Thursday, June 14, 2012

ഞങ്ങടെ തേവര്‍ കാട്ടിലിരുന്നാലും കാശ് കൊയ്യും!


കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ പ്രേക്ഷിതവേലയ്ക്കായ്‌ അയക്കപ്പെട്ട അപ്പാടനച്ചന്‍ ആദരണീയന്‍ തന്നെ. അദ്ദേഹത്തിന്റെ കഴിവ് ഒന്ന്കൊണ്ട് മാത്രമാണ് ഇന്ത്യയില്‍ നിന്നെത്തിയ കൃസ്തീയസമൂഹത്തിനു ഇംഗ്ലണ്ടില്‍ യഥേഷ്ടം വേരൂന്നുവാന്‍ അവസരമുണ്ടായത്. നല്ലവനായ ആ പുരോഹിതന്‍ നെല്ലെന്നോ പതിരെന്നോ വ്യത്യാസമില്ലാതെ എല്ലാം ഒരു നെല്ചെടിയില്‍ നിന്നും ജന്മം കൊണ്ടതാണല്ലോ എന്ന മനോഭാവത്തില്‍ ഇവരെ പരിപാലിച്ചതിനാലാവണം, ഇന്നദ്ദേഹം നെല്‍ച്ചെടികളുടെ ഇടയില്‍ വളരുന്ന “വരി” ആയി മാറിയതും കളനാശിനി ഉപയോഗിച്ച് നശിപ്പിയ്ക്കപ്പെട്ടതും. ഏതായാലും ആ മനുഷ്യനോട് കാട്ടിയ നന്ദികേട്‌ ആര്‍ക്കാണ് മറക്കാനാവുന്നത്..... മെത്രാനച്ചനെയല്ല കര്‍ദ്ദിനാളന്മാരെ വരെ കുരിശുവരയ്ക്കാന്‍ പഠിപ്പിക്കുന്ന ഒരു പറ്റം അല്പവിശ്വാസികള്‍ കളിച്ചകളികള്‍. അല്ലാതെന്തു പറയാന്‍.... പത്തുപതിനഞ്ചു വര്ഷം സെമിനാരിയില്‍ പഠിച്ചു വളര്‍ന്നു പുത്തന്കുര്ബ്ബാന ചൊല്ലി പുറത്തിറങ്ങുമ്പോള്‍ സാമാന്യബോധമുള്ളവര്‍ സഭാതലപ്പത്തു  എന്തെങ്കിലുമൊക്കെ ആയിത്തീരും.... എന്നാല്‍ മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്തവരും ഇവരുടെ കൂടെ ധാരാളമുണ്ട്.

പണ്ട് ഞങ്ങളുടെ ഗ്രാമത്തിലുണ്ടായ ഒരു സംഭവമാണ് ഓര്‍മ്മവരുന്നത്‌. വെളുപ്പിനെ അഞ്ചുമണിക്ക് പതിവായി കവലയിലെ പിള്ളാച്ചന്റെ ചായക്കടയില്‍ നിന്ന് കാലിച്ചായ കുടിച്ചു വെട്ടം കിഴക്കുദിക്കുംപോള്‍ ആ നേരിയ വെളിച്ചത്തില്‍ വെളുപ്പിനെ എത്തിയ പത്രങ്ങള്‍ ഓസില്‍ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ കുരിശുപള്ളിയുടെ നടയിലിരുന്നു വായിക്കുന്ന വര്‍ക്കിചേട്ടനും സുഹൃത്ത്‌ അലക്കുകാരന്‍ നാണപ്പനും ആ നാട്ടിലെ ഇഴപിരിയാത്ത സുഹൃത്തുക്കളാണ്.

മകരമാസത്തെ മഞ്ഞുമടിച്ചു പത്രം വായിക്കുന്ന വര്‍ക്കി ആ വാര്‍ത്ത കണ്ടതും ഞെട്ടി.... ശബരിമലയിലെ വരുമാനം മുപ്പതുകോടി കവിഞ്ഞു..... സമനില തെറ്റിയ അദ്ദേഹം ചാടിയെഴുന്നേറ്റു പുണ്യവാളന്റെ രൂപത്തേല്‍ നോക്കി ആക്രോശിച്ചു....

