Sunday, October 7, 2012

മനോരമ മൊബൈല്‍ മൂവി മത്സരത്തില്‍ ക്നാനായ യുവാവ് വിജയിയായി

സിറില്‍ മുകളേല്‍ 
മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച 2 മിനിറ്റ് മൊബൈല്‍ മൂവി മല്‍സരത്തില്‍ വ്യൂവേഴ്‌സ് ചോയ്‌സ് പുരസ്‌കാരം അമേരിക്കയിലുളള മലയാളിയായ സിറിള്‍ മുകളേല്‍ സംവിധാനം ചെയ്ത “അമ്മ മഴത്തുളളികള്‍” എന്ന ചിത്രത്തിന് ലഭിച്ചൂ.

കൈപ്പുഴ ഇടവകാംഗമായ സിറില്‍, ഉഴവൂര്‍ കോളേജ് ഹിന്ദി വിഭാഗത്തിന്റെ തലവനായിരുന്ന തമ്പിസാര്‍ എന്നറിയപ്പെടുന്ന പ്രൊഫ. എം.ജെ. തോമസിന്റെയും കൈപ്പുഴ ഏലൂര്‍ കുടുംബാംഗം ആലീസിന്റെയും പുത്രനാണ്. 

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി കുളങ്ങരക്കരയില്‍ വീട്ടില്‍ വിജയ് ജോസഫ് സംവിധാനം ചെയ്ത 'ഇന്‍ ദ് ടൈംസ് ടു കം’ ഒന്നാം സ്ഥാനവും തൃശൂര്‍ ഒല്ലൂര്‍ സ്വദേശി മുത്തിപീടിക വീട്ടില്‍ ഹാരോള്‍ഡ് ആന്റണി സംവിധാനം ചെയ്ത ‘നിറമഴ’ രണ്ടാം സ്ഥാനവും നേടി.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ചിത്രീകരിക്കപ്പെട്ട അഞ്ഞൂറിലധികം ഹ്രസ്വ ചിത്രങ്ങള്‍ മാറ്റുരച്ച മല്‍സരത്തില്‍ അവസാനഘട്ടത്തിലെത്തിയത് മനോരമ ഓണ്‍ലൈന്‍ വായനക്കാര്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ 10 ചിത്രങ്ങളാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് സംവിധായകരായ പ്രദീപ് നായര്‍, ജോഷി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഹ്രസ്വസിനിമകളുടെ ഓരോ ഫ്രെയിമുകളും ലേറ്റസ്റ്റ് മോഡല്‍ കാമറകളുപയോഗിച്ച് ഷൂട്ട് ചെയ്യുന്ന പല സിനിമാദൃശ്യങ്ങളേക്കാളും മികവ് പുലര്‍ത്തിയെന്നു ജൂറി അഭിപ്രായപ്പെട്ടു. ഒരുപാട് വ്യക്തികളുടെ ശ്രമഫലമായാണ് സിനിമ നന്നാകുന്നത്, എന്നാല്‍ 2 മിനിറ്റ് കൊണ്ട് ഒരു ആശയത്തിന് ദൃശ്യഭാഷ നല്‍കി സിനിമയ്‌ക്കൊപ്പം നിലവാരമുള്ള സൃഷ്ടികളാക്കി മാറ്റാന്‍ ഹ്രസ്വചിത്രങ്ങളുടെ സംവിധായകര്‍ക്ക് കഴിഞ്ഞുവെന്നും ജൂറി വ്യക്തമാക്കി.

ബുദ്ധിജീവി ജാഡ മാറി സാധാരണഗതിയില്‍ ആളുകള്‍ ഹ്രസ്വചിത്രങ്ങളെ സമീപിക്കാന്‍ തുടങ്ങിയതിന്റെ തെളിവാണ് മനോരമ ഓാണ്‍ലൈന്‍ മല്‍സരത്തിനെത്തിയ ചിത്രങ്ങളെന്നു സംവിധായകന്‍ ഡെന്നീസ് ജോസഫ് പറഞ്ഞു. ഒന്നാം സ്ഥാനം നേടിയ ചിത്രത്തിന് പ്രതിഭയുടെ കൈവഴക്കമുണ്ട്. ചിത്രത്തിന്റെ ആശയവും ദൃശ്യങ്ങളും ഭാഷാദേശവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഡെന്നീസ് അഭിപ്രായപ്പെട്ടു.

സമീപകാലസിനിമകളുടെ കഥപറച്ചില്‍ രീതിയിലുണ്ടായ മാറ്റം ഒന്നും രണ്ടും സ്ഥാനത്തെത്തിയ ചിത്രങ്ങളില്‍ പ്രകടമായി. അതേ സമയം ചില പ്രത്യേക ആശയങ്ങളെയും ശൈലിയെയും മുന്‍നിര്‍ത്തി സിനിമ ചെയ്താലേ അവാര്‍ഡിന് പരിഗണിക്കൂ എന്ന ധാരണ മാറണമെന്നും പറഞ്ഞുപഴകിയ ആശയങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സംവിധായകന്‍ ജോഷി മാത്യു പറഞ്ഞു. മഴയെക്കുറിച്ച് സ്ഥിരം പറഞ്ഞുവന്ന ശൈലിക്ക് മാറ്റമുണ്ടാക്കാന്‍ മല്‍സരത്തിനെത്തിയ ചിത്രങ്ങള്‍ക്ക് കഴിഞ്ഞുവെന്നു സംവിധായകന്‍ പ്രദീപ് നായര്‍ പറഞ്ഞു.

ഏത് മല്‍സരവേദികളിലും പ്രദര്‍ശിപ്പിക്കാവുന്ന നിലവാരം മല്‍സരത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ ചിത്രങ്ങള്‍ക്കുണ്ടായിരുന്നുവെന്നും ഒന്നാം സ്ഥാനം നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിജയ് ജോസഫ്, അഭിനേതാവ് ശ്രീജിത്ത് എന്നിവര്‍ സിനിമയിലും ഭാവി കണ്ടെത്താനാകുമെന്ന് ജൂറി അഭിപ്രായപ്പെട്ടു.


സിറിളിന്റെ ഭാര്യ കുറുപ്പന്തറ കണ്ണച്ചാംപറമ്പില്‍ കുടുംബാംഗമായ കവിത. മക്കള്‍ അഞ്ജലി, അശ്വിന്‍, അലന്‍.



സിറിളിന്റെ ബ്ലോഗ്‌: www.cyrilmukalel.blogspot.com


No comments:

Post a Comment