Administrator, Knanaya Viseshangal
2012 ജൂണ്‍ 22 ന് ക്‌നാനായ വിശേഷങ്ങള്‍ എന്ന ബ്ലോഗില്‍ അപ്നാദേശ് കെട്ടിടം പൊളിച്ചുപണിയുന്നതിനെ കുറിച്ചും അതിലെ ഒരു വാടകക്കാരനുമായുള്ള പ്രശ്‌നം പരിഹരിക്കാതെ കെട്ടിടം പകുതി മാത്രം പൊളിക്കുന്നതിനെക്കുറിച്ചും ഒരു വാര്ത്ത കണ്ടിരുന്നു. ഈ പ്രശ്‌നം എടുത്തുകാട്ടി സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ സമുദായക്കാര്ക്കു മേലില്‍ വാടകയ്ക്കു ലഭിക്കാത്ത സ്ഥിതി ഉണ്ടാക്കി എടുത്തിരിക്കുകയാണ്.
അതിരൂപതാ കേന്ദ്രത്തിനടുത്ത് പണിതീര്ത്തുവരുന്ന ഒരു ബഹുനില കെട്ടിടം ഉണ്ട്. അതില്‍ എനിക്കും സുഹൃത്തിനും ഓരോ മുറി വാടകയ്ക്ക് വേണമെന്ന് നേരത്തെ തന്നെ ഞങ്ങളുടെ വികാരിയോടു പറഞ്ഞിരുന്നു. കെട്ടിടംപണി തീരാറായപ്പോള്‍ കെട്ടിടം ഒന്നാകെ ഒരു തമിഴന് വാടകയ്ക്ക് കൊടുക്കുന്നതറിഞ്ഞ് ബന്ധപ്പെട്ട വൈദീകനെ ചെന്നു കണ്ടപ്പോള്‍ നിഷേധാന്മകമായ മറുപടിയാണ് ലഭിച്ചത്. അതില്‍ പ്രയാസം തോന്നി ഞങ്ങള്‍ രണ്ടാളും ചേര്ന്ന് ഒരു പരാതി അഭി: മൂലക്കാട്ടു പിതാവിന് 23.12.201-ല്‍ സമര്പിച്ചു. ആ പരാതി പരിഗണിച്ച് വാടകമുറി ആവശ്യപ്പെട്ട് അപേക്ഷ വെയ്ക്കുവാന്‍ ഞങ്ങളുടെ വികാരി മുഖാന്തിരം അറിയിച്ചതിനാല്‍ 10.1.2011 ല്‍ ഞങ്ങള്‍ രണ്ടാളുകള്‍ പ്രത്യേകം അപേക്ഷ സമര്പ്പിച്ചു.
കെട്ടിടം പണി തീരുന്നതു കണ്ടപ്പോള്‍ കടമുറിക്കുവേണ്ടി കരാര്‍ എഴുതുവാന്‍ അരമന ഓഫീസില്‍ എത്തിയപ്പോള്‍ അറിയുന്നു സമുദായക്കാര്ക്കു് കൊടുത്താല്‍ പ്രശ്‌നമായതിനാല്‍ കെട്ടിടം ഒന്നാകെ ഒരു ബാങ്കിന് കൊടുക്കുവാന്‍ കരാര്‍ ആയെന്ന്. 8.8.2011-ല്‍ അഭിവന്ദ്യ പിതാവിന് വീണ്ടും പരാതികൊടുത്തു. ഈ പരാതി പരിഗണിച്ച് അപ്നാദേശ് ഇരിക്കുന്ന കെട്ടിടം പൊളിച്ചു പണിയുമ്പോള്‍ ഞങ്ങള്ക്ക് കടമുറി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അതുവെച്ച് 10.11.2011-ല്‍ പിതാവിന് ഒരു പരാതി അയച്ചിട്ട് ഏഴുമാസം കഴിയുന്നു മറുപടി ഒന്നും ലഭിച്ചില്ല. പുതിയ വാര്ത്ത പുറത്തു വന്നതോടെ ഞങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. അപ്നാദേശ് കെട്ടിടം പൊളിച്ചു പണിയുമ്പോഴും മുറി ലഭിക്കുകയില്ലെന്നുറപ്പായി. അതിനാല്‍ 10.11.2011 ല്‍ പിതാവിനയച്ച അവസാനത്തെ കത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം ഹൃദയവേദനയോടെ 8.8.2011ല്‍ പിതാവിനയച്ച കത്ത് സമുദായക്കാരുടെ ഇടയില്‍ ചര്‌ച്ച ചെയ്യുന്നതിനായി മനസില്ലാമനസോടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്.
