Friday, June 29, 2012

ദേ പോയി......ദാ വന്നു.... ദളം 7


ഇതാ നമ്മുടെ ജനം കുറച്ചു കൂടി ഉന്മേഷവന്മാരായി. കാള/മൂരിക്ക്ട്ടന്മാരുടെ മസിലുപിടുത്തവും താന്‍പോരിമയും സൂര്യകിരണങ്ങളുടെ ചൂടേല്‍ക്കുമ്പോള്‍ തുഷാരബിന്ദുക്കള്‍ ഉരുകുന്നതു പോലെ ഉരുകിത്തുടങ്ങി. പക്ഷെ, നമ്മുടെ ഗുരുജി മാത്രം മസില്‍ പിടിച്ചിരിക്കുന്നു. അനുനയത്തിനും ഊഷ്മളബന്ധങ്ങള്‍ ഉടലെടുക്കാനും പറ്റിയ അന്തരീക്ഷം.

“ഇനി ആരാണ് പേര് തന്നിരിക്കുന്നത്? ദയവായി കടന്നു വന്നാലും” -  അവതാരകന്‍ സുസ്മേരവദനനായി ക്ഷണിച്ചു. ഒരാള്‍ കടന്നു വരുന്നു.

(രേഖാചിത്രം: പാറിപ്പറന്ന മുടി, നീണ്ട മൂക്ക്, മുഖ്യധാരയില്‍ അധികമെങ്ങും തന്നെ കണ്ട പരിചയം മിക്കവര്‍ക്കും ഇല്ല. “അലസതയുടെ രാജകുമാരന്‍” എന്ന് വിശേഷിപ്പിക്കപ്പെടാന്‍ എല്ലാ യോഗ്യതയും ഒറ്റനോട്ടത്തിലുണ്ട്)

തെല്ലുനേരം മൌനം പാലിച്ചു. എന്തോ കാര്യമായി ആലോചിക്കുകയാണ്. പിന്നീട് വളരെ പതിഞ്ഞ സ്വരത്തില്‍ മൊഴിഞ്ഞു: “ഉഷസ്സായി സന്ധ്യയായി  ഒന്നാം ദിവസം (ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല....) മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്താ പണ്ട് അച്ചനായി ഒരു പുതിയ ഇടവകയില്‍ എത്തിയപ്പോള്‍ കണ്ടത് വലിയ പള്ളിയും വളരെ കുറച്ച് വിശ്വാസികള്‍ മാത്രം പങ്കെടുക്കുന്ന ആരാധനകളുമാണ്. പല ദിവസം നോക്കി - ജനം തീരെ  കുറവ്. അവസാനം അച്ചന്‍ പറഞ്ഞു നമുക്കീ പള്ളി പൊളിച്ചു കളയാം പീന്നീടെന്നും ജനം എത്തി എന്ന് സംസാരം”

(കൊള്ളം നമുക്കിത് ഹൂസ്റ്റണില്‍ പരീക്ഷിക്കാം ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ. ഭുരിപക്ഷ അഭിപ്രായം മാനിക്കും എന്ന് വിശ്വസിക്കാമെങ്കില്‍!)

പാണ്ഡവര്‍ക്ക് പകുതി രാജ്യമോ അതല്ലെങ്കില്‍ ഒരു ഗ്രാമമോ അതുമല്ലെങ്കില്‍ കുറഞ്ഞത് ഒരു വീട് വയ്ക്കാനുള്ള സ്ഥലമോ കൊടുക്കണം എന്ന് കൌരവസഭയില്‍ ദൂതിനു പോയ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദുര്യോധനനോട് അഭ്യര്‍ഥിച്ചു . “സൂചി കുത്താന്‍ സ്ഥലം കൊടുക്കില്ല” എന്ന മറുപടിയാണ് ഭഗവാന് കിട്ടിയത്. എന്തായിരുന്നു അതിന്റെ പരിണിതഫലം? പൊരിഞ്ഞ യുദ്ധം!

അലസന്‍ പറന്നു പോയി. എന്താണ് പറഞ്ഞു സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല!

ജോ നാ സമ്ശ്ചേ വോ അനാടി ഹേ.... .

(തുടങ്ങിയ സ്ഥിതിക്ക് അല്പം മഹാഭാരതപാരായണമാകം.)

