Tuesday, June 19, 2012

ദേ പോയി; ദാ വന്നു – നിങ്ങള്ക്കു വേണോ ഒരു പള്ളി. (ആമുഖം)


ദേ പോയി; ദാ വന്നു – 
നിങ്ങള്‍ക്കു വേണോ ഒരു പള്ളി

(ഹുസ്റ്റ്‌ണില്‍ നിന്ന് വന്ന കാറ്റ് പറഞ്ഞതിന്റെ തുടര്‍ച്ചയായി
നാളെ മുതല്‍ ആരംഭിക്കുന്ന പരമ്പര - നിങ്ങള്‍ക്കു വേണോ ഒരു പള്ളി!)

ആമുഖം 

ജൂണ്‍ മാസം. മലയാളി മനസ്സുകള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന പൊന്നുമാസം. പുത്തനുടുപ്പണിഞ്ഞ്, പുതിയ പുസ്തകക്കെട്ടുകള്‍ മാറത്തടുക്കിപ്പിടിച്ച്, ചെളിവെള്ളം തെറുപ്പിച്ചു പള്ളിക്കൂടത്തിലേയ്ക്ക് ഓടിക്കയറുന്ന ബാല-കൌമാര കുരുന്നുകള്‍..... വേനലിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്നു കാലവര്‍ഷത്തിന്റെ നവ്യാനുഭൂതിയില്‍ ഇളകിയാടുന്ന വൃഷത്തലപ്പുകള്‍ക്കൊപ്പം വിദ്യാലയമുത്തശ്ശിയും സന്തോഷവതിയാകുന്നു. പിന്നീടെന്നും കിടാങ്ങളുടെ കലപില ശബ്ദത്തോടൊപ്പം വളകിലുക്കങ്ങളും പാദസ്വരത്തിന്റെ നൂപുരധ്വനികളും കൊണ്ടുള്ള സംഗീതത്തില്‍ മുത്തശ്ശിക്കെന്നും ആഹ്ലാദത്തിന്റെ ദിനങ്ങള്‍.

കാലവര്‍ഷം മാറി മാനംതെളിഞ്ഞാല്‍ ഗ്രൗണ്ടില്‍ പന്തുകളിയുടെ ആരവം. വലിയപരീക്ഷയുടെ അവസാനംകുറിച്ചുകൊണ്ടുള്ള നീണ്ട മണിനാദം മുഴങ്ങിയാല്‍ മുത്തശ്ശി വീണ്ടും ആലസ്യത്തിലേയ്ക്ക്. മേട വറുതിയില്‍ എപ്പോഴോ വീശുന്ന കാറ്റ് ഹുങ്കാരശബ്ദത്തോടെ ഉണങ്ങിയ കരിയിലകള്‍ കാറ്റില്‍ പറത്തുമ്പോള്‍ മുത്തശ്ശി വീണ്ടും ജൂണ്‍ മാസത്തിനായി പ്രത്യാശയോടെ കാത്തിരിക്കും – വീണ്ടും ഒരു ഉത്സവപ്രതീതിയ്ക്കായി.

Houston Knanaya Catholic Community Center ആഹ്ലാദത്തിന്റെയും ഉത്സവത്തിന്റെയും തിമര്‍പ്പിലായിരുന്നു. ഞായറാഴ്ച ദിവസം രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ച കഴിയുന്നതുവരെ സന്തോഷത്തിന്റെയും സൌഹൃദത്തിന്റെയും നൂപുരധ്വനികളാല്‍ സംഗീതസാന്ദ്രമായ അന്തരീക്ഷം ഇടദിനങ്ങളിലും ചിലപ്പോഴൊക്കെ സൌഹ്യദവും സന്തോഷവുംകൊണ്ട് സമ്പന്നമാകുമായിരുന്നു. ഒത്തൊരുമയ്ക്കും സ്നേഹത്തിനും കൂട്ടായ കലാപ്രവര്ത്തനങ്ങള്‍ക്കും അമേരിക്കയിലെ ക്നാനയക്കാരുടെയിടയില്‍ ഏറ്റവും പേരുകേട്ട, മുന്‍പന്തിയില്‍ നിന്നിരുന്ന, സമൂഹം. വര്‍ഷവും ഗ്രീഷ്മവും വസന്തവും തകര്‍ത്താടിയ ദിനങ്ങള്‍ വേനലിനായി വഴിമാറി കൊടുത്തു, അല്ല ചിലര്‍ ചേര്‍ന്ന് കൊടുപ്പിച്ചു. ഇനിയങ്ങോട്ട് നിറങ്ങളില്ല, സംഗീതമില്ല...... വെറും മൂകതമാത്രം.... ശ്മശാനമൂകത. നടുക്കടലില്‍ ഒറ്റപ്പെട്ട നിസ്സഹായന്റെ നിസ്സംഗത മാത്രം!

കരിമേഘങ്ങള്‍ മൂടിക്കെട്ടിയ ആകാശത്തില്‍ ഒരു നക്ഷത്രം..... പ്രത്യാശയുടെ ഒരു പൊന്‍കതിര്‍..... സൊസൈറ്റി ഭാരവാഹികള്‍ മുന്നിട്ടിറങ്ങി മിഷന്‍ അധികാരികളുടെ സമ്മതത്തോടെ ഒരു സംയുക്ത ടൌണ്‍ ഹാള്‍ മീറ്റിംഗ്.

ജൂണ്‍ പതിനേഴ്, ഞായറാഴ്ച വൈകുന്നേരം ഏഴു മണി. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ ഏതാണ്ട് മുന്നൂറോളം പേരുടെ സാന്നിദ്ധ്യത്തില്‍, ഗുരുജിയും അവതാരകനും ചേര്‍ന്ന് ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു ഒരു പുതുപുത്തന്‍ റിയാലിറ്റി ഷോ –

ദേ പോയി; ദാ വന്നു – നിങ്ങള്‍ക്കു വേണോ ഒരു പള്ളി.

എനിക്കും നിങ്ങള്ക്കും ഒരു ഷോര്‍ട്ട് ബ്രേക്ക്‌.......

കാനായി ഗോപി 

No comments:

Post a Comment