Sunday, October 28, 2012

ക്രിസ്തുരാജന്റെ പ്രതിമയും, ദശാംശവും, പിന്നെ ത്രേസ്യാകുട്ടിയുടെ കുമ്പസാരവും


കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കൃസ്തുരാജ് ദേവാലയം. ക്നാനായമക്കളുടെയെല്ലാം തറവാടെന്നു വിശേഷിപ്പിക്കാവുന്ന ആ ദേവാലയത്തിന്റെ ഉച്ചിയിലായി ക്രിസ്തുരാജന്‍ തന്റെ കൈകള്‍ ഉയര്‍ത്തി ആ പട്ടണത്തെയും അവിടത്തെ ജനങ്ങളെയും തന്റെ കരങ്ങളുടെ തണലില്‍ പരിപാലിച്ചു നില്‍ക്കുന്ന ആ നില്‍പ്പ് ആരിലും അസൂയ ഉളവാക്കുമെന്നതില്‍ സംശയം വേണ്ട....

കോട്ടയം പട്ടണത്തിന്റെ അടുത്ത ദേശമായ പേരൂര്‍ ടൌണില്‍ നിന്നും, വെയിലിനെയോ മഴയെയോ വകവയ്ക്കാതെ കാല്‍നടയായി സ്ഥിരമായി ആ ദേവാലയത്തിനു മുന്പിലെത്തുന്ന  തലയ്ക്കു സ്ഥിരതയില്ലാത്ത ഒരു മദ്ധ്യവയസ്ക്കന്‍ കത്തീഡ്രലിന്റെ മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുരാജനെ നോക്കി ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു....

“അല്ലയോ ക്രിസ്തുരാജാ.... കോട്ടയം പട്ടണത്തെയും അവിടുത്തെ ജനങ്ങളെയും നീ നിന്റെ കരവലയത്തിലൊതുക്കി സംരക്ഷിച്ചു പോരുന്നു. എന്നാല്‍ നിന്റെ തലയ്ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാന്തവലയം നിന്നെയും നിന്റെ ഭവനമാകുന്ന ഈ കത്തീഡ്രല്‍ പള്ളിയും കാത്തുകൊള്ളുന്നു എന്നത് നീ മറക്കരുത്.”

തലയ്ക്കു സ്ഥിരതയില്ലാത്തവനാണെങ്കില്‍പ്പോലും ആ ഭ്രാന്തന്റെ പ്രാര്‍ത്ഥന..... നാമതിനെപറ്റി ആഴത്തില്‍ ചിന്തിച്ചാല്‍ ചില സത്യങ്ങള്‍ അതിലോളിഞ്ഞു കിടക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ആര്‍ക്കാണ് കഴിയാതിരിക്കുക........

നമ്മുടെയിടയിലെ കുഞ്ഞാടുകളെന്ന വിശ്വാസികളില്ലെങ്കില്‍ ആട്ടിടയന്മാര്‍ക്ക് എന്താണൊരു വില? കുഞ്ഞാടുകളെ നേര്‍വഴിക്ക് നയിക്കേണ്ട ഇടയന്മാര്‍ കട്ടന്‍കപ്പയുടെ ഇലയാണ് കുഞ്ഞാടുകള്‍ക്ക് നല്‍കുന്നതെങ്കില്‍ കുഞ്ഞാടുകളുടെ കാര്യം സ്വാഹ.... കപ്പയില കൊടുത്തിട്ട് യൂക്കാലിതൈലം കുടിപ്പിച്ചാല്‍ ഒരു പക്ഷെ കുഞ്ഞാടുകള്‍ രക്ഷപെട്ടേയ്ക്കാം..... എന്നാല്‍ പിന്നീട് ഏതു ഇല കണ്ടാലും തിന്നുന്നതിന് മുന്‍പ് കുഞ്ഞാടുകള്‍ ഒന്ന് കൂടി ചിന്തിയ്ക്കും..... ഇത് വേണോ?

അമേരിക്കയിലെയും യുറോപ്പിലെയും ഇടയന്മാരുടെ ഇപ്പോഴത്തെ ചെയ്തികളാണ് ഇതിനെല്ലാം ആധാരം.

