്പിക്കലും മര്യാദപഠിപ്പിക്കലും. പുരക്കു തീ കത്തുമ്പോള്‍ അല്ലെ വാഴ വെട്ടാന്‍ ഏറ്റവും പറ്റിയ സമയം!

അമേരിക്കയില്‍ ഒരു കല്യാണത്തിന് രണ്ടാഴ്ച മുമ്പ് മുടന്തന്‍ ന്യായവും പറഞ്ഞു മുടക്കാന്‍ വരുന്നവരുടെ മനഃസാക്ഷി അപാരം തന്നെ. വൈദികന് എന്തുമാകാം എന്നുള്ള അഹങ്കാരം. എന്തിനും ഏതിനും ഒന്നാം സ്ഥാനത്തു മാത്രം നിന്ന് ശീലിചിട്ടുള്ളവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. മൂന്നാണി തുമ്പില്‍ അര്‍ത്ഥനഗ്നനായി മരക്കുരിശില്‍ തൂങ്ങിയ ഒരു ആശാരി ചെറുക്കന്റെ പേരിലാണ് ഈ കൊലവിളിയെല്ലാം എന്നതാണ് വിരോധാഭാസം.

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്വഭാവവിശേഷങ്ങള്‍ക്ക് പോലും പുല്ലുവില കല്‍പ്പിക്കാത്ത സഭാനേതൃത്വത്തിന് ഇതൊക്കെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല എന്നറിയാം. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുമുറി തന്നെ തിന്നണം എന്ന പഴമൊഴി ഇവര്‍ കേട്ടിട്ടില്ല എന്നു തോന്നുന്നു. അമേരിക്കന്‍ പള്ളിയില്‍ പണി എടുക്കുമ്പോള്‍ തനി അമേരിക്കനായി പെരുമാറാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. അവിടെ ഒച്ഛാനിച്ചു നിന്നില്ലെങ്കില്‍ വിവരം അറിയും. പക്ഷെ ഒരു മലയാളിയുടെ നിഴലു കണ്ടാല്‍ ഇവരുടെ ഭാവം മാറും. അമേരിക്കനോട് കാണിക്കാന്‍ കഴിയാത്ത സകല കൊള്ളരുതാഴികകളും അപ്പോള്‍ സടകുടഞ്ഞു പുറത്തു വരും. കടലു കടന്നാല്‍ വേഷത്തില്‍ മാറ്റം വരുത്താന്‍ ഒരു മടിയും ഇല്ല. ബാക്കിയെല്ലാം പണ്ടത്തേതിന്റെ പിന്നത്തേത്‌. കാലം മാറിയ കാര്യം ഇവര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. സാധാരണക്കാരനും വിവരം വച്ചുതുടങ്ങി എന്ന് ഇനിയെങ്കിലും ഓര്‍ത്താല്‍ നന്നായിരുന്നു.

നമ്പ്യാരുടെ ഭാഷയില്‍ പറഞ്ഞാല്‍

ശകുനം നന്നാനെന്നു നിനച്ചു
പുലരും വരെയും കട്ടുമുടിച്ചാല്‍
തല പോം എന്നതു ബോധിച്ചാലും

കുളിപ്പിച്ചുകുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. ചുമ്മാതല്ല കല്യാണം കഴിഞ്ഞ കുട്ടികളൊന്നുംതന്നെ പിന്നെയങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്തത്. പിഴിയാനുള്ളത് പിഴിഞ്ഞു കഴിഞ്ഞസ്ഥിതിക്ക് വന്നില്ലേലും കുഴപ്പമില്ല താനും. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത ഇരയെ നോക്കുന്നതല്ലേ ബുദ്ധി? സമുദായത്തെ ഒലത്തിഒലത്തി ചെല്ലുന്നിടത്തെല്ലാം കലഹം വളര്‍ത്തിയെടുക്കുണമെന്ന് ഏതു ബൈബിളില്‍, എവിടെയാണോ പറഞ്ഞിരിക്കുന്നത്. സമാധാനത്തിന്റെ സന്ദേശവാഹകന്റെ പ്രതിപുരുഷന്മാര്‍ എന്തുകൊണ്ട് കലഹപ്രിയരായി മാറുന്നു? സമൂഹത്തില്‍ അശാന്തിയും അസ്സമാധനവും വളര്‍ത്തി വലുതാക്കുന്നു!

പറ്റിയവര്‍ക്കോ പറ്റി ഇനിയുള്ളവരെങ്കിലും ഇതൊരു പാഠമായി കണ്ടു മുന്‍പോട്ടു പോയാല്‍ നന്നായിരിക്കും.

പയസ് പൂഴിക്കാല   

No comments:

Post a Comment