പ്രത്യേകദളം (സ്പെഷ്യല്‍ എപിസോഡ്)
പിന്നാമ്പുറ കഥകള്‍.
ഈ എപ്പിസോഡില്‍ മത്സരാര്‍ഥികളില്ല, ഗുരുജിയോ അവതാരകയോ മണികുട്ടിയോ ഇല്ല.
ഇതിനോടകം ജനപ്രിയമായിത്തീര്‍ന്ന ഈ പരിപാടി ലക്ഷ്യബോധത്തോടെ മുന്നോട്ടു കൊണ്ട് പോകാന്‍ അല്പം ഗവേഷണം നടത്തേണ്ടി വന്നു...
വത്തിക്കാന്റെ ഗ്രന്ഥശാലയില്‍ നിന്ന് ഗവേഷകര്‍ക്ക് ചില രേഖകളെങ്കിലും റഫറന്‍സ് ആവശ്യത്തിന് നല്‍കാറുണ്ട്. പക്ഷെ സീറോ മലബാറില്‍ അത്തരം അഭ്യാസങ്ങളൊന്നും ചെലവാകില്ല. ബെര്‍ലിന്‍ ഭിത്തി തകരുന്നതിനു മുമ്പ് കിഴക്കന്‍ ജര്‍മ്മനിയില്‍ ഉണ്ടായിരുന്നത്ര സെക്യുരിറ്റിയാണ് നമ്മുടെ എല്ലാ അരമനകളിലും. അപവാദങ്ങള്‍ ഇല്ല.
ഈ പശ്ചാത്തലം കാണികള്‍ മനസ്സില്‍ വച്ചുകൊണ്ട് വേണം ഇനി പറയുന്നത് ശ്രദ്ധിക്കുവാന്‍.
ഹൂസ്റ്റണ്‍ പള്ളി വാങ്ങാനുണ്ടായ “അടിയന്തിര സാഹചര്യം” എന്തായിരുന്നു എന്ന് ഒരു മെത്രാനും, ഒരു വൈദികനും നമ്മോട് പറയുമെന്ന് കരുതേണ്ട. ഇപ്പറഞ്ഞവരില്‍ ആരെങ്കിലും ളോഹ ഊരിയോ, ഊരാതെയോ വിവാഹം കഴിച്ചാല്‍ അവരുടെ ഭാര്യയോട് പോലും സത്യം പറയുകയില്ല. ആ നിലയ്ക്ക്, ഇതിനെ ഒരു സാങ്കല്‍പ്പികകഥയായി മാത്രം കാണുകയാണ് വേണ്ടത്. ഇതില്‍ സത്യത്തിന്റെ അംശങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. തട്ടാന്റെ മുറ്റത്തെ മണ്ണില്‍ സ്വര്‍ണ്ണത്തിന്റെ തരികള്‍ ഉള്ളതുപോലെ.
ഒന്നേമുക്കാല്‍ ലക്ഷത്തോളം അംഗസംഖ്യയുള്ള ഒരു സമുദായമാണ് നമ്മുടേത്. അതില്‍ നിന്നും, മൂലക്കാട്ട് പിതാവ് ചിക്കാഗോയില്‍ വച്ച് പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍, 1950-കളോടെയാണ് രൂപത മാറി വിവാഹം കഴിക്കുന്ന സമ്പ്രദായം തുടങ്ങിയത്. അവരെയൊക്കെ നമ്മള്‍ പുറത്താക്കി. സോറി, അവര്‍ തന്നത്താന്‍ പുറത്തായി. നമ്മള്‍ അവരെ അതിനു അനുവദിച്ചു. അതുകൊണ്ടാണ് അവരെ നമ്മള്‍ പ്ലെക്ക് എന്ന് വിളിക്കുന്നത് - Permitted to Leave the Eparchy of Kottayam.
അങ്ങിനെ പുറത്തു പോയവരില്‍ മിക്കവാറും നന്ദികെട്ടവരായിരുന്നു; അവര്‍ പിന്നെ കോട്ടയം രൂപതയിലേയ്ക്ക് തിരിഞ്ഞുപോലും നോക്കിയില്ല. അവരുടെ ജീവിതവുമായി അവരും അവരുടെ സന്തതിപരമ്പരകളും മുന്നോട്ടു പോയി. പക്ഷെ ചിലര്‍ അങ്ങിനെ ആയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ക്നാനയം വലുതായിരുന്നു, വലുതാണ്. അത്തരത്തില്‍ കുറേപേര്‍, വളരെ കുറേപേര്‍, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ വെറും പത്തോ പതിനഞ്ചോ പേര്‍. അവരില്‍ നമ്മുടെ സമുദായത്തില്‍ നിന്ന് തന്നെ വിവാഹം കഴിച്ച ചിലരും ഉണ്ട്. അതിന്റെ ഗുട്ടന്‍സ് ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല.
