Tuesday, June 19, 2012

എനിക്കു വേണ്ടി ഇത്രയും ചെയ്യാമോ?


മിശിഹായില്‍ പ്രിയപ്പെട്ട ക്നാനയമക്കളെ, ഞാന്‍ വിശ്രമജീവിതം നയിക്കുന്ന ഒരു ക്നാനായ വൈദികനാണ്. എനിക്ക് കമ്പ്യൂട്ടര്‍ നോക്കാനേ അത് പ്രവര്ത്തിപ്പിക്കാനോ അറിയില്ല. പരസഹായത്തോടെയാണ് ഞാനിതെഴുതുന്നത്. ക്നാനായവിശേഷങ്ങളില്‍ വരുന്ന പല കാര്യങ്ങളും ഞാന്‍ അറിയുന്നുണ്ട്. ചോരത്തിളപ്പിന്റെ അല്പം എടുത്തുചാട്ടവും, സമ്പന്നതയില്‍ ജീവിക്കുന്നതിന്റെ ലേശം അഹങ്കാരവും ചിലരുടെ എഴുത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട്. എന്നിരുന്നാലും ഞാന്‍ ഇതിനെ തള്ളിപ്പറയുകയില്ല. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒരളവുവരെ ആവശ്യമാണ്‌. (അധികാരികള്‍ക്ക് അതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയൊന്നുമല്ല എന്നിരുന്നാലും).

ഒരു കാര്യം എനിക്ക് സത്യസന്ധമായി തുറന്നു പറയേണ്ടിയിരിക്കുന്നു – ഞാന്‍ ഇടവക ശുശ്രൂഷ നടത്തിയിരുന്ന കാലത്ത് എന്റെ അറിവില്‍ ആരെങ്കിലും ഇത്തരത്തില്‍ ഒന്ന് പ്രസധീകരിച്ചിരുന്നെങ്കില്‍ ഏതു വിധേനയും ഞാന്‍ അതിനെ തടയുമായിരുന്നു. പക്ഷെ കാലം മാറുകയല്ലേ, ആര്‍ക്കും ഒന്നും ചെയ്യാനൊക്കുകയില്ലല്ലോ. മാറ്റങ്ങളുമായി പൊരുത്തപ്പെടാതെ പത്രോസിന്റെ പാറമേല്‍ പണിത സഭയ്ക്കും മുന്നോട്ടു പോകാനൊക്കില്ല.

ഇത്തരം മാധ്യമങ്ങളുടെ ശല്യം ഉണ്ടാകുന്നതിനു മുമ്പ് വിരമിക്കാനൊത്തതില്‍ എനിക്ക് സന്തോഷമുണ്ട്, അതിനു ഞാന്‍ ദൈവത്തോട് നന്ദി ഉള്ളവനാണ്.

വൈദികരുടെ മേലധികാരിയാണ് മെത്രാന്‍. മെത്രാനെ അനുസരിക്കാന്‍ വൈദികര്‍ ബാധ്യസ്ഥനാണ്. പക്ഷെ എല്ലാവരും മനുഷ്യരല്ലേ (അല്ലെന്നു ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് ഭാവിക്കേണ്ടി വരാറുണ്ട് എന്ന് സമ്മതിക്കുന്നു) അതിന്റേതായ പ്രശ്നങ്ങള്‍ വൈദികരുടെയും മെത്രാന്റെയും ഇടയില്‍ തലപൊക്കാറുണ്ട്. അത് കോട്ടയം രൂപതയില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള രൂപതകളിലുമുണ്ട്. എന്നിരുന്നാലും ഇന്നത്തെ നമ്മുടെ പിതാവിന്റെ അവസ്ഥയില്‍ എനിക്ക് അതിയായ ഉത്കണ്ഠയുണ്ട്, വേദനയുണ്ട്. ഇവിടെ ഒരു ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അല്പം അതിശയോക്തി കലര്‍ത്തിയ സത്യങ്ങളാണ് (Exaggerations based on facts).

സത്യമാണ്, മൂലക്കാട്ട് തിരുമേനിയ്ക്ക് അമേരിക്കയില്‍ ചെന്ന് കണ്‍വെന്‍ഷന്‍ കൂടണമെന്നും, നിങ്ങളെയെല്ലാം കാണണമെന്നും അതിയായ ആഗ്രഹമുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മാനം നമ്മുടെയെല്ലാം അഭിമാനമല്ലേ? ഇനി ഒരിടത്തുകൂടി ചൈതന്യസംഭവം ആവര്‍ത്തിച്ചാല്‍, ഞാനും നിങ്ങളും ഒക്കെ മറ്റുള്ളവരുടെ മുഖത്ത് എങ്ങിനെ നോക്കും?

നിങ്ങളില്‍ പലരെയും എനിക്ക് നേരിട്ടറിയാം; നിങ്ങള്ക്ക് എന്നെയും അറിയാം. നിങ്ങള്ക്ക് വേണ്ടപ്പെട്ട ഒരു വൈദികനാണ് ഞാന്‍ എന്ന് മാത്രം തല്‍ക്കാലം കരുതിയാല്‍ മതി. ഞാന്‍ നമ്മുടെ സമുദായത്തോടുള്ള സ്നേഹം കൊണ്ട് മാത്രം പറയുകയാണ്‌. ഇത് തിരുമേനി പറഞ്ഞതനുസരിച്ച് നിങ്ങളോട് പറയുന്നതല്ല. സത്യം സത്യമായിട്ടും ഇത് എന്റെ സ്വന്ത ഇഷ്ടപ്രകാരം മാത്രം നിങ്ങളോട് അഭ്യര്‍ഥിക്കുന്നതാണ് – നിങ്ങളില്‍ ഇമെയില്‍ ചെയ്യാന്‍ സൌകര്യമുള്ളവരെല്ലാം മൂലക്കാട്ട് പിതാവിനോട്, “പിതാവ്‌ കണ്‍വെന്‍ഷന്‍ കൂടാന്‍ വരണം, വന്നാല്‍ ഞങ്ങള്‍ ഒരു ശല്യവും ഉണ്ടാക്കുകയില്ല” എന്ന് പറഞ്ഞു ഒരു മെയില്‍ അയക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കും.

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് വരട്ടെ,

നിങ്ങളുടെ സ്വന്തം ......അച്ചന്‍ 

No comments:

Post a Comment