ഡോമിനിക് സാവിയോ വാച്ചാച്ചിറ
പിതാവിനയച്ച കത്തിന്റെ കോപ്പി:
പാച്ചിറ
8/8/2011
അഭിവന്ദ്യ പിതാവിന്, ഡോമിനിക്ക് സാവിയോ എഴുതുന്നത്,
കത്തിഡ്രലിനു സമീപം നമ്മുടെ അതിരൂപതയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ പണിഞ്ഞുവരുന്ന കെട്ടിടത്തില്‍ തയ്യല്‍ ജോലി ചെയ്യുന്നതിനായി എനിക്കും, ബിസിനസ്സ് ചെയ്യുന്നതിനായി റ്റോമി കല്ലുപുരയ്ക്കല്‍ എന്ന ക്നാനായ സമുദായംഗമമായ എന്റെ സുഹൃത്തിനും ഓരോ മുറി ആവശ്യപ്പെട്ട് അതിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ബഹു: വൈദീകനെ സമീപിച്ചപ്പോള്‍ നിഷേധാന്മകമായ മറുപടിയാണ് ലഭിച്ചത്. ഈ ആവശ്യം കാണിച്ച് 23-12-2010-ല്‍ പിതാവിന് പരാതി തന്നതു പ്രകാരം അതിനു മറുപടിയായി കെട്ടിടത്തില്‍ മുറി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ കൊടുക്കുവാന്‍ ഞങ്ങളോട് വികാരി അച്ചന്‍ മുഖാന്തിരം അറിയിപ്പ് തന്നിരുന്നു. അങ്ങനെ ഞങ്ങള്‍ 10-2-2011 ല്‍ പ്രൊക്കുറേറ്റര്‍ ബഹു: അലക്‌സ് അച്ചന് അപേക്ഷ കൊടുത്തു. കെട്ടിടം പണി പൂര്‍ത്തിയാകുന്നതു കണ്ട് ഇന്നേക്ക് ഏതാണ്ട് മൂന്നാഴ്ച്ച മുന്‍പ് കടമുറി കൈവശപ്പെടുത്തുന്നതിനുള്ള എഴുത്തുകുത്തുകള്‍ക്കായി സമീപിച്ചപ്പോള്‍ കെട്ടിടം ഒന്നാകെ വാടകയ്ക്ക് കൊടുത്തെന്ന മറുപടിയാണ് ലഭിച്ചത്.
അപ്നാദേശ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ക്‌നാനായക്കാരനായ വാടക്കകാരന്‍ അതിരൂപതയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുന്നതിനാല്‍ വ്യക്തികള്‍ക്ക് കൊടുത്താല്‍ പിന്നീട് പ്രശ്‌നമാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ മറുപടി ആദ്യം പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ പിതാവിന് പരാതി തന്നതും അതുപ്രകാരം അപേക്ഷകൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചതും. ഞങ്ങള്‍ കടമുറി ആവശ്യപ്പെടുന്നതിനും മുന്‍പുതന്നെ അദ്ദേഹം സ്റ്റേ കൊടുത്തിരുന്നു. പിന്നീട് അതേകാരണം പറഞ്ഞ് അപേക്ഷ നിരസിച്ചിരിക്കുകയാണ്.
സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സമുദായക്കാരല്ലാത്ത വാടകക്കാരും ഉണ്ടല്ലോ; വ്യക്തികളാണ് എല്ലാവരും തന്നെ. ഈ നയം ഇപ്പോള്‍ മാറ്റുവാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നാട്ടിലെ മറ്റ് സംവിധാനകാര്യങ്ങള്‍ സുതാര്യവും ജനകീയവും ആകുമ്പോള്‍ ഇവിടെ എല്ലാം കേന്ദ്രീകൃതമാകുകയാണോ? ഇത് പിതാവിന്റെ നയമാണോ? എന്നു മുതലാണ് സമുദായക്കാര്‍ കുഴപ്പക്കാരും അടുപ്പിക്കാന്‍ കൊള്ളാത്തവരുമായത്? അപ്നാദേശ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ കെട്ടിട ഉടമയെന്ന നിലയില്‍ അതൊന്നാകെ ഏറ്റെടുക്കുവാനും വാടക്കകാരനെ ഒഴിവാക്കുവാനും രഹസ്യമായി തീരുമാനിച്ചതറിഞ്ഞതാണ് സ്റ്റേ കൊടുക്കാന്‍ ഇടയായതെന്നാണ് എന്റെ അന്വേഷണത്തില്‍ മനസ്സിലായത്. അതിരൂപതയ്‌ക്കെതിരെ കേസിനു പോയി എന്നൊക്കെപറഞ്ഞ് പരത്തുന്നത് മുഖവിലയ്‌ക്കെടുക്കുവാനാവില്ല. നീതിലഭിക്കുന്നതിനാണ് മനുഷ്യര്‍ കോടതിയിലെത്തുന്നത്. സ്വാശ്രയക്കോളേജ് പ്രശ്‌നത്തില്‍ ജനകീയ സര്‍ക്കാരിനെതിരെ വൈദികര്‍ കോടതികളിലേക്ക് ഓടുന്നത് നീതി ലഭിക്കുന്നതിനു വേണ്ടിയല്ലേ!