അങ്ങിനെ വിരലേല്‍ എന്നാവുന്ന പ്ലെക്കന്മാര്‍ നമുക്കോട്ടു പാര പണിയാന്‍ തുടങ്ങി. പാര വെറും പാര ആയിരുന്നില്ല, നല്ല ഒന്നാന്തരം കമ്പിപാര. അവര്‍ കൊടുത്ത കൈവിഷത്തില്‍ വത്തിക്കാന്‍ വീണു. വത്തിക്കാനില്‍ നിന്ന് കല്പിച്ചു – ഹേയ്, ക്നാനയക്കാരെ, ഇന്നാ ഇവരെക്കൂടി നിങ്ങടെ കൂടെ കൂട്ടിക്കോ.
“പോടാ, പുല്ലേ, വത്തിക്കാനെ.......”
എന്ന് പറഞ്ഞില്ല. പറയാന്‍ പറ്റുമോ? പരിശുദ്ധ സിംഹാസനമല്ലേ?
സംഭവം നടക്കുന്നത് ഏതാണ്ട് കാല്‍ നൂറ്റാണ്ടു മുമ്പാണ്. പുറത്താരോടും പറയേണ്ട; അവരുടെ മുമ്പില്‍ നമ്മള്‍, ഇത്രയും വലിയ ഒരു ജനത, തോറ്റു. ഇന്നുവരെ അവര്‍ കെട്ടിയ കെട്ട് നമ്മുടെ മേത്രാന്മാര്‍ക്കോ, അച്ചന്മാര്‍ക്കോ, കപ്യാരന്മാര്‍ക്കോ അഴിക്കാന്‍ സാധിച്ചിട്ടില്ല.
നമ്മള്‍ ചിക്കാഗോ കര്‍ദ്ദിനാളെ ഒന്ന് വിരട്ടി നോക്കി – “ഞങ്ങള്‍ മിഷനും അടച്ചുപൂട്ടി, ഒള്ള അച്ചന്മാരേം കൂട്ടി സ്ഥലം വിടും!”
“വിട്ടോ!”
“അയ്യോ, അങ്ങിനെ പറഞ്ഞോ! ഹേയ്, ഞങ്ങളെങ്ങും പോകുന്നില്ല. എവിടെ പോകാനാ, കര്‍ദ്ദിനാളേ.. ഞങ്ങടെ അച്ചന്മാര്‍ അവിടെത്തന്നെ നില്‍ക്കട്ടെ. ഞങ്ങടെ ആളുകള്‍ പിശകാണ്, നിങ്ങള്‍ വിചാരിച്ചാലൊന്നും അവരെ നേരെയാക്കാന്‍ ഒക്കത്തില്ല. അതിനു ഞങ്ങള്‍ തന്നെ വേണം...”
അതിന്റെ പിറകെ സീറോ രൂപത വന്നു. ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് വേണ്ടത്? നമ്മുടെ തന്നെ ആള്‍ക്കാരല്ലേ, അങ്ങോട്ടും ഇങ്ങോട്ടും വേല വച്ച് സംഗതി സാധിച്ചെടുക്കാം.
അങ്ങാടിയത്താരാ മോന്‍!
“എടാ, കുഷ്മാണ്ടന്മാരെ, നിങ്ങടെ വേല എന്നോട് വേണ്ട. വത്തിക്കാന്‍ പറയുന്നത് കേട്ട് മര്യാദയ്ക്ക് ഇവിടെ കഴിയണോ? കഴിയണമെങ്കില്‍, നിങ്ങടെ ആളുകളെ, കുഞ്ഞൂട്ടി പരാധീനമടക്കം, പിടിച്ചോ. അല്ലെങ്കില്‍ സ്ഥലം കാലിയാക്കിയാട്ടെ. പിന്നെ പിരിക്കാനാണ്, വലിക്കാനാണ് എന്നൊന്നും പറഞ്ഞു ഒറ്റയൊരുത്തന്‍ ഈ മണ്ണില്‍ കാലു കുത്തിയേക്കരുത്! കുത്താന്‍ ഞാന്‍ സമ്മതിക്കത്തില്ല.”
മുത്തോലം കോട്ടയത്തേയ്ക്ക് കമ്പിയില്ലാകമ്പി അടിച്ചു. “പിതാവേ, തൊലച്ചു, ആ പണ്ടാരക്കാലന്‍ തൊലച്ചു. പിതാവിനെ ഈ നാട്ടില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നാ പറയുന്നേ... എന്താ വേണ്ടത്?”
