Monday, June 18, 2012

ഹുസ്റ്റ്‌ണില്‍ നിന്ന് വന്ന കാറ്റ് പറഞ്ഞത്......


ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറഞ്ഞത് പോലെ, ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ എന്തൊക്കെയോ സംഭവിക്കുന്നു. അവിടെ ഉള്ളവര്‍ക്ക് പോലും എന്താണ് നടക്കുന്നതെന്ന് അറിയില്ലാത്തത് കൊണ്ട് പുറത്തു വന്നത് ഊഹാപോഹങ്ങള്‍ മാത്രം; പിന്നെ കുബുദ്ധികളായ ചില തല്പരകക്ഷികളുടെ കുപ്രചരണവും.

ക്നാനായമക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പറഞ്ഞ ഹൂസ്റ്റണ്‍ നഗരം. അവിടെയുള്ള ക്നാനയക്കാര്‍ വര്‍ഷങ്ങളായി സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും കഴിഞ്ഞു പോന്നു. സമുദായംഗങ്ങളുടെ വകയായി അവിടെ ഒരു കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങിയിരുന്നു. വിവധ ഉദ്ദേശങ്ങളായിരുന്നു അതിന്റെ പിന്നില്‍. ആ സെന്ററില്‍ വിശുദ്ധ കുര്‍ബാനയും ഭംഗിയായി നടന്നുപോന്നു. ഭാവിയില്‍ വിശാലമായ സെന്ററിന്റെ കോമ്പൌണ്ടില്‍ തന്നെ ഒരു പള്ളി പണിയണമെന്നും അവിടെ ഉള്ളവര്‍ ആഗ്രഹിച്ചിരുന്നു. അതിനോടടുത്ത് ക്നാനായകാര്‍ക്കായുള്ള ഹൌസിംഗ് പ്രോജക്ടും വന്നു.

അപ്പോള്‍ ഇതാ എത്തുന്നു ഒരു ക്നാനായ പുരോഹിതന്‍...... എല്ലാം കീഴ്മേല്‍ മറിഞ്ഞു. സമുദായം അച്ചന്റെ പിന്നിലും എതിരെയും അണിനിരന്നു. അവര്‍ തന്നെ പിന്നീട് കേരള കോണ്‍ഗ്രസ്‌ ശൈലിയില്‍ പല ഗ്രൂപ്പുകളായി, കാലുമാറ്റം നിത്യ സംഭവമായി. പള്ളി വാങ്ങണം. ആദ്യം പള്ളി പണിയാനാണ് തുടങ്ങിയത്. അതിന് പലരും എതിരായിരുന്നു. ഏതായാലും അധികൃതരില്‍ നിന്ന് അനുവാദം കിട്ടിയില്ലെന്നു മാത്രമല്ല, തെറ്റായ വിവരം നല്‍കിയതിന്റെ പേരില്‍ കനത്ത ഒരു തുക നഷ്ടവുമായി.

പിന്നീടങ്ങോട്ട്‌ പള്ളി വാങ്ങാനുള്ള തീവ്രശ്രമമായിരുന്നു. ആരെയോ സന്തോഷിപ്പിക്കാനായി, യുദ്ധകാലാടിസ്ഥാനത്തില്‍ പള്ളി വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. സമുദായാംഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന എതിര്‍പ്പുകളെല്ലാം അവഗണിക്കപ്പെട്ടു. പള്ളി വാങ്ങുകതന്നെ ചെയ്തു. എന്തോ മഹത്തായ കാര്യം സാധിച്ച മട്ടില്‍ അത് ആഘോഷിക്കപ്പെട്ടു. സമൂഹത്തിലുണ്ടായ ഭിന്നത ആരും കാര്യമായി എടുത്തില്ല. പള്ളി വാങ്ങലുമായി ബന്ധപ്പെട്ടു സാമ്പത്തികക്രമക്കേടുകള്‍ നടന്നതിന്റെ കഥകള്‍ വെളിയില്‍ വന്നു. ഫെബ്രുവരി മാസം ഈ ക്രമക്കേടുകള്‍ മൂലക്കാട്ട് പിതാവിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, “ഞാന്‍ ആവശ്യപ്പെട്ടിട്ടാണ് പള്ളി വാങ്ങിയത്, അതിനെക്കുറിച്ച് ആരും ഒന്നും പറയേണ്ട” എന്ന ധാര്ഷ്ട്യത്തോടെയുള്ള പ്രതികരണമാണ് ലഭിച്ചത്.

