ശ്രീ. അലക്സ് കണിയാംപറമ്പില്‍ എഴുതിയ “പുത്രവാത്സല്യവും ഗുരുഭക്തിയും” എന്ന ലേഖനം എന്റെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായി.
36 വര്ഷം അധ്യാപകനായിരുന്ന സൈമണ്‍ പറമ്പേട്ടിന്റെ മരിച്ചുപോയ ലൌലി എന്നു പേരായ മകളുടെ ഭൌതികാവശിഷ്ടം സ്വന്തം ഇടവകയിലെ കുടുംബക്കല്ലറയിലേയ്ക്ക് മാറ്റാനുള്ള സൈമണ്‍ സാറിന്റെ അപേക്ഷ കോട്ടയം അതിരൂപതാധ്യക്ഷന്‍ നിരസിച്ചതിനെപ്പറ്റി ആയിരുന്നു ലേഖനം. അകാലത്തില്‍ മരണപ്പെട്ട സ്വന്തം മകളുടെ വേര്‍പാടില്‍ ചങ്കുപൊട്ടിക്കരയുന്ന വൃദ്ധദമ്പതികളുടെ അപേക്ഷ അവരുടെ ആത്മീയപിതാവുസ്ഥാനമണിയുന്ന മെത്രാപ്പോലീത്ത ഹെറോദോസിന്റെ ഹൃദയകാഠിന്യത്തോടെ നിഷ്ക്കരുണം തള്ളിക്കളഞ്ഞു. മാത്രമല്ല, ആ ദമ്പതികളുടെ സങ്കടാപേക്ഷ നേരില്‍ക്കണ്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം അനുവദിച്ചതുമില്ല.
മകളുടെ മരണം മൂലം ദുഃഖാര്‍ത്ഥരായ മാതാപിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ആശ്വാസത്തിന്റെതായ ഒരു വാക്കുപോലും ഈ ആധ്യാത്മികഗുരു ഉരുയാടാതിരുന്നത് ഒരു സാധാരണ വിശ്വാസിക്ക് മനസിലാക്കാന്‍ സാധിക്കുകയില്ല. കോട്ടയം അതിരൂപതയ്ക്ക് ഒരു പൈസപോലും ചെലവില്ലാത്ത ഈ അനുവാദം മുന്കീഴ്വഴക്കം ഇല്ലെന്ന ദുര്ന്യായം പൊക്കിപ്പിടിച്ചു സൈമണ്‍സാറിന്റെ അപേക്ഷ നിഷേധിക്കുന്നത് (മുന്കീഴ്വഴക്കം ഉണ്ടെന്നുള്ളത് വേറൊരു കാര്യം) മെത്രാപ്പോലീത്തായ്ക്ക് സ്വന്തം മകനോ മകളോ ഉണ്ടായി അകാലത്തില്‍ മരിക്കാനിടയായ അനുഭവം ഇല്ലാതെ പോയതുകൊണ്ടാണ്. അദ്ദേഹം ആധ്യാത്മിക ഗുരുവിന്റെ വാത്സല്യമല്ല, മറിച്ച് അധികാരത്തിന്റെ അഹന്തയാണ് ഇവിടെ പ്രകടമാക്കുന്നത്. അതല്ലായെങ്കില്‍ സൈമണ്‍ സാറിന്റെ അപേക്ഷ ലഭിച്ചയുടന്‍ ദുഃഖാര്‍ത്ഥരായ ആ വൃദ്ധദമ്പതികളെ തന്റെ ഓഫീസില്‍ ക്ഷണിച്ചു വരുത്തി ആശ്വാസവചനങ്ങളാല്‍ അവരെ സമാധാനിപ്പിക്കുകയും നിവൃത്തിയുണ്ടെങ്കില്‍ മെത്രാപ്പോലീത്ത തന്നെ രണ്ടാം ശവസംസ്ക്കാരശുശ്രൂഷ നടത്തിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കോട്ടയം അതിരൂപതയില്‍ നല്ല ഒരു കീഴ്വഴക്കം ഉണ്ടാക്കുകയുമായിരുന്നു കരണീയമായ കാര്യം.
“ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് വരുന്നത് തെറ്റില്‍ നിന്ന് തെറ്റിലേയ്ക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന പിതാവിന്റെ ദയനീയ ചിത്രമാണ്. അദ്ദേഹത്തിന് പറ്റുന്ന പിഴവുകള്‍ തെറ്റാണെന്ന് പറഞ്ഞുകൊടുക്കാന്‍ തക്ക സത്യസന്ധതയുള്ള ഒരാള്‍ പോലും അദ്ദേഹത്തിന്റെ സമീപത്തുണ്ടെന്നു തോന്നുന്നില്ല. സ്തുതിപാഠകരാല്‍ ചുറ്റപ്പെടുകയെന്നത് അധികാരത്തിന്റെ ദുര്യോഗങ്ങളിലോന്നാണ്” എന്ന് ലേഖകന്‍ നിഗമനം ചെയ്യുമ്പോള്‍ സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുന്ന ഒരു ന്യൂനപക്ഷക്കാരനായി അദ്ദേഹം മാറുകയാണ്. ക്നാനായ സമുദായത്തില്‍ അഥവാ കോട്ടയം അതിരൂപതയില്‍ ലക്ഷകണക്കിനു വിശ്വാസികളുണ്ട്. എന്തേ തങ്ങളുടെ സഭാമേലധികാരി വേദനിക്കുന്ന ഒരു സഹോദരകുടുംബത്തോട് ഇത്തരം നീചപ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അവര്‍ മൌനം പൂകുന്നു? അതിനു കാരണമുണ്ട് മേലധികാരികള്‍ തെറ്റ് ചെയ്താലും ബഹുജന സമ്മതിയുടെ പുറകെപോയി ഭൂരിപക്ഷക്കാരിലൊരാളാകാനാണ് അവര്‍ക്കിഷ്ടം. നീതിക്ക് വേണ്ടി പോരാടുന്ന ന്യൂനപക്ഷക്കരിലൊരാളാകാനുള്ള പാതയാണ് ശ്രീ. കണിയാംപറമ്പില്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവാണ് അദ്ദേഹത്തിന്റെ ഉടനീളം പക്വത പ്രതിഫലിക്കുന്ന എന്നാല്‍ കാര്യപ്രസക്തമായ ആ ലേഖനം. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങള്‍.
അനീതി കാണുമ്പോള്‍ വാ തുറക്കുകയോ തൂലിക ചലിപ്പിക്കുകയോ ചെയ്യുന്നവരെയാണ് സഭയ്ക്കിന്നാവശ്യം. ക്രിസ്ത്യാനിയുടെ കടമയാണതെന്നും നാമെല്ലാവരും ഓര്‍മ്മിക്കണം.
സൈമണ്‍ ജെയിംസ്
No comments:
Post a Comment