പണ്ട് പണ്ട് നദികളുടെ തീരങ്ങളിലാണ് സംസ്ക്കാരങ്ങള്‍ ഉടലെടുത്തിരുന്നത്. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമ്മള്‍ പഠിചിട്ടുണ്ടല്ലോ. മാനവ സംസ്ക്കാരം അഭിവൃദ്ധി പ്രാപിച്ചിടത്തെല്ലാം ഇതിഹാസങ്ങള്‍ പിറന്നു. അങ്ങിനെയാണ് റോമന്‍ ഇതിഹാസങ്ങളും ഗ്രീക്ക്‌ ഇതിഹാസങ്ങളും നമുക്ക് ലഭിച്ചത്. ഇവയുടെ ഒട്ടും പിന്നിലല്ല ഭാരതീയ ഇതിഹാസങ്ങള്‍. മഹാഭാരതത്തിലെ ഭീഷ്മരുടെ അത്ര വ്യക്തിത്വമുള്ള ഒരു കഥാപാത്രം മറ്റൊരു ഇതിഹാസത്തിലും ഇല്ലെന്നു മഹാന്മാര്‍ പറയുന്നു. അത്തരം തര്‍ക്ക വിഷയത്തിലേയ്ക്കൊന്നും നമ്മള്‍, ക്നാനയമക്കള്‍ പോകേണ്ടതില്ല. പറയാന്‍ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ്. 

മഹാഭാരതം രചിച്ച വ്യാസമഹര്ഷി നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഇന്ത്യാക്കാരന്റെ സ്വഭാവം മനസ്സിലാക്കി – ദിവ്യദൃഷ്ടിയിലൂടെ.

മഹാഭാരതത്തിലെ രണ്ടു സഹോദരന്മാരാണ് പാണ്ഡു, ധൃതരാഷ്ട്രര്‍ എന്നിവര്‍. ഇവരില്‍ ഒരാള്‍ അന്ധന്‍, മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ വിഷന്‍ ഇല്ലാത്തവന്‍. മറ്റെയാള്‍ ഷണ്ഡന്‍ - ക്രിയേറ്റിവിറ്റി നഹി! സര്‍ഗാത്മകത ഇല്ലേ, ഇല്ല. ഈ രണ്ടു പേരുടെ സന്തതികളാണ് പാണ്ഡവരും കൌരവരും.

സാധാരണ ക്ഷത്രിയകുലത്തില്‍ ജനിക്കുന്ന രാജാക്കന്മാര്‍ അങ്ങനെയല്ല എന്ന് നമുക്കറിയാം. എന്നാല്‍ മഹാഭാരതം ആത്യന്തികമായി അധികാരത്തിനു വേണ്ടിയുള്ള പിടിവലിയുടെ ചരിത്രമാണ്. ബന്ധങ്ങള്‍ തിരിച്ചറിയാതെ അധികാരത്തിനു വേണ്ടിയുള്ള, യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത കുരുക്ഷേത്രയുദ്ധത്തിന്റെ കഥയാണ്. ഭാരതത്തില്‍ ഇന്നും അധികാരത്തിനു വേണ്ടി യുദ്ധങ്ങള്‍ നടക്കുന്നു. ഈ യുദ്ധക്കൊതിയന്മാരുടെ പാരമ്പര്യം അന്വേക്ഷിച്ചാല്‍ ഇന്നും നമ്മള്‍ ചെന്നെത്തുക ഒരു അന്ധനിലോ അല്ലെങ്കിലൊരു ഷണ്ഡനിലോ ആയിരിക്കും.

കുരുക്ഷേത്രയുദ്ധത്തിനൊടുവില്‍ ഭീഷ്മാചാര്യരും അശ്വതാമാവും കര്‍ണനും മരിച്ചുവീണ യുദ്ധഭൂമിയില്‍ നിന്ന് യുധിഷ്ടരന്‍ വിലപിച്ചു - സഹോദരര്‍ ഇല്ലാതെ എനിക്കെന്തിനീ രാജ്യം, എന്തിനീ അധികാരം!

ആ യുധിഷ്ടരന്‍, അഥവാ ധര്‍മ്മപുത്രര്‍ യമദേവന്റെ മകനാണ്. യമന്‍ എന്നാല്‍ കാലന്‍. കാലന്‍ ആരെയും കൊല്ലുന്നില്ല. വ്യാസന്‍ പറയുന്നതു ശ്രദ്ധിക്കുക: “കാലന്‍ ഒരു വടിയുമേന്തി വന്നു ആരുടേയും തല കൊയ്യുന്നില്ല; കാലന്റെ ബലം ഇത്രമാത്രം – കാര്യങ്ങളെ വിപരീതമായി കാണിക്കുക.