മെത്രാന്റെ അഭിലാഷപ്രകാരം പള്ളിവാങ്ങുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ക്രമക്കേടുകള്‍ വിശുദ്ധ ക്രമക്കെടുകളാണോ എന്ന് ആരും തിരിച്ചു ചോദിച്ചില്ല. ചോദിച്ചാല്‍ അവനെ ശപിച്ചു ഭസ്മമാക്കും!

തനിക്ക് യാതൊരു അധികാരവും ഇല്ലാത്ത രാജ്യത്ത്, അങ്ങാടിയത്തിന്റെ രൂപതയില്‍ മൂലക്കാടന്‍ എന്തിന് പള്ളി വാങ്ങാന്‍ പറഞ്ഞു എന്നാ ചോദ്യത്തിന് ഉത്തരമില്ല.

ഏതായാലും ആഘോഷങ്ങള്‍ അധികം നാള്‍ നീണ്ടുനിന്നില്ല. പള്ളി വാങ്ങാന്‍ കൂട്ട് നിന്നവര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തികഭാരമാണ് ഉണ്ടായത്. ചിക്കാഗോയില്‍ നിന്ന് വ്യതസ്തമായ പ്രതീക്ഷിക്കാത്ത അനുഭവമാണ് മുത്തോലത്തിനു ഹൂസ്റ്റണില്‍ നേരിടേണ്ടി വന്നത്. പള്ളി ഉണ്ടായിട്ടും ഭൂരിപക്ഷം ക്നാനയമക്കളും അടുത്തുള്ള ലത്തീന്‍ പള്ളിയില്‍ പോക്ക് തുടര്‍ന്നു. ലത്തീന്‍ പള്ളികള്‍ അനാശ്യാസ്യകേന്ദ്രങ്ങളാണെന്ന പ്രചരണം അവിടെ തീരെ വിലപ്പോയില്ല.

കുടിശിഖ മുടങ്ങി ബാങ്ക്കാര്‍ ജപ്തി ചെയ്യും എന്ന നില എത്താറായപ്പോള്‍ “ചിക്കാഗോ കുബുദ്ധി” പ്രവര്‍ത്തിച്ചു. സ്ഥിരമടവ്: എല്ലാ കുറ്റങ്ങളും വൈദികന്റെ തലയില്‍ കെട്ടി വയ്ക്കുക, ഒരു സ്ഥലം മാറ്റകുപ്പായമണിയിച്ചു മറ്റൊരാളെ അങ്ങോട്ട്‌ ഇറക്കുമതി ചെയ്യുക. സംഗതിയെല്ലാം ശുഭം!  പക്ഷെ അങ്ങാടിയത്ത് പിതാവ് സഹകരിച്ചില്ല; കുലംകുത്തി! അടവ് മാറ്റി. വികാരിയ്ക്ക് കുലംകുത്തി കുപ്പായം അണിയിച്ചു കൊടുത്തു. അച്ചന്‍ സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു. “I was under pressure.” കുറെപ്പേരെങ്കിലും അടവ് തിരിച്ചറിഞ്ഞു.

“അതിനു ഞങ്ങള്‍ എന്ത് വേണം?” ബാങ്ക് വന്നു ജപ്തി ചെയ്യട്ടെ; കാശ് മുടക്കിയവര്‍ അനുഭവിക്കട്ടെ. Your actions are your responsibility; so are its consequences.

ഇന്നലെ ഹൂസ്റ്റണ്‍ ടൌണ്‍ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ പള്ളി വാങ്ങാന്‍ അച്ചന്റെ കൈയ്യാളരായി നടന്നവര്‍ ഉള്‍പ്പടെയുള്ളവരില്‍ ഒരാള് പോലും പാവം വികാരിയെ പിന്തുണച്ചില്ല. ഏല്ലാവര്‍ക്കും മനസ്സിലായി പള്ളി വാങ്ങിപ്പിച്ചത് വല്ലാത്ത അതിക്രമം ആയിപ്പോയെന്നു.

ചിലര്‍ അനുഭവത്തില്‍ നിന്നേ പഠിക്കൂ.....

(വിശദമായ ഒരു റിപ്പോര്‍ട്ട്‌ ഹൂസ്റ്റണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത് കിട്ടിയാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും).

മുത്തോലത്തച്ചന്‍ കീജയ്‌! മൂലക്കാട്ട് പിതാവ് കീജയ്!

No comments:

Post a Comment