Thursday, October 4, 2012

കാരിത്താസ് മെഡിക്കല്‍ കോളജ് - സാധ്യതകളും വെല്ലുവിളികളും


കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്താന്‍ കേരള ഗവണ്‍മെന്റ് NOC നല്‍കിയെന്ന പത്രവാര്‍ത്ത രൂപതാംഗങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സമുദായത്തെ സ്‌നേഹിക്കുകയും, സമുദായത്തിന്റെ ഉയര്‍ച്ച കാംക്ഷിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ന്നുവരുന്നത് കാണുവാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷെ, മെഡിക്കല്‍ കോളജ് ഉണ്ടാക്കാന്‍ ആവശ്യമായ പണം നല്‍കാന്‍ നിങ്ങള്‍ക്കാകുമോ എന്നു ചോദിച്ചാല്‍ അവര്‍ നിസ്സഹായരാവുകയേയുള്ളു.

ഈ വര്‍ഷം ജൂലൈയില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വെച്ചുകൂടിയ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലില്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളജ് ആക്കുന്നതിലേക്കുള്ള ഒരു പ്രോജക്ട്‌റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. അഞ്ചുവര്‍ഷം കൊണ്ട് 250 കോടി രൂപാ ചെലവുവരുന്ന ഒരു റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്.

അത് ഒരു പ്രോജക്ട്‌റിപ്പോര്‍ട്ട് മാത്രമായിരുന്നു. അതോടൊപ്പം ഉണ്ടാകേണ്ടിയിരുന്ന സാധ്യതാപഠനം (Feasibility study) നടത്തിയിരുന്നില്ല. ഒരു പ്രോജക്ടിന്റെ സാധ്യതാപഠനത്തിലാണ് അതിന്റെ സാങ്കേതിക-സാമ്പത്തിക-സാമൂഹ്യ-പാരിസ്ഥിതികവശങ്ങളെപ്പറ്റി പഠിക്കുകയും, ആ പഠനത്തിന്റെ വെളിച്ചത്തില്‍ പദ്ധതിക്കു സാധ്യതയുണ്ടൊ ഇല്ലയൊ എന്നു വിലയിരുത്തുകയും ചെയ്യേണ്ടത്. അന്നത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷംപേരും സാധ്യതാപഠനം കൂടാതെയുള്ള മെഡിക്കല്‍ കോളേജ് പോലെയുള്ള ബൃഹത്തായ ഒരു പ്രോജക്ടിനെപ്പറ്റി കാര്യമായ അറിവൊ, ധാരണയൊ ഉള്ളവരായിരുന്നില്ല.

ചര്‍ച്ചയില്‍ ചിലര്‍ മെഡിക്കല്‍ കോളജിനെ അനുകൂലിച്ചും, ചിലര്‍ എതിര്‍ത്തും സംസാരിച്ചു. എതിര്‍ത്തു സംസാരിച്ചവരുടെ പ്രധാന വാദമുഖം 250 കോടി രൂപാ സമാഹരിക്കുവാന്‍ രൂപതയ്ക്കു കഴിയുകയില്ല എന്നായിരുന്നു. രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായതുകൊണ്ട് ''ഇന്നത്തെ യോഗത്തില്‍ മെഡിക്കല്‍ കോളജ് വേണമെന്നൊ വേണ്ടെന്നോ ഒരു തീരുമാനമെടുക്കേണ്ട; ഈ വിഷയത്തെപ്പറ്റി കൂടുതല്‍ പഠിച്ച് അടുത്ത യോഗത്തില്‍ തീരുമാനിക്കാം'' എന്നായിരുന്നു പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനം.

എന്നാല്‍ ചില തല്‍്പരകക്ഷികള്‍ പ്രചരിപ്പിച്ചത് പാസ്റ്ററല്‍ കൗണ്‍സില്‍ ''മെഡിക്കല്‍ കോളജ് വേണ്ട'' എന്നു തീരുമാനിച്ചു എന്നാണ്.