“എടോ, അവറാനച്ചാ, താന്‍ എന്ത് പറയുന്നു? പണ്ടവിടെ ഇരുന്നവരെക്കാള്‍ കേമനാണ് താന്‍ എന്നല്ലേ തന്റെ ഒരു ഭാവം. തന്റെ ബുദ്ധിയില്‍ വല്ലതും ഉദിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഇങ്ങോട്ട് പോര്, ഇവിടെ ഒള്ള കഞ്ഞീം കുടിച്ചു കിടക്കാം.”
“പിതാവേ, എന്റെ കാര്യം ഓര്‍ത്തു പിതാവ് വിഷമിക്കേണ്ട. ബൈബിളില്‍ ജറുസലേം പുത്രിമാരോട് പറഞ്ഞതെന്താ? അരമനേലെ കാര്യങ്ങളൊക്കെ ഇപ്പോഴത്തെ പോലെ നടക്കണമെങ്കില്‍ ഇവിടത്തെ കാശ് വേണ്ടേ? ഇനി അങ്ങോട്ടൊള്ള കാലത്ത് സായിപ്പിന്റെയും മാദാമ്മയുടെയും കയ്യീന്ന് പത്തു പൈസ കിട്ടുമെന്ന് തോന്നുന്നുണ്ടോ? കഴിഞ്ഞ തവണ വന്നപ്പോള്‍ കുറെയെണ്ണത്തിനെ ചാക്കിലിടാന്‍ നോക്കിയിട്ട് വല്ലതും നടന്നോ?”
“എടോ, താന്‍ എന്റെ തല തിന്നാതെ. തന്റെ മൂളയ്ക്കകത്തു വല്ലതും വരുന്നുണ്ടെങ്കില്‍ ഒന്ന് പറഞ്ഞു തൊലയ്ക്ക്!”
“ബഹളം വയ്ക്കാതെന്റെ പിതാവേ. പഴേ പോലാണോ, ഇപ്പോള്‍ മെത്രാപ്പോലീത്തയാ, അല്പം കൂടി ക്ഷമയൊക്കെ വേണം.”
അടുത്ത രംഗം.
ചിക്കാഗോ അരമനയില്‍ അരപ്പട്ട കെട്ടിയ മൂന്നുപേര്‍ ഏഴു താഴിട്ടു പൂട്ടിയ മുറിയില്‍ സമ്മേളിക്കുന്നു.
മുത്തു:
പിതാവേ, അന്ന് ഞാന്‍ ഞങ്ങള്‍ടെ നേതാക്കന്മാരുടെ കണ്ണ് വെട്ടിച്ചു വന്നു പറഞ്ഞ കാര്യമില്ലേ, അതിന്റെ കാര്യങ്ങള്‍ നമുക്കങ്ങോട്ടു തീര്‍ച്ചപ്പെടുത്താം അല്ലേ?
അങ്ങാടിയത്ത്:
അതൊന്നും നടപ്പുള്ള കാര്യമല്ല. എനിക്ക് വയ്യ നിങ്ങളുടെ ആള്‍ക്കാരുടെ തെറി കേള്‍ക്കാന്‍. മീന്ചന്തേല്‍ ഇവന്മാര് പറയുന്നതിലും നല്ല ഭാഷയാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒരു കാര്യം ചെയ്യ്. അവന്മാരോട് ഒള്ള കാര്യം തൊറന്നു പറ.
മൂലക്കാട്ട്:
അങ്ങാടീ, അങ്ങനെ അങ്ങ് തീര്‍ത്തു പറയാതെ. ഇയാളെ എനിക്ക് വിശ്വാസമാ. അവറാച്ചന്‍ ഒന്നും കാണാതെയല്ല പറയുന്നത്. ക്നാകളെ ഞങ്ങള്‍ക്കറിയാം. ഒള്ള കാര്യം തുറന്നു പറഞ്ഞാല്‍ പിന്നെ പത്തു പൈസ എനിക്കോ തനിക്കോ അവരുടെ കൈയില്‍ നിന്നും കിട്ടില്ല. എന്‍ഡോഗമി ഇല്ലെന്നു പറഞ്ഞാല്‍ ഇവനൊക്കെ നേരെ ലത്തീന്‍ പള്ളിയില്‍ പോകും. നിങ്ങളോട് അത്ര വൈരാഗ്യമാ. എന്നാ പറയാനാ, ഞങ്ങള്‍ തന്നെ കുത്തിവച്ചു കൊടുത്തതാ. ഇങ്ങനെയൊക്കെ വരുമെന്ന് ആരാ ഓര്‍ത്തത്!
അങ്ങാടിയത്ത്:
ഒള്ള കാര്യം കൊറച്ചു കൂടെ തെളിച്ചു പറ.....
