പൗലോസ്ശ്ലീഹാ കൊറിന്ത്യാക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ ചില വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ജോസ് മുല്ലപ്പള്ളി ക്‌നാനായ സമുദായത്തിന്റെ അസ്ഥിത്വത്തെ തകര്‍ക്കാനുള്ള ശ്രമമായിട്ടാണ് ടി ലേഖനത്തെ ഞാന്‍ കാണുന്നത്. ബൈബിളിനെ ഉദ്ധരിച്ചുകൊണ്ടുള്ള ലേഖനമാകുമ്പോള്‍ പല, ശുദ്ധാത്മാക്കളും പെട്ടെന്നു വീണുപോകും. എന്നാല്‍ ബൈബിളില്‍ത്തന്നെ വിശുദ്ധ മത്തായിയുടെ ഒന്ന്, പത്ത്, പതിനഞ്ച് ഈ അധ്യായങ്ങള്‍ കൂടി മുല്ലപ്പള്ളി വായിക്കുന്നത് നന്നായിരിക്കും. ടി മൂന്നു അധ്യായങ്ങളും യേശുവിന്റെ കാലഘട്ടത്തിലാണെങ്കില്‍, വിശുദ്ധ പൗലോസ് യേശുവിനുശേഷമാണ്. അതുകൊണ്ട് യേശു നേരിട്ടു പറഞ്ഞതിനല്ലേ മുന്‍ഗണന. ബൈബിള്‍ പൂര്‍ണ്ണമായും വായിക്കുക.
ഒന്നാം അധ്യായം 21-22: യേശുവിന്റെ ജനനം-മാലാഖ യൗസേപ്പിനോട് പറയുന്നത് ''അവള്‍ ഒരു പുത്രനെ പ്രസവിക്കും, അവന്‍ തന്റെ ജനത്തെ, അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.'' ആരാണ് തന്റെ ജനം? ഇസ്രായേല്‍ ജനം. അല്ലാതെ വിജാതിയരല്ല.
പത്താം അധ്യായം 1-6: ''യേശു തന്റെ 12 ശിഷ്യന്മാരെയും വിളിച്ച് അശുദ്ധാത്മാക്കളെ പുറത്താക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനുമുള്ള അധികാരം നല്‍കി. യേശു അവരോടു പറഞ്ഞു നിങ്ങള്‍ വിജാതീയരുടെ ഇടയില്‍ പോകരുത്, സമരിയാക്കാരുടെ പട്ടണങ്ങളില്‍ പ്രവേശിക്കരുത്, ഇസ്രായേല്‍ ഭവനങ്ങളിലേക്കു മാത്രം പോകുക.'' എത്ര കര്‍ക്കശമായ ഉത്തരവാണ്.
പതിനഞ്ചാം അധ്യായം 17-32: ഇസ്രായേല്‍ക്കാരിയല്ലാത്ത ഒരു സ്ത്രീ യേശുവിനോട് തന്റെ മകളുടെ രോഗം ഭേദമാക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ''ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്. മക്കളുടെ അപ്പം എടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമാണോ.'' തന്റെ ജനത്തെ (ഇസ്രായേല്‍) യേശു എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നു കാണാം. ഇതില്‍ കൂടുതല്‍ എന്തു വ്യാഖ്യാനമാണ് ജോസിനു വേണ്ടത്?
ഇനി പഴയനിയമത്തിലേക്കു പോയാല്‍ എത്രയോ അവസരങ്ങളില്‍ സ്വന്തം ജനതയെപ്പറ്റി പറഞ്ഞിരിക്കുന്നു. എബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവ് മോശയോടൊത്ത് ഇസ്രായേല്‍ ജനതയോടൊപ്പം കൂടെ സഞ്ചരിച്ച് പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിസ്തംഭമായും ഇസ്രായേല്‍ ജനത്തെ കാത്തുസംരക്ഷിച്ചു അന്നും വേറെ ജനതയുണ്ടായിരുന്നല്ലോ. എബ്രാഹം, തന്റെ മകനുവേണ്ടി വധുവിനെ അന്വേഷിക്കുമ്പോള്‍ കൊടുക്കുന്ന ഉപദേശം തന്റെ ചാര്‍ച്ചക്കാരില്‍ നിന്നു മാത്രമേ വധുവിനെ സ്വീകരിക്കാവൂ, അവളെ സ്വീകരിക്കാതെ നിന്ദിക്കരുത്, അതു ദൈവനിന്ദയാണ്. ഇത് എല്ലാ വിവാഹ അവസരങ്ങളിലും വായിക്കുന്നത് ജോസ് മുല്ലപ്പള്ളി കേട്ടിട്ടില്ലേ.