ക്‌നാനായ സമുദായത്തിലെ മാടമ്പികള്‍ക്ക് സമുദായത്തില്‍ ഒരു മെഡിക്കല്‍ കോളജ് വരുന്നതിനോട് താത്പര്യമില്ലായിരിക്കാം. മന്ദബുദ്ധികള്‍ക്ക് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടില്ലല്ലൊ; പിന്നെ അവര്‍ക്കും അവരുടെ മക്കള്‍ക്കും മെഡിക്കല്‍ കോളജ് കൊണ്ട് എന്തുപ്രയോജനം? അവരുടെ കാഴ്ചപ്പാടില്‍ ക്‌നാനായസമുദായത്തിലെ ''അണ്ടനും, അടകോടനും'' നാളെ ഡോക്ടറായി തങ്ങളുടെ മുന്‍പില്‍ അങ്ങനെ ഞെളിയേണ്ട എന്ന കരുതലുമുണ്ടാവാം.

കേരളാ ഗവണ്‍മെന്റില്‍നിന്നും കിട്ടിയ NOC നമ്മുടെ സമുദായത്തിനു വീണുകിട്ടിയ ഒരു അവസരമാണ്. പിന്നീട് ഒരു സര്‍ക്കാരില്‍നിന്ന് നമുക്ക് മെഡിക്കല്‍ കോളജിന് NOC കിട്ടും എന്നതിന് ഒരുറപ്പുമില്ല. അതുകൊണ്ട് ഈ അവസരം വേണ്ടെന്നുവയ്ക്കുന്നത് ബുദ്ധിയാണൊ എന്ന് സമുദായസ്‌നേഹികള്‍ ചിന്തിക്കണം.

മെഡിക്കല്‍ കോളജ് അനുവദിച്ചുകിട്ടിയാല്‍ MBBS നു 100സീറ്റുകളാണുണ്ടാവുക. നിലവിലുള്ള ധാരണപ്രകാരം 50% ഗവണ്‍മെന്റ് സീറ്റും, 50% മാനേജ്ജുമെന്റുസീറ്റും ആയിരിക്കും. ഗവണ്‍മെന്റിന്റെ 50% സീറ്റില്‍ 15 സീറ്റുകള്‍ കമ്യൂണിറ്റി മെരിറ്റായി ക്‌നാനായ കുട്ടികള്‍ക്കും ബാക്കി പൊതുക്വോട്ടയുമായിരിക്കും. മാനേജുമെന്റിനുള്ള 50സീറ്റില്‍ 15 സീറ്റ് NRI സീറ്റായിരിക്കും. ഇങ്ങനെ രണ്ടു വിഭാഗങ്ങളിലായി ഏറ്റവും ചുരുങ്ങിയത് 30 സീറ്റ് നമ്മുടെ സമുദായത്തിലെ കുട്ടികള്‍ക്കു കിട്ടിയാല്‍ 10 വര്‍ഷംകൊണ്ട് MBBS പാസ്സായവരും പഠിതാക്കളായും 300 പേര്‍ നമ്മുടെ സമുദായത്തില്‍ ഉണ്ടാകും. ഇത് വളരെ നിസ്സാരമായ ഒരു കാര്യമല്ല.

ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിലൂടെ നമ്മുടെ സമുദായത്തിന് ഉണ്ടാകാന്‍ പോകുന്ന വളര്‍ച്ചകാണാതിരുന്നുകൂടാ. B.CM കോളജ്‌കൊണ്ടും ഉഴവൂര്‍ കോളജ്‌കൊണ്ടും ഉണ്ടായതിന്റെ എത്രയോ ഇരട്ടി വളര്‍ച്ചയാവും സമുദായത്തിന് ഉണ്ടാകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉഴവൂരില്‍ കോളജ് പണിതപ്പോള്‍ അതിനാവശ്യമായ പണം മുഴുവന്‍ കണ്ടുകൊണ്ടായിരുന്നില്ല തുടക്കം. ഇച്ഛാശക്തിയുള്ള സമുദായനേതൃത്വവും, സമുദായാംഗങ്ങളും ഒരു മനസ്സോടെ പ്രവര്‍ത്തിച്ചുപ്പോള്‍ അസാധ്യമായ കാര്യങ്ങള്‍പോലും ദൈവം നമുക്ക് നടത്തിച്ചുതന്നു എന്നതാണ് വാസ്തവം. ഉഴവൂര്‍ കോളജ് കൊണ്ട് നമ്മുടെ സമുദായത്തിനും, ആ പ്രദേശത്തിനുമുണ്ടായ വളര്‍ച്ച കൃത്യമായി കണക്കാക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്നു തോന്നുന്നില്ല.

നമ്മുടെ രൂപതയിലെ ഏതു സംരംഭങ്ങള്‍ക്കും ചിലരുടെ എതിര്‍പ്പും കുറ്റപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട് എന്നുള്ളതല്ലെ വാസ്തവം? ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ പണിതപ്പോഴും കാരിത്താസ് ആശുപത്രി വികസിച്ചപ്പോഴുമൊക്കെ ദോഷൈകദൃക്കുകളായി പലരും ഉണ്ടായിരുന്നു. ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം നമുക്ക് അഭിമാനമായി സമുദായത്തിനും, നാടിനും ഗുണകരമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഭംഗിയായി മുന്നോട്ടു പോകുന്നു.

മെഡിക്കല്‍ കോളജിനെ എതിര്‍ക്കുന്നവര്‍ പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് എതിര്‍പ്പു പ്രകടിപ്പിക്കുന്നത്:

1.          മെഡിക്കല്‍ കോളജ് വന്നാല്‍ കാരിത്താസ് ആശുപത്രിയുടെ പേരും പെരുമയും നഷ്ടമാകും.

2.          രൂപതയില്‍ കാര്യമായ നീക്കിയിരുപ്പു പണം ഇല്ലാത്തതുകൊണ്ട് മെഡിക്കല്‍ കോളജിനാവശ്യമായ തുക സമുദായാംഗങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ച് നടപ്പിലാക്കാന്‍ സാധിക്കുകയില്ല.

ഒന്നാമത്തെ തടസ്സവാദത്തിലേക്ക് ആദ്യം കടക്കാം. കാരിത്താസ് ആശുപത്രിയുടെ വളര്‍ച്ചയുടെ സാമാന്യമായ അടുത്ത ഘട്ടമാണ് മെഡിക്കല്‍ കോളജ് എന്നത്. ഒരു വര്‍ക്‌ഷോപ്പ് എന്നും വര്‍ക്‌ഷോപ്പ് ആയിരിക്കാനുള്ളതല്ല. അത് ഒരു ഫാക്ടറി ആയി വളരണം. ഒരു റസ്റ്റോറന്റ് വലിയ ഹോട്ടലായും, ഒരു നഴ്‌സറി സ്‌ക്കൂള്‍ പ്രൈമറി സ്‌ക്കൂള്‍ ആയും ഹൈസ്‌ക്കൂള്‍ ആയും കോളജ് ആയും മാറുന്നതാണു വളര്‍ച്ച. കോളജിന്റെ വളര്‍ച്ചയുടെ അടുത്തഘട്ടം എന്നത് യൂണിവേഴ്‌സിറ്റി ആകുക എന്നതാണ്. ഒരു ബഹുരാഷ്ട്രകമ്പനിയായ ഹോണ്ട മോട്ടോഴ്‌സ് പത്തെണ്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വര്‍ക്ഷോപ്പായി തുടങ്ങിയതാണ്. അതുപോലുള്ള എളിയ തുടക്കമായിരുന്നു ഇന്നു ബഹുരാഷ്ട്രകമ്പനികളായി മാറിയ ഹ്യൂണ്ടായ് മോട്ടോഴ്‌സിനും എല്‍.ജി. ഇലക്‌ട്രോണിക്‌സിനും, ഇന്ത്യയിലെ ഹീറൊ മോട്ടോഴ്‌സിനുമൊക്കെ ഉണ്ടായിരുന്നത്. പക്ഷെ, അവയുടെയൊക്കെ സാരഥികള്‍ക്ക് വലിയ കാഴ്ചപ്പാടുകളും ഇച്ഛാശക്തിയുമുണ്ടായിരുന്നു.