ഇവിടെ പ്രശ്‌നം വ്യത്യസ്തമാണ് ഞങ്ങളോട് അപേക്ഷകൊടുക്കുവാന്‍ ആവിശ്യപ്പെട്ടിട്ടും സമുദായത്തില്‍ വേറെ ആവശ്യക്കാരുണ്ടായിട്ടും അതൊക്കെ അവഗണിച്ച് പുറത്തുള്ളവര്‍ക്കു കൊടുത്തു എന്നതാണ്. മാത്രമല്ല സമുദായക്കാര്‍ പ്രശ്‌നക്കാരാണ് എന്ന ഒരു കണ്ടെത്തലും നടത്തിയിരിക്കുന്നു. അതിരൂപത ഇപ്പോള്‍ സ്വയം പര്യാപ്തമായിരിക്കുന്നുവോ? ഈ സ്വയാശ്രയ കാഴ്ച്ചപ്പാട് നല്ലതാണെന്നു വിചാരിക്കുന്നുവോ? കെട്ടിട വാടകയും മറ്റ് വരുമാനവും കൊണ്ട് സുഭിക്ഷമായി കഴിയാം എന്ന തലത്തിലേയ്ക്ക് നേതൃത്വം വന്നിരിക്കുന്നുവോ? സമുദായക്കാരില്‍ നിന്നും സഭാനേതൃത്വം അന്യവല്ക്കരിക്കപ്പെടുവാന്‍ ഇതു കാരണമാകില്ലേ! ഇതുപോലുള്ള ഓരോരോ സംഭവങ്ങള്‍ വേദനകളായി നീറിനീറിയാണ് സമുദായവും സഭയും തമ്മില്‍ ഭിന്നത ഉടലെടുക്കുന്നത്. സഭാനേതൃത്വത്തോടടുക്കുന്നവര്‍ സഭയോടകലുന്നു എന്ന ചൊല്ല് ഇങ്ങനെ രൂപപ്പെടുന്നതാണെന്നു തോന്നുന്നു.
വൈദീകര്‍ അവരുടെ ഭൗതീകസുഖവും സുരക്ഷിതത്വവും മാത്രം എന്നത്തേയും പോലെ ഇന്നും സുരക്ഷിതമായി നിലനിര്‍ത്തുന്നു. ഈ മനോഭാവം യേശുവിന്റെ കാലത്തെ പുരോഹിതരില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. സ്വന്തമായി വരുമാനം ഇല്ലാത്തവര്‍ വിശ്വാസികളുടെ പണം പല വകുപ്പുപറഞ്ഞ് വാങ്ങി അതിന്റെ കൈകാര്യക്കാരാകുകയാണ്. കൈയ്യില്‍ വന്നു ചേരുന്ന പണംകൊണ്ട് ഭാവി സുരക്ഷിതമാക്കുവാന്‍ സ്ഥാവര സ്വത്തുക്കളാക്കി അവയെ മാറ്റുന്നു.
കുമ്പളങ്ങമുറിക്കാതെ കുരു എടുക്കുന്ന ഈ പ്രക്രിയ ഒട്ടും ആയാസകരമല്ലാത്ത അഭ്യാസമാണ്. അറിഞ്ഞു കൊണ്ടുതന്നെയാണ് തെക്കുംഭാഗ സമുദായക്കാര്‍ അതിനു വഴിപ്പെടുന്നത്. നമ്മുടെ സമുദായം, നമ്മുടെ വൈദീകര്‍, നമ്മുടെ പള്ളി എന്ന കാഴ്ച്ചപാടിലാണവര്‍.
No comments:
Post a Comment