“നിങ്ങളീ പാമ്പിന്റെ അണ്ണാക്കില്‍ കുന്തവും കുത്തിപ്പിടിച്ച്  ഇവിടെയിരുന്നോ.... അങ്ങേര് ദേ കാട്ടീല്‍ പോയിക്കിടന്നു കോടികള്‍ വാരുവാ...”

വര്‍ക്കിച്ചേട്ടന് സമാധാനം കിട്ടാന്‍ സ്വയം പറഞ്ഞു... “ഇതെല്ലാം പണ്ട് പാകിസ്ഥാനില്‍ നിന്നും കണ്ടെയ്നറില്‍ വന്ന കള്ളപ്പണമാവും...” നല്ല ക്രിസ്ത്യാനിയായ വര്‍ക്കിച്ചേട്ടന് ഇത് വായിച്ചാല്‍ സമനില തെറ്റാതിരിക്കുമോ!!

ശരിയല്ലേ, വര്‍ക്കിച്ചേട്ടന്‍ ചോദിച്ചതില്‍ സ്വല്പം കാര്യമില്ലേ? കഴിഞ്ഞ കുറെ കാലങ്ങളായി മാഞ്ചെസ്റ്ററില്‍ കുഞ്ഞാടുകളെ നയിക്കാന്‍ വന്ന അജപാലകനെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ.. എന്ത് മണ്ണാന്കട്ടയാണ് അദ്ദേഹം കുഞ്ഞാടുകള്‍ക്ക് വേണ്ടി ചെയ്തത്? ആകെ ചെയ്തത് ചില കുബുദ്ധികളെ കൂട്ടുപിടിച്ച് കുഞ്ഞാടുകളെ തമ്മിലടിപ്പിച്ചു... തനിക്ക് ഇഷ്ടപ്പെട്ടവരെ കാണപ്പെട്ട ദൈവമായികണ്ട്. സാത്താന്റെ കൂട്ടുകൂടി , അല്ലാതെന്തു! ഇനി ബ്രിട്ടീഷ്‌ സിറ്റിസണ്‍ഷിപ്പ് കിട്ടിയാലും, പെര്‍മനെന്റ് ചാപ്ലിന്‍ജോലി കിട്ടിയാലും, യേശുക്രിസ്തു പറഞ്ഞത് മറക്കാതിരിക്കട്ടെ.... “ഈ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ ഫലമെന്ത്?”

സത്യത്തില്‍ ഇവരൊക്കെ സഭയ്ക്ക് ഭാരമാണെന്നത് ആര്‍ക്കും മനസ്സിലാവും. എന്നിരുന്നാലും ആനയ്ക്ക് എന്തോ അവയവം ഒരു ഭാരമല്ല എന്ന് പണ്ടാരാണ്ട് പറഞ്ഞതുപോലെ സഭ ഇവരെ വെറുതെ ചുമക്കുന്നു. ഈ ഇനത്തില്‍പ്പെട്ട കുറെയെണ്ണത്തെ യുറോപ്പിലും അമേരിക്കയിലും വിന്യസിചിട്ടുമുണ്ട്.  ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? പ്രിയ വിശ്വാസികളെ ആലോചിക്കൂ....

പ്രിയപ്പെട്ട നാട്ടുകാരന്‍ വര്‍ക്കിചേട്ടാ.... വെറുതെ കാടടച്ചു വെടി വയ്ക്കരുത്.  നിങ്ങള്ക്ക് തെറ്റി.  ഈ ചുരുങ്ങിയകാലത്ത് ബ്രിട്ടണില്‍ കാലുകുത്തിയ മറ്റൊരു വൈദികനാണ് സോജിയച്ചന്‍... ഇവരെല്ലാം അങ്ങേരെ കണ്ടുപഠിക്കട്ടെ... സാക്ഷാല്‍ യേശുക്രിസ്തു തന്റെ മുപ്പത്തിമൂന്നു വര്‍ഷത്തെ ജീവിതത്തില്‍ ആകെ ചെയ്തത് നാലോ അഞ്ചോ അല്ഭുതങ്ങളാണ്. കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി... തുടക്കമിട്ടു. അങ്ങിനെ നീളുന്നു ആ പട്ടിക...