വിവാഹം കഴിക്കാന്‍ പത്തിരുപത്തേഴു വര്ഷം കാത്തിരുന്നു കുറി വാങ്ങാന്‍ പള്ളിമേടയിലെത്തുമ്പോള്‍, നോ കുറി.... കുറി വേണമെങ്കില്‍ പണം നല്‍കണം പോലും.... ഇത് മര്യാദയോ? തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫീസ്‌... മരിച്ചാലും വിടില്ല. കുഞ്ഞാടിന്റെ തോലുരിഞ്ഞു വിറ്റ് ആ കാശ് മേടിക്കാനും മടിക്കാത്ത കാടന്സംസ്ക്കാരം.....

തന്റെ ഇടവക ദേവാലയത്തിലേയ്ക്ക് തനിക്കേറ്റവും വേണ്ടപ്പെട്ടവരുടെ ഭൌതികാവശിഷ്ടം ഒന്ന് മാറ്റണമെന്ന് വച്ചാല്‍ ഈ ഇടയന്മാര്‍ ഇടയും. ഇതെല്ലാം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി?

കുഞ്ഞാടിന്റെ പാലും തോലും, ഇറച്ചിയും, എന്തിനു ആട്ടിന്കാഷ്ടം വരെ ഇവര്‍ക്ക് ആവശ്യമാണ്‌. എന്നാല്‍ ഈ പാവം കുഞ്ഞാടിന് എന്നെങ്കിലും ഒരുനേരം നല്ല പച്ചപ്ലാവിലയോ, സ്വല്പം പിണ്ണാക്ക് വെള്ളമോ സന്തോഷത്തോടെ കൊടുക്കാന്‍ ഈ ഇടയന്മാര്‍ തയ്യാറായില്ലെങ്കില്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റുമോ? മാത്രവുമല്ല, നാഴികയ്ക്ക് നാല്പതുവട്ടം “നിങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയതല്ലാത്ത ദശാംശം പള്ളിക്കും പട്ടക്കാരനും ദാനം ചെയ്യാന്‍ മടിക്കരുതേ എന്നിടവിട്ടുള്ള ഉപദേശവും.... ഇതെല്ലാം കേള്‍ക്കുമ്പോള്‍ നല്ല കുമ്പസാരതിനായി പോയ ത്രേസ്യാകുട്ടിയുടെ  കാര്യമാണ് ഓര്‍മ്മ വരുന്നത്. താന്‍ ചെയ്ത, ദൈവത്തിന്റെ നീതിയ്ക്ക് നിരക്കാത്ത, തെറ്റുകള്‍ ഏറ്റു പറഞ്ഞു കുമ്പസാരിച്ചപ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷന്റെ പ്രതികരണം.

“ത്രേസ്യാകുട്ടീ, ഇത് പത്തു കല്പ്പനയിലെ ആറാം പ്രമാണത്തിന്റെ ലംഘനമല്ലേ.... നിന്റെ ആത്മാവും ശരീരവും നിന്റെ ഭര്‍ത്താവിനു മാത്രമാണെന്നറിഞ്ഞു കൂടെ?

കൂസലില്ലാതെയുള്ള ത്രേസ്യാക്കുട്ടിയുടെ മറുപടി ഇപ്രകരമായിരുന്നു......

“പൊന്നച്ചാ, സര്‍വ്വവും അതിലപ്പുറവും ഞാനെന്റെ ഭര്‍ത്താവിന് നല്‍കുന്നുണ്ട്. എന്നിട്ടും മിച്ചം വരുന്നതില്‍ നിന്നും കുറച്ചു പാവപ്പെട്ട ആ സാധുമനുഷ്യന്‍, കുരുവിളചേട്ടന് കൊടുക്കുന്നത് കൊണ്ടെന്താ കുഴപ്പം... അല്ലേലും ചാവുമ്പോള്‍ നാം ഇതുവല്ലതും വാരിക്കെട്ടി കൊണ്ടുപോകുന്നുണ്ടോ?

ത്രേസ്യാക്കുട്ടിയുടെ വാദവും തെറ്റാണെന്ന് പറയാനൊക്കുമോ? സ്വയം ചിന്തിക്കുക.....

ജോയ്പ്പാന്‍

No comments:

Post a Comment