ഇനി യേശുവിനുശേഷവും വിശുദ്ധ പൗലോസിനുശേഷവും എ.ഡി. 345-ല്‍ ക്‌നായി തോമ്മയും, മാര്‍ യൗസേപ്പും, 72 കുടുംബവും ഇന്ത്യയിലേക്കുള്ള യാത്ര. അവര്‍ പുറപ്പെടുന്നസമയത്ത് കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു കാരണവന്മാര്‍ അവര്‍ക്കുകൊടുത്ത ഉപദേശം ''മക്കളെ നിങ്ങള്‍ ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണം എപ്പോഴും'' ക്‌നാനായ കുടുംബങ്ങളില്‍ ഈ പാട്ടിന്റെ ഈരടികള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. വിശുദ്ധ പൗലോസിനുശേഷം എ.ഡി. 345 വരെ, യഹൂദക്രിസ്ത്യാനികള്‍ സ്വവംശവിവാഹവും ആചാരാനുഷ്ഠാനങ്ങളും പരിപാലിച്ചുപോന്നു എന്നതിന് വേറെ തെളിവുവേണോ. പിന്നീട് 1000 വര്‍ഷം നാം പിന്തുടര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രൈസ്തവവിശ്വാസത്തിനോ കത്തോലിക്കാസഭക്കോ എതിരല്ല. 1,800 വര്‍ഷം നമ്മള്‍ സഭയേടൊത്തല്ലേ സഞ്ചരിച്ചത്. 1911-ല്‍ വിശുദ്ധ പത്താംപീയൂസ്, തെക്കുംഭാഗ സമുദായത്തിനുവേണ്ടി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുതന്നത് വിശുദ്ധ പൗലോസിന്റെ ലേഖനം വായിക്കാതെയാണോ. പിന്നീട് രൂപതയായി ഉയര്‍ത്തിയപ്പോഴും അതിരൂപതയായി ഉയര്‍ത്തിയപ്പോഴും മാര്‍പാപ്പമാര്‍ വി. പൗലോസിന്റെ ലേഖനം വായിച്ചില്ലേ. 2003-ലെ കോട്ടയം രൂപതയിലെ ആചാരാനുഷ്ഠാനങ്ങള്‍ അംഗീകരിച്ചുതന്ന ഉത്തരവും, ബിജു ഉതുപ്പുകേസിലും, റോമിന്റെ തീരുമാനം, ക്‌നാനായ സമുദായത്തിന് അനുകൂലമാണ്. പള്ളികളും വൈദികരും ഇല്ലാത്തപ്പോഴും, കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് എത്രയോ പ്രതിസന്ധികളെ അതിജീവിച്ച് ഈ സമുദായം നേരായ വഴിയില്‍ കൂടിയാണ് എത്തിയിരിക്കുന്നത്.
ജോസും ചുരുക്കം ചിലരും ചേര്‍ന്ന് 1986-ല്‍ പൗരസ്ത്യ തിരുസംഘത്തിന് നല്‍കിയ പരാതിയുടെ പേരിലുണ്ടായ റെസ്‌ക്രിപ്റ്റ് ഒന്നുരലക്ഷം ക്‌നാനായ ജനതയുടെ വികാരത്തെയും വിശ്വാസത്തെയും ആചാരങ്ങളെയും മുറിവേല്‍പ്പിച്ചിരിക്കുന്നു. ക്‌നാനായ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെ ജോസും കൂട്ടരും മാറിവിവാഹം കഴിച്ചത്. ശിശുവിവാഹമാണെങ്കില്‍ അറിവില്ലായിരുന്നു എന്ന് കണക്കാക്കാം.
ക്‌നാനായ സമുദായവും, ക്‌നാനായ പള്ളികളിലെ അംഗത്വവും ലോകമെമ്പാടും ഒന്നുതന്നെയാണ്. സഭയെയും സമുദായത്തെയും രണ്ടായി കാണണമെന്നാണ് പുതിയവാദം. തെക്കുംഭാഗസമുദായത്തിനാണ് പത്താം പീയൂസ് വികാരിയാത്ത് അനുവദിച്ചത്. അതുകൊണ്ട് ക്‌നാനായപള്ളികള്‍ തെക്കുംഭാഗരുടെ മാത്രമാണ്. ക്‌നാനായക്കാരന്‍ ആരാണ് എന്ന നിര്‍വചനത്തിലെ ചെറിയ പാളിച്ചയാണ് ജോസും കൂട്ടരും മുതലാക്കിയത്. ക്‌നാനായക്കാരന്‍ ആരാണ് എന്നു തീരുമാനിക്കുന്നത് റോമോ, മാര്‍ ആലഞ്ചേരിയോ, മാര്‍ അങ്ങാടിയത്തോ അല്ല. ക്‌നാനായ സമുദായം തന്നെയാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഇത് 2012 ഏപ്രില്‍ 22-ലെ അപ്നാദേശില്‍ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മൂലക്കാട്ട് പിതാവ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരിക്കുന്നു. ക്‌നാനായക്കാരന്‍ ക്‌നാനായ മാതാപിതക്കാളില്‍ നിന്ന് ജനിക്കുകയും വിവാഹം ചെയ്യുകയുമാണെങ്കില്‍ ക്‌നാനായ കുടുംബങ്ങളില്‍ നിന്നു ആയിരിക്കുകയും ചെയ്യണം എന്ന്.