മുത്തു:
ഞാന്‍ പറയാം.
തല്‍ക്കാലം ഇക്കാര്യം നമ്മള്‍ മൂന്നു പേര്‍ അറിഞ്ഞാല്‍ മതി. 2011 അവസാനം വരെ എനിക്ക് സമയം തരണം. കോട്ടയത്ത് നിന്ന് പറ്റിയ അല്പം അടീം തടേം അറിയാവുന്ന അച്ചന്മാരെ വിട്ടുതരണം. ഒരു പതിനഞ്ചു പള്ളി ഞാന്‍ നാട്ടുകാരുടെ കാശുകൊണ്ട് വാങ്ങിത്തരാം. കണ്ട ആപ്പ ഊപ്പ പള്ളിയൊന്നുമല്ല, നല്ല ഒന്നാന്തരം മണിമണി പോലുള്ള പള്ളി. പള്ളിമേട വാങ്ങിക്കഴിയുമ്പോള്‍, എനിക്കവിടെ താമസിക്കണം എന്ന് പറയാതിരുന്നാല്‍ മതി.
ഈ പള്ളികള്‍ ഒക്കെ വാങ്ങിക്കഴിയുമ്പോള്‍ ഞങ്ങള്‍ കാര്യം ഞങ്ങടെ മണ്ടന്മാരോട് പറഞ്ഞോളാം. അത്രേം കാശ് മൊടക്കികഴിഞ്ഞു ക്നാനയക്കാരന്‍ എങ്ങോട്ടും പോകില്ല. കടുവാക്കൂട്ടില്‍ തലയിട്ട പോലെ അവിടെ കിടന്നോളും. പിന്നെ പിതാവിനും നിങ്ങടെ അച്ചന്മാര്‍ക്കും അവരെ ചവിട്ടുവോ, തൊഴിക്കുവോ എന്ത് വേണേലും ചെയ്യാം.
പക്ഷെ അതൊക്കെ കഴിയുമ്പോള്‍ എന്റെ കാര്യം മറക്കുമോ?
അങ്ങാടിയത്ത്:
താന്‍ കൊള്ളമാല്ലോടോ. തന്നെ പോലെ നാല് അച്ചന്മാര്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ മാര്‍പാപ്പ ആയേനെ.
മൂലക്കാടന്‍:
ഇയാള് ഇവിടെ ആയിപോയത് കൊണ്ടല്ലേ ആലഞ്ചേരി കര്‍ദ്ദിനാളായത്. അല്ലേല്‍ ഞാന്‍ ഇന്നാരാ?
അതൊക്കെ പോട്ടെ, താന്‍ നമ്മുടെ അവറാച്ചനെ കാര്യമായി ഒന്ന് പരിഗണിക്കണം. ആള്‍ക്കാര്‍ എന്ത് ബഹളം കൂട്ടിയാലും ഞാന്‍ ഇയാളെ തിരിച്ചു വിളിക്കില്ല. ഇയാടെ ഭാവി ഇവിടെയാ. സ്വന്തക്കാരെല്ലാം ഇവിടെയല്ലിയോ. അവിടെ എന്തിരിക്കുന്നു? ആകെ അല്പം ചതുപ്പ് നിലമാ. അതാ എനിക്ക് തരാമെന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് പള്ളിയേല്‍ പതിനഞ്ചാ കിട്ടാന്‍ പോകുന്നെ. തന്റെ ഒരു യോഗം. നടക്കട്ടെ, നടക്കട്ടെ.
അപ്പോള്‍, ഇതാ ഞങ്ങള്‍ വാക്ക് തരുന്നു, 2011 അവസാനിക്കുന്നതിനു മുമ്പ് പതിനഞ്ചു കിടിലം പള്ളികള്‍ അവറാച്ചന്‍ തനിക്ക് കാഴ്ച വയ്ക്കും. ക്നാനയമക്കള്‍ക്ക് മോതിരം മുത്താന്‍ ഒരാളെക്കൂടി താന്‍ ഉണ്ടാക്കി തരണം. (ആത്മഗതം: മുത്താനൊരു മുത്തു!)
എന്നാ പിന്നെ ഞങ്ങള്‍ ഇറങ്ങട്ടെ?
അങ്ങാടിയത്ത്:
2012 ആദ്യം തന്നെ ഉള്ള വിവരം നിങ്ങടെ കെഴങ്ങന്മാരോട് വ്യക്തമായി പറഞ്ഞേക്കണം.
എന്നാല്‍ എല്ലാം പറഞ്ഞ പോലെ.
ദേ പോയി...... (പള്ളി വാങ്ങാന്‍).... ദാ വന്നു.......
തുടരും.
കാനായി ഗോപി
No comments:
Post a Comment