എന്നാല്‍ എന്തെല്ലാം അല്ഭുതങ്ങളാണ് സോജിയച്ചന്‍ അവിടെ കാട്ടിക്കൂട്ടുന്നത്! കരിങ്കല്ലില്‍ അച്ചുകൂടമുപയോഗിച്ചു തമരടിച്ചു വെടിമരുന്നു നിറക്കുന്നതുപോലെയല്ലേ പാപികളുടെ തലേല്‍ വചനം ഇടിച്ചിറക്കുന്നത്.... വേദനയുള്ളിടത്തെല്ലാം കൈവച്ചു പ്രാര്‍ഥിച്ചു സുഖപ്പെടുത്തുന്നു... അക്കൂട്ടത്തില്‍ ചെറിയ ബിസിനസ്സും... മാസിക... സിഡി... ലഘുലേഖകള്‍... വചനത്തിനിടയില്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നതുപോലല്ലോ... വിശ്വാസികളോട് പൌണ്ട്  ആവശ്യപ്പെടുന്നത്.  ആ ചോദ്യത്തില്‍ ആരാണ് മയങ്ങിവീഴാത്തത്?

വിദ്യാഭ്യാസ ഫണ്ട് പിരിക്കാന്‍ വന്ന പിതാവ് ചോദിച്ചപോലെ ഒരു മാസത്തെ ശമ്പളമൊന്നും ചോദിക്കുന്നില്ല... ദശാംശം... അതുകൊണ്ടെന്താണ് കുഴപ്പം.... നശിച്ചു പോവത്തൊന്നുമില്ലല്ലോ... ഒറ്റ ദിവസം ഇരുപതിനായിരം പൌണ്ടാണ് Malvern-ല്‍ വിശ്വാസികള്‍ എറിഞ്ഞു കൊടുത്തത്..... അതാണ്‌ പണ്ട് കാര്‍ന്നോന്മാര് പറയുന്നത്, “എറിയുന്നവന്റെ കയ്യില്‍ കല്ലുകൊടുക്കണമെന്നു” തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹം സാക്ഷ്യപ്പെടുത്താന്‍ മറ്റൊരുകൂട്ടര്‍....

ഇതാടാ മോനെ ദിനേശാ, വനത്തിന്റെ നടുവിലിരുന്നു ആന്ധ്രാ, തമിഴ്‌നാട്‌... എന്തിനു ഇന്ത്യ മുഴുവന്‍ ഉള്ള വിശ്വാസികളെ തന്റെ കാല്പ്പാദത്തിങ്കല്‍ വരുത്തുവാനുള്ള കഴിവ്, അത് അപൂര്‍വ്വം അയ്യപ്പന്മാര്‍ക്കും, സോജിയച്ചന്മാര്‍ക്കുമേയുള്ളൂ...

ഇംഗ്ലണ്ടിലുള്ള മായാമോഹിനിമാര്‍ ഇവരുടെ പ്രാര്‍ത്ഥനയില്‍ ഇഴുകിച്ചേര്‍ന്നു പോയിരിക്കുന്നു. ഇനി അവര്‍ക്ക് ജോലി വേണമെന്നില്ല... വചനം ശ്രവിച്ചാല്‍ മതി...

അവരെ ചുമക്കാന്‍ കുറെ ശുംഭന്മാരും.....

കൊച്ചുകുട്ടി, കൊച്ചാലുങ്കല്‍ (കുന്നോന്നി)

No comments:

Post a Comment