“ന കാലോ ദണ്ഡമുദ്യമ്യ ശിരഃ കൃന്തതി കസ്യചില്‍;
കാലസ്യ ബലമേതാവ, ദ്വിപരീതാര്‍ത്ഥദര്‍ശനം”

നമ്മള്‍ ക്നാനായക്കാരുടെ പാരമ്പര്യം അതല്ലല്ലോ മെസപെട്ടോമിയയില്‍ നിന്നും വന്ന നമ്മുടെ പൂര്‍വികര്‍ അധികാരക്കൊതിയന്മാര്‍ അല്ലായിരുന്നു. പാപികളെ രക്ഷിക്കുവാന്‍ വന്നവരുടെ മന്ത്രം “സ്നേഹം” ആയിരുന്നു . മനോരമയിലെ തോമസ്‌ ജേക്കബിന്റെ ഭാഷയില്‍ “കമിതാക്കള്‍ പറയുന്ന സാധാരണ വാക്കാണ് I LOVE YOU.” ഇതില്‍ “ഐ” യെയും “യു” വിനെയും ബന്ധിപ്പിക്കുന്നത് സ്നേഹം (ലവ്) എന്ന വാക്കാണ് .സ്നേഹമില്ലെങ്കില്‍ “ഞാന്‍” ഒരു വഴിക്കും “നീ” മറ്റൊരു വഴിയിലും (പെരുവഴിയിലും!) ആകും നമ്മള്‍ സ്കൂളില്‍ കുമാരനാശാന്‍ എഴുതിയത് പഠിച്ചു:,

സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം,
സ്നേഹത്താല്‍ വൃഥി നേടുന്നു ലോകം,
സ്നേഹമാണഖിലസാരമൂഴിയില്‍.

പാഞ്ചാലിശപഥവും ശകുനിമാരുടെ ഏഷണികളും മനുഷ്യകുലത്തിന്റെ ആരംഭം മുതലേ ഉണ്ടായിരുന്നു ഇനിയും ഉണ്ടാവും അതില്‍ വീഴേണ്ടവനല്ല നല്ല ക്രിസ്ത്യാനി. സുരേഷ് ഗോപിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ “ആരെയും വേദനിപ്പിക്കാത്ത വിശാസമാണ് ഉത്തമമായ വിശാസം” നാലു ചുവരും ഒരു ബലിപീഠവും വെച്ച് സഹോദരരോട് പിണങ്ങി ബലി അര്പ്പിച്ചാല്‍ മോക്ഷം ലഭിക്കുമോ?

മഹാകവി ഉള്ളൂര്‍ പാടി:

നമുക്കിലുയരം നടുകില്‍ തിന്നാം നല്കുകില്‍ നേടീടാം
നമക്ക് നാമേ പണിവതു നാകം നരകവും അത് പോലെ.

മുത്തുക്കുടകളും പൊന്കുരിശും കാട്ടി നഗരത്തില്‍ പ്രദക്ഷിണം നടത്തും മുമ്പേ ജനത്തിന്റെ ഹൃദയമിടിപ്പ്‌ മനസ്സില്ലാക്കാന്‍ ശ്രമിക്കൂ. ആയിരം ഉണ്ണിയേശുമാര്‍ ആയിരം പുല്കൂടിലില്‍ ആയിരം വര്ഷം ജനിച്ചാലും ഒരിക്കല്‍ പോലും സ്നേഹത്തിന്റെ, വിനയത്തിന്റെ, ഉണ്ണി നിന്നില്‍ പിറന്നില്ലെങ്കില്‍, മൂഢാ, പിന്നെന്തു പ്രയോജനം?

തോമസ്‌ ഗ്രേ പറഞ്ഞു:

The boast of heraldry, the pomp of power,
And all that beauty, all that wealth ever gave,
Awaits alike the inevitable hour:-
The paths of glory lead but to the grave.

വേണ്ട, നമുക്ക് സംസ്കൃതവും ആംഗലേയവും ഒക്കെ വിടാം. നമുക്കേവര്‍ക്കും സുപരിചിതമായ പാട്ടോടെ ഇന്നത്തെ ദളം അവസാനിപ്പിക്കാം.....
.
മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ
കൂടെ പോരും നിന്‍ ജിവിതചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ
അലസത കൂടാതെ

ഇനിയൊരു ലോങ്ങ്‌ ബ്രേക്ക്‌... എല്ലാ പ്രേക്ഷകര്‍ക്കും നല്ല വാരാന്ത്യം നേരുന്നു. തിങ്കളാഴ്ച മറ്റൊരു എപ്പിസോഡുമായി, നിങ്ങള്‍ക്കും വേണോ ഒരു പള്ളി തുടരുന്നു....

ദേ പോയി..... (പള്ളി വാങ്ങാന്‍ ).....ദാ വന്നു

നിങ്ങള്‍ക്കും  വേണോ ഒരു  പള്ളി

തയ്യാറാക്കിയത് കാനായി ഗോപി (നിങ്ങളുടെ സ്വന്തം ഗോപിയണ്ണന്‍)

No comments:

Post a Comment