ജോസിനോട് ചില ചോദ്യങ്ങള്‍ കൂടി.
1. ക്‌നാനായ പള്ളികള്‍ ക്‌നാനായക്കാര്‍ക്കുവേണ്ടിയല്ലേ?
2. ആരാണ് ക്‌നാനായക്കാരന്‍ - 2012 ഏപ്രില്‍ 22 അപ്നാദേശ് വായിക്കുക.
3. എന്‍ഡോഗമി പ്രാക്ടിസില്ലാത്ത പള്ളികള്‍ എങ്ങനെ ക്‌നാനായ പള്ളിയാകും?
4. 2003-ല്‍ സീറോ മലബാര്‍ രൂപതാ ഉത്തരവില്‍ ക്‌നാനായ പള്ളികള്‍ ആരംഭിക്കുവാന്‍ അനുവദിച്ചിരിക്കുന്നു. എന്നാല്‍ എന്‍ഡോഗമി പ്രാക്ടീസ് അനുവദിക്കില്ല. ഇത് പരസ്പര വിരുദ്ധമല്ലേ. ടി ഉത്തരവ് വിശുദ്ധ പത്താം പീയൂസിന്റെ ഉത്തരവിന് വിരുദ്ധമല്ലേ. പോപ്പിന്റെ താഴെയുള്ള അധികാരികളാണ് തിരുസംഘങ്ങള്‍.
5. ക്‌നാനായക്കാരനല്ലാത്ത ജോസിനും കൂട്ടര്‍ക്കും സീറോമലബാര്‍ പള്ളികളില്‍ അംഗത്വം ലഭിക്കില്ല. പിന്നെ എന്തിനാണ് ഈ സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സീറോ മലബാര്‍ പള്ളികളില്‍ കൂടി പോയാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തില്ലേ? പള്ളി അംഗത്വം ഒഴിച്ച് ക്രൈസ്തവന്റെ എല്ലാ കൂദാശാകര്‍മ്മങ്ങളും ക്‌നാനായപള്ളികളില്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ലേ? കേരളത്തില്‍ മാറികെട്ടുന്നവരുമായി ഞങ്ങള്‍ എത്രയോ സ്‌നേഹത്തോടെയാണ് കഴിയുന്നതെന്ന് ജോസിന് അറിയാമോ.
6. കത്തോലിക്കാസഭയില്‍ എന്തിനാണ് 22 സ്വയാധികാര സഭകള്‍. ഒറ്റ സഭപോരെ. ലോകത്തിലെ വിവിധഭാഷകള്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, കുര്‍ബാനക്രമങ്ങള്‍, ജാതി, വര്‍ഗ്ഗം, സമുദായം, ആചാരങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ട് എല്ലാവരെയും കത്തോലിക്കാസഭയില്‍ എത്തിച്ചേരുന്നതിനാണ്. അല്ലാതെ ഇതൊന്നും ക്രൈസ്തവവിശ്വാസത്തിന് എതിരല്ല.
ആയതിനാല്‍ ജോസിനോടും കൂട്ടരോടും എനിക്കു പറയുവാനുള്ളത് കൊറിന്ത്യാക്കാര്‍ക്കുള്ള ലേഖനവുമായി നടക്കാതെ ഈ സമുദായത്തോടും സഭയോടും അല്പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍, ബിജു ഉതുപ്പും, കുടുംബവും ചെയ്ത മാന്യത, ജോസും ചെയ്യുക. അല്ലാത്ത പക്ഷം താങ്കളുടെ പൂര്‍വ്വികര്‍ പോലും താങ്കളോട് ക്ഷമിക്കില്ല.
പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍
പ്രസിഡന്റ്, ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ്
kjjoy1948@gmail.com
No comments:
Post a Comment