ഏറ്റവും പ്രധാനമായി പറയപ്പെടുന്ന തടസ്സം പണമാണ്. ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തിനു മുന്‍പില്‍ ഈ ലോകത്ത് ഒരു കാര്യത്തിനും ഇന്നേവരെ പണം തടസ്സമായിട്ടില്ല എന്നതാണ് വാസ്തവം. രൂപതയില്‍ പണമില്ലായിരിക്കാം. സംഭാവനകൊണ്ടുമാത്രം ഇത്രയും വലിയ തുക സമാഹരിക്കാന്‍ സാധിക്കുകയില്ലെന്നുള്ളത് അതിലും വലിയ സത്യമായിരിക്കാം.

എന്നാല്‍ എന്തുകൊണ്ട് നമുക്ക് മറ്റു സാധ്യതകള്‍ അന്വേഷിച്ചുകൂടാ? പണം മുടക്കുന്നവര്‍ക്കും പങ്കാളിത്തമുള്ള ഒരു സംവിധാനത്തെപ്പറ്റി ചിന്തിക്കാവുന്നതല്ലെ? പണം മുടക്കുന്നവര്‍ക്ക് മാനേജുമെന്റില്‍ മുടക്കിനനുസരിച്ചുള്ള പങ്കാളിത്തവും അഡ്മിഷനിലും അപ്പോയിന്റ്‌മെന്റിലും അര്‍ഹമായ വിഹിതം കൊടുത്താല്‍ പണം മുടക്കാന്‍ രൂപതാംഗങ്ങള്‍ മുന്നോട്ടു വരികയില്ലെ? PPP (Public Private Participation) മോഡലില്‍ സര്‍ക്കാരും സ്വകാര്യവ്യക്തികളും കൂട്ടായും രാജ്യത്തിനാവശ്യമായ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതുപോലെ ഒരു DLP (Diocese-Laity-Participation) മോഡലിനെപ്പറ്റി എന്തുകൊണ്ട് ചിന്തിച്ചുകൂടാ? അതിനു വേണ്ടി ഒരു സംവിധാനം - ട്രസ്റ്റൊ, സെക്ഷന്‍ 25 കമ്പനിയൊ, മറ്റെന്തെങ്കിലും സംവിധാനമൊ  - രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ വിലയിരുത്തേണ്ടതാണ്.

ഇമ്മാതിരിയുള്ള ധാരാളം സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ഗവണ്‍മെന്റ് അനുവദിച്ച മെഡിക്കല്‍ കോളേജ് പണമില്ല എന്ന ഒറ്റക്കാരണംകൊണ്ട് വേണ്ടെന്നുവച്ചാല്‍ വരുംതലമുറയോടു ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും.

ഡോ. സ്റ്റീഫന്‍ ആനാലില്‍

( 2012 ഒക്ടോബര്‍ ലക്കം സ്നേഹസന്ദേശത്തിലെ മുഖ്യലേഖനം. കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കൌണ്‍സില്‍, അതിരൂപതാ വിദ്യാഭ്യാസ കമ്മീഷന്‍ എന്നിവയുടെ അംഗവും, ഉഴവൂര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലുമാണ് ലേഖകന്‍. ലേഖകന്റെ ഇമെയില്‍ വിലാസം: stephen_analil@yahoo.com )

No comments